Saturday 7 May 2011

സീനിയേര്‍സ് : Seniors

പോക്കിരിരാജ എന്ന സിനിമക്ക് ശേഷം   വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേര്‍സ് എന്നത് തന്നെയായിരുന്നു ഈ ചിത്രം കാണുവാനുള്ള എന്‍റെ പ്രധാന പ്രചോദനം .പോക്കിരിരാജ ശരിക്കം ഒരു പഴയ തമിഴ് സിനിമ  മോഡല്‍ പടമായിരുന്നുവെങ്കിലും , ചുമ്മാ ടോം ആന്‍ഡ്‌ ജെറി കാണുമ്പോലെ കുറെ ചിരിച്ച സിനിമയായിരുന്നു . വെള്ളിയാഴ്ച്ച തന്നെ ഓഫീസില്‍ നിന്നും ടിക്കറ്റ് വിളിച്ച് പറഞ്ഞു ഉറപ്പാക്കി . ജാസ്മിനോടും , ശ്രുതിയോടും ചോദിക്കാതെ തന്നെ അവര്‍ക്കുള്ള ടിക്കറ്റുകളും പറഞ്ഞു . സന്തോഷ വര്‍ത്തമാനം അറിയിച്ചപ്പോള്‍ ജാസ്മിന്‍ വക കിട്ടാനുള്ളത് കിട്ടി . എന്നെ കൊന്നിട്ട് അവള്‍ എന്‍റെ ഫോട്ടോ സിറ്റിയിലെ പ്രധാന തിയറ്ററുകളില്‍ മാലയിട്ട് വെയ്പ്പിക്കും എന്ന് . കൊന്നിട്ട് പെട്ടെന്ന് മോക്ഷം വാങ്ങി തന്നു പറഞ്ഞു വിട്ടില്ലെങ്കില്‍, എന്‍റെ ആത്മാവ് തിയറ്ററുകളില്‍ അലഞ്ഞ് നടക്കും എന്ന് ശ്രുതിയുടെ പഞ്ച് ലൈന്‍.
ജയറാം , മനോജ്‌ കെ ജയന്‍ എന്നിവരെ അഭിനേതാക്കള്‍ എന്ന നിലയില്‍ എനിക്ക് പേടിയാണ് . കുഞ്ചാക്കോ ബോബന്‍ അഭിനേതാവ് എന്ന നിലയില്‍ കഴിഞ്ഞ കുറച്ചു സിനിമകളായി മെച്ചപ്പെട്ട് വരുന്നു , ബിജു മേനോനും മേരിക്കുണ്ടൊരു കുഞ്ഞാടില്‍ നന്നായിരുന്നു (പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നെങ്കില്‍ പോലും ); അങ്ങനെ വിവിധ ചിന്തകളുമായാണ്‌ ഞാന്‍ തിയറ്ററില്‍ എത്തിയത് . സിനിമ മോശമാണെങ്കില്‍ ജാസ്മിന്‍,ശ്രുതി വക എന്റെ കൊലപാതകം ഉറപ്പ് എന്ന ഭീഷണി വളരെ ശക്തം ...

പക്ഷെ സിനിമ തുടങ്ങി കുറച്ചു  കഴിഞ്ഞപ്പോള്‍ അവര്‍ കൊന്നില്ലെങ്കിലും ഞാന്‍ ആത്മഹത്യ ചെയ്തേക്കും എന്നാ നിലയില്‍ കാര്യങ്ങള്‍ എത്തി . സ്ലീസീ / വള്‍ഗര്‍  കോമഡി എന്നൊക്കെ ചില ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ റേറ്റിംഗ് കൊടുക്കുന്ന വിവരമുള്ളവര്‍, ആ സിനിമകള്‍ തുടങ്ങുന്നതിനു മുന്‍പ് എഴുതി കാണിക്കാറുണ്ട് . അങ്ങനെ വിവരമുള്ളവര്‍ നമ്മുടെ  സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലാതെ പോയതിന്റെ കുഴപ്പമാണ് സീനിയേര്‍സ് പോലുള്ള സിനിമകള്‍ എന്റര്‍ടെയ്നര്‍ , അവധികാലം ഉല്ലാസമാക്കാനുള്ള   സിനിമ  തുടങ്ങിയ  പരസ്യങ്ങളോടെ പുറത്തിറങ്ങുന്നത് .



അടിവസ്ത്രം കൊണ്ടുള്ള കോമഡി  ഒരു സ്കൂള്‍ കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് (അസഹ്യമായ ഭാവങ്ങള്‍ പുറമേയും  ) തുടങ്ങി സിനിമ മുന്നോട്ടു നീങ്ങുന്നതിന് അനുസരിച്ച് സംഗതിയുടെ ഡോസ് കൂടി കൂടി വരും .ദ്വയാര്‍ത്ഥം നിറഞ്ഞ  ഡയലോഗിന് ബലം കൊടുക്കാന്‍  അഭിനേതാക്കളുടെ വൃത്തികെട്ട ഭാവാഭിനയം കൂടിയാകുമ്പോള്‍  ചിത്രം പൂര്‍ണ്ണം.  'നിന്റെ മമമിയെക്കൂടി  ഈ സിനിമക്ക് വിളിച്ചിരുന്നെങ്കില്‍ ഇന്നത്തേതിന് ശേഷം സിനിമയെന്ന വാക്ക് നീ മിണ്ടിയാല്‍ മമ്മി നിന്റെ കാല് തല്ലി ഒടിച്ചേനെ'  ഇന്റര്‍വെല്‍ സമയത്ത് ശ്രുതി എന്നോട് പറഞ്ഞ ഈ വാക്കുകളില്‍ എല്ലാമുണ്ട് .


ജെനുവിന്‍ കോമഡി ഇല്ലേ എന്ന് ചോദിച്ചാല്‍ ,ഉണ്ട് .ആണുങ്ങള്‍ സ്ത്രീവേഷം കെട്ടി മാര്‍ഗ്ഗം കളി ,ഒപ്പന എന്നിവ സ്റ്റേജില്‍ അവതരിപ്പിക്കുക ,പെണ്‍കോന്തനായ അധ്യാപകനെ കളിയാക്കി സില്‍സിലാ   ഹേ സില്‍സിലാ പാടുക ,ലേഡീസ് ഹോസ്റ്റലിന്റെ മതില് ചാടി കളിക്കുക തുടങ്ങിയ ഒട്ടനവധി "വളരെ പുതുമയുള്ള" കോമഡി രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് . അതൊക്കെ കണ്ട് ചിരിക്കുന്നവരെ നോക്കി  വേണമെങ്കില്‍ ചിരിക്കാം .


ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്ന് ന്യൂ ഇയര്‍ രാത്രി ഭാര്യയുടെ (സജിതാ ബേട്ടി) പരപുരുഷ ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യ  ചെയ്യുന്ന ഒരു വയലിനിസ്റ്റ് /കോടീശ്വരന്‍ (അയാള്‍  ഇതില്‍ ഏതാണ് എന്ന് സിനിമയുടെ അണിയറക്കാര്‍ക്കും  നിശ്ചയമില്ല )  ഭര്‍ത്താവില്‍ (സുമിത് നവല്‍ ) നിന്നും , ആ ആത്മഹത്യക്ക് സാക്ഷിയാകുന്ന അയാളുടെ മകനില്‍ നിന്നുമാണ്  സീനിയേര്‍സ് എന്ന ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് കഥ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ മഹാരാജാസ് കോളേജിലെ കോളേജ് ഡേ ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. 

വേദിയില്‍ മൈം ആണോ ടാബ്ലോ ആണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു കലാരൂപം നാടകം എന്ന പേരില്‍ .ലക്ഷ്മി (മീരാ നന്ദന്‍ ) എന്ന നര്‍ത്തകിക്കൊപ്പം മുഖം മൂടി അണിഞ്ഞ നായകനും , മറ്റു മൂന്ന്  മുഖം മൂടികളും . ഗ്രീക്ക് ട്രാജഡി പോലെ ആ മൈം/ടാബ്ലോ  നാടകം  നടക്കുമ്പോള്‍ ടൈറ്റിലുകള്‍. 

ആ രാത്രി കോളേജ് വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ വെച്ച് ലക്ഷിയെ ആരോ കഴുത്ത്  ഞെരിച്ച് കൊല്ലുന്നു. ലക്ഷ്മിയുടെ ജഡത്തിന്  ചുറ്റും കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഏറ്റവും പിന്നിലായി  നാടകത്തിന്റെ വേഷ വിധാനങ്ങളോടെ നാല് മുഖംമൂടികള്‍ .അവരാണ് സീനിയേര്‍സ് .

ലക്ഷ്മിയെ കൊന്ന കുറ്റം ആ നാല്‍വര്‍ സംഘത്തിന്റെ തലയില്‍ വരും എന്ന ഘട്ടത്തില്‍ കുടുമ്പവും, ബന്ധങ്ങളും ഉള്ള ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍ ), റഷീദ് മുന്ന (മനോജ്‌ കെ ജയന്‍ ), റെക്സ് (കുഞ്ചാക്കോ ബോബന്‍ ) എന്നിവരെ രക്ഷിക്കാന്‍ , പ്രത്യേകിച്ച് ബന്ധങ്ങള്‍  ഒന്നുമില്ലാത്ത പപ്പു എന്ന പത്മനാഭന്‍ (ജയറാം ) ആ കുറ്റം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നു .പന്ത്രണ്ടു വര്‍ഷങ്ങള്‍ ജയിലില്‍ പോയി കിടക്കുന്നു . ലക്ഷ്മിയുടെ സഹോദരി ഇന്ദു (പത്മപ്രിയ) പപ്പുവിന്റെ കാമുകി കൂടിയായിരുന്നു എന്നതിന്റെ സൂചനകള്‍ കാണികള്‍ക്ക് അവിടിവിടെ ലഭിക്കുന്നുണ്ട് .

പന്ത്രണ്ട് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ ശിക്ഷക്ക് ശേഷം തിരികെയെത്തുന്ന പപ്പുവിന്   അയാള്‍  ചെയ്ത ത്യാഗത്തിനു നന്ദിയുള്ള ഇടിക്കുള, റഷീദ് , റെക്സ് എന്നീ മൂന്നു കൂട്ടുകാര്‍ മുന്നോട്ടുള്ള ജീവിതം ഭംഗിയാക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്  .പക്ഷെ അതെല്ലാം നിരസിക്കുന്ന പപ്പു സുഹൃത്തുക്കളോട് വീണ്ടും മഹാരാജാസ് കോളേജിലേക്ക് തിരികെ പോകാം , അതും പി ജി ,വിദ്ധ്യാര്‍ത്ഥികള്‍ ആയിട്ട്,എന്ന ആഗ്രഹം പറയുന്നു . ചെറിയ  എതിര്‍പ്പുകള്‍ക്ക് ശേഷം കൂട്ടുക്കാര്‍ മൂന്നും പപ്പുവിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തീരുമാനിക്കുന്നു .അങ്ങനെ പ്രിന്‍സിപ്പല്‍ അലാവുദീന്‍ റാവുത്തറുടെ  (വിജയരാഘവന്‍ ) സ്ത്രീകളോടുള്ള താത്പര്യം മുതലെടുത്ത്‌,അയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് അവര്‍ നാലാളും കോളേജില്‍ തിരികെ എത്തുന്നു .

കോളേജ് ജീവിതത്തിന്റെ രസങ്ങള്‍ വീണ്ടും കുറച്ചു കാലത്തേക്ക് അറിഞ്ഞ ശേഷം തിരികെ പോകാം എന്നാണ് പപ്പുവിന്റെ ആഗ്രഹം എന്ന്   ഇടിക്കുള ,റഷീദ് ,റെക്സ് എന്നിവര്‍  കരുതുന്നു . പക്ഷെ ഇന്ദു ഇന്ന് പ്രൊഫസ്സറായി ജോലി നോക്കുന്ന തങ്ങള്‍ പഠിച്ച കോളേജിലേക്ക്  പപ്പു കൂട്ടുകാരുമൊത്ത് മടങ്ങിയെത്തുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ് .അവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ പിന്നിലെ രഹസ്യങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ വെളിവായി തുടങ്ങുന്നു .

ഇനി ഈ സിനിമ കാണാന്‍ പോകുന്നവര്‍ , തിയറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഊഹിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് (ഊഹിക്കുകയെ വഴിയുള്ളൂ.സംവിധായകന്‍  വൈശാഖോ ,  തിരക്കഥ എഴുതിയ സച്ചി -സേതുവോ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് സിനിമ തീര്‍ന്നാലും 
 പറഞ്ഞ് തരില്ല ) :

1)പപ്പു ശിക്ഷ കഴിഞ്ഞ്   വരുന്ന കാലഘട്ടത്തിന്  'ഇന്ന്' എന്ന് സ്ക്രീനില്‍ എഴുത്ത് തെളിയുന്നുണ്ട് . തൊണ്ണൂറ്റിയാറില്‍ നടന്ന കൊലപാതകം പപ്പു സ്വയം എറ്റു പറഞ്ഞിട്ടും കോടതിയില്‍  കേസ്സ്  മൂന്ന് വര്‍ഷങ്ങള്‍  നടന്നു കാണും എന്ന് നമുക്ക് ഊഹിക്കാം.അത് കഴിഞ്ഞാവണം പപ്പുവിന് പന്ത്രണ്ട് വര്‍ഷങ്ങളുടെ ശിക്ഷ കിട്ടിയത് .

2)സിനിമയില്‍ രഹസ്യങ്ങളുടെ കുരുക്കഴിക്കാന്‍ പപ്പുവിനെ സഹായിക്കുന്ന ഒരു കഥാപാത്രം  ഉണ്ട് (പേര് പറഞ്ഞാല്‍ സസ്പെന്‍സ് പോകും ) . ആ കഥാപാത്രം കുറ്റവാളിയുടെ മാനസികാവസ്ഥ ഇത്തരത്തിലാകും എന്ന വിശകലനത്തില്‍ എത്തി ചേരുന്നത് സച്ചി , സേതു , വൈശാഖ് എന്നിവര്‍ നേരത്തെ അങ്ങനെ തന്നെയാകണം കാര്യങ്ങള്‍ എന്ന് പറഞ്ഞ് കൊടുത്തത് കൊണ്ടാകണം.

3) കൂട്ടുകാരുടെ ബന്ധങ്ങള്‍ കടപ്പാടുകള്‍ എന്നിവയ്ക്ക് വേണ്ടി ത്യാഗിയാകുന്ന പപ്പു , അയാളുടെ കാമുകി ഇന്ദുവുമായിയുള്ള  ബന്ധത്തിന് ജയില്‍ പോകുമ്പോള്‍ വല്യ വിലയൊന്നും കല്‍പ്പിച്ചിരുന്നില്ല .പന്ത്രണ്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ കഥ മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി മാത്രമാണ്  പപ്പു ആ ബന്ധത്തിന് വില കല്‍പ്പിച്ചു തുടങ്ങുന്നത് 

4) ജയറാം , ബിജു  മേനോന്‍ , മനോജ്‌ കെ ജയന്‍ എന്നിവരുടെ സമപ്രായക്കാരനാണ്  കുഞ്ചാക്കോ ബോബന്‍ (ഒരിക്കലും പ്രായമാകാത്തയാള്‍ എന്നൊരു ചെറിയ വിശദീകരണം ഈ കാര്യത്തില്‍ സിനിമ നല്‍കുന്നുണ്ട് )

ഇത്രയും  ഊഹങ്ങള്‍ കഴിഞ്ഞാല്‍ ഈ സിനിമ കണ്ട് തുടങ്ങാം

കോമഡി ത്രില്ലര്‍ ,മന:ശാസ്ത്ര കോമഡി ത്രില്ലര്‍, സ്ലാപ്സ്റ്റിക്ക്  എന്റര്‍ടെയ്നര്‍ അല്ലെങ്കില്‍ വെറുതെ ഒരു സിനിമ ; സംവിധായകന്‍ വൈശാഖ് സീനിയേര്‍സ് എന്ന ഈ സിനിമ ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടുത്തിയാണ് പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല ഇനി ഫാമിലി എന്റര്‍ടെയ്നര്‍  എന്ന വിഭാഗമാണ്‌ വൈശാഖ് ഉദ്ദേശിച്ചത് എങ്കില്‍ വൈശാഖ്  (സച്ചി -സേതു,സിദ്ധിഖ്  ഇവരും ) സ്വന്തം ഫാമിലിയില്‍ അമ്മയോടും, സഹോദരിയോടം ,ഭാര്യയോടും ഒക്കെ പറയാന്‍ സാധ്യതയുള്ള കോമഡികള്‍ ഓര്‍ത്തിട്ട് തന്നെ എനിക്ക് പേടിയാകുന്നു .

സച്ചി - സേതു  ദ്വയം എഴുതിയ തിരക്കഥയില്‍ ലോജിക്ക് എന്നൊരു വാക്ക് എന്തോ വാശി പോലെ അവര്‍ ഒഴിവാക്കിയിട്ടുണ്ട് . മാത്രമല്ല , ഈ സസ്പെന്‍സ്  നിറഞ്ഞ കഥയില്‍  ഇന്റര്‍വെല്ലിന് മുന്‍പ് തന്നെ  കഥ എവിടെക്കാണ്‌ പോകുന്നത് , കുറ്റവാളി ആര് എന്നത് വ്യക്തമാക്കുന്ന സീനുകള്‍ ഉണ്ട് താനും .സംഭാഷണങ്ങള്‍ (എഴുതിയത് സിദ്ധിഖ് ആണ് ) ദ്വയാര്‍ത്ഥ പ്രയോഗം മുതല്‍ അസഭ്യം വരെ നീളും .അല്ലാത്തപ്പോള്‍ 'ആര്‍ക്കുമറിയില്ല ഈ എന്നെ(കഥാപാത്രത്തിന്റെ പേര് ),എന്നെ നിങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല' എന്ന നിലവാരത്തിലാണ് .മാത്രമല്ല ചിലപ്പോള്‍ കഥാപാത്രങ്ങള്‍ വാ തുറക്കുന്നതിന് മുന്‍പ് അവര്‍ പറയാന്‍ പോകുന്ന ഡയലോഗ് ,സിനിമ കാണുന്നവര്‍ക്ക് അറിയുവാന്‍ സാധിക്കും .ഉദാഹരണത്തിന് പപ്പു ഇന്ദുവിനോട്  'മാറ്റാര്‍ക്കും ബോധ്യപ്പെട്ടില്ലെങ്കിലും നീ സത്യങ്ങള്‍ അറിയണം' എന്ന മട്ടിലെ ഡയലോഗ് മാത്രമല്ലേ പറയുവാന്‍ പാടുള്ളൂ ?

വ്യക്തിത്വമുള്ളവ പോട്ടെ , മിനിമം ലോജിക്ക് ഉള്ള ഒരു കഥാപാത്രം സച്ചി-സേതുവിന്‍റെ തിരക്കഥയില്‍ ഇല്ല .

കഥാപാത്രങ്ങളെ അവതരിപ്പിച്ച  അഭിനേതാക്കളില്‍ ത്യാഗിയും,സത്ഗുണ സമ്പന്നനും അതിനാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടവനുമായി ജയറാം ഒരു നൂറാം തവണ സ്ക്രീനില്‍ എത്തുന്നു,.പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ രണ്ടുമണിക്കൂര്‍ നാല്‍പ്പതിയഞ്ചു മിനിട്ടുകള്‍ തള്ളി നീക്കുന്നു . കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ , മനോജ്‌ കെ ജയന്‍   എന്നിവര്‍ അവരോട് തിരക്കഥ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. തൊലി പൊളിയുന്ന തരത്തിലെ തമാശ ശ്രമങ്ങളുടെ അതിപ്രസരത്തിനിടെ   ചെറിയ ചിരികള്‍ ഉയര്‍ത്തുന്ന അപൂര്‍വ്വം സീനുകള്‍ ബിജു മേനോന്‍ ,മനോജ്‌ കെ ജയന്‍ എന്നിവരുടെതാണ് .തവള തമ്പി എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ശരിക്കും അസഹ്യമാണ് . ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ അസഹ്യതക്ക് മൂര്‍ച്ച കൂട്ടുന്നതുമുണ്ട് .

സിദ്ധിഖ് അവതരിപ്പിച്ച പ്രൊഫസ്സര്‍ ഉണ്ണിത്താന്‍ എന്ന കഥാപാത്രം സിനിമയില്‍ എന്താണ് ചെയ്യന്നത് എന്ന് ചോദിച്ചാല്‍ ,കാണികള്‍ തലച്ചോര്‍ മുഴുവന്‍ വീട്ടില്‍ വെച്ചിട്ടാണോ വന്നത് എന്ന് പരീക്ഷിക്കുകയാണ് എന്ന് പറയേണ്ടി വരും .

ജഗതി ശ്രീകുമാര്‍ (പ്രൊഫസ്സര്‍ അടിയോടി ) , ലാലു അലക്സ് ( കോര) , ഷമ്മി തിലകന്‍ (സി ഐ ) എന്നിവര്‍ സ്ക്രീനില്‍ മുഖം കാണിച്ചു പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.

അതുപോലെ തന്നെ പത്മപ്രിയ,മീരാ നന്ദന്‍ ,ജ്യോതിര്‍മയി (എല്‍സമ്മ,ഇടിക്കുളയുടെ ഭാര്യ ), രാധാ  വര്‍മ്മ (പാത്തുമ്മ,റഷീദിന്റെ ഭാര്യ ) ,അനന്യ (ജെനി,കോളേജിലെ സ്മാര്‍ട്ട്‌ ഗേള്‍ സങ്കല്‍പ്പം ) എന്നിവര്‍ എല്ലാവരും ക്യാമറക്ക്‌ മുന്നില്‍ എത്തുന്നു, ഡയലോഗുകള്‍ ഉരുവിടുന്നു  ,പോകുന്നു ;അത്ര തന്നെ .കൂട്ടത്തില്‍ അനന്യയും, മീരയും പാട്ടുകളുടെ താളത്തിന് ഒപ്പം ചുവടും വെയ്ക്കുന്നുണ്ട് .
അലക്സ് പോള്‍ ,അല്‍ഫോന്‍സ്‌ ജോസഫ്‌ ,ജാസ്സി ഗിഫ്റ്റ് , അജിത്‌ ജോര്‍ജ് എന്നീ നാല് സംഗീത സംവിധായകരാണ്   സീനിയേര്‍സിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് . കോളേജ് ക്യാമ്പസ്സില്‍ വിവിധ വര്‍ണ്ണങ്ങളിലെ വസ്ത്രങ്ങള്‍ അണിഞ്ഞ് എല്ലാവരും കൂടി എന്തൊക്കെയോ പാടുന്നു , ഡാന്‍സ് ചെയ്യുന്നു . ആ ഒരു ഫോര്‍മാറ്റിന് ഈ ചിത്രത്തിലെ ഗാനങ്ങള്‍ യോജിക്കും.


ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളില്‍ നന്നായിട്ടുണ്ട് .ബാക്കിയുള്ളവയില്‍ വളരെ ഉച്ചത്തിലും. കഥയില്‍ വളരെ പ്രധാനപ്പെട്ടത്  എന്ന് പറയാവുന്ന ഒരു മ്യൂസിക്ക് പീസ്‌ ഈ സിനിമയില്‍ ഉണ്ട് .ഒരു കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന (ഒരു പ്രത്യേക വികാരത്തിന്റെ ട്രിഗര്‍ രൂപത്തില്‍ ) സംഗീതമാണ് ഇത്  എന്ന് മറ്റൊരു കഥാപാത്രം കാണികളെ അറിയിക്കുന്നുമുണ്ട് .ഗ്ലൂമി സണ്‍‌ഡേ പോലെ കേള്‍ക്കുന്നവരെ ആത്മഹത്യാ ചെയ്യാന്‍  വരെ പ്രേരിപ്പിക്കുന്നത്ര  സ്വാധീന ശക്തിയുള്ള  സംഗീതം
(ങ്ങള്‍ ) ലോകത്ത് ഉണ്ടായിട്ടുണ്ട് . പക്ഷേ സീനിയേര്‍സിലെ ഈ പ്രത്യേക  മ്യൂസിക് പീസ്‌ കേട്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കാര്‍ട്ടൂണ്‍ സിനിമകളില്‍ നിരാശാ കാമുകന്മാരുടെ പശ്ചാത്തല സംഗീതമാണ് .
സാങ്കേതിക വിഭാഗത്തിലെ മറ്റുള്ളവരില്‍ , ഷാജിയുടെ ക്യാമറ കലാലയത്തിന്റെ വര്‍ണ്ണങ്ങള്‍ സ്ക്രീനില്‍ മനോഹരമായി എത്തിക്കുന്നു.പക്ഷേ സിനിമയിലെ പ്രധാന രംഗങ്ങള്‍ നടക്കുന്ന സ്റ്റേജ് പ്രോഗ്രാമുകള്‍ കാണിക്കുമ്പോള്‍ സ്വീകരിക്കുന്ന വെളിച്ച വിന്യാസം തീരെ അപക്വമാണ് .
മഹേഷ്‌ നാരായണന്റെ എഡിറ്റിംഗ് ഈ സിനിമക്ക് യാതൊരു തരത്തിലെ വേഗമോ ,താളമോ നല്‍കുന്നില്ല .

മാഫിയ ശശിയുടെ ആക്ഷന്‍ രംഗങ്ങള്‍ മോശമായില്ല എന്നാല്‍ വളരെ മികച്ചതുമല്ല എന്നേ പറയാന്‍ സാധിക്കു .

കോളേജ് ക്യാമ്പസ് , വീടുകള്‍/ഹോസ്റ്റല്‍ , സ്റ്റേജ് പ്രോഗ്രാമുകള്‍ എന്നിവയുടെ രംഗസജ്ജീകരണങ്ങളോട് ജോസഫ്‌ നിലക്കല്‍ നീതി പുലര്‍ത്തിയിട്ടുണ്ട് .

സാങ്കേതികമായ വിശദാംശങ്ങള്‍ എല്ലാം മാറ്റി നിറുത്തി ,ഒരു സാധാരണ പ്രേക്ഷക എന്ന നിലയില്‍ സീനിയേര്‍സ് എങ്ങനെയുണ്ട്  എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ , തല്ലിപ്പൊളി സിനിമ എന്നേ ഞാന്‍ പറയു. ദ്വയാര്‍ത്ഥം നിറഞ്ഞ സംഭാഷണങ്ങള്‍ തമാശകളായി കരുതുന്നവര്‍ക്ക് ഒരു പക്ഷേ ഈ സിനിമ ഇഷ്ടമായേക്കാം.


P S : പതിവ് പോലെ സിനിമ കണ്ട കാര്യം ഞാന്‍ മമ്മിയോടു പറഞ്ഞു. ഏതെങ്കിലും കാലത്ത് ടീവിയില്‍  വന്നാല്‍ മമ്മി ചിലപ്പോള്‍ സീനിയേര്‍സ്  കാണും.അന്ന് മമ്മി എന്നെ കൊല്ലും .അങ്ങനെ സംഭവിച്ചാല്‍ തിയറ്ററുകളില്‍ അലഞ്ഞ് നടക്കുന്നതിനു മുന്‍പായി എന്റെ ആത്മാവ് സത്യമായിട്ടും  വൈശാഖ് , സച്ചി-സേതു , സിദ്ധിഖ് എന്നിവരെ കൊല്ലും (ചോര കുടിക്കില്ല ...സീനിയേര്‍സിലെ വള്‍ഗാരിറ്റി കാണുകയും കേള്‍ക്കുകയും ചെയ്ത ശേഷം  എനിക്ക് അറപ്പാണ് )

24 comments:

  1. "വളരെ പുതുമയുള്ള" കോമഡി രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് . അതൊക്കെ കണ്ട് ചിരിക്കുന്നവരെ നോക്കി വേണമെങ്കില്‍ ചിരിക്കാം ."

    ഹ ഹ ഹ ..അതെനിക്കിഷ്ടപ്പെട്ടു!
    ആ ഒരു വരി തന്നെ ധാരാളം!!

    ReplyDelete
  2. അപ്പോള്‍ കാണണ്ട എന്ന് തീരുമാനിച്ചു :)

    ReplyDelete
  3. ഒരു കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് . ആ പ്രൊഫൈലിലെ ലിങ്ക് അഡല്‍റ്റ് കണ്ടന്റ് ഉള്ള ഒരു ബ്ലോഗിലേക്ക് പോകുന്നതിനാലാണ് അങ്ങനെ ചെയ്തത് . തീര്‍ത്തും വ്യക്തിപരമായ ഒരു തീരുമാനമാണിത് . കമന്റ് കണ്ടന്റ് താഴെ കൊടുക്കുന്നു :
    പണ്ടൊക്കെ കുഞ്ചാക്കോബോബന്‍ സിനിമയില്‍ ഒറ്റയ്ക്ക് നായകനായി വന്നിരുന്നു. ആ ചിത്രങ്ങള്‍ മിക്കവയും പരാജയമായിരുന്നെങ്കിലും ആ പരാജയത്തിന് ഒരു അന്തസ് ഉണ്ടായിരുന്നു. ഇപ്പോള്‍ പുള്ളി മറ്റുള്ളവരുടെ ചിത്രങ്ങളില്‍ ചുളുവില്‍ കയറിപ്പറ്റി എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് (ബിജുമേനോനെ പോലെ). വര്‍ഷാവസാനം കുറെയേറെ ഹിറ്റ്‌ ചിത്രങ്ങള്‍ തന്റേതായി ഉണ്ടെന്നു വീമ്പ്‌ പറയാം. പക്ഷെ അതൊരു തരം ആണത്തമില്ലായ്മയാണ്.
    By രാജലക്ഷ്മി സുധീഷ്

    ReplyDelete
  4. BEST WISHES
    oral oru blog thudangi thakarkumbol ente oru eliya sambhavanayayi ee comment irikatte..May masathil 7 cinema kandu alle. Divasam 1 aano kanakk? Daivame ithu kalakkum. Samsayamilla.

    KEEP YOUR SPIRITS HIGH!

    ReplyDelete
  5. മറ്റു ചില തിരക്കുകള്‍ കൊണ്ട് ആദ്യ ദിവസങ്ങളില്‍ ഈ സിനിമ കാണുവാന്‍ കഴിഞ്ഞില്ല. ഇനിയിപ്പോള്‍ ഇതേതായാലും കാണേണ്ട എന്നു തീരുമാനിച്ചു. :)

    ReplyDelete
  6. എയ്യ് പ്രിയാ അത്രക്ക് മോശായില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. ചൈനാ ടൗണിനെക്കാളും , ഉറുമിയേക്കാളും എനിക്ക് ഈ സിനിമ ഇഷ്ടമായി.. പിന്നെ വൾഗർ കോമടി ഒരു കല്ലുകടി തന്നെയായിരുന്നു... ജയറാം അടുത്തകാലത്ത് അഭിനയിച്ച സിനിമകളിൽ മികച്ചത് ഇതാണെന്നാണ് എന്റെ അഭിപ്രായം.. പിന്നെ ലോജിക്കില്ലായ്മ അതും ഒരു പ്രശ്നമായിരുന്നു... പക്ഷേ എന്നിരുന്നാലും കാശു മുതലായ ഒരു ഫീലിംഗ് എനിക്കുണ്ട്..

    ReplyDelete
  7. പോക്കിരി രാജയിലെ ഏതെല്ലാം സീനുകള്‍ കണ്ടിട്ടാണ് ടോം ആന്‍ഡ്‌ ജെറി കാണുമ്പോലെ കുറേ ചിരിച്ചത് എന്ന് പറയാമോ? എനിക്ക് ആ സിനിമ കണ്ടിട്ട് കരയാന്‍ ആണ് തോന്നിയത്.. അത് കൊണ്ട് ചോദിച്ചതാണ് ... റിവ്യൂസ് കൊള്ളാം ... ഈ ചിത്രത്തിന്‍റെ റിവ്യൂ ഏറ്റവും ആദ്യം ഇട്ടതു പ്രിയ ആണെന്ന് തോന്നുന്നു.. ഇതൊരു ശീലമാക്കുക..

    ReplyDelete
  8. Just now I have seen Seniors, Priya has brutally criticised the movie, of course its a reversion of Classmates and there are some vulgur dialogues (double meaning) but film was far far far far better than recent films China Town, Christian Brothers, Manikyakallu and it has a suspense too.
    Seeing the heroes wearing Margam kali dress and giving us their back in main poster I expected more vulgarity but film is very good time pass.
    Nobody dould get discouraged with Priya's remarks, she is too puritan I may say. Nowadays even children knew these vulgar terms because of fact that TV serials are worse.

    So guys this is the movie of half year of 2010, going to be a mega hit, better than Vysakhs earlier movie Pokkiri raja, best thing about this movie is that no disturbance from fans, they dont have to write introductory scenes for super stars, the combination of Jayaram, Manoj K Jayan Biju Menon (best oneliners) & Kunchacko Boban is well entertaining.

    Its 100 times better than China Town, dont get discouraged with this review.
    Priya has written better comments about some other useless movies earlier in this blog, but this movie is far better.

    I am not saying a classic, in 2010 this is better timepass than others. Perhaps she is a Prithwiraj fan, if Prtyhwiraj was in this movie the movie will definitely be unwatchable.

    Just go for it.

    ReplyDelete
  9. ഒരു എളിയ suggestion (ഈ വാക്കിന്റെ മലയാളം എന്താണോ ആവോ!!!) - കഥ ഒരല്‍‌പം കൂടുതല്‍ പറയുന്നില്ലേ?? സിനിമയുടെ പ്രിവ്യൂവില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വെളിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുമോ? നന്ദി.. :)

    ReplyDelete
  10. സിനിമയുടെ റിവ്യു പറയുമ്പോൾ കഥ പറച്ചിൽ ഒഴിവാക്കിയാൽ നന്നായിരിക്കും....എന്തായാലും നന്നായിട്ടുണ്ട്

    ReplyDelete
  11. ഇനി ആരെങ്കിലും ഈ സിനിമ കാണണമെന്നു കരുതിയിരുന്നെങ്കില്‍ തന്നെ ഈ റിവ്യൂ വായിച്ചിട്ട് പോകുമെന്നു തോന്നുന്നില്ല.സിനിമയെകുറിച്ച് മൊത്തം പറഞ്ഞല്ലോ.ആരാണ്‍ കൊലപാതകി എന്നുകൂടി പറയാമായിരുന്നു.അതുമാത്രമൊഴിവാക്കേണ്ടായിരുന്നു.

    ചില വരികള്‍ നല്ല രസകരങ്ങളായിരുന്നു.

    ReplyDelete
  12. റിവ്യൂ കൊള്ളാം നന്നായി എഴുതി.
    (എങ്കിലും മാഷ് കുറെ ചിരിച്ച സിനിമയായിരുന്നു പോക്കിരിരാജ എന്നറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി.-തമ്മിൽ ഭേദമായിരുന്നു പഴയ തൊമ്മൻ എന്നാണെങ്കിൽ ഓകെ)
    satheeshharipad.blogspot.com

    ReplyDelete
  13. അങ്ങനെ സംഭവിച്ചാല്‍ തിയറ്ററുകളില്‍ അലഞ്ഞ് നടക്കുന്നതിനു മുന്‍പായി എന്റെ ആത്മാവ് സത്യമായിട്ടും വൈശാഖ് , സച്ചി-സേതു , സിദ്ധിഖ് എന്നിവരെ കൊല്ലും (ചോര കുടിക്കില്ല ...സീനിയേര്‍സിലെ വള്‍ഗാരിറ്റി കാണുകയും കേള്‍ക്കുകയും ചെയ്ത ശേഷം എനിക്ക് അറപ്പാണ്)

    പ്രിയ
    ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്ന് പ്രിയയുടെ ചോര കുടിക്കുന്ന ലക്ഷണം കാണുന്നുണ്ട്...
    റിവ്യൂ കിടിലന്‍...
    ഇനി തല്ലിക്കൊന്നാലും ഈ ചിത്രം ഞാന്‍ കാണില്ല.
    ആശംസകള്‍

    ReplyDelete
  14. film kandu. Time pass nu vendi mathram kanam. Kolapathaki aaranennu nerathe arinjitaanu poyathu. Athu ente maatil paatta. Athu kondu aa oru thrill poyikitti. Pnne enthinu konnu, engane konnu ennu ariyaam. Double meaning unsahikable!.. Dayavu cheythu with family kaanaathirikuka.

    ReplyDelete
  15. മലയാള സിനിമയെ മിമിക്രി ബാധിച്ചതിനു ശേഷമാണ്‌ ദ്വയാര്‍ത്ഥം നിറഞ്ഞ സംഭാഷണങ്ങള്‍ കൂടുതലായി 'തമാശ' എന്നു പറഞ്ഞ് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു(പണ്ട് അടൂർഭാസിയുടെ സമയത്തും ഇത്തരം കോമാളിത്തരങ്ങൾ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല). ഒന്നുകിൽ ഇതിനൊരു നിയന്ത്രണം വരണം അല്ലെങ്കിൽ നമ്മുടെ ചിത്രങ്ങളുടെ റേറ്റിങ്ങിൽ മാറ്റം വരുത്തി (മറ്റ് രാജ്യങ്ങളിൽ ഉള്ളതുപോലെ M+, PG, R etc) ഒരു 'Parental Advisory' എല്ലാ ചിത്രങ്ങൾക്കും കൊടുക്കുക. അവ കാണണം എന്നുള്ളവർക്ക് മാത്രം കണ്ടാൽ മതിയല്ലോ.
    ----------------
    പ്രിയ നന്നായി അവലോകനം ചെയ്തിട്ടാണ്‌ റിവ്യൂ എഴുതുന്നതെന്ന് വ്യക്തമാണ്‌. അതുകൊണ്ടുതന്നെ എനിക്ക് രണ്ട് നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാനുണ്ട്.
    1. റിവ്യൂ എഴുതുമ്പോൾ കഥ ഇത്രയും വിശദീകരിക്കാതിരിക്കുക
    2. എത്ര മോശം ചിത്രമായാലും അത് കാണണോ വേണ്ടയോ എന്നത് വായനക്കാരുടെ/പ്രേക്ഷകന്റെ യുക്തിക്ക് വിടുക.

    ReplyDelete
  16. എന്ടീശ്വര... പോക്കിരി രാജ കണ്ടു ചിരിചെന്നോ? ഛെ... മോശം തന്നെ. ഇത് പോലെ കണ്ടു വെരുത്തൊരു പടം വേറെ ഇല്ല. വൈശാഖിന്റെ പടം ആണ് എന്നാ ഒറ്റ കാരാണം കൊണ്ട് തന്നെ ഈ ചിത്രം കാണേണ്ട എന്ന് തീരുമാനിച്ചു. എന്തായാലും, ഇത് ഒന്ന് നോക്കണേ.

    http://sarathgmenon.blogspot.com/2010/06/pokkiri-raja-review.html

    ReplyDelete
  17. I have listened both English and Hungarian versions of "Gloomy Sunday" and I killed myself twice. Also around 1,228,535 people watched it in Youtube and all them committed suicide!!

    [The theory that people kill themselves immedatly after hearing this song is false, BUT This song was banned from radio because there was a bunch of people who quoted the song in there sucide notes.]

    ReplyDelete
  18. And I've listened to Gloomy Sunday a hundred times but never tried to kill myself:) I think the influence or feelings that music evokes in people varies i think . If any music was potent enough to evoke a mass suicidal tendency , it would have been used as WMD by some army :) :)

    ReplyDelete
  19. സിനിമകൾ ഇഷ്ടപെടുന്നതിനു നമുക്ക് ഓരൊ മാനദണ്ഡങ്ങൾ ഉണ്ടന്നുള്ളത് ശരിയാണ് .ഇവിടെ പ്രിയ പറഞ്ഞ പോക്കിരിരാജയുടെ ഹാസ്യവും അതാണ് വ്യക്തമാക്കുന്നത്

    ReplyDelete
  20. അടിപൊളി റിവ്യൂ .... ഞാനും ഇന്നലെ കണ്ടു... കുഴപ്പമില്ല എന്നാ അഭിപ്രായം ആണെനിക്ക്‌ ... കാരണം ഇപ്പോള്‍ ഇറങ്ങിയ തല്ലിപൊളി പടങ്ങളേക്കാള്‍ എന്ത് കൊണ്ടും ഭേദം ...
    കഥ ഇത്രയും വിശദീകരിച്ചത് ശരിയായില്ല .... റിവ്യൂ ഇടുമ്പോള്‍ ആ സിനിമ യുടെ നല്ലതും ചീത്തയും വിശദീകരിച്ചു കഥയുടെ ആമുഖം പറഞ്ഞു നിര്‍ത്തിയാല്‍ നന്ന് ...
    പിന്നെ പോക്കിരി രാജാ കണ്ടു ചിരിച്ചു എന്ന് പറഞ്ഞത് അല്‍പ്പം കടന്നു പോയി . പ്രിയയുടെ ആസ്വാദന നിലവാരം മനസ്സിലായി . പിന്നെ ഇതില്‍ double meaning കോമഡി രംഗങ്ങള്‍ ഉണ്ടെങ്കിലും സ്ക്രിപ്റ്റില്‍ ഒരു പുതുമ അവകാശപ്പെടാനുണ്ട് [ ഓവര്‍ ആയിട്ട് explain ചെയ്തു അത് കുളമാക്കിയിട്ടുമുണ്ട് . ] ഇപ്പോള്‍ എല്ലാ കോമഡി സിനിമകളിലും ഈ ടൈപ്പ് ദ്വയാര്‍ത്ഥം പതിവാണല്ലോ .... ഇതില്‍ കൂടി പോയത് ശരിയാണ്. ...
    പോക്കിരി രാജാ , ചൈന ടൌണ്‍, ക്രിസ്ത്യന്‍ brothers നേക്കാള്‍ എന്ത് കൊണ്ടും ഭേദം .....

    ReplyDelete
  21. നല്ല റിവ്യൂ. കേരളത്തില്ലെ യുത്തിന്നു മലയാളം ഭാഷയെ അത്ര താത്പര്യമില്ല എന്ന് പറയുന്നവര്‍ ഇതു പോല്ലുള്ള ബ്ലോഗുക്കള്‍ വായിക്കട്ടെ.

    പുതിയ മലയാളം പടങ്ങള്‍ കാണാന്‍ പറ്റിയിട്ടില്ല. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന കോമഡി ദ്വയാര്തങ്ങള്‍ വച്ച് ചെയുന്നതാനെന്നു തോന്നുന്നു. മിക്ക മലയാളം പടങ്ങളിലും ഇപ്പോള്‍ അതാണ് യുസ് ചെയ്യുന്നത്. നല്ല കോമഡി കുറവാണു. ട്രാഫിക്കില്‍ റഹ്മാന്റെ ചില്ല ഡയലോഗുകള്‍ നന്നായി ചിരിപ്പിച്ചിരുന്നു. ഹ്യുമര്‍ നന്നായി ചെയ്യുന്ന കുറച്ചു സംവിദ്ദായകര്‍ വരേണ്ടത് അത്യാവശ്യംമാണ്. ഇല്ലെങ്കില്‍ കുടുംബ പ്രേക്ഷകരെ മലയാളത്തിനു നഷ്ട്ടമാകും.

    ReplyDelete
  22. vaikiyanu ee review vayikkunnathu...paranjirikkunna karyangal shariyanu...bt pokkiri raja kandu chiricha oralkku ee cinemayum adjst cheyyavunnathe ullu..."വളരെ പുതുമയുള്ള" കോമഡി രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് . അതൊക്കെ കണ്ട് ചിരിക്കുന്നവരെ നോക്കി വേണമെങ്കില്‍ ചിരിക്കാം ."
    ee varikal pokkiri rajakkanu kooduthal yojikkuka...

    ReplyDelete
  23. Even though the climax was stupid and long I enjoyed the film!!!! aahh ini naalu peg adichittu kaanan keeriyathu kondaano aavo .... I watched it twice and it's been at least 6 years since I watched a non-mohan lal film twice!!!!

    ReplyDelete