Sunday, 27 November 2011

നായിക : Nayika

 ജയറാം നായകനായിട്ട് അഭിനയിച്ച ഉലകം ചുറ്റും വാലിഭന്‍ എന്ന സിനിമ കാണാന്‍ പോകാന്‍ സോപ്പിട്ടപ്പോള്‍ 'നീ ചക്കിയെയും വിളിച്ചോണ്ട് പോ ഈ പടമൊക്കെ കാണാന്‍ ' എന്ന് ചേട്ടന്‍ പറഞ്ഞതാണ്‌ മറുപടി 'ഈ വീട്ടില്‍ ഞാന്‍ കഴിഞ്ഞാല്‍ ഏറ്റവും കലാബോധം അവള്‍ക്കാണ് എന്നതാണ് സത്യം ' എന്ന് ഉരുളക്കു ഉപ്പേരി പറഞ്ഞ പാര്‍ട്ടിയാണ്  ഞാന്‍ .ബൈ ദി വേ, ചക്കി ഞങ്ങളുടെ വീട്ടിലെ അഞ്ചാമത്തെ മെമ്പര്‍ ആണ്.  ഇടയ്ക്കിടെ എന്റെ ചെരിപ്പുകള്‍ എല്ലാം കടിച്ച് നാശമാക്കും എന്നത് ഒഴിച്ചാല്‍ വേറെ യാതൊരു കുഴപ്പവും ഇല്ലാത്തവള്‍ . ചക്കിയെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒടുവില്‍ നിങ്ങള്‍  ചോദിക്കും നായിക എന്ന് പോസ്റ്റിന് പേരും കൊടുത്തിട്ട് വായിക്കാന്‍ വന്നവരെ കളിയാക്കുന്നോ എന്ന് .അത് കൊണ്ട് ഞാന്‍ ദേ തിരിച്ച് ടോപ്പിക്കില്‍ എത്തി. പറയാന്‍ ഉദ്ദേശിച്ചത് ശാരദ , മമത മോഹന്‍ദാസ്‌ , പദ്മപ്രിയ എന്നിവര്‍ നായികമാരായി അഭിനയിച്ച ജയരാജ് സംവിധാനം ചെയ്ത നായിക എന്ന സിനിമയെക്കുറിച്ചാണ്. അതില്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ ഉണ്ട് (നായകന്‍ എന്ന് പറയാന്‍ പറ്റില്ല .സിനിമയില്‍ മുഴുവന്‍ നായികമാരാണ് ) . കറേജ് അണ്ടര്‍ ഫയര്‍  ,ലോങ്ങ്‌ കിസ്സ്‌ ഗുഡ്നയിറ്റ്   , മെമൊയിര്‍സ്  ഓഫ് എ ഗെയിഷ  അങ്ങനെ നായികമാര്‍ക്ക് പ്രാധാന്യമുള്ള ഒത്തിരി സിനിമകള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് . മലയാളത്തില്‍ അങ്ങനെയുള്ള സിനിമകള്‍ വളരെ കുറവാണ് എന്ന അഭിപ്രായവും ഉണ്ട് . ജയരാജ് നായിക എന്ന സിനിമ സംവിധാനം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ , പതിവ് ക്ലീഷേകള്‍ ഉള്ള ഒരു സിനിമ എന്നതിനപ്പുറം അതിനെക്കുറിച്ച് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു .ഒടുവില്‍ സിനിമ കണ്ടപ്പോള്‍ അതില്‍ പതിവ് ക്ലീഷേകള്‍ മാത്രമല്ല ,കണ്ടിരിക്കുന്ന നമ്മളൊക്കെ പൊട്ടന്മാരും പൊട്ടികളും ആണെന്ന തരത്തിലെ ജയരാജിന്റെ ആറ്റിറ്റ്യൂഡും ഒത്തിരി ഉണ്ടെന്ന് തോന്നിപ്പോയി.

പഴയ കാലത്തെ പ്രശസ്തയായ ഒരു നായികയുടെ ജീവിതം ഡോക്യുമെന്‍ററി  ആക്കാന്‍ വരുന്ന ഒരു പെണ്‍കുട്ടിയും , ആ പഴയ കാല നായികയും തമ്മിലുള്ള ബന്ധം , നായികയുടെ കഥ , ഒരു കൊലപാതകം , വില്ലന്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നായിക എന്ന സിനിമയില്‍ ഉണ്ട് .ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്ന അലീനയുടെ (മമത മോഹന്‍ദാസ്‌ ) ഓര്‍മകളില്‍ കൂടി തുടങ്ങുന്ന സിനിമ പിന്നെ പോകുന്നത് ഡോക്യുമെന്‍ററി ചിത്രീകരണത്തിനിടയില്‍ പഴയ കാല നായിക ഗ്രേസ്സിന്റെയും (ശാരദ) അവരുമായി ബന്ധപെട്ട പലരുടെയും ഓര്‍മ്മകളില്‍ കൂടിയാണ്. ഗ്രേസ്സിന് മാനസിക രോഗമാണ് , അത് മുതലെടുത്തും അവരെ സഹായിച്ചും ഒക്കെ ജീവിക്കുന്ന കുറെ ആളുകള്‍ (ജഗതി ശ്രീകുമാര്‍ , കെ പി എ സി ലളിത അങ്ങനെ കുറെ ആളുകള്‍ )അവരുടെ ചുറ്റുമുണ്ട് എന്നൊക്കെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട് .ഗ്രേസ്സിനെ പ്രേമിക്കുകയും വിവാഹത്തിന് മുന്‍പ് ബ്ലഡ്‌ ക്യാന്‍സര്‍ വന്ന് മരിക്കുകയും ചെയ്യുന്ന ആനന്ദ് എന്ന പഴയ കാല സുപ്പര്‍ സ്റ്റാര്‍ ആയിട്ടാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത് .വാര്‍ഡ്രോബ് മാല്‍ഫങ്ങ്ഷന്‍ കാരണം നിര്‍മാതാവിന്റെ ബ്ലാക്ക് മെയിലിങ്ങിന് ഇരയാകുന്ന വാണി എന്ന നായികയായി സരയു എന്ന നടിയും ഈ സിനിമയില്‍ ഉണ്ട്.

നല്ലത് എന്ന് പറയാന്‍ ഈ സിനിമയില്‍ ശാരദയുടെ അഭിനയവും ,നിലാവ് പോലോരമ്മ എന്ന പാട്ടും മാത്രമേ ഉള്ളു  (കസ്തൂരി മണക്കുന്നല്ലോ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഉള്ള എല്ലാ രസവും ജയറാമിന്റെ സ്ക്രീനിലെ കോമാളിത്തരങ്ങള്‍ കാണുമ്പൊള്‍ തീര്‍ന്ന് കിട്ടും ).നിലാവ് പോലോരമ്മ പാടുന്നത് ചിത്രയാണ് എന്നതാവണം എനിക്ക് ആ പാട്ട് ഒരുപാട് ഇഷ്ടപ്പെടാന്‍ കാരണം .ഇഷ്ടപ്പെടാത്തതായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട് താനും . പെട്ടെന്ന് ഓര്‍മ്മ വരുന്നതില്‍ ചിലത് ഇവിടെ പറയാം .

  • ജയരാജിന്റെ സംവിധാനം. ബോറടിപ്പിച്ച്‌ കൊല്ലുന്ന രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്
  • ദീദി ദാമോദരന്റെ കഥ/തിരക്കഥ .ലോജിക് എന്ന വാക്ക് അവര്‍ കേട്ടിട്ടില്ല എന്ന് തോന്നും (സ്റ്റീഫന്‍ മുതലാളി എന്ന സിദ്ധിക്കിന്റെ കഥാപാത്രം നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിച്ച് പ്രശ്നങ്ങളില്‍ ചെന്ന് പെടുന്ന വാണി എന്ന നടി , ആ പ്രശ്നങ്ങളുടെ പേരില്‍ സ്റ്റീഫന്റെ ശരിക്കുള്ള സ്വഭാവം എല്ലാവരോടും പറയും   എന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് പോയി പിന്നെയും അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തന്നെ മേക്കപ്പ് ഇടുന്നത് ഒരു ഉദാഹരണം .കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ഈ രംഗമാണ് )
  • ജയറാം.കോട്ടയം നസീര്‍ ഒക്കെ സ്റ്റേജില്‍ പഴയ നടന്മാരെ അനുകരിക്കുന്നത് കണ്ടിട്ടുള്ള ഒരാള്‍ക്ക് ജയറാം ഒരു നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് പോലുമല്ല എന്ന് തോന്നി പോകും .അത്രയ്ക്ക് ബോറായിട്ടാണ് പ്രേംനസീറിനെ ജയറാം നായികയില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് .ജയറാമിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു.കാരണം ഇത്രയ്ക്ക് ബോറായി ഒരു സിനിമ മുഴുവന്‍ പ്രേംനസീറിനെ ജയറാം അനുകരിചിട്ടുണ്ടെങ്കില്‍ സംവിധായകനും അതില്‍ പങ്കുണ്ടാവണം
  • സബിത ജയരാജ്. കുറച്ച് സീനുകളില്‍ മാത്രം വരുന്ന ഒരു ക്ലീഷേഡ് ജേര്‍ണലിസ്റ്റ് കഥാപാത്രം . സീരിയലുകളില്‍ പോലും ഇത്രയ്ക്കു ബോറ് അഭിനയം കാണാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഇതൊന്നും പോരാഞ്ഞ് ഡ്രസ്സ്‌ സെന്‍സ് .കോസ്റ്റ്യൂം ഡിസൈനര്‍ എന്തെടുത്ത് കൊടുത്താലും അത് അവരവര്‍ക്ക് ചേരുമോ എന്ന് അറിയാനുള്ള മിനിമം ഡ്രസ്സ്‌ സെന്‍സ് പോലും അവര്‍ക്ക് ഇല്ല എന്ന് ഈ സിനിമ കണ്ടിരുന്നപ്പോള്‍ തോന്നി
  • പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മമത മോഹന്‍ദാസ്‌ ,പദ്മപ്രിയ, കെ പി എ സി ലളിത , ,ജഗതി ശ്രീകുമാര്‍ , സലിം കുമാര്‍  എന്നിവരുടെ കഥാപാത്രങ്ങള്‍
  • സിദ്ധിക്കിന്റെ കഥാപാത്രം. ബോഡി ലാങ്ങ്‌ഗ്വേജ് , ഡയലോഗ് ഒക്കെ സിദ്ദിക്ക് നന്നാക്കിയിട്ടുണ്ട് .പക്ഷെ മേക്കപ്പും, വേഷവും ഒക്കെ കൂടി ആ കഥാപാത്രത്തിന് ഒരു നാടക നടന്റെ ഇഫെക്ക്റ്റ് തോന്നിപ്പിച്ചു
  • തെറ്റില്ലാത്ത ക്യാമറയും(സീനു മുരുകുമ്പുഴ)  , നല്ല സംഗീതവും (എം കെ അര്‍ജുനന്‍ ) സിനിമയില്‍ ഉണ്ട്. പക്ഷെ കഥ പറച്ചിലിന്റെ രീതിയും , സിനിമയുടെ നീളവും , സംവിധായകന്‍-തിരക്കഥാകൃത്ത്‌ എന്നിവര്‍ ഉത്തരവാദികളായ മണ്ടത്തരങ്ങളും ഒക്കെ കൂടി ബോറടിപ്പികുമ്പോള്‍  അതൊക്കെ നെഗറ്റീവ് ഇഫെക്കറ്റ് ആണ് ഉണ്ടാക്കുക എന്ന് തോന്നുന്നു
 ചുരുക്കത്തില്‍ ഒരുപാട് കാര്യങ്ങള്‍ കുത്തി നിറച്ച് എവിടെയോ തുടങ്ങി , എങ്ങോട്ടൊക്കെയോ പോയി ഒടുവില്‍ എങ്ങനെയൊക്കെയോ തീരുന്ന ഒരു മണ്ടന്‍ സിനിമ .അതാണ്‌ ജയരാജിന്റെ നായിക. ഈ സിനിമ കാണാന്‍ ഞാന്‍ ചക്കിയെ കൂടെ കൊണ്ട് പോയിരുന്നെങ്കില്‍ , ഇപ്പോള്‍ ഞാന്‍ വീടിന്റെ ഗേറ്റ് കഴിയുമ്പോഴേക്കും ഓടിവന്ന് എന്റെ ദേഹത്ത് ചാടിക്കയറി സ്നേഹം കാണിക്കുന്ന അവള്‍ മിക്കവാറും എന്നെ ഓടിച്ചിട്ട്‌ കടിച്ചേനെ .