Sunday 22 May 2011

പൈറേറ്റ്സ് ഓഫ് കരീബിയന്‍ -ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് : Pirates of the Caribbean- On Stranger Tides

പുസ്തകങ്ങളിലും , അനിമേഷന്‍ ചിത്രങ്ങളിലും ഒക്കെ ചിര പരിചിതമായ  കഥകളും കഥാപാത്രങ്ങളും  സിനിമയില്‍ എത്തുമ്പോള്‍, അവ ഇഷ്ടമുള്ളവര്‍ക്ക്  ആ സിനിമയെ(കളെ ) കുറിച്ച്   ചില പ്രതീക്ഷകള്‍ ഉണ്ടായേക്കാം. അതുപോലെ തന്നെ ഇഷ്ടമുള്ള സിനിമകളുടെ അടുത്ത ഭാഗം ഇറങ്ങുമ്പോള്‍ ,അതിനെക്കുറിച്ചും  ചില പ്രതീക്ഷകള്‍ ഉണ്ടാവുക സ്വാഭാവികമാണ് എന്ന് തോന്നുന്നു.


രണ്ടായിരത്തി രണ്ടില്‍ സാം റെയ്മി സംവിധാനം ചെയ്ത സ്പൈഡർ മാന്‍, കോമിക്ക് പുസ്തകങ്ങള്‍  സിനിമയാക്കുമ്പോള്‍ അവലംബിക്കേണ്ട കഥാവേഗതക്ക് ,നല്ലൊരു ഉദാഹരണമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .കഥാഖ്യാനത്തിന്റെ വേഗതക്ക് മാത്രമല്ല ,വര്‍ണ്ണശബളമായ പശ്ചാത്തലങ്ങള്‍ , 'ഇറ്റ്‌ ഈസ്‌ മൈ ഗിഫ്റ്റ് .ഇറ്റ്‌ ഈസ്‌ മൈ കേര്‍സ്'  ഈ മട്ടിലെ സംഭാഷണങ്ങള്‍  എന്നിവയിലൂടെ  സ്പൈഡർ മാന്‍ കാര്‍ട്ടൂണ്‍ സിനിമകളുടെ ദൃശ്യവേഗത   ഏറെക്കുറെ അത് പോലെ ഈ സിനിമയിലേക്ക് സന്നിവേശിപ്പിക്കാന്‍  സാം റെയ്മിക്ക് കഴിഞ്ഞിരുന്നു.ചുരുക്കത്തില്‍ ,കോമിക് പുസ്തകങ്ങള്‍ ,അനിമേഷന്‍ സിനിമകള്‍ എന്നിവയിലൂടെ സ്പൈഡർ മാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ പ്രതീക്ഷകളെ ഏറെക്കുറെ സംതൃപ്തമാക്കാന്‍ സാം റെയ്മിക്ക് അന്ന് സാധിച്ചു . അത് തന്നെയായിരുന്നു സ്പൈഡർ മാന്‍ എന്ന സിനിമയുടെ വന്‍ വിജയത്തിന്റെ പ്രധാന കാരണവും (ടോബി മഗ്വയര്‍ , വില്യം ഡാഫോയ് എന്നിവരുടെ അഭിനയം മറക്കുന്നില്ല ).


പൈറേറ്റ്സ് ഓഫ് കരീബിയന്‍  ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണ്  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് കാണുവാന്‍ പോകുമ്പോള്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും നേരത്തെ പറഞ്ഞത് പോലെയുള്ള  ചില പ്രതീക്ഷകള്‍ എനിക്ക്  ഉണ്ടായിരുന്നു .കാരണം പൈറേറ്റ്സ് ഓഫ് കരീബിയന്‍   ശ്രേണി എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ് .


ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷല്‍ (ഷിക്കാഗോ ,മെമ്മുവാര്‍സ് ഓഫ് എ ഗെയ്ഷ ) ആണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം  ചെയ്തിരിക്കുന്നത് . സംവിധായകന്‍ മാറുമ്പോള്‍ സിനിമയുടെ ട്രീറ്റ്‌മെന്റില്‍ ചില വ്യത്യാസങ്ങള്‍ വരുന്നത് സാധാരണമാണ് . എങ്കിലും ലോകം മുഴുവന്‍ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളെ ആകര്‍ഷകമാക്കുന്ന ചില ഘടകങ്ങള്‍ ഒഴിവാക്കി / മാറ്റം വരുത്തി ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് എന്ന നാലാം ഭാഗം പുറത്തിറക്കുമ്പോള്‍   റോബ് മാര്‍ഷല്‍ ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ വന്‍ വിജയങ്ങളാക്കിയ  പ്രധാന ഘടങ്ങളെ തിരിച്ചറിയാതെ പോവുകയോ, മനപൂര്‍വ്വം അവഗണിക്കുകയോ ചെയ്തിരിക്കുന്നു എന്ന് തോന്നും .


ക്യാപ്റ്റന്‍ ജാക്ക് സ്പാരോ (ജോണി ഡെപ്പ് ) എന്ന കടല്‍ക്കൊള്ളക്കാരന്‍ രക്ഷ ആസാധ്യം എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന രീതികളാണ് അവയില്‍ ഒന്ന് . ആദ്യ മൂന്ന് ഭാഗങ്ങളില്‍ ജാക്ക് സ്പാരോ രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളും , സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും മുന്‍കൂട്ടി തയാറാക്കിയ പദ്ദതികള്‍ പ്രകാരമാണോ അതോ ഭാഗ്യം അയാളെ തുണയ്ക്കുന്നതാണോ എന്ന സംശയം കാണുന്നവരില്‍  (വെള്ളിത്തിരയിലും ,തിയറ്ററിലും ) ഉളവാക്കുന്ന തരത്തിലെ സമീപനം ആ കഥാപാത്രത്തെ ആകര്‍ഷകമാക്കുന്നതില്‍ തെല്ലൊന്നുമല്ല സഹായിച്ചിരുന്നത്. എന്നാല്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ ജാക്ക് സ്പാരോ ഏത് അപകടത്തില്‍ നിന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ദതികള്‍ പ്രകാരം രക്ഷപ്പെടുന്ന അതി ബുദ്ധിമാനാണ് എന്ന തരത്തിലാണ് അവതരണം പലപ്പോഴും നീങ്ങുന്നത്‌ . ചിത്രത്തിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ കിംഗ്‌ ജോര്‍ജിന്റെ കൊട്ടാരത്തില്‍ നിന്നും ജാക്ക് രക്ഷപ്പെടുന്ന രംഗങ്ങള്‍ ഈ സമീപനത്തിന് ഉദാഹരണമാണ് .


രണ്ടാമതായി റോബ് മാര്‍ഷല്‍ ഈ ചിത്രത്തില്‍ നഷ്ടപ്പെടുത്തിയ ഘടകംആദ്യ മൂന്നു സിനിമകളില്‍  വില്ല്യം ടര്‍ണര്‍ (ഓര്‍ലാന്‍ഡോ ബ്ലൂം ) എലിസബത്ത് ( കെയ്റാ  നൈറ്റ്‌ലീ ), ജാക്ക് സ്പാരോ എന്നീ മൂന്നു കഥാപാത്രങ്ങള്‍ പങ്കുവെച്ചിരുന്ന കെമിസ്ട്രിയാണ്. ഓര്‍ലാന്‍ഡോ ബ്ലൂം, കെയ്റാ  നൈറ്റ്‌ലീ എന്നിവര്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ അഭിനയിക്കുന്നില്ല . അവരുടെ കഥാപാത്രങ്ങളും, മുന്‍പറഞ്ഞ കെമിസ്ട്രിയും നഷ്ടമായത് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സിന്റെ പൂര്‍ണ്ണതയ്ക്ക് ചെറുതല്ലാത്ത കോട്ടം വരുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ .


ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ നന്നായിട്ടുണ്ട് .പക്ഷെ നേരത്തെ പറഞ്ഞ സംവിധായകന്‍ ഒഴിവാക്കിയ തീര്‍ച്ചയില്ലായ്മ എന്ന ഘടകം എവിടെയൊക്കെയോ ആ കഥാപാത്രത്തിനെ ബാധിക്കുന്നുണ്ട് .


ദിവസം, സാഹചര്യം എന്നിവയനുസരിച്ച് ജാക്ക്  സ്പാരോയുടെ ശത്രുവും ,മിത്രവുമായി മാറുന്ന ക്യാപ്റ്റന്‍  ബാര്‍ബോസ (ജെഫ്രി റഷ് ) ,ജാക്കിന്റെ വിശ്വസ്തന്‍ ജോഷ്മീ ഗിബ്ബ്സ് (കെവിന്‍ മക്ക്നല്ലി ) എന്നിവര്‍ ആദ്യ മൂന്ന് ചിത്രങ്ങളില്‍ എന്നത് പോലെ ഈ സിനിമയിലും ഉണ്ട്. പക്ഷെ അവരുടെ കഥാപാത്രങ്ങള്‍ പലപ്പോഴും ഈ സിനിമയില്‍ കഥയുടെ പശ്ചാതലത്തില്‍ മാത്രം ഒതുങ്ങി പോകുന്നു .


ജാക്ക് സ്പാരോയുടെ തന്നെ പല സ്വഭാവ സവിശേഷതകള്‍ ഉള്ള എയ്ഞ്ചലിക്ക (പെനലപ്പേ  ക്രസ് ) എന്ന കടല്‍ കൊള്ളക്കാരിയാണ്‌  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സിലെ പ്രധാന സ്ത്രീ കഥാപാത്രം .പലപ്പോഴും എയ്ഞ്ചലിക്കയുടെ പ്രവര്‍ത്തികളില്‍ കഥാഗതി മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി മാത്രമുള്ള എച്ച് കെട്ടലുകള്‍ കാണികള്‍ക്ക് അനുഭവപ്പെട്ടേക്കാം . കാണാന്‍ അതി സുന്ദരി , ആത്മവിശ്വാസത്തോടെയുള്ള  അഭിനയം ; ഈ രണ്ടു ഗുണങ്ങള്‍ പെനലപ്പേ  ക്രസ് സ്ക്രീനില്‍ കൊണ്ട് വരുന്നുണ്ട്. എങ്കിലും കെട്ടുറപ്പില്ലാത്ത കഥാപാത്രത്തിന്റെ സൃഷ്ടി എയ്ഞ്ചലിക്ക എന്ന കടല്‍ക്കൊള്ളക്കാരിയെ കാണികള്‍ തിയറ്ററില്‍ തന്നെ ഉപേക്ഷിച്ചു വരുന്നതിനു കാരണമാകുന്നു .


ബ്ലാക്ക്‌ ബിയേര്‍ഡ് (ഇയാന്‍ മക്ക്ഷെയ്ന്‍ ) എന്ന വില്ലന്‍ കഥാപാത്രവും മുന്‍ ചിത്രങ്ങളിലെ വില്ലന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ശോഭിക്കുന്നില്ല.


ഫൌന്റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള ജാക്ക് സ്പാരോയുടെയും മറ്റു കഥാപാത്രങ്ങളുടെയും  സാഹസിക യാത്ര പ്രധാന കഥയാക്കിയ ഈ ചിത്രത്തില്‍ ഉപകഥ പോലെ  ഫിലിപ്പ് സ്വിഫ്റ്റ് (സാം ക്ലാഫിന്‍) എന്ന ക്രിസ്ത്യന്‍ മിഷനറിയുടെയും സയ്റീന (ആസ്ട്രിഡ് ബെര്‍ഗെസ് ഫ്രിസ്ബേ) എന്ന മത്സ്യ കന്യകയുടെയും (മേര്‍ മെയിഡ്) പ്രണയ കഥയും ഈ സിനിമയിലുണ്ട് . പ്രധാനകഥയുമായി ബന്ധപ്പെട്ട് വികസിക്കുന്ന  അവരുടെ കഥാപാത്രങ്ങളുടെ പ്രണയത്തിന്റെ തീവ്രത കാണികളിലേക്ക് എത്തിക്കുന്നതില്‍ രണ്ടു അഭിനേതാക്കളും പൂര്‍ണ്ണ പരാജയമാണ് . ഓര്‍ലാന്‍ഡോ  ബ്ലൂം , കെയ്റാ നൈറ്റ്‌ലീ  എന്നിവര്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ അഭിനയിക്കത്തില്‍ കാണികള്‍ക്ക് നഷ്ടബോധം തോന്നുന്നത് പ്രധാനമായും ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള രസതന്ത്രം കാണുമ്പോഴാണ്.


ഹാന്‍സ് സിമ്മറുടെ പശ്ചാത്തല സംഗീതം  ഡാരിയുസ് വോള്‍സ്കിയുടെ സിനിമാട്ടോഗ്രാഫി എന്നിവ മാത്രമാണ് പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണി   പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്ന് പറയാവുന്ന ഈ സിനിമയിലെ ഘടകങ്ങള്‍ .


ത്രീഡിയില്‍  പുറത്തിറങ്ങിയ ഈ സിനിമ ഒരു സാധാരണ ഫാന്റസി അഡ്വെന്‍ഞ്ചര്‍ എന്ന നിലയ്ക്ക് വേണ്ട ചേരുവകള്‍ എല്ലാം ഉള്ളത് തന്നെയാണ് . ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ (ജാക്ക് സ്പാരോ , എയ്ഞ്ചലിക്ക എന്നിവരുടെ ആദ്യ യുദ്ധം , കിംഗ്‌ ജോര്‍ജിന്റെ കൊട്ടാരത്തില്‍ നിന്നും ജാക്ക് രക്ഷപ്പെടുന്ന രംഗങ്ങള്‍ ) , ആകര്‍ഷകമായ ലൊക്കേഷനുകള്‍ (ഫൌന്റൈന്‍ ഓഫ് യൂത്ത് പക്ഷെ ഒരു സാധാരണ ഗുഹ പോലെ തോന്നിച്ചു ), വൃത്തിയുള്ള ഗ്രാഫിക്സ് രംഗങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്. അത്തരത്തിലെ ഒരു സിനിമ മാത്രം പ്രതീക്ഷിച്ച് തിയറ്ററില്‍ പോകുന്നവരെ ഈ ചിത്രം ത്രിപ്തരാക്കിയേക്കാം .പക്ഷെ പൈറേറ്റ്സ് ഓഫ് കരീബിയന്‍  ശ്രേണിയിലെ ആദ്യ മൂന്ന് ചിത്രങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട് , അവയെപ്പോലെ മറ്റൊരു മാഗ്നം ഒപ്പസ് ആകും ഈ ചിത്രം എന്ന പ്രതീക്ഷയില്‍ തിയറ്ററില്‍  എത്തുന്ന എന്നെപ്പോലെയുള്ളവര്‍ക്ക്  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് നിരാശയാകും സമ്മാനിക്കുക

7 comments:

  1. i was greatly impressed by the first part of the series. but dint like second and third that much. waiting to watch the fourth.

    ReplyDelete
  2. തിരു.പുരത്ത് ത്രിമാനത്തിലാണോ പ്രദര്‍ശിപ്പിക്കുന്നത്? ത്രിമാനസാധ്യതകള്‍ എത്രത്തോളം ഈ സിനിമയില്‍ ഉപയോഗപ്പെട്ടിട്ടുണ്ട്?

    ReplyDelete
  3. ഹരീ : തിരുവനന്തപുരത്ത് അതുല്യ തിയറ്ററില്‍ ഈ സിനിമ ത്രീഡിയില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത് . ത്രീഡിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും . അവതാറില്‍ ടോറുക്ക് എന്ന ജീവിയുടെ മുകളിലേക്ക് നായകന്‍ ജേക്ക് മലയുടെ മുകളില്‍ നിന്നും ചാടുമ്പോള്‍ കാണുന്നവര്‍ക്ക് ഉണ്ടാകുന്ന ദൃശ്യാനുഭവം ഒന്നും ഈ ചിത്രം നല്‍കുന്നില്ല. പ്രധാനമായും സ്ഥലങ്ങളുടെ ഭംഗിയും വന്യതയും കാണികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാന്‍ ത്രീഡി ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് എന്ന ചിത്രത്തെ സഹായിച്ചിട്ടുണ്ട് . അത്രമാത്രം

    ReplyDelete
  4. the movie reminded me of the Indiana Jones adventures at many places..but personally i liked the movie better than the third part....of Johny Dep, what can one say....awesome!!!!the movie really is a one man show!

    ReplyDelete
  5. Watchable only for Jack.. err.. Captain Jack Sparrow.. 3D effect came only in the Mermaid Hunt scene.. and a little while controlling The Queen Anne's Revenge :)

    ജാക്കിന്റെ രക്ഷപ്പെടലുകളെ പറ്റിയുള്ള നിരീക്ഷണം നന്നായി രസിച്ചു. മുന്‍ ഭാഗങ്ങളില്‍ ഇയാള്‍ ഇതൊക്കെ മന:പൂര്‍വ്വം ചെയ്യുന്നതാണോ അതോ പറ്റി പോകുന്നതാണോ എന്ന സംശയം മറ്റ് കഥാപാത്രങ്ങള്‍ക്കെന്ന പോലെ നമ്മള്‍ പ്രേക്ഷകര്‍ക്കും തോന്നിയിരുന്നു. ഇത്തവണ പക്ഷെ ജാക്ക് നമ്മുടെ സൂപ്പറുകളെ പോലെയായി..

    പ്രധാനമായും എനിക്ക് തോന്നിയത് കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലെ supporting cast ഇതില്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ character development പോരാ എന്നതാണ്. വില്ലന്‍ തന്നെ ഉദാഹരണം. ഡേവി ജോണ്‍‌സ് എന്ന് ചുമ്മാ പറഞ്ഞാല്‍ തന്നെ ഒരു ബഹുമാനവും പേടിയുമൊക്കെയാണ്. പക്ഷെ ബ്ലാക്ക് ബിയേഡ് എവിടെ കിടക്കുന്നു. ഒരു കിടിലന്‍ intro മാത്രമുണ്ട് കക്ഷിക്ക് അഭിമാനിക്കാന്‍!

    ഒരു കാര്യം മനസിലാക്കാന്‍ സാധിച്ചു. പൈറേറ്റ്സ് സിനിമകള്‍ ഇഷ്ടപ്പെടാന്‍ കാരണം ക്യാപ്‌റ്റന്‍ ജാക്ക് സ്പാരോ മാത്രമായിരുന്നില്ല.

    ഓഫ്: ആനിമേഷന്‍ സിനിമകള്‍ കാണുന്ന കൂട്ടത്തിലാണോ?? Kunfu Panda 2 trailer-ന് പൈറേറ്റ്‌സിനെക്കാള്‍ 3D effect ഉണ്ടായിരുന്നല്ലോ.. ഇവിടെ റിലീസ് ചെയ്താല്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.. :)

    ReplyDelete
  6. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ' സിനിമയാണോ ബുക്ക്സാണോ ആദ്യം ഇറങ്ങിയത്...? ബുക്ക്സിനെ അടിസ്ഥാനമാക്കിയാണോ സിനിമ ഇറങ്ങിയത്?
    വിശദമാക്കാമോ....!!!

    ReplyDelete