Friday, 27 May 2011

ദ ട്രെയിന്‍ :The Train

വളരെയധികം സാധ്യതകള്‍ ഉള്ള ഒരു കഥ , അല്ലെങ്കില്‍ കഥയുടെ ത്രെഡ് , വെറുതെ പാഴാക്കി കളഞ്ഞു എന്ന്  ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. അത്തരം ഒരു തോന്നല്‍ ഏറ്റവും ഒടുവില്‍എനിക്ക് സമ്മാനിച്ച  സിനിമയാണ് ദ ട്രെയിന്‍ . 
ജയരാജിന്‍റെ സംവിധാനത്തില്‍  മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ദ ട്രെയിന്‍ .ഈ ചിത്രത്തിന്‍റെ കഥയും , തിരക്കഥയും , സംഭാഷണവും ജയരാജ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് . സാങ്കേതികമായി ഒരു തികഞ്ഞ പരാജയം എന്നതിലുപരി , അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കണം , കഥ എങ്ങനെ യുക്തിപൂര്‍വ്വമായി മുന്നോട്ട് കൊണ്ട് പോകണം എന്നൊക്കെയുള്ള ചിന്താകുഴപ്പത്തില്‍ പെട്ട് ഉഴലുന്ന ഒരു സംവിധായകന്‍റെ   രണ്ടു മണിക്കൂര്‍ നീളുന്ന വ്യഥയാണ് ദ ട്രെയിന്‍ ; ഈ രണ്ടു മണികൂര്‍ വീട്ടില്‍ കിടന്നു ഉറങ്ങാമായിരുന്നു എന്ന പ്രേക്ഷകയായ  എന്‍റെയും.

രണ്ടായിരത്തിയാറ് ജൂലായ്‌ പതിനൊന്നിനു മുംബൈയില്‍   ട്രെയിനുകളില്‍ നടന്ന ബോംബു സ്ഫോടന പരമ്പരകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ദ ട്രെയിനിന്‍റെ കഥ വികസിക്കുന്നത് . സിനിമ തുടങ്ങി ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോംബ്‌ സ്ഫോടനങ്ങള്‍ നടക്കും എന്ന് കാണികള്‍ക്ക് മനസിലാകും . പിന്നെ ആകെ അറിയാനുള്ളത് പ്രധാന കഥാപാത്രങ്ങളില്‍ ആരൊക്കെ ആ സ്ഫോടനങ്ങള്‍ക്ക് ഇരയാകും എന്നത് മാത്രമാണ്. കാരണം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ഫോടനങ്ങള്‍ നടക്കുന്ന ട്രെയിനുകളിലും , റെയില്‍വേ സ്റ്റേഷനുകളിലുമായി ഉണ്ട്.വൈകുന്നേരം ആറു മണിക്ക് തുടങ്ങി   പതിനൊന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴു ബോമ്പ് സ്ഫോടനങ്ങള്‍ നടന്നു എന്ന വാര്‍ത്തകള്‍ക്ക് ശേഷം സിനിമ ഫ്ലാഷ്ബാക്കിലേക്ക്‌  പോകുന്നു; അന്ന് പകല്‍ ആറു മണിയിലേക്ക്.

മുംബൈ ഗേറ്റ്‌വേ ഡോക്കില്‍ ഒരു ബോട്ടില്‍ വന്നിറങ്ങുന്ന തീവ്രവാദികള്‍ , അവരെ തീരത്ത്‌ എത്തിക്കുന്ന ബോട്ട് ഡ്രൈവറെ കൊന്ന ശേഷം നഗരത്തിലേക്ക് പ്രവേശിക്കുന്നു. അന്നേ  ദിവസം നഗരത്തിലെ മെട്രോ റെയിലില്‍ സ്ഫോടന പരമ്പര സൃഷ്ടിക്കാനുള്ള പദ്ദതികള്‍ എല്ലാം അവര്‍ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു . പക്ഷെ അവര്‍ക്ക് തൊട്ട് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ കേദാര്‍ (മമ്മൂട്ടി ) ഉണ്ട്. ബോട്ട് ഡ്രൈവറുടെ മരണം അന്വേഷിച്ച് തുടങ്ങുന്ന കേദാറിന്    നഗരത്തില്‍ അന്ന് വൈകുന്നേരം ആറു മണിയോടെ  നടക്കാന്‍ പോകുന്ന വന്‍ ദുരന്തങ്ങളുടെ സൂചനകള്‍ ലഭിക്കുന്നു . അന്വേഷണം മുറുകുന്നു .കേദാറിന്‍റെ  സ്ഥിരം ശല്യമായ മേലുദ്യോഗസ്ഥന്‍ (കോട്ട ശ്രീനിവാസ റാവു ) , ജോസഫ്‌ എന്ന കൈക്കൂലിക്കാരനായ പോലീസുകാരന്‍ (ജഗതി ശ്രീകുമാര്‍ ), സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഹനീഫ് (സായി കുമാര്‍ ) എന്നിവര്‍ ഈ അന്വേഷണത്തില്‍ കേദാറിനെ   സഹായിക്കാനും, വഴിമുടക്കാനുമായി ചിത്രത്തിലുണ്ട്. സമാന്തരമായി കേദാറിനെ കാത്തിരിക്കുന്ന അയാളുടെ മകള്‍ , എ  ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടുവാന്‍ അവസരം ലഭിച്ച കാര്‍ത്തി (ജയസൂര്യ ) , കാര്‍ത്തിയുടെ ഒരു നമ്പര്‍ തെറ്റിയുള്ള ഫോണ്‍ കാള്‍ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുന്ന ലയ (അഞ്ചല്‍ സബര്‍വാള്‍ ) , വല്ല്യുപ്പയുടെ (വാവച്ചന്‍ ) ഹജ്ജ്  യാത്രക്കുള്ള പണം സ്വരുക്കൂട്ടാന്‍  ശ്രമിക്കുന്ന സഹാന (സബിതാ ജയരാജ് ) , പിറന്നാളിന് വൃദ്ധസദനത്തില്‍ നിന്നുമെത്തുന്ന സ്വന്തം അപ്പച്ചനെ (മുത്തശ്ശന്‍ ആണെന്ന് തോന്നുന്നു ) കാത്തിരിക്കുന്ന അല്ലു എന്ന ബാലന്‍ , അല്ലുവിന്‍റെ അപ്പച്ചന്‍റെ വൃദ്ധ സദനത്തിലെ സുഹൃത്ത് (വത്സലാ മേനോന്‍ ) , സ്ഥിരം തിരക്കിലായ അല്ലുവിന്‍റെ മാതാപിതാക്കള്‍ ,അല്ലുവിന്‍റെ വീട്ടിലെ കാര്‍ക്കശ്യക്കാരിയായ  ജോലിക്കാരി , അവരുടെ പിന്നാലെ നടക്കുന്ന ഒരു ടാക്സി ഡ്രൈവര്‍ (ശരണ്‍) അങ്ങനെ കുറേയധികം കഥാപാത്രങ്ങള്‍ ദ ട്രെയിനില്‍ ഉണ്ട് .ആ ദിവസം നടക്കുന്ന   ബോമ്പു സ്ഫോടന  പരമ്പരകള്‍ ഇവരുടെ എല്ലാം ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പര്യവസാനം.

ഈ സിനിമയെക്കുറിച്ച് നല്ലത് എന്തെങ്കിലും പറയാന്‍ , അല്ലെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഘടകം ചൂണ്ടിക്കാട്ടുവാന്‍ ഒന്നും തന്നെ ഇല്ല എന്നത് സങ്കടകരമായ വസ്തുതയാണ് .

അപാകതകള്‍ ഏറെയുണ്ടുതാനും . അവയില്‍ ചിലത് :
 • മോശം സംവിധാനം, കുത്തഴിഞ്ഞ , ലക്ഷ്യ ബോധമില്ലാത്ത തിരക്കഥ  , ക്യാമറ(സീനു മുരുക്കുമ്പുഴ, തനു ബാലക്ക് ) ,എഡിറ്റിംഗ്  (വിവേക് ഹര്‍ഷന്‍ ) ; ഇവ നാലും  ഈ സിനിമയുടെ നിലവാര തകര്‍ച്ചയ്ക്ക് പ്രധാന ഉത്തരവാദികളാണ്. ലയ എന്ന കഥാപാത്രം ആത്മഹത്യ ചെയ്യുവാന്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നില്‍ക്കുന്ന രംഗം മാത്രം മതി എത്ര അശ്രദ്ധമായിട്ടാണ്  ഈ ചിത്രത്തിലെ ഓരോ ഷോട്ടുകളും എടുത്തിരിക്കുന്നത് എന്ന് മനസിലാക്കാന്‍ . പുറം തിരിഞ്ഞ് പിന്നിലേക്ക്‌ വീഴുവാന്‍ നില്‍ക്കുന്ന ലയയുടെ തലമുടി കാറ്റത്തു മുന്നോട്ട് പറക്കുന്നു, പിന്നെ തിരിഞ്ഞ് കെട്ടിടത്തിന്‍റെ താഴേക്കു നോക്കുംപോലും, വശം തിരിഞ്ഞ് നില്‍ക്കുമ്പോഴും ഒക്കെ തലമുടി പറക്കുന്നത് മുന്നോട്ട് തന്നെ . (ഈ സീന്‍ ഒരു ഉദാഹരണമായി  പറഞ്ഞു എന്ന് മാത്രം.  ). തിരക്കഥയിലെ അപാകതകള്‍ ആദ്യ സീനുകളില്‍ ഒന്നില്‍ വൈകുന്നേരം ആറു മണി മുതല്‍ ആറു പതിനൊന്ന് വരെയുള്ള സമയത്ത് സ്ഫോടനങ്ങള്‍ വ്യക്തമായി പ്ലാന്‍ ചെയ്യുന്ന തീവ്രവാദികള്‍ , അതിനു ശേഷം പകല്‍ മുഴുവന്‍ ലക്ഷ്യ ബോധമില്ലാത്തത് പോലെ  റെയില്‍വേ സ്റ്റേഷനുകളില്‍ അലഞ്ഞു നടക്കുന്നതില്‍ നിന്നും തുടങ്ങി, ചിത്രത്തില്‍ മുഴുവനായി നിറയുന്നുണ്ട്.
 • റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട്‌ ധരിച്ച തീവ്രവാദിയെ മമ്മൂട്ടി സംശയത്തോടെ നോക്കുന്ന രംഗം . സ്ഫോടന പരമ്പരകളുടെ പ്രധാന ആസൂത്രകന്‍ ആയ അയാള്‍ ഒരു കറുത്ത ബാഗും തൂക്കി സ്റ്റേഷനിലെ സുരക്ഷാ കവാടങ്ങള്‍ക്ക് മുന്നില്‍ നിന്ന് താളം ചവിട്ടുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ  വന്നത് സി ഐ ഡി മൂസയില്‍ ഭാവനയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ദിലീപ് റോഡ്‌ മുറിച്ചു കടക്കുന്ന രംഗമാണ് 'ഇനി അങ്ങോട്ട്‌ വരട്ടെ ? എന്നിട്ട് ഇങ്ങോട്ട് വരട്ടെ ?' ആ മട്ടിലെ ഒരു സീന്‍.
 • ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ ഒന്നില്‍ മമ്മൂട്ടി ഒരു കോഡിന്‍റെ കുരുക്കഴിക്കുന്നുണ്ട് . മരണ സമയത്ത് കോഡ് ഭാഷയില്‍ പോലീസിനായി (അല്ലെങ്കില്‍ നിയമത്തിനായി ) സന്ദേശം എഴുതി വെയ്ക്കുന്ന തീവ്രവാദി ശരിക്കും ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ . ആ കോഡ് സംവിധായകന്‍ മമ്മൂട്ടിയെക്കൊണ്ട് സോള്‍വ് ചെയ്യിക്കുന്ന രീതി അതിലേറെ ചിരിപ്പിച്ചു .
 • സംഭാഷണങ്ങള്‍ പല രംഗങ്ങളിലും അരോചകമാണ് . 'അച്ഛനെ കൂടി നഷ്ടപ്പെട്ടാല്‍ എനിക്ക്...' എന്ന് പറയുന്ന എട്ടോ , പത്തോ വയസ്സുള്ള മുംബൈയില്‍ വളര്‍ന്ന കുട്ടിയും , ഡോക്യുമെന്‍ററി ചിത്രങ്ങളിലെ വോയിസ്‌ ഓവര്‍ പോലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനോട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളെക്കുറിച്ച്  വാചാലനാകുന്ന മമ്മൂട്ടിയും ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം .
 • എ ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടണം എന്നത് ജയസൂര്യ അവതരിപ്പിക്കുന്ന കാര്‍ത്തി എന്ന കഥാപാത്രത്തിന്‍റെ ജീവിതാഭിലാഷമാണ് . റഹ്മാനെ ആദ്യമായി കാണുമ്പോള്‍ സമ്മാനിക്കാനുള്ള സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ്‌ ചെയ്ത ഗാനം നിര്‍മിക്കുവാന്‍ കാര്‍ത്തി നടത്തുന്ന ശ്രമങ്ങള്‍ സംവിധായകന്‍ /തിരക്കഥാകൃത്ത് , ഇവ രണ്ടുമായ ജയരാജ് ശരിക്കും സിനിമാക്കാരന്‍ തന്നെയാണോ എന്ന സംശയം എന്നില്‍ ഉണ്ടാക്കി. ആറരക്കുള്ള ട്രെയിനില്‍ പോകേണ്ട കാര്‍ത്തി ഗാനത്തിനെ ഈരടികള്‍ ഗൌരവമായി അന്വേഷിക്കുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
 • പാട്ടുകള്‍ (സംഗീതം :ശ്രീനിവാസ് , രചന :റഫീക്ക് അഹമ്മദ്‌ ,ജയരാജ് ) ഒരു പത്തു മിനിട്ടിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ എത്തുന്നു എന്നതല്ലാതെ മറ്റൊന്നും ഈ സിനിമയില്‍ ചെയ്യുന്നില്ല . ഒരു വരിയോ, ഒരു മ്യൂസിക്ക് പീസോ പോലും ഓര്‍മ്മയില്‍ സൂക്ഷിക്കാനില്ലാത്ത ബോറന്‍ ഗാനങ്ങള്‍ ; അതാണ്‌ ഈ ചിത്രത്തിലേത്. ഹിന്ദി പാട്ടുകളുടെ വരികള്‍ കേട്ടാല്‍ , രാഷ്ട്രഭാഷയെ സ്നേഹിക്കുന്നവര്‍   ആ ഭാഷ അന്ന് ഉപേക്ഷിക്കും .
 • സബിതാ ജയരാജ് (അവരാണ് എന്ന് തോന്നുന്നു ), അപ്പച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്നിവര്‍ സ്ക്രീനില്‍ എത്തുന്ന രംഗങ്ങളില്‍ ഒക്കെ , ഈ സീന്‍ ഒന്ന് വേഗം കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ തിയറ്ററില്‍ ഇരുന്നത് . (ഈ സിനിമ ഒന്ന് വേഗം തീരണേ എന്ന പ്രാര്‍ത്ഥന വേറെയും ).
 • കുറെ ആളുകളെ എവിടുന്നൊക്കെയോ കൊണ്ട് വന്നു ക്യാമറക്ക്‌ മുന്നില്‍ എന്തൊക്കെയോ ചെയ്യിച്ച് അവസാനിക്കുന്ന ഈ ചിത്രത്തില്‍  വ്യക്തതയോ , വ്യക്തിത്ത്വമോ ഉള്ള ഒരു കഥാപാത്രം പോലും  ഇല്ല . 
 • കാര്‍ത്തി- ലയ എന്നീ കഥാപാത്രങ്ങളുടെ ട്രാക്ക് പ്രത്യേകമായി എടുത്തു, അതിലെ ചില്ലറ അപാകതകള്‍ പരിഹരിച്ച് ലാല്‍ ജോസ്സോ മറ്റോ ഒരു സിനിമയായി ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നല്ലൊരു പ്രണയ ചിത്രം മലയാളികള്‍ക്ക് കിട്ടുമായിരുന്നു.  ലയയുടെ ആത്മഹത്യ ചെയ്യാനും , പിന്നീട്   അതില്‍ നിന്ന് പിന്മാറാനുമുളള    തീരുമാനങ്ങളുടെ  കാരണം കൂടുതല്‍ വിശ്വാസ്യതയോടെ അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നേനെ അതിനു വേണ്ട ശ്രമം. പക്ഷെ ആ സാധ്യത ജയരാജ് ഇല്ലാതാക്കി എന്നതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട് 
 ചുരുക്കത്തില്‍ പറഞ്ഞാല്‍ , വെറുതെ സമയം പാഴാക്കുന്ന ഒരു ബോറന്‍ സിനിമ . അതാണ്‌ ദ ട്രെയിന്‍ . സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഏട്ടന്‍ പറഞ്ഞത് 'ഫസ്റ്റ് ഡേ നിന്നെയും കൊണ്ട് പടത്തിന് വരുന്നതേ റിസ്ക്കാണ് . ഇപ്പൊ അത് ശരിക്കും ട്രെയിനിന് തല വെച്ചത് പോലെയായി ' എന്നാണ്. ആ ഡയലോഗിന്റെ  അവസാന ഭാഗത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു .

11 comments:

 1. മമ്മൂക്കയുടെ രണ്ടായിരത്തി പതിനൊന്നു ആകെ ഫ്ളോപ്പാണെന്നു തോന്നുന്നു, ഒന്നാമത്‌ മുംബൈ ഒക്കെ ജയരാജിനെ പോലെ ഒരു സംവിധായകണ്റ്റെ കയ്യില്‍ നില്‍ക്കുന്ന സാധനം അല്ല ദേശാടനം, വിദ്യാരംഭം ഒക്കെ ചെയ്ത ജയരാജിനോട്‌ ഭരതന്‍ തന്നെ ഒരിക്കല്‍ പറഞ്ഞത്രെ എടേ നിനക്ക്‌ എന്തോ പറ്റിയെടേ എന്നു? ഇതൊക്കെ ജോഷി ഒക്കെ ചെയ്താല്‍ പിന്നെയും സുഖിക്കും പിന്നെ ഈ സംഭവം ഒരു കഥയാക്കാന്‍ എന്താ ത്രെഡ്‌ ഉള്ളത്‌, പാകിസ്ഥാന്‍ കാര്യമായി ആസൂത്രണം ചെയ്ത്‌ നമ്മളെ പറ്റിച്ചു കാര്യമായ കേസന്വേഷണമോ പിടികൂടലോ ഒന്നും നടക്കാത്ത ഒരു സംഭവം ജനം മറന്നു

  ReplyDelete
 2. ഞാന്‍ ഒരു മമ്മു ക്കാ ഫാന്‍ ആണ്. എന്നാലും ഈയിടെ ഇറങ്ങുന്ന പടങ്ങള്‍ കാണുമ്പോള്‍ അയ്യേ എന്നായിപ്പോകുന്നു. ദ്രോണ ഇറങ്ങിയതിന്റെ അന്ന് തന്നെ കണ്ടുപോയതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. ട്രെയിന്‍ കാണാം എന്ന് കരുതി ഇരുന്നതാ. ഇനി പോന്നില്ല :-) അതിനു പകരം വല്ല കാര്‍ടൂണ്‍ പടവും കാണാന്‍ പോകുകയാ.. നിരൂപണത്തിന് നന്ദി.

  ReplyDelete
 3. അപ്പോള്‍ 2011ല്‍ മമ്മൂട്ടിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ കത്തിപ്പടം ,അല്ലേ? കാണണം എന്ന് വിചാരിച്ചിരുന്നതാണ്. ഇനി എന്തായാലും ഡി വി ഡി ഇറങ്ങുമ്പോള്‍ നോക്കാം.

  പ്രിയയുടെ എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു .പക്ഷെ പോസ്റ്റില്‍ ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗം കൂടുന്നുണ്ട് എന്ന് തോന്നുന്നു.

  ReplyDelete
 4. ഈ ചിത്രം ഇന്നു ഞാനും കണ്ടു . യോജിപ്പാണ് താങ്കളുടെ നിരീക്ഷണങ്ങളോട്. പതിവുപോലെ ബോംബ് സ്ഫോടനം എന്നാല്‍ മുസ്ലിം എന്ന പല്ലവിക്ക് ഇതിലും മാറ്റമില്ല. സംഝോത എക്സ്പ്രസ് മുതലായ ട്രെയിന്‍ സ്ഫോടനങ്ങളില്‍ ഹിന്ദു തീവ്രവാദികള്‍ക്കുള്ള പങ്ക് പുറത്തുവന്ന ഈ സന്ദര്‍ഭത്തിലും മുസ്ലിമിനെത്തന്നെ തീവ്രവാദിയാക്കി അവതരിപ്പിക്കുന്ന സ്ഥിരം നാടകാവതരണം ഇന്‍ഡ്യന്‍(മലയാള) സിനിമകള്‍ (ജയരാജ്-മേജര്‍ രവി മുതല്‍പേര്‍ )എന്നെങ്കിലും അവസാനിപ്പിക്കുമോ? ഏതായാലും പടം തിയറ്ററില്‍ ഓടില്ലെന്നതു മൂന്നരത്തരം. കൊമേഴ്സ്യല്‍ വശം പോര. മമ്മൂട്ടി എന്ന ഹീറോ എല്ലാ തീവ്രവാദികളെയും കൊന്ന്(വിചാരണയൊന്നും നടത്തി അവരെ രാഷ്ട്രീയക്കാര്‍ രക്ഷപ്പെടുത്താനൊന്നും നമ്മുടെ ഹീറോകള്‍‌ അനുവദിക്കില്ല) ബോംബ് സ്ഫോടനത്തില്‍ നിന്ന് സകലരേയും രക്ഷിക്കാത്ത, ജയസൂര്യയുടെ പ്രണയം പൂവണിയാത്ത ഈ സിനിമ ഏതു പ്രേക്ഷകന്‍ വിജയിപ്പിക്കാന്‍? ഒരു കണക്കിനു പ്രേക്ഷകര്‍ 'കൊഞ്ഞാണന്മാരാ'യത് എത്ര നന്നായി ! അത്രയും വര്‍ഗീയ വിഷം കുറവേ അവരില്‍ കയറൂ.

  ReplyDelete
 5. hey watch the movie 'dheera'. i hav watched the telugu version and felt realy impressive. dont know about the quality of malayalam dubbing. But some of the fight sequence in the movie is really great.eventhough story is a bit cliche you will definitly enjoy it for its visual treat.

  ReplyDelete
 6. Jayaraajinte Loud speaker nalla padamaayirunnu, except for some songs.

  It is really surprising, none of the Malayalam reviewers are interested in the movie, Magadheera. the Malayalam version is Dheera. It is an even better fantasy than this Pirates of the Caribbean stuff. Definitely the best entertaining fantasy movie from India.

  Jnan telugu version 3 praavashyam kandu. malayalam kandilla, but kaanum

  ReplyDelete
 7. //അത്രയും വര്‍ഗീയ വിഷം കുറവേ അവരില്‍ കയറൂ. //

  y trying to find un necessary angles in a stupid film......?Samjotha express,R.S.S.,Bin Laden.....what the h.....?

  btw i think jayaraj tried to do a bad copy of mumbai meri jaan and other good movies of the similar kind....train seems like a mismash of Kayyoppu and traffic(the multiple narrative style)...

  ReplyDelete
 8. http://myth-ilapozhiyumkaalam.blogspot.com/2010/06/blog-post.html

  ReplyDelete
 9. നന്നായി എഴുതിയിരിക്കുന്നു. സിനിമയുടെ യജമാനൻ ചമഞ്ഞും ന്യായാധിപത്വം സ്വയം അവരോധിച്ചുമൊക്കെ കൊണ്ടുള്ള സിനിമാ വിമർശനൻങങളിൽ നിന്നും വേറിട്ടൌനിൽക്കുന്നു എന്നതു തന്നെ വലിയ കാര്യം.

  ReplyDelete