Friday 15 July 2011

ചാപ്പാ കുരിശ് :Chappa Kurishu

ട്രെയിലര്‍ ടീവിയില്‍ കണ്ടപ്പോള്‍ മുതല്‍ എന്താണ് ഈ ചാപ്പാ കുരിശ് എന്ന് ആലോചിച്ച് നടക്കാന്‍ തുടങ്ങിയതാണ്. കഷ്ടകാലത്തിന് മനസ്സില്‍ തോന്നിയ സംശയം ആദ്യം ചോദിച്ചത് ശ്രുതിയോടായിരുന്നു  .രൂക്ഷമായ ഒരു നോട്ടവും ,‌ വാചകവും ഉത്തരമായി  എത്തി "ആരെങ്കിലും ഒക്കെ കണ്ടിട്ട് നല്ലതാണെന്ന് പറഞ്ഞാല്‍ കാണാന്‍ ഞാനും വരാം. അല്ലാതെ ആദ്യ ദിവസം വലിച്ചോണ്ട് പോയാല്‍ ഉണ്ടല്ലോ ..."  ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും ? അല്ലെങ്കില്‍ തന്നെ ഒരു സിനിമ കാണാന്‍ ആരുടെയൊക്കെ കാലു പിടിക്കണം ? ഇവളമ്മാരോട്  ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.ഒടുവില്‍ ഓഫീസിലെ എന്‍സൈക്ലോപീഡിയ ജോമിനോട് ചോദിച്ചു. ഒരു പതിനഞ്ച് മിനിട്ട് നീണ്ട ക്ലാസ്സിലൂടെ   ജോമിന്‍ കാര്യം പറഞ്ഞു തന്നു. ചാപ്പ എന്നാല്‍ മുദ്ര , കുരിശ് നമ്മുടെ കുരിശ് തന്നെ. രണ്ടും ചേര്‍ത്ത് കൊച്ചിയില്‍ പണ്ട് ആളുകള്‍ പറഞ്ഞിരുന്നത് ഹെഡ്സ്സ് ഓര്‍ ടെയില്‍സ് എന്ന അര്‍ത്ഥത്തിലാണ്   എന്നാണ് ജോമിന്‍ പറയുന്നത്. ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ സിനിമ കാണാന്‍ ഒരു താത്പര്യം ഒക്കെ തോന്നിയിരുന്നു. ഹെഡ്സ്സ് ഓര്‍ ടെയില്‍സ് കൂടി കേട്ടപ്പോള്‍ കഥ ത്രില്ലര്‍ ആയിരിക്കും എന്ന് തോന്നുകയും ചെയ്തു.  ഇടയ്ക്ക് നെറ്റില്‍ എവിടെയോ ഈ സിനിമ (അതോ ട്രെയിലര്‍ ആണോ ) 21 ഗ്രാംസ് എന്ന സിനിമയുടെ കോപ്പിയടിയാണ് എന്ന് വായിച്ചിരുന്നു .21 ഗ്രാംസ് എനിക്ക് ഇഷ്ടമുള്ള ഒരു സിനിമയാണ് .പക്ഷെ ആ സിനിമയുടെ കഥയില്‍ ഹെഡ്സ്സും ടെയില്‍സ്സും എങ്ങനെ വരും എന്ന് സംശയവും ഉണ്ടായിരുന്നു. മാത്രമല്ല 21 ഗ്രാംസ് ഒരു  ത്രില്ലര്‍ ആണെന്ന് എന്ന് പറയാന്‍ പറ്റില്ല.

എന്തായാലും ചാപ്പ കുരിശ് കണ്ടു കഴിഞ്ഞപ്പോള്‍ ,  പ്രതീക്ഷിച്ച കഥ ഒന്നുമല്ല സിനിമയുടേത് പേരും സിനിമക്ക് കറക്റ്റ് . സിനിമ കണ്ട് തിരിച്ചു വരുന്ന വഴി ശ്രുതിക്കും , ജാസ്മിനും  പേരിന്‍റെ അര്‍ത്ഥം പറഞ്ഞു കൊടുത്ത് അവര്‍ക്കിടയില്‍ എന്നെക്കുറിച്ച് ബുദ്ധിജീവി  എന്നുള്ള ഇമേജ് ഉണ്ടാക്കാനുള്ള ശ്രമം പക്ഷേ വെറുതെയായി . കാരണം എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ,അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല . എന്‍റെ സിനിമാ പേരിന്‍റെ വിശദീകരണം കഴിയുന്നത്‌ വരെ വളരെ ക്ഷമയോടെ മിണ്ടാതിരുന്ന അവര്‍ രണ്ടാളും , പിന്നെ ടേണ്‍ വെച്ച് എന്നെ തല്ലുന്നത് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തു.അവരുടെ രണ്ടാളുടെയും അഭിപ്രായത്തില്‍  ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ഞാന്‍ ഒരു വട്ട് കേസാണ്. എന്നാലും എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു കേട്ടോ .ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട് .അതില്‍ ഒന്നാമത്തേത് സിനിമയുടെ കഥയാണ്‌(സമീര്‍ താഹിര്‍ /ഉണ്ണി.ആര്‍ ).

 വലിയ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ബിസിനസ്‌ മാഗ്നെറ്റ് ആയ അര്‍ജ്ജുന്‍ (ഫഹദ് ഫാസില്‍ ), സുപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ . പണക്കാരനും , ഒന്നിനെയും കൂസാത്ത ,  സ്വന്തം പ്രയോജനത്തിനായി ആരെയും ഉപയോഗിക്കുന്ന അര്‍ജ്ജുനും , പഞ്ചപാവവും, എല്ലാവരും ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്യുന്ന ദരിദ്രനായ അന്‍സാരിയും .തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാന്‍ ഒരു സാധ്യതയുമില്ലത്ത  സാഹചര്യങ്ങളില്‍ കഴിയുന്നവര്‍. ഒരു നാണയത്തിന്‍റെ, തമ്മില്‍ ഒരിക്കലും കാണുവാന്‍ സാധ്യതയില്ലാത്ത  ഹെഡ്സ്സും , ടെയിലും (ശ്രുതിയോടും , ജാസ്മിനോടും എന്‍റെ ബുദ്ധിയിലെ വിശദീകരണം ഇതായിരുന്നു. എല്ലാം മിണ്ടാതെ കേട്ടിരുന്നിട്ടായിരുന്നു രണ്ടും കൂടി എന്‍റെ തലയില്‍ കയറിയത് ). അര്‍ജ്ജുന്‍ ശരിക്കും ഈ തല്ലിപ്പൊളി എന്നൊക്കെ വിളിക്കാവുന്ന സ്വഭാവക്കാരനാണ് . ആന്‍ എന്ന പെണ്‍കുട്ടിയുമായി (റോമ ) കല്യാണം  ഉറപ്പിച്ചിരിക്കെത്തന്നെ   ഓഫീസിലെ സോണിയയുമായി  (രമ്യ നമ്പീശന്‍ ) പ്രേമം നടിക്കുകയും ചെയ്യുന്നയാള്‍ . മറ്റുള്ളവരുടെ ജീവിതം ഒരു കുസൃതി പോലെ അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ പോലെ കാണുന്നയാള്‍.അന്‍സാരിയാകട്ടെ എല്ലാവരുടെയും കയ്യിലെ കളിപ്പാട്ടവും .

അര്‍ജ്ജുന്‍റെ പരിധി വിട്ട കുസൃതികളില്‍ ഒന്ന് പ്രതീക്ഷിക്കാതെ അയാളുടെ ജീവിതം അന്‍സാരിയുടെ കയ്യില്‍ എത്തിക്കുന്നു . അതോടെ ലോകം മുഴുവന്‍ തന്നെ കളിയാക്കുന്നതിലും , അപമാനിക്കുന്നതിലും അന്നോളം ഉള്ളില്‍ അടക്കി വെച്ചിരുന്ന അന്‍സാരിയുടെ അമര്‍ഷം മുഴുവന്‍ പതുക്കെ പതുക്കെ പുറത്തു വരുന്നു. ആ അമര്‍ഷം അയാള്‍ അത് അര്‍ജ്ജുനിലും , അര്‍ജ്ജുനെ ഉപയോഗിച്ച് മറ്റുള്ളവരിലും തീര്‍ക്കാന്‍ ശ്രമിക്കുന്നു . അതോടെ രണ്ടു പേരുടെയും ജീവിതവും , കാഴ്ച്ചപ്പാടുകളും ഒരുപാട് മാറുന്നു.

സമീര്‍ താഹിര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചാപ്പാ കുരിശിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് ഇതിന്‍റെ അവതരണമാണ് . പരസ്പര ബന്ധമില്ലാതെ പോകുന്ന കഥകളോ , കഥാപാത്രങ്ങളോ ഒടുവില്‍ ഒരു കഥയുടെ തന്നെ ഭാഗമാകുന്ന  നോണ്‍ ലീനിയര്‍ എന്ന സംവിധാനം ഇപ്പോള്‍ മലയാളത്തില്‍ പുതിയ ട്രെന്‍ഡ്   അന്ന് എന്ന് തോന്നുന്നു. സിറ്റി ഓഫ് ഗോഡ് , ട്രാഫിക് അങ്ങനെ പല സിനിമകളിലും ഇങ്ങനെ കഥ പറയുന്ന രീതി മലയാളം സിനിമയില്‍  കണ്ടിട്ടുണ്ടെങ്കിലും , ചാപ്പാ കുരിശിന്‍റെ കഥ  പറച്ചലില്‍ ഒരു ഫ്രെഷ്നെസ് ഒക്കെ തോന്നിക്കാന്‍ സമീര്‍ താഹിരിന് സാധിച്ചിട്ടുണ്ട് .ചില്ലറ രസക്കേടുകള്‍   അവിടിവിടെ ഉള്ളത് ഒഴിവാക്കുന്നതില്‍ കൂടെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നായി ഈ സിനിമ മാറിയേനെ എന്ന് തോന്നുന്നു.


എനിക്ക്ഈ സിനിമയില്‍  ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.
ഇഷ്ട്ടപ്പെട്ടവ :

  • ഫഹദ് ഫാസില്‍ . അര്‍ജ്ജുനെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
  • വിനീത് ശ്രീനിവാസന്‍റെ അന്‍സാരി എന്ന കഥാപാത്രം. വിനീത് ചില സീനില്‍ ബോറാണ്.  എങ്കിലും , മനസ്സിലെ കൊച്ച് കൊച്ച് ദേഷ്യങ്ങള്‍ ഒരു അവസരം ലഭിക്കുമ്പോള്‍ അപരിചിതനായ ഒരാളില്‍ തീര്‍ത്ത്‌ സന്തോഷിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രം മലയാളത്തില്‍ അങ്ങനെ കണ്ടിട്ടില്ല. 
  • നിവേദിത അവതരിപ്പിച്ച നഫീസ എന്ന അന്‍സാരിയുടെ കൂട്ടുകാരി .
  • കഥയില്‍ ആവശ്യമില്ലാത്ത കഥാപാത്രങ്ങള്‍ ഒന്ന് പോലും ഇല്ലാത്തത്  
  • ചില സീനുകള്‍ .നെഹറു പാര്‍ക്കില്‍ അര്‍ജ്ജുന്‍ അന്‍സാരിയെ കാണാന്‍ വരുന്ന സീന്‍ ,അര്‍ജ്ജുന്‍ സുപ്പര്‍ മാര്‍ക്കറ്റ് മാനേജറെ അടിക്കുന്ന സീന്‍, അനാസാരി ഐ ഫോണിന്‍റെ ചാര്‍ജര്‍ അന്വേഷിച്ചു നടക്കുന്ന സീന്‍ എന്നിവ  ഉദാഹരണം .
  • ജോമോന്‍ ടി ജോണിന്‍റെ ക്യാമറയും  , റെക്ക്സ് വിജയന്‍റെ സംഗീതവും . തീയെ , തമ്മില്‍ ഒരു നാളും കാണാതെ , ഇത് രണ്ടുമാണ് എന്‍റെ ഇഷ്ടപ്പെട്ട പാട്ടുകള്‍.
ഇഷ്ട്ടപ്പെടാത്തവ (അല്ലെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍)  :

  • അന്‍സാരി തന്നെയാണ് ആദ്യം . ആ കഥാപാത്രത്തിന്‍റെ അവസ്ഥയും , മാറ്റങ്ങളും കുറച്ച് കൂടി വ്യക്തമാക്കാമായിരുന്നു  എന്ന് തോന്നി. ,
  • സോണിയയോടുള്ള  സഹതാപമാണോ , സ്വന്തം ജോലിയോടുള്ള സ്നേഹമാണോ , അതോ സ്വന്തം അഭിമാനമാണോ , അതോ ഇനി ഇതെല്ലാം ചേര്‍ന്നാണോ അനസാരി പറയുന്നത് ഒക്കെ അനുസരിക്കാന്‍ അര്‍ജ്ജുനെ പ്രേരിപ്പിക്കുന്നത് എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം (ഞാന്‍ ഓള്‍ ഓഫ് ദി എബൌവിന്‍റെ ആളാണ്‌ ). 
 ശ്രുതിയും , ജാസ്മിനും പറയുന്നത് ട്രാഫിക് പോലൊരു ത്രില്ലര്‍ പ്രതീക്ഷിച്ച് സിനിമ കാണാന്‍ പോയിട്ട് വളരെ സില്ലിയായ ഒരു സിനിമയായിട്ടാണ്‌ അവര്‍ക്ക് ചാപ്പാ കുരിശ്  തോന്നിയത് എന്നാണ് .ട്രാഫിക് പോലൊരു ത്രില്ലര്‍ പ്രതീക്ഷിക്കാന്‍ ആ കുരിശുകളോട് ആരെങ്കിലും പറഞ്ഞോ? പക്ഷെ സംഭവം ഭൂരിപക്ഷം അവരുടെ ഭാഗത്തയത് കൊണ്ട് , ഞാന്‍ എഴുതിയ ഈ പൊട്ടത്തരങ്ങള്‍ വായിക്കുന്ന നിങ്ങളോട് ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കുകയാണ്. ചാപ്പാ കുരിശ് നല്ല സിനിമയാണ് എന്ന് ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായം മാത്രമാണേ,പറഞ്ഞേക്കാം .കണ്ടിട്ട് ഇഷ്ടപ്പെട്ടിലെങ്കില്‍ അവളന്മാരെ പോലെ എന്നെ കൊല്ലാന്‍ വരരുത് . അല്ലെങ്കില്‍ തന്നെ  ഈ രണ്ട് നല്ല കൂട്ടുകാരികളെയും കൊണ്ടുള്ള സിനിമാ കാണലുകള്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ വല്യ താമസമില്ലാതെ എന്നെ മിക്കവാറും അവര്‍ ശരിക്കും കൊല്ലും) ) . എന്നാലും എല്ലാരും പോയി കണ്ടിട്ട് അഭിപ്രായം പറയണം.

18 comments:

  1. 21grams എന്ന ചിത്രത്തിന്റെ കോപ്പി അല്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം .....ആദ്യം വായിക്കുന്നത് പ്രിയയുടെ നിരുപണം ആണ് ..നന്നായിട്ടുണ്ട്
    http://dassantelokam.blogspot.com/

    ReplyDelete
  2. 21grams അല്ല എന്നറിഞ്ഞതില്‍ സന്തോഷം...നാട്ടിലുള്ളവരോടൊക്കെ അസൂയ തോന്നുന്നതിപ്പോഴാ.,പുതിയ സിനിമ ഇറങ്ങിയാല്‍ അന്ന് തന്നെ കണ്ടു റിവ്യൂ വരെ എഴുതാമല്ലോ.. :)

    മലയാള സിനിമ തറവാട്ടുത്സവങ്ങളില്‍ നിന്നും..തമിഴ്നാട്ടിലെ(മലയാളം സംസാരിക്കുന്ന) ഗുണ്ടകളില്‍ നിന്നും..കുടുംബശ്രീകളില്‍ നിന്നും പുറത്തേക്ക്‌ വരുന്നൂ.. പുതിയ പ്രമേയങ്ങള്‍ ചികയുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..
    മല്ടിപ്ലക്സ്(ലോ ബജറ്റ്‌) സിനിമകള്‍ക്ക്‌ പറ്റിയ മുഖങ്ങളാണ് ഫഹദ്‌, വിനീത്, ആസിഫ്‌ അലി ഇവര്‍..
    പതിവ് പോലെ നല്ല റിവ്യൂ...

    ReplyDelete
  3. ഇത്തരം ഒരു ട്രീറ്റ്മെന്റ് എല്ലാ മലയാളിപ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. അതാണ്‌ ചിത്രത്തിന്‌ സമ്മിശ്രപ്രതികരണം ഉണ്ടാകുന്നതിന്റെയൊരു പ്രധാനകാരണം എന്നുതോന്നുന്നു.
    പതിവ് മസാലക്കൂട്ട് കഥകളിൽ നിന്ന് വേറിട്ടൊരു ശ്രമമെന്ന നിലയ്ക്ക് ഈ സിനിമ അംഗീകരിക്കപ്പെടേണ്ടതാണ്‌ എന്നാണെന്റെ അഭിപ്രായം.
    (ഫഗദ് നല്ല ഒരു നടനായി മാറാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്- ഇനി ഭാഗ്യം കൂടി തുണച്ചാൽ.)

    ReplyDelete
  4. പ്രിയയുടെ കൂട്ടുകാരികളെ കുറ്റം പറയാന്‍ പറ്റത്തില്ല.. ഇതുപോലത്തെ കുരിശിനെ കൂട്ടുകാരിയായി കിട്ടിയാല്‍ തീര്‍ന്നു.
    എനിക്ക് സിനിമ ഇഷ്ടപ്പെട്ടതേയില്ല. ഫഹദ്, നിവേദിത കൊള്ളാം. കാമറ ചില സീനുകളില്‍ നന്നായി എന്നാല്‍ ചിലതില്‍ തീര്‍ത്തും അസഹനീയം. ഇനി ഒന്നു വിശ്രമിച്ചിട്ടെ ഞാന്‍ അടുത്ത സിനിമക്കുള്ളൂ. സിനിമ കാണാത്ത കൂട്ടുകാരോട് ഒരു വാക്ക്., വെറുതെ സമയം കളയരുത്..

    ReplyDelete
  5. ചില ചില്ലറ ദൌര്‍ബല്യങ്ങളൊഴിച്ചാല്‍ നല്ലൊരു സിനിമയായി ചാപ്പാ കുരിശ് വകതിരിവുള്ള പ്രേക്ഷകര്‍ക്ക് തോന്നിയേക്കും. ആധുനിക സൈബര്‍, മൊബൈല്‍ ലോകത്തിന്റെ പ്രതിസന്ധികളെ സാമാന്യം രസകരമായി അടയാളപ്പെടുത്താനാണ് സമീര്‍ താഹിര്‍ ശ്രമിക്കുന്നത്. അതിലദ്ദേഹം പൂര്‍ണ്ണമായി വിജയിച്ചെന്നൊന്നും പറയവതല്ല. എന്നാല്‍, ഒട്ടും സൂക്ഷ്മതയും ശ്രദ്ധയും കാണിക്കാത്ത പരസ്യചിത്രങ്ങള്‍ പോലും വിശ്വോത്തരങ്ങളായി ദേശീയജൂറിമാരാലും പ്രേക്ഷകരാലും വാഴ്ത്തപ്പെടുന്ന മലയാള്‍ സിനിമാക്കാലത്ത് ഇതിലുണ്ടായിട്ടുള്ള ചില്ലറ വീഴ്ചകള്‍ അവഗണനീയമാകുന്നു.

    ജീവിതാവസ്ഥകളിലെ അന്തരം മുതല്‍ ആധുനിക ജീവിതത്തിന്റെ നിര്‍വികാരത, സ്വാര്‍ത്ഥത, വികസനവുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ അധാര്‍മികതകള്‍ തുടങ്ങി ചിത്രത്തിന്റെ പ്രമേയങ്ങള്‍ പലതാണ്. തീരെച്ചെറിയൊരു കഥയുടെ പശ്ചാത്തലത്തില്‍ ഈ ആശയങ്ങള്‍ വികസിപ്പിച്ച ഘടനയും എത്ര ദൌര്‍ബ്ബല്യങ്ങളാരോപിച്ചാലും സവിശേഷമാണ്. (ചുംബനവും ആശ്ലേഷവുമൊക്കെ മറയില്ലാതെ കാണിച്ചാലേ ചിത്രത്തിന് അന്തര്‍ദ്ദേശീയ മാനം വരൂ എന്ന് പക്ഷേ ചലച്ചിത്രകാരന്‍ തെറ്റിദ്ധരിച്ചിട്ടുണ്ടോന്നറിയില്ല).

    ReplyDelete
  6. എന്തായാലും പ്രിയേ ഈ പരീക്ഷണം ചീറ്റിപ്പോയി. പിന്നണിയിൽ ഉള്ളവർക്ക് ഒരു പടം കൂടി വേണം ഇനി അവരുടെ കഴിവ് തെളിയിക്കാന്‍. ഒരു കാര്യം ഉറപ്പായി ഒരാഴ്ച്ചയിൽ കൂടുതൽ ഓടുന്ന കാര്യം കണ്ടറിയണം

    ReplyDelete
  7. പടം കണ്ടിട്ടില്ല. സിനിമയെ ഒരുപാട് സീരിയസ് ആയി കാണുന്ന ആളാണ്‌ എഴുത്തുകാരി എന്ന് വ്യക്തമാകുന്നു; പല പോയിന്റുകളിലും. നന്നായി.

    ReplyDelete
  8. Thank you for saying the camera was good, cant agree with some points though.

    ReplyDelete
  9. Your reviews are excellent. Please watch the hindi movie "Chillar Party" and add your review. It is an excellent movie, worth watching.

    ReplyDelete
  10. വളരെ മുന്‍പു ഹിന്ദിയില്‍ നാനാ പഠെക്കര്‍ അഭിനയിച്ച ഒരു സിനിമയിലെ കഥയൊടു ഇതിനു സാമ്യം തൊന്നുന്നു.ആ സിനിമയുടെ പേര്‍ ഓര്മ്മ വരുന്നില്ല.

    ReplyDelete
  11. നല്ല സിനിമ. മലയാളം സിനിമയുടെ നിലവാരം വെച്ച് പറഞ്ഞാല്‍ Excellent movie...

    ReplyDelete
  12. After reading many reviews I don't think I am excited about this film but I am waiting for the DVD to release. I did see the lip locking scene and I have to appreciate the director and the actors especially Remya Nambeesan for doing the scene!!! In FaceBook we have a closed group that is dedicated to few hardcore movie fans and critiques including one of the highly rated new director in Malayalam films. We have been discussing about the cliche of love making scenes in Malayalam films and we were questions when will there be something real come out in Malayalam. Few weeks later ChappaKurisu released!!! Mangalam has an article on their movie section about this scene and it is also a must read!

    ReplyDelete
  13. Heard its a copy of a Korean movie named Handphone.
    http://en.wikipedia.org/wiki/Handphone_%28film%29

    ReplyDelete
  14. പടം ഇന്നാണ് കാണാന്‍ സാധിച്ചത്..
    പതിഞ്ഞഞ്ചു മിനിട്ടുകൊണ്ട് പറഞ്ഞു തീര്ക്കാവുന്ന സംഭവം രണ്ടു മണിക്കൂറിലധികം വെറുതെ വലിച്ചു നീട്ടിയിരിക്കുന്നു..ഏറെക്കുറെ എല്ലാ സീനുകളും മികച്ച രീതിയില്‍ പ്രേക്ഷകനെ ബോറടിപ്പിക്കുന്നു..ഏതാണ്ട് ഒരു 80 % രംഗങ്ങളും അനാവ്ശ്യമായിട്ടാണ് തോന്നിയത്..
    നാടകീയമായ ഒരു രംഗം പോലും എങ്ങും കാണാന്‍ സാധിച്ചില്ല .. അവസാനം കഥ എങ്ങും കൊണ്ടെത്തിക്കുന്നുമില്ല ..കഥാപാത്രങ്ങള്‍ക്കെന്തു കുന്തമാണ് സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല..
    തുടക്കത്തിലേ കണ്ട കഥാപാത്രങ്ങള്‍ തന്നെ മാറ്റങ്ങളൊന്നു മില്ലാതെ കഥ അവസാനിക്കുമ്പോഴും കാണാം..അങ്ങിനൊരു കഥ പറയുന്നതില്‍ എന്ത് കാര്യം ? നായകന്‍ ഒടുവില്‍ സോണിയയുടെ അടുത്ത് വന്നിരിക്കൂന്നു..എന്നീട്ടെന്താനു സംഭവിക്കുന്നത്‌..അവരോരുമിച്ചു ജീവിക്കോ..അതോ കയ്യിലോളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് രണ്ടു പേരും വെടി വെച്ച് മരിക്കോ ? രണ്ടിനും അല്ലെങ്കില്‍ മറ്റു പല സാധ്യതള്ക്കും തുല്ല്യ സാധ്യത കാണുന്നു.. അന്‍സാരിയും എങ്ങോട്ടെന്നറിയാതെ ഓടിപ്പോകുന്നുമുണ്ട്..
    പോസിറ്റീവായ യാതൊരു ചിന്തകളും പ്രേക്ഷകന് സംമാനിക്കാതെ എന്തിനോ വേണ്ടിയെടുത്ത ഒരു സിനിമ..
    ഈ സിനിമകൊണ്ട് ഇതിന്റെ അണിയറക്കാര്‍ എന്താണാവോ ഉദ്ദേശിച്ചത് ? ഇതൊക്കെ ഉണ്ടാക്കാന്‍ നടന്ന സമയത്ത് അവര് തൂംബായെടുത്തു കെളക്കാന്‍ പോയിരുന്നെങ്കില്‍ മണ്ണെങ്കിലും നന്നായേനെ..

    ReplyDelete
  15. @kaattoopadath dhanesh സിനിമയെന്ന് പറഞ്ഞാല്‍ ആദിമദ്ധ്യാന്തം ഉള്ള കഥയുള്ളതാവണം എന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ടെന്ന് തോന്നുന്നു!.

    ReplyDelete
  16. @വിനയന്‍ ഇതൊക്കെ ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു മനസ്സിലാക്കേണ്ടി തരണ്ട കാര്യമാണോ? എല്ലാവരുടേം കാര്യം എനിക്കറിയില്ല എനിക്കെന്തായാലും അങ്ങനല്ല .

    ReplyDelete