Wednesday, 31 August 2011

പ്രണയം : Pranayam

കാഴ്ച്ച, തന്മാത്ര , ഇത് രണ്ടും എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ്. അതുപോലെ തന്നെ പളുങ്ക്  , കല്‍ക്കട്ട ന്യൂസ് , ഭ്രമരം എന്നീ സിനിമകള്‍ എനിക്ക് തീരെ ഇഷ്ടമല്ല താനും. എങ്കിലും ബ്ലെസ്സിയുടെ പുതിയ സിനിമ പ്രണയം പോയി കാണാനുള്ള താത്പര്യത്തിന് ഒരു കുറവും വന്നിരുന്നില്ല. പ്രണയം എന്ന വാക്ക് ഒരു സിനിമയുടെ പേരായി വരിക , അതില്‍ മോഹന്‍ലാല്‍ , അനുപം  ഖേര്‍ എന്നിവര്‍ അഭിനയിക്കുക; അങ്ങനെയൊക്കെ ഉള്ളപ്പോള്‍ അത് തിയറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ മോശമല്ലേ ?

 സിനിമ എനിക്ക് ഇഷ്ടപ്പെട്ടു .പക്ഷേ കണ്ടിറങ്ങിയപ്പോള്‍ ചില സംശയങ്ങള്‍ ബാക്കി. സിനിമകളെക്കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ ആരോടെങ്കിലും ചോദിച്ചാല്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ കൊച്ചേ, ഈ വട്ടുകളും ആലോചിച്ചു നടക്കാന്‍ എന്നാണ് സാധാരണ  കിട്ടാറുള്ള ഉത്തരം. സിനിമകളോട് താത്പര്യമുള്ളവരൊക്കെ ഒന്നുകില്‍ ഭയങ്കര തിരക്കില്‍. അല്ലെങ്കില്‍ ഞാന്‍ കണ്ട സിനിമ കണ്ടിട്ടുണ്ടാവില്ല . എന്തായാലും പ്രണയം എന്ന സിനിമയെ കുറിച്ച് എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍ നിങ്ങളോട് പറയാം . പൊട്ടതരമാണെങ്കില്‍  വേറെ ആരോടും പറയരുത്.


നാല്‍പത്‌ വര്‍ഷങ്ങളായി   ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന  ആളാണ് അച്യുത മേനോന്‍  (അനുപം ഖേര്‍ ) .അയാളുടെ  മകന്‍ സുരേഷ് (അനൂപ്‌ മേനോന്‍ ) ഷാര്‍ജയില്‍ ജോലിയുള്ള ആളാണ് . അച്യുത മേനോന്‍ താമസം സുരേഷിന്‍റെ ഉദ്യോഗസ്ഥയായ ഭാര്യ അശ്വതി (നവ്യ നടരാജന്‍ ) , പ്ലസ്‌ ടൂകാരിയായ മകള്‍ മേഘ  (അപൂര്‍വ്വ ) എന്നിവര്‍ക്കൊപ്പമാണ് . മേനോന്‍റെ അതെ അപ്പാര്‍ട്ട്മെന്‍റ് ബില്‍ഡിങ്ങില്‍ തന്നെ അയാളുടെ മേനോന്‍റെ മുന്‍ഭാര്യ  ഗ്രേസ് അവരുടെ രണ്ടാം വിവാഹത്തിലെ മകള്‍ ആശക്കും ( ധന്യ മേരി വര്‍ഗ്ഗിസ്) ഭര്‍ത്താവിനും (നിയാസ് ) എന്നിവര്‍ക്കൊപ്പം താമസിക്കനെത്തുന്നിടത്ത് നിന്നാണ് പ്രണയത്തിന്‍റെ കഥ തുടങ്ങുന്നത് .

ഗ്രേസ്സിന്‍റെ ഭര്‍ത്താവ് മാത്യൂസ് (മോഹന്‍ലാല്‍ ) , ശരീരത്തിന്‍റെ വലതു ഭാഗം തളര്‍ന്ന ആളാണ്‌. 
  സാഹചര്യങ്ങള്‍ മാത്യൂസിനും , അച്യുത മേനോനും , ഗ്രേസിനും ഇടയില്‍ ഒരു അപൂര്‍വ സൗഹൃദം വളര്‍ത്തുന്നു . സുരേഷും , ആശയും , അവരുടെ മറ്റു ബന്ധുക്കളും അവരവരുടെ കാരണങ്ങള്‍  കൊണ്ട് ഈ സൌഹൃദത്തെ എതിര്‍ക്കുന്നു .പക്ഷേ അവര്‍ മൂവരും അതൊന്നും കാര്യമാക്കുന്നില്ല .അപൂര്‍വ്വമായ ആ ബന്ധത്തില്‍ മൂന്നു പേരും തങ്ങളുടേതായ സന്തോഷം കണ്ടെത്തുന്നു .അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അവരുടെ ജീവിതങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പ്രണയത്തിന്‍റെ ബാക്കി കഥ.

സ്പീഡ് അല്‍പ്പം കുറവാണെങ്കിലും , സുഖമായി കണ്ടിരിക്കാവുന്ന രീതിയിലാണ് ബ്ലെസ്സി ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് . ഇടയ്ക്ക് ചില കല്ലുകടികള്‍ ഇല്ലായിരുന്നെങ്കില്‍ , ബ്ലെസ്സിയുടെ ഇതുവരെയുള്ളതില്‍  ഏറ്റവും നല്ല സിനിമ പ്രണയം ആയേനെ എന്നും തോന്നുന്നു. ആ കല്ലുകടികള്‍ ഉണ്ടെങ്കില്‍ പോലും നല്ലൊരു സിനിമയാണ് പ്രണയം. പല സീനുകളും ശരിക്കും ടച്ചിംഗ് ആകുന്നതിന്‍റെ  പ്രധാന ക്രെഡിറ്റ് ബ്ലെസ്സിക്ക് തന്നെ (കഥ , തിരക്കഥ , സംഭാഷണം  , സംവിധാനം ) . ടച്ചിംഗ് ആയ സീനുകള്‍ മാത്രമല്ല , പ്രണയത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട വരയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് ചിലത് പറയാം  :

  • കുറച്ച് കാലത്തിന് ശേഷം   മോഹന്‍ലാല്‍ എന്ന നടന്‍റെ നല്ലൊരു കഥാപാത്രവും , പെര്‍ഫോമെന്‍സ് .അച്യുത മേനോനും , മാത്യൂസും തമ്മില്‍ ആദ്യം കാണുന്ന സീന്‍ , മാത്യൂസ്  ലിയോനാര്‍  കോഹന്‍റെ ഐ അം യുവര്‍ മാന്‍ പാടുന്ന സീന്‍ , ആശുപത്രിയില്‍ നാക്ക് കുഴയുന്നു എന്നൊക്കെ പറഞ്ഞു അച്യുത മേനോനോടും , ഗ്രേസിനോടും  സംസാരിക്കുന്ന സീന്‍ , ഇതിലൊക്കെ മോഹന്‍ലാല്‍ നല്ല ഉഗ്രനായിട്ടുണ്ട് .
  • അച്യുത മേനോനെ അവതരിപ്പിച്ച അനുപം ഖേര്‍ .
  • അച്യുത മേനോന്‍ , ഗ്രേസ് , മാത്യൂസ് എന്നിവര്‍ തമ്മിലെ ബന്ധം . നല്ല ഒരു  കെമസ്ട്രി ആ മൂന്ന് കഥാപാത്രങ്ങള്‍ക്കിടയില്‍ ഫീല്‍ ചെയ്യും  .
  • അനൂപ്‌ മേനോന്‍ എനിക്ക് അത്ര ഇഷ്ടമല്ലാത്ത ഒരു നടനാണ്‌. പക്ഷേ പ്രണയത്തില്‍ ആള്‍ വളരെ നന്നായിട്ടുണ്ട്/ പ്രത്യേകിച്ച് ജയപ്രദയുമായി ടെറസ്സില്‍ വെച്ചും , പിന്നീടു എയര്‍പോര്‍ട്ടില്‍ നിന്നും ഫോണിലൂടെയും സംസാരിക്കുന്ന സീനുകളില്‍
  • എം ജയചന്ദ്രന്‍റെ സംഗീതത്തില്‍ ഓ എന്‍ വി കുറുപ്പ് എഴുതിയ   നല്ല പാട്ടുകള്‍. മഴത്തുള്ളികള്‍ എന്ന പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. പിന്നെ പാട്ടില്‍ ഈ പാട്ടില്‍ എന്ന പാട്ടും
  • ഉഗ്രന്‍ ക്യാമറ (സതീഷ്‌ കുറുപ്പ് ). ചില സീനുകളൊക്കെ എത്ര  കണ്ടാലും മതിയാവില്ല എന്ന് തോന്നും
ഇനി കല്ലുകടികള്‍ എന്ന് എനിക്ക് തോന്നിയ കാര്യങ്ങളും, ഞാന്‍ നേരത്തെ പറഞ്ഞ സംശയങ്ങളും കൂടി പറഞ്ഞിട്ട് എന്‍റെ കത്തി അവസാനിപ്പിക്കാം :
  • അച്യുത മേനോന്‍, ഗ്രേസ് എന്നിവരുടെ പഴയ കാലം കാണിക്കുന്ന മഴത്തുള്ളികള്‍ എന്ന പാട്ട് . ടി വിയില്‍ ഒക്കെ പഴയ ഷര്‍മിളാ ടാഗോറിന്‍റെ മുഖഭാവം കോപ്പിയടിച്ച നായിക (ഗ്രേസ്സിന്റെ ചെറുപ്പം നിവേദ എന്ന നടിയാണ് അവതരിപ്പിക്കുന്നത്‌ ) , പഴയ കാലം കാണിക്കുമ്പോഴും റെയില്‍വേ സ്റ്റേഷനില്‍  പുതിയ മോഡല്‍ ചുഡിദാര്‍ ഇട്ടു നടന്നു പോകുന്ന പെണ്‍കുട്ടി (ഇത് മിക്കവാറും ഞാന്‍ മാത്രമേ കണ്ടു കാണു. ഫാഷന്‍ സെന്‍സ് വേണം , ഫാഷന്‍ സെന്‍സ് ) ഇതൊക്കെ ബോറായി തോന്നി
  • ക്യാമറ ഉഗ്രന്‍ തന്നെ. പക്ഷേ ചില സീനുകള്‍ വെറും പെയിന്റിംഗ് പോലെ എനിക്ക് തോന്നി
  • ക്ലൈമാക്സ്  കണ്ടപ്പോള്‍ എനിക്ക് തോന്നിയത് , കഥ അവസാനിപ്പിക്കാന്‍ ബ്ലെസ്സി ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുത്തു എന്നാണ് . പ്രണയം അവസാനിക്കുന്ന സീനിന്  എന്തോ വൺ ആള്‍വേസ് റിട്ടേൺസ് ടു  ഹിസ്‌ ഫസ്റ്റ് ലവ് എന്ന വരികളോട് ഒരു ചേര്‍ച്ചക്കുറവ് ഉള്ളത് പോലെ . ലൈഫ് ഈസ്‌ മോര്‍ ബ്യൂട്ടിഫുള്‍ ദാന്‍ എ ഡ്രീം എന്ന വരികളും പ്രണയത്തിന്‍റെ ക്ലൈമാക്സുമായി അത്ര ചേരുന്നില്ല എന്ന് എനിക്ക് തോന്നുന്നു . 
 ആദ്യ പ്രണയമാണോ , അതോ ജീവിതത്തോടുള്ള പ്രണയമാണോ ബ്ലെസ്സി പറയാന്‍ ഉദ്ദേശിച്ചത് എന്ന സംശയം എനിക്ക് തോന്നി . രണ്ടും ഈ സിനിമയില്‍ വിഷയമാകുന്നുണ്ട് . എങ്കിലും രണ്ടിനും ഒരു പൂര്‍ണ്ണത വന്നോ എന്ന സംശയം എനിക്ക് ഇപ്പോഴും ബാക്കി . എങ്കിലും പ്രണയം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം . ഈ പറഞ്ഞ ചെറിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ , കുറെ കൂടി ഇഷ്ടമാകുമായിരുന്നു എന്ന് മാത്രം

Tuesday, 30 August 2011

തേജാ ഭായി & ഫാമിലി : Tejabhai And Family

യൂ ട്യൂബില്‍ തേജാ ഭായി   &‌ ഫാമിലിയിലെ ഒരു മധുരകിനാവിന്‍ ലഹരിയിലെങ്ങോ എന്ന പാട്ടിന്റെ റീമിക്ക്സ് കണ്ടപ്പോള്‍ തന്നെ തേജാ ഭായ് & ഫാമിലി കാണണം എന്ന് തീരുമാനിച്ചിരുന്നു.ഇനി ആ പാട്ട് കണ്ടില്ലായിരുന്നെങ്കില്‍ പടം കാണാന്‍ പോകില്ലയിരുന്നോ എന്ന്  ചോദിക്കരുത് . എന്തെങ്കിലുമൊക്കെ ന്യായങ്ങള്‍ പറഞ്ഞ് സിനിമ കാണാനുള്ള ചാന്‍സ് ഒപ്പിക്കാനുള്ള എന്‍റെ കഴിവ് പ്രസിദ്ധമാണ്   . അപ്പോള്‍ പാട്ട് സിനിമ കാണാന്‍ പോകാന്‍ പറയുന്ന ന്യായങ്ങളില്‍ ഒന്ന് മാത്രം എന്ന് വേണമെങ്കില്‍ പറയാം . പക്ഷെ,  സാധാരണ ഈ റീമിക്ക്സുകള്‍ എനിക്ക് ഇഷ്ടമല്ല എങ്കില്‍പ്പോലും  യൂ ട്യൂബില്‍ ആ പാട്ട് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

 പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ തിയറ്ററില്‍ ചെല്ലുമ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും കുറച്ച് കൂടുതലായിരുന്നു . തേജാ ഭായിയുടെ സംവിധായകന്‍   ദീപു കരുണാകരന്‍റെ ഇതിനു മുന്‍പുള്ള സിനിമ ക്രേസി ഗോപാലന്‍ എനിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല . സ്ലാപ്സ്റ്റിക്ക് കോമഡി എന്ന പേരില്‍ ഈ സിനിമയും ബോറാകുമോ എന്ന പേടിയും  ഉണ്ടായിരുന്നു . സിനിമ തുടങ്ങി അല്‍പ്പ നേരത്തിനുള്ളില്‍ വലിയ ബോറടിയില്ലാതെ പോകുന്ന സിനിമയാണല്ലോ  എന്ന് തോന്നി.


മലേഷ്യയില്‍ അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയ തേജാ ഭായ് (പ്രിഥ്വിരാജ് ) വേദിക (അഖില ശശിധരന്‍ ) എന്ന പെണ്‍ക്കുട്ടിയുമായി പ്രണയത്തിലാവുന്നു   പക്ഷെ വേദികയുടെ അച്ഛന്‍ ദാമോദര്‍ജി (തലൈവാസല്‍ വിജയ്‌ )  തന്‍റെ മകളെ വിവാഹം കഴിക്കുന്ന ആളുടെ കുടുമ്പ മഹിമയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഒരുക്കമല്ലാത്ത ആളാണ്‌ . വേദികയുമായുള്ള   വിവാഹത്തിന് ദാമോദര്‍ജിയുടെ സമ്മതം നേടിയെടുക്കാനായി തേജാ ഭായി നാട്ടില്‍ വാടകയ്ക്ക് ഒരു കുടുമ്പത്തെ ഒരുക്കുന്നു (ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ , ജഗദീഷ് തുടങ്ങിയവര്‍  ) . ദാമോദര്‍ജിക്ക് ഏറെ വിശ്വാസമുള്ള സന്യാസിയായ മഹാഗുരു വശ്യവച്ചസിനെയും (സുരാജ് വെഞ്ഞാറമൂട് ) തേജാ ഭായി ഭീഷിണിപ്പെടുത്തി ഒപ്പം നിറുത്തുന്നു . തന്‍റെ വാടക കുടുമ്പത്തിന്‍റെ വിശ്വാസ്യത ദാമോദര്‍ജിയുടെ മുന്നില്‍ തകരാതിരിക്കാനും, വേദികയെ കല്യാണം കഴിക്കാനുള്ള തേജാ ഭായി നടത്തുന്ന  ശ്രമങ്ങളുമാണ് സിനിമയുടെ ബാക്കി കഥ.

സ്ലാപ്സ്റ്റിക്ക് കോമഡി തന്നെയാണ് ദീപു കരുണാകരന്‍ ഇത്തവണയും ഒരുക്കിയിരിക്കുന്നത് . പക്ഷേ ക്രേസി ഗോപാലനെക്കാള്‍ എനിക്ക് തേജാ ഭായി ഇഷ്ടപ്പെട്ടു .തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ. ചില സീനുകളും , സംഭാഷണങ്ങളും നല്ലത് പോലെ ചിരിപ്പിക്കുകയും ചെയ്തു .

 അഭിനേതാക്കളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രിഥ്വിരാജിനെ തന്നെയാണ് . കാണാന്‍ ആള്‍ നല്ല  സ്മാര്‍ട്ട്‌ ആയിട്ടുണ്ട്‌ . മാത്രമല്ല , കോമഡി സീനുകള്‍ ഭംഗിയാക്കുകയും ചെയ്തു .കോമഡി സീനുകള്‍ എന്ന് എടുത്ത് പറഞ്ഞത് ,ആദ്യാവസാനം  ഒരു കോമഡി മൂഡ്‌ ഉള്ള സിനിമയാണ് ഇത് എന്നുള്ളത് കൊണ്ടാണ് . ഗാന രംഗങ്ങളിലും , ആക്ഷന്‍ സീനുകളിലും നല്ല എനര്‍ജിയും തേജാ ഭായി എന്ന കഥാപാത്രത്തിന് പ്രിഥ്വിരാജ് നല്‍കുന്നുണ്ട്.   നായിക അഖില , ചില സീനുകളില്‍ ഭയങ്കര ബോറായി തോന്നി .പ്രത്യേകിച്ച് കരയുന്ന സീനുകളില്‍ . മറ്റു അഭിനേതാക്കള്‍ എല്ലാവരും കാണികളെ ചിരിപ്പിക്കാനായി വരുന്നവരാണ് . അവരില്‍ ഏറ്റവും മികച്ചു നിന്നത് സുരാജും , സലിം കുമാറുമാണ് .ജഗതി ശ്രീകുമാറിനെ പോലൊരു നടന്‍ പ്രതേകിച്ചു ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാണുമ്പൊള്‍ എനിക്ക് സങ്കടമാണ് .ആ നടനോടുള്ള ഇഷ്ടം തന്നെയാവാം കാരണം .  തേജാ ഭായിലും ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം ഇത്തരത്തില്‍ ഉള്ള ഒന്നാണ്

ഇനി സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ട ബാക്കി കാര്യങ്ങളും  , ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളും  കൂടി പറഞ്ഞ് നിറുത്താം

ഇഷ്ടപ്പെട്ടവ :
  • തേജാ ഭായ് , വേദിക എന്നിവര്‍ തമ്മില്‍ ആദ്യമായി കാണുന്ന സീന്‍ . തന്‍റെ സഹായിയെ കന്നുകാനത്ത ആളായി അഭിനയിപ്പിച്ച് , അയാളെ  റോഡ്‌ ക്രോസ് ചെയ്യാന്‍ സഹായിക്കുന്ന സീനില്‍ പ്രിഥ്വിരാജ് നന്നായിട്ടുണ്ട്.ആ സീനില്‍ ഗജനിയിലെ ഗുസാരിഷ് എന്ന പാട്ടിന്‍റെ ട്യൂണും നല്ല രസമുണ്ട്
  • വശ്യവച്ചസ്സിനെ തേജാ ഭായി ഭീഷിണിപ്പെടുത്തുന്ന സീനുകള്‍
  • സലിം കുമാര്‍ തേജാ ഭായിയുടെ കുടുമ്പത്തിന്‍റെ കഥ ദാമോദര്‍ജിയോട് പറയുന്ന സീന്‍. മഹാഭാരതത്തിന്‍റെ ആ   കഥയില്‍ , സലിം കുമാറിന്‍റെ ഓരോ ഡയലോഗും  നന്നായി  ചിരിപ്പിച്ചു
  • മധുരക്കിനാവിന്‍ ലഹരിയില്‍ എന്ന പാട്ട് . പ്രിഥ്വിരാജിന്‍റെ പെര്‍ഫോമന്‍സ്  ശരിക്കും ഉഗ്രന്‍.
  • ദീപക് ദേവിന്‍റെ സംഗീതിലുള്ള പാട്ടുകള്‍ . മധുരക്കിനാവിന്‍ , തില്ലാന എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ .റീമിക്ക്സ് പോലും വളരെ നന്നായിട്ടുണ്ട്
  • ഷാംദത്തിന്‍റെ ക്യാമറ .പ്രത്യേകിച്ച് ഗാന രംഗങ്ങളിലും , ആദ്യത്തെ ആക്ഷന്‍ സീനുകളിലും
ഇഷ്ട്ടപ്പെടാത്തവ :
  • ഷക്കീല എന്ന നടിയുടെ ഒരു   ആവശ്യമില്ലാത്ത ഗസ്റ്റ് റോള്‍
  • ഇടയ്ക്ക്  ജഗതി , ജഗദീഷ് എന്നിവര്‍ ചേര്‍ന്നുള്ള  കാര്‍ട്ടൂണ്‍ സിനിമകളിലെ പോലുള്ള ഒരു കോമഡി രംഗം . പത്രം എറിയുമ്പോള്‍ ആള് മാറി കൊള്ളുന്നതൊക്കെ എത്ര സ്ലാപ്സ്റ്റിക്ക്  ഇഷ്ടമുള്ളവരെയും ബോറടിപ്പിക്കും എന്ന് എനിക്ക് തോന്നുന്നു
  • നായികയുടെ അമ്മാവനായി വരുന്ന അശോകന്‍ ചില സീനുകളില്‍ ഭയങ്കര ഓവറാണ് എന്ന് തോന്നി. പ്രതേകിച്ച് തേജാ ഭായി ആദ്യമായി അയാളെ കാണാന്‍ വരുന്ന സീനിലൊക്കെ 
ഇത്തരം അല്‍പ്പ സ്വല്‍പ്പം രസക്കേടുകള്‍ മറന്നാല്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് തേജാ ഭായി &‌ ഫാമിലി എന്നാണ് എനിക്ക് തോന്നുന്നത് .ഒരുപാടൊന്നും ചിന്തിക്കാതെ കുറെ ചിരിച്ച് കണ്ട ഒരു സിനിമ .