Thursday 5 May 2011

മാണിക്ക്യക്കല്ല് :Manikkya Kallu

സാധാരണ ആദ്യ ദിവസങ്ങളില്‍ തിയറ്ററില്‍ ഒരുപാട് ആള്‍ത്തിരക്ക് ഉണ്ടാവുന്ന സിനിമകള്‍ , റിലീസായി ഒരു രണ്ടാഴ്ച്ച കഴിഞ്ഞു സമാധാനത്തോടെ കാണുക എന്നതാണ് എന്‍റെ പതിവ്.പക്ഷെ ഇത്തവണ ഒരു ചെറിയ അത്യാഗ്രഹം .മാണിക്ക്യക്കല്ല്  ആദ്യ ദിവസം തന്നെ കാണണം എന്ന് . മിക്ക സിനിമകളും  റിലീസിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ കാണുന്ന ഏട്ടനാണ് ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം . ചോദിച്ചു , ഉടന്‍ ഉത്തരം 'നീ തിരക്കൊക്കെ ഒഴിഞ്ഞിട്ട് പോയാല്‍ മതി' എന്ന് .ബ്ലോഗ്‌ , റിവ്യൂ  , ആദ്യ ദിവസം തന്നെ റിവ്യൂ എഴുതാനുള്ള എന്‍റെ അത്യാഗ്രഹം ഇതൊക്കെ പറഞ്ഞ് കാല് പിടിച്ചു . ഉം ,നോക്കട്ടെ എന്ന് ആളുടെ ഗൌരവം . അത് കേട്ടാല്‍ എനിക്കറിയാം സംഗതി സക്സ്സസ്സ് , എന്ന് .  അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ടിക്കറ്റുകള്‍ റെഡി  :) 
വല്യ പരസ്യങ്ങള്‍ ഒന്നുമില്ലാതെ റിലീസ് ചെയ്തത് കൊണ്ടാകണം , സാധാരണ ആദ്യ ദിവസങ്ങള്‍ കാണുന്ന വല്യ ആള്‍ക്കൂട്ടം  തിയറ്ററില്‍ ഉണ്ടായിരുന്നില്ല .
പക്ഷേ ബാല്‍ക്കണി ഫുള്‍. കുടുമ്പമായി എത്തിയവരായിരുന്നു കൂടുതല്‍.

വണ്ണാന്‍മല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മെന്‍റ് സ്കൂളില്‍ അദ്ധ്യാപകനായി എത്തുന്ന വിനയചന്ദ്രന്‍ മാഷിന്‍റെ‌ (പ്രിഥ്വിരാജ്)  കഥയാണ് മാണിക്ക്യക്കല്ല്.

1864ല്‍ സ്ഥാപിതമായ ആ സ്കൂള്‍ ഒരു കാലത്ത് അയ്യായിരം കുട്ടികള്‍ വരെ പഠിച്ചിരുന്ന സ്കൂള്‍ ആയിരുന്നുവെങ്കിലും, ഇപ്പോള്‍  ക്ഷയിച്ച് പൂട്ടാറായ  അവസ്ഥയിലാണ് .   അദ്ധ്യാപകന്‍ ആയുള്ള ആദ്യ നിയമനം ചോദിച്ചു വാങ്ങി വിനയചന്ദ്രന്‍ മാഷ്‌ വരുന്നത് സര്‍ക്കാരും,  അദ്ധ്യാപകരും, വണ്ണാന്‍ മലക്കാരും ഒന്നോടെ കൈയൊഴിഞ്ഞ ആ സ്കൂളിലേക്കാണ്. വളം കച്ചവടം  മുഖ്യ തൊഴിലാക്കിയ  ഹെഡ്മാസ്റ്റര്‍ കുറുപ്പ് (നെടുമുടി വേണു ) , സ്ഥലക്കച്ചവടം , മറ്റു ചില സൈഡ് ബിസിനെസ്സുകള്‍ എന്നിവയുമായി നടക്കുന്ന ഫിസിക്ക്സ് അദ്ധ്യാപകന്‍ പവനന്‍ ( കോട്ടയം നസീര്‍ ), റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കോച്ചിങ്ങ് കൊടുക്കുന്ന വി ഡി സി (ജഗദീഷ് ) എന്ന അദ്ധ്യാപകന്‍ , യുണിയന്‍ പ്രവര്‍ത്തനവുമായി നടക്കുന്ന എസ കെ (അനില്‍ മുരളി ) എന്ന  അദ്ധ്യാപകന്‍ , കല്യാണം ,ആഹാരം, ഉറക്കം എന്നിവ ഹോബിയാക്കിയ അസീസ്‌ മാഷ്‌ (അനൂപ്‌ ചന്ദ്രന്‍ ), മുട്ട/കോഴി കച്ചവടം , യോഗാ ക്ലാസുകള്‍ എന്നിവയുമായി നടക്കുന്ന പി ടി ടീച്ചര്‍ ചാന്ദ്നി (സംവൃതാ സുനില്‍ )   പിന്നെ പഠനത്തില്‍ ഒഴികെ മറ്റെല്ലാത്തിലും താത്പര്യമുള്ള കുറെ കുട്ടികള്‍ ; അങ്ങനെ ഒരു പിടി കഥാപാത്രങ്ങള്‍ക്കിടയിലേക്കാണ് വിനയചന്ദ്രന്‍ മാഷ്‌ എത്തുന്നത് മൂന്ന് വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയ കുട്ടികള്‍ എല്ലാം തോറ്റ ചരിത്രമുള്ള വണ്ണാന്‍മല സ്കൂളിലെ ആ വര്‍ഷത്തെ പന്ത്രണ്ട് പത്താം ക്ലാസ്  വിദ്ധ്യാത്ഥികളെ കണക്കും (ടീച്ചര്‍ന്മാരുടെ കുറവ് കാരണം ചിലപ്പോള്‍ മറ്റു വിഷയങ്ങളും ) പഠിപ്പിക്കുക എന്ന  ഭാരിച്ച ചുമതലയാണ് മാഷിനെ ആ സ്കൂളില്‍ കാത്തിരിക്കുന്നത്  . തുടര്‍ന്നുള്ള സംഭവങ്ങളാണ്  കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം എം .മോഹനന്‍  സംവിധാനം ചെയ്ത മാണിക്ക്യക്കല്ലിന്റെ ബാക്കി കഥ .

ഈ സിനിമ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാല്‍ , ഭംഗിയുള്ള മുത്തുകള്‍ കോര്‍ത്ത ഒരു മാല 
പോലെ ,പക്ഷേ ഇടക്കിടെയുള്ള  ഇഴയടുപ്പത്തിന്‍റെ കുറവ് ആ മാലയുടെ ഭംഗി കുറച്ചൊക്കെ നശിപ്പിക്കുന്നു , എന്ന് പറയാം .

ഇഴയടുപ്പക്കുറവിന്റെ  ഉത്തരവാദിത്വം   എം മോഹനന്‍ എന്ന സംവിധായകനെക്കാള്‍ , എം മോഹനന്‍ എന്ന തിരക്കഥാകൃത്തിനാണ് എന്ന് എനിക്ക് തോന്നുന്നു. കാരണം മാണിക്ക്യക്കല്ലിന്റെ അവതരണം സുന്ദരമാണ്. കല്ല്‌ കടി തോന്നിക്കുന്നത് പ്രധാനമായും രണ്ടാം പകുതിയില്‍ കഥയുടെ ഒഴുക്കിലാണ് .ചില കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ വെറുതെ അങ്ങ് സംഭവിക്കുന്നു എന്ന മട്ടിലാണ് രണ്ടാം   പകുതിയില്‍ കഥ വികസിക്കുന്നത് .ഉദാഹരണത്തിന് മനു എന്ന വിദ്ധ്യാര്‍ത്ഥിയെ കുടുക്കാന്‍ ശ്രമിക്കുന്ന കല്ലിന്‍കുഴി കരുണന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന കഥാപാത്രത്തിനെ ആ രംഗത്തിനു ശേഷം നമ്മള്‍ കാണുന്നത് ഒരു സദ്യ വിളമ്പുന്ന പന്തലിലാണ് . അവിടെ അയാള്‍ പ്രകടിപ്പിക്കുന്ന  മാറ്റം കാണികള്‍ക്ക് പൂര്‍ണ്ണമായും അനുഭവവേദ്യമാക്കാന്‍ തിരക്കഥക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ് . 
അത് പോലെ തന്നെ ക്ലൈമാക്സും . ബോറായില്ല .പക്ഷേ പ്രധാന അദ്ധ്യാപകന്‍ വേദിയില്‍ അഭിനന്ദിക്കപ്പെടുകയും , അയാളിലും,വിദ്ധ്യാര്‍ത്ഥികളിലും കൂടി വിനയചന്ദ്രന്‍ മാഷ്‌ അതേ വേദിയില്‍ പരാമര്‍ശിക്കപ്പെടുകയും  ചെയ്ത്, ഒടുക്കം വിനയചന്ദ്രന്‍ മാഷിനെ കാണാന്‍ എത്തുന്ന കുറുപ്പ് മാഷ്‌, വിദ്ധ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും  സാന്നിധ്യത്തില്‍  അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എനിക്ക് തോന്നുന്നു (ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ കഥയായി .കൂടുതല്‍ വിശദീകരിച്ചാല്‍ പ്രശ്നമാണ് :) ). മാത്രമല്ല അവസാന രംഗങ്ങളില്‍ സായികുമാറിന്റെ കഥാപാത്രത്തെ (ഡി ഇ ഓ ) തീര്‍ത്തും ഒഴിവാക്കാമായിരുന്നു .ഇത്തരം കൊച്ചു കൊച്ച് രസം കൊല്ലികള്‍ മാണിക്ക്യക്കല്ലിന്റെ രണ്ടാം പകുതിയില്‍ അവിടിവിടെ ഉണ്ട് .
അത് പോലെ തന്നെ സംവൃതാ സുനില്‍ - പ്രിഥ്വിരാജ് ഇവരുടെ പ്രണയ ഗാനം തീര്‍ത്തും ഒഴിവാക്കാവുന്ന ഒന്നായിരുന്നു.കേള്‍ക്കാന്‍ രസമുള്ള പാട്ട്.ദ്രശ്യ ഭംഗിയുള്ള ചിത്രീകരണം .പക്ഷേ   തീര്‍ത്തും അനവസരത്തിലായി അതിന്റെ വരവ് .


രണ്ടാം പകുതിയില്‍ കഥയിലെ  ചില്ലറ കല്ലുകടികളും ,അനവസരത്തിലുള്ള ആ ഒരു ഗാനവും  ഒഴുവാക്കിയിരുന്നെങ്കില്‍  മാണിക്ക്യക്കല്ലിന് കാണികള്‍ക്ക്  വളരെയധികം സുഖമുള്ള ഒരു കാഴ്ചയായി മാറുമായിരുന്നു.കാരണം ഈ ചെറിയ പോരായ്മകള്‍ക്കിടയിലും, ഒരുപാട് നല്ല വശങ്ങള്‍  ഈ സിനിമയില്‍ ഉണ്ട് . നല്ല ഒഴുക്കുള്ള ഒന്നാം പകുതി , പ്രിഥ്വിരാജ്  , ജഗതി ശ്രീകുമാര്‍
(അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പരിണാമം മെച്ചപ്പെട്ട തരത്തിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നുന്നു ) , നെടുമുടി വേണു , സലിം കുമാര്‍ , സംവൃത സുനില്‍ എന്നിവരുടെ നല്ല അഭിനയം ,വണ്ണാന്‍മല ഗ്രാമത്തെ സുന്ദരമാക്കുന്ന സുകുമാറിന്റെ ക്യാമറ , എം . ജയചന്ദ്രന്‍ ഈണം നല്‍കിയ കേള്‍ക്കാന്‍ സുഖമുള്ള നല്ല പാട്ടുകള്‍ (ഒരെണ്ണമൊഴികെ  മറ്റെല്ലാ പാട്ടുകളും കഥയോട് ചേര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ട് ) ; ഇവ ആ നല്ലവയില്‍ ചിലത് മാത്രം .

ബഷീര്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെയും ,എസ്
കെ  എന്ന അദ്ധ്യാപകന്‍റെയും രണ്ടു രംഗങ്ങളിലായുള്ള പ്രസംഗം , സലീം കുമാറിന്‍റെ ചില സെന്റിമെന്റ്സ് രംഗങ്ങള്‍ (ഒട്ടും ബോറല്ല എന്ന് മാത്രമല്ല , നന്നായിട്ടുണ്ട് ) അങ്ങനെ പല സീനുകളും സംവിധായകന്റെ കയ്യടക്കം ബോധ്യപ്പെടുത്തുന്നതുമുണ്ട്  .

നന്മയുള്ള ഒരു കഥ , അതിഭാവുകത്വവും, അസാമാന്യ ശക്തികളും ഇല്ലാത്ത സാധാരണക്കാരായ കഥാപാത്രങ്ങള്‍ , അവയെ ഭംഗിയായി അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ 
(വല്യ പ്രാധാന്യമില്ലാത്ത റോളുകളില്‍ വരുന്ന ജഗദീഷ് ,കോട്ടയം നസീര്‍ ,ഇന്ദ്രന്‍സ് എന്നിവര്‍ മുതല്‍ വിദ്ധ്യാര്‍ത്ഥികള്‍  വരെ) , ഗ്രാമത്തിന്റെ കഥ പറയാന്‍ അറിയുന്ന സംവിധായകന്‍ : ഇതെല്ലാം മാണിക്ക്യക്കല്ലിലുണ്ട് .പക്ഷേ കഥയുടെ ഒഴുക്കും , താളവും കൂടുതല്‍ ഭംഗിയാക്കുന്ന ഒരു തിരക്കഥാകൃത്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മാണിക്ക്യക്കല്ലിന്  കൂടുതല്‍ തിളക്കം ഉണ്ടായേനെ. 

ചുരുക്കത്തില്‍ മാണിക്ക്യക്കല്ല് കണ്ടിരിക്കാവുന്ന സിനിമയാണ്. പക്ഷേ നേരത്തെ സൂചിപ്പിച്ച ആ ചില്ലറ രസം കൊല്ലികളെ ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ടായിരത്തി പതിനൊന്നില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഏറ്റവും നല്ലത് എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാമായിരുന്നു.


PS
: jiru2010 
കമന്റ് വഴി നല്‍കിയ ഒരു ഐഡിയ ആണ് പോസ്റ്റര്‍ അപ്പ്‌ലോഡ് എന്ന സാഹസത്തിന് കാരണം . പോസ്റ്റര്‍ ഗൂഗിള്‍ വഴി ലഭിച്ചതാണ്.കോപ്പിറൈറ്റ് എന്ന പേരില്‍ എന്നെ പോലീസ് പിടിച്ചാല്‍ പ്രേരണാ കുറ്റത്തിന്   jiru2010ന്റെ പേരിലും കേസ്സെടുക്കാന്‍ ഞാന്‍ പറയും :)  

13 comments:

  1. കാണണം...
    2011ലെ എന്റെ ഇഷ്ട സിനിമകൾ: സിറ്റി ഓഫ് ഗോഡ്, ട്രാഫിക്ക്, മേൽവിലാസം, പിന്നെ ഗദ്ദാമയും ഉറുമിയുമൊക്കെ സഹിക്കാം....

    ReplyDelete
  2. ചുരുക്കി പറഞ്ഞാല്‍ പഴയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നാ മോഹന്‍ ലാല്‍ പദത്തിന്റെയും ഇന്ഗ്ലീഷ് മീഡിയം എന്നാ മുകേഷ് പദത്തിന്റെയും മിക്സ്. ആണോ? അല്ലായിരിക്കും? എന്തായാലും കണ്ടേക്കാം

    ReplyDelete
  3. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് പടങ്ങളുടെ ഒരു ഫീൽ.. (റിവ്യു വായിച്ചിട്ട് തോന്നിതാ.. കണ്ടില്ല)

    ReplyDelete
  4. Endaayaalum kaanum. Pakshe ithum mattu reviews okke vaayichittu thonnunnathu, Pallikkoodam enna tamil padam onnu koode kaanunnathaayirikkum nallathennu.

    ReplyDelete
  5. റിവ്യൂ നന്നായി.
    ഇത്തിരി കൂടി ആഴത്തിലേക്കു പോവാമായിരുന്നു.
    കഥ പറച്ചില്‍ മാത്രമല്ലല്ലോ സിനിമ.
    സാഹിത്യവുമല്ല. അത് ഒരു ദൃശ്യ മാധ്യമമല്ലേ.

    ReplyDelete
  6. അവലോകനം നന്നായിട്ടുണ്ട്...
    ലളിതമായ അവലോകന ശൈലി അഭിനന്ദനം അര്‍ഹിക്കുന്നു.. ആശംസകള്‍

    ReplyDelete
  7. ithu nannayittundu.seniorsinte review koodi idanam.ennittu kanana

    ReplyDelete
  8. " മൂന്ന് വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയ കുട്ടികള്‍ എല്ലാം തോറ്റ ചരിത്രമുള്ള വണ്ണാന്‍മല സ്കൂളിലെ ആ വര്‍ഷത്തെ പന്ത്രണ്ട് പത്താം ക്ലാസ് വിദ്ധ്യാത്ഥികളെ കണക്കും (ടീച്ചര്‍ന്മാരുടെ കുറവ് കാരണം ചിലപ്പോള്‍ മറ്റു വിഷയങ്ങളും ) പഠിപ്പിക്കുക എന്ന ഭാരിച്ച ചുമതലയാണ് മാഷിനെ ആ സ്കൂളില്‍ കാത്തിരിക്കുന്നത്."

    അല്ല ഒരു സംശയം ഇപ്പൊ grading സിസ്റ്റം അല്ലെ? തോല്‍ക്കാന്‍ വേണ്ടി പരീക്ഷ എഴുതിയാലും തോല്‍ക്കാത്ത സമ്പ്രദായം. പിന്നെ എങ്ങിനെയാണാവോ 100 % തോവി?

    ReplyDelete
  9. എന്തായാലും പടം കാണണം.
    കാണും!
    നന്ദി.

    ReplyDelete
  10. ഒരു റേറ്റിങ്ങ്, അല്ലെങ്കില്‍, കാണണോ വേണ്ടയോ എന്നൊരു അടിക്കുറിപ്പ് ഇടാമോ? സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനല്ല. സിനിമ കണ്ടില്ലെങ്കില്‍ റിവ്യൂ വായിക്കാതെ അഭിപ്രായം ചുരുക്കത്തില്‍ അറിയാമല്ലോ.. :)

    ReplyDelete
  11. പടം കണ്ടപ്പോള്‍ പല പഴയ പടങ്ങളും ഓര്‍മ വന്നു .പ്രിത്വിരാജിനെ ഒരു മാതിരി സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ ഉണ്ട് .
    പല സീനുകളിലും പ്രിത്വിയെ പൊക്കി പറയുന്നു.ഇന്റെര്‍വല്‍ വരെ പടം കൊള്ളാമായിരുന്നു .പിന്നെ സംവിധാനം അത്ര പോര .

    ReplyDelete
  12. jagathiyude mattam theere viswasaneeyamalla..

    ReplyDelete
  13. ഈ സിനിമയുടെ ഓരോ സീന്‍ കാണുമ്പോഴും അടുത്ത സീന്‍ എന്താണെന്നു പറയാന്‍ പ്രേക്ഷകര്‍ക്ക്‌ നിഷ്പ്രയാസം സാധിക്കും. അത് ഇതിന്റെ തിരക്കഥയിലെ പോരായ്മ ആണോ സംവിധാനത്തിലെ പോരായ്മ ആണോ എന്നറിയില്ല. പ്രിത്വിരാജിന്റെ കഥാപാത്രം ഓരോ സീനിലും 'സല്‍ഗുണ സമ്പന്നതയും, മാത്രുകാപരതയും, വിജ്ഞാനവും' നിറഞ്ഞു തുളുമ്പി ഒഴുകി നടക്കുന്നത് കൊണ്ട് അരുബോറായി തന്നെ തോന്നുന്നു. പ്രിത്വിയുടെ അഭിനയവും അത്ര മെച്ചമായി തോന്നിയില്ല.

    ReplyDelete