Friday 15 July 2011

ചാപ്പാ കുരിശ് :Chappa Kurishu

ട്രെയിലര്‍ ടീവിയില്‍ കണ്ടപ്പോള്‍ മുതല്‍ എന്താണ് ഈ ചാപ്പാ കുരിശ് എന്ന് ആലോചിച്ച് നടക്കാന്‍ തുടങ്ങിയതാണ്. കഷ്ടകാലത്തിന് മനസ്സില്‍ തോന്നിയ സംശയം ആദ്യം ചോദിച്ചത് ശ്രുതിയോടായിരുന്നു  .രൂക്ഷമായ ഒരു നോട്ടവും ,‌ വാചകവും ഉത്തരമായി  എത്തി "ആരെങ്കിലും ഒക്കെ കണ്ടിട്ട് നല്ലതാണെന്ന് പറഞ്ഞാല്‍ കാണാന്‍ ഞാനും വരാം. അല്ലാതെ ആദ്യ ദിവസം വലിച്ചോണ്ട് പോയാല്‍ ഉണ്ടല്ലോ ..."  ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും ? അല്ലെങ്കില്‍ തന്നെ ഒരു സിനിമ കാണാന്‍ ആരുടെയൊക്കെ കാലു പിടിക്കണം ? ഇവളമ്മാരോട്  ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.ഒടുവില്‍ ഓഫീസിലെ എന്‍സൈക്ലോപീഡിയ ജോമിനോട് ചോദിച്ചു. ഒരു പതിനഞ്ച് മിനിട്ട് നീണ്ട ക്ലാസ്സിലൂടെ   ജോമിന്‍ കാര്യം പറഞ്ഞു തന്നു. ചാപ്പ എന്നാല്‍ മുദ്ര , കുരിശ് നമ്മുടെ കുരിശ് തന്നെ. രണ്ടും ചേര്‍ത്ത് കൊച്ചിയില്‍ പണ്ട് ആളുകള്‍ പറഞ്ഞിരുന്നത് ഹെഡ്സ്സ് ഓര്‍ ടെയില്‍സ് എന്ന അര്‍ത്ഥത്തിലാണ്   എന്നാണ് ജോമിന്‍ പറയുന്നത്. ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ സിനിമ കാണാന്‍ ഒരു താത്പര്യം ഒക്കെ തോന്നിയിരുന്നു. ഹെഡ്സ്സ് ഓര്‍ ടെയില്‍സ് കൂടി കേട്ടപ്പോള്‍ കഥ ത്രില്ലര്‍ ആയിരിക്കും എന്ന് തോന്നുകയും ചെയ്തു.  ഇടയ്ക്ക് നെറ്റില്‍ എവിടെയോ ഈ സിനിമ (അതോ ട്രെയിലര്‍ ആണോ ) 21 ഗ്രാംസ് എന്ന സിനിമയുടെ കോപ്പിയടിയാണ് എന്ന് വായിച്ചിരുന്നു .21 ഗ്രാംസ് എനിക്ക് ഇഷ്ടമുള്ള ഒരു സിനിമയാണ് .പക്ഷെ ആ സിനിമയുടെ കഥയില്‍ ഹെഡ്സ്സും ടെയില്‍സ്സും എങ്ങനെ വരും എന്ന് സംശയവും ഉണ്ടായിരുന്നു. മാത്രമല്ല 21 ഗ്രാംസ് ഒരു  ത്രില്ലര്‍ ആണെന്ന് എന്ന് പറയാന്‍ പറ്റില്ല.

എന്തായാലും ചാപ്പ കുരിശ് കണ്ടു കഴിഞ്ഞപ്പോള്‍ ,  പ്രതീക്ഷിച്ച കഥ ഒന്നുമല്ല സിനിമയുടേത് പേരും സിനിമക്ക് കറക്റ്റ് . സിനിമ കണ്ട് തിരിച്ചു വരുന്ന വഴി ശ്രുതിക്കും , ജാസ്മിനും  പേരിന്‍റെ അര്‍ത്ഥം പറഞ്ഞു കൊടുത്ത് അവര്‍ക്കിടയില്‍ എന്നെക്കുറിച്ച് ബുദ്ധിജീവി  എന്നുള്ള ഇമേജ് ഉണ്ടാക്കാനുള്ള ശ്രമം പക്ഷേ വെറുതെയായി . കാരണം എനിക്ക് സിനിമ ഇഷ്ടപ്പെട്ടു ,അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല . എന്‍റെ സിനിമാ പേരിന്‍റെ വിശദീകരണം കഴിയുന്നത്‌ വരെ വളരെ ക്ഷമയോടെ മിണ്ടാതിരുന്ന അവര്‍ രണ്ടാളും , പിന്നെ ടേണ്‍ വെച്ച് എന്നെ തല്ലുന്നത് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തു.അവരുടെ രണ്ടാളുടെയും അഭിപ്രായത്തില്‍  ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ഞാന്‍ ഒരു വട്ട് കേസാണ്. എന്നാലും എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു കേട്ടോ .ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട് .അതില്‍ ഒന്നാമത്തേത് സിനിമയുടെ കഥയാണ്‌(സമീര്‍ താഹിര്‍ /ഉണ്ണി.ആര്‍ ).

 വലിയ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ബിസിനസ്‌ മാഗ്നെറ്റ് ആയ അര്‍ജ്ജുന്‍ (ഫഹദ് ഫാസില്‍ ), സുപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ . പണക്കാരനും , ഒന്നിനെയും കൂസാത്ത ,  സ്വന്തം പ്രയോജനത്തിനായി ആരെയും ഉപയോഗിക്കുന്ന അര്‍ജ്ജുനും , പഞ്ചപാവവും, എല്ലാവരും ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്യുന്ന ദരിദ്രനായ അന്‍സാരിയും .തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാന്‍ ഒരു സാധ്യതയുമില്ലത്ത  സാഹചര്യങ്ങളില്‍ കഴിയുന്നവര്‍. ഒരു നാണയത്തിന്‍റെ, തമ്മില്‍ ഒരിക്കലും കാണുവാന്‍ സാധ്യതയില്ലാത്ത  ഹെഡ്സ്സും , ടെയിലും (ശ്രുതിയോടും , ജാസ്മിനോടും എന്‍റെ ബുദ്ധിയിലെ വിശദീകരണം ഇതായിരുന്നു. എല്ലാം മിണ്ടാതെ കേട്ടിരുന്നിട്ടായിരുന്നു രണ്ടും കൂടി എന്‍റെ തലയില്‍ കയറിയത് ). അര്‍ജ്ജുന്‍ ശരിക്കും ഈ തല്ലിപ്പൊളി എന്നൊക്കെ വിളിക്കാവുന്ന സ്വഭാവക്കാരനാണ് . ആന്‍ എന്ന പെണ്‍കുട്ടിയുമായി (റോമ ) കല്യാണം  ഉറപ്പിച്ചിരിക്കെത്തന്നെ   ഓഫീസിലെ സോണിയയുമായി  (രമ്യ നമ്പീശന്‍ ) പ്രേമം നടിക്കുകയും ചെയ്യുന്നയാള്‍ . മറ്റുള്ളവരുടെ ജീവിതം ഒരു കുസൃതി പോലെ അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ പോലെ കാണുന്നയാള്‍.അന്‍സാരിയാകട്ടെ എല്ലാവരുടെയും കയ്യിലെ കളിപ്പാട്ടവും .

അര്‍ജ്ജുന്‍റെ പരിധി വിട്ട കുസൃതികളില്‍ ഒന്ന് പ്രതീക്ഷിക്കാതെ അയാളുടെ ജീവിതം അന്‍സാരിയുടെ കയ്യില്‍ എത്തിക്കുന്നു . അതോടെ ലോകം മുഴുവന്‍ തന്നെ കളിയാക്കുന്നതിലും , അപമാനിക്കുന്നതിലും അന്നോളം ഉള്ളില്‍ അടക്കി വെച്ചിരുന്ന അന്‍സാരിയുടെ അമര്‍ഷം മുഴുവന്‍ പതുക്കെ പതുക്കെ പുറത്തു വരുന്നു. ആ അമര്‍ഷം അയാള്‍ അത് അര്‍ജ്ജുനിലും , അര്‍ജ്ജുനെ ഉപയോഗിച്ച് മറ്റുള്ളവരിലും തീര്‍ക്കാന്‍ ശ്രമിക്കുന്നു . അതോടെ രണ്ടു പേരുടെയും ജീവിതവും , കാഴ്ച്ചപ്പാടുകളും ഒരുപാട് മാറുന്നു.

സമീര്‍ താഹിര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചാപ്പാ കുരിശിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് ഇതിന്‍റെ അവതരണമാണ് . പരസ്പര ബന്ധമില്ലാതെ പോകുന്ന കഥകളോ , കഥാപാത്രങ്ങളോ ഒടുവില്‍ ഒരു കഥയുടെ തന്നെ ഭാഗമാകുന്ന  നോണ്‍ ലീനിയര്‍ എന്ന സംവിധാനം ഇപ്പോള്‍ മലയാളത്തില്‍ പുതിയ ട്രെന്‍ഡ്   അന്ന് എന്ന് തോന്നുന്നു. സിറ്റി ഓഫ് ഗോഡ് , ട്രാഫിക് അങ്ങനെ പല സിനിമകളിലും ഇങ്ങനെ കഥ പറയുന്ന രീതി മലയാളം സിനിമയില്‍  കണ്ടിട്ടുണ്ടെങ്കിലും , ചാപ്പാ കുരിശിന്‍റെ കഥ  പറച്ചലില്‍ ഒരു ഫ്രെഷ്നെസ് ഒക്കെ തോന്നിക്കാന്‍ സമീര്‍ താഹിരിന് സാധിച്ചിട്ടുണ്ട് .ചില്ലറ രസക്കേടുകള്‍   അവിടിവിടെ ഉള്ളത് ഒഴിവാക്കുന്നതില്‍ കൂടെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നായി ഈ സിനിമ മാറിയേനെ എന്ന് തോന്നുന്നു.


എനിക്ക്ഈ സിനിമയില്‍  ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.
ഇഷ്ട്ടപ്പെട്ടവ :

  • ഫഹദ് ഫാസില്‍ . അര്‍ജ്ജുനെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
  • വിനീത് ശ്രീനിവാസന്‍റെ അന്‍സാരി എന്ന കഥാപാത്രം. വിനീത് ചില സീനില്‍ ബോറാണ്.  എങ്കിലും , മനസ്സിലെ കൊച്ച് കൊച്ച് ദേഷ്യങ്ങള്‍ ഒരു അവസരം ലഭിക്കുമ്പോള്‍ അപരിചിതനായ ഒരാളില്‍ തീര്‍ത്ത്‌ സന്തോഷിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രം മലയാളത്തില്‍ അങ്ങനെ കണ്ടിട്ടില്ല. 
  • നിവേദിത അവതരിപ്പിച്ച നഫീസ എന്ന അന്‍സാരിയുടെ കൂട്ടുകാരി .
  • കഥയില്‍ ആവശ്യമില്ലാത്ത കഥാപാത്രങ്ങള്‍ ഒന്ന് പോലും ഇല്ലാത്തത്  
  • ചില സീനുകള്‍ .നെഹറു പാര്‍ക്കില്‍ അര്‍ജ്ജുന്‍ അന്‍സാരിയെ കാണാന്‍ വരുന്ന സീന്‍ ,അര്‍ജ്ജുന്‍ സുപ്പര്‍ മാര്‍ക്കറ്റ് മാനേജറെ അടിക്കുന്ന സീന്‍, അനാസാരി ഐ ഫോണിന്‍റെ ചാര്‍ജര്‍ അന്വേഷിച്ചു നടക്കുന്ന സീന്‍ എന്നിവ  ഉദാഹരണം .
  • ജോമോന്‍ ടി ജോണിന്‍റെ ക്യാമറയും  , റെക്ക്സ് വിജയന്‍റെ സംഗീതവും . തീയെ , തമ്മില്‍ ഒരു നാളും കാണാതെ , ഇത് രണ്ടുമാണ് എന്‍റെ ഇഷ്ടപ്പെട്ട പാട്ടുകള്‍.
ഇഷ്ട്ടപ്പെടാത്തവ (അല്ലെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍)  :

  • അന്‍സാരി തന്നെയാണ് ആദ്യം . ആ കഥാപാത്രത്തിന്‍റെ അവസ്ഥയും , മാറ്റങ്ങളും കുറച്ച് കൂടി വ്യക്തമാക്കാമായിരുന്നു  എന്ന് തോന്നി. ,
  • സോണിയയോടുള്ള  സഹതാപമാണോ , സ്വന്തം ജോലിയോടുള്ള സ്നേഹമാണോ , അതോ സ്വന്തം അഭിമാനമാണോ , അതോ ഇനി ഇതെല്ലാം ചേര്‍ന്നാണോ അനസാരി പറയുന്നത് ഒക്കെ അനുസരിക്കാന്‍ അര്‍ജ്ജുനെ പ്രേരിപ്പിക്കുന്നത് എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം (ഞാന്‍ ഓള്‍ ഓഫ് ദി എബൌവിന്‍റെ ആളാണ്‌ ). 
 ശ്രുതിയും , ജാസ്മിനും പറയുന്നത് ട്രാഫിക് പോലൊരു ത്രില്ലര്‍ പ്രതീക്ഷിച്ച് സിനിമ കാണാന്‍ പോയിട്ട് വളരെ സില്ലിയായ ഒരു സിനിമയായിട്ടാണ്‌ അവര്‍ക്ക് ചാപ്പാ കുരിശ്  തോന്നിയത് എന്നാണ് .ട്രാഫിക് പോലൊരു ത്രില്ലര്‍ പ്രതീക്ഷിക്കാന്‍ ആ കുരിശുകളോട് ആരെങ്കിലും പറഞ്ഞോ? പക്ഷെ സംഭവം ഭൂരിപക്ഷം അവരുടെ ഭാഗത്തയത് കൊണ്ട് , ഞാന്‍ എഴുതിയ ഈ പൊട്ടത്തരങ്ങള്‍ വായിക്കുന്ന നിങ്ങളോട് ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കുകയാണ്. ചാപ്പാ കുരിശ് നല്ല സിനിമയാണ് എന്ന് ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായം മാത്രമാണേ,പറഞ്ഞേക്കാം .കണ്ടിട്ട് ഇഷ്ടപ്പെട്ടിലെങ്കില്‍ അവളന്മാരെ പോലെ എന്നെ കൊല്ലാന്‍ വരരുത് . അല്ലെങ്കില്‍ തന്നെ  ഈ രണ്ട് നല്ല കൂട്ടുകാരികളെയും കൊണ്ടുള്ള സിനിമാ കാണലുകള്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ വല്യ താമസമില്ലാതെ എന്നെ മിക്കവാറും അവര്‍ ശരിക്കും കൊല്ലും) ) . എന്നാലും എല്ലാരും പോയി കണ്ടിട്ട് അഭിപ്രായം പറയണം.

Friday 8 July 2011

സോള്‍ട്ട് & പെപ്പര്‍ : Salt N Pepper

ഈ ഭക്ഷണം എന്ന സംഭവം പണ്ട് മുതലേ എന്‍റെ ദൌര്‍ബല്യങ്ങളില്‍ ഒന്നാണ്.തടി കൂടുന്നു എന്ന  പേരില്‍ എനിക്ക്  വീട്ടില്‍ റേഷന്‍  നടപ്പാക്കുന്നത് വരെ ആക്രാന്തം പിടിച്ച എന്‍റെ തീറ്റ  കണ്ട് ആനന്ദാശ്രുക്കളോടെ   നില്‍ക്കുന്ന മമ്മിയെയാണ് ഈ അവസരത്തില്‍ ഓര്‍മ വരുന്നത് (പ്ലേറ്റില്‍ വെച്ച് വായ്ക്ക് രുചിയായി  എന്ത് തന്നാലും  സന്തോഷത്തോടെ അകത്താക്കി കൊള്ളും  എന്നത് എന്‍റെ  നല്ല സ്വഭാവങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെട്ടിരുന്നു  എന്ന സത്യം ഇവര്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ? ) . ഇപ്പോളും ഒരു അവസരം കിട്ടിയാല്‍ സീ ഫേസിലെ കരിമീന്‍ പൊള്ളിച്ചതും , സം സംമിലെ ചിക്കനും ഒക്കെ അകത്താക്കാന്‍ വലിയ മന‍:സാക്ഷിക്കുത്ത്  ഒന്നും തോന്നാറില്ല എന്നതാണ് വാസ്തവം.(ഇത്രയും ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ ഒരു തന്തൂരി  ചിക്കന്‍  കഴിക്കാന്‍ തോന്നുന്നു !!!). ഇന്ന് സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മുതല്‍ തലയ്ക്കകത്ത്  ഫുഡ്‌ ഫെസ്റ്റിവല്‍ നടക്കുകയാണ്. രുചിയുള്ള ഭക്ഷണം തേടി മാത്രമായുള്ള യാത്രകള്‍വരെ ചെയ്യുന്ന കുറച്ച് ആളുകളുടെ കഥയാണ്  സാള്‍ട്ട് & പെപ്പര്‍‍.

കാളിദാസന്‍ (ലാല്‍), മായ കൃഷ്ണന്‍ (ശ്വേതാ മേനോന്‍ ) എന്നിവരുടെ ആഹാരത്തോടുള്ള ഇഷ്ടം അവരെ തമ്മില്‍ അടുപ്പിക്കുന്നതും , തുടര്‍ന്നുണ്ടാവുന്ന രസകരമായ  സംഭവങ്ങളുമാണ് സാള്‍ട്ട് & പെപ്പറിന്‍റെ കഥ. കാളിദാസന്‍റെ ബന്ധുവായ മനു (ആസിഫ് അലി ) , മായയുടെ ബന്ധുവായ മീനാക്ഷി (മൈഥിലി ) എന്നിവരും ഈ കാളിദാസന്‍റെ കുക്കായ ബാബു (ബാബുരാജ് ) , കാളിദാസന്‍ ജോലി ചെയ്യുന്ന ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ  ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ (വിജയ രാഘവന്‍ ) എന്നിവരും  കാളിദാസനും മായയും  തമ്മില്‍ അടുക്കുന്നതിനും , അകലുന്നതിനും വീണ്ടും അടുക്കുന്നതിനും ഒക്കെ കാരണക്കാരാകുന്നു.

കൊച്ചു കൊച്ച് സംഭവങ്ങള്‍ കൂട്ടിയിണക്കി രസകരമായിട്ടാണ് സംവിധായകന്‍ ആഷിക് അബു സാള്‍ട്ട് & പെപ്പര്‍ അവതരിപ്പിക്കുന്നത്‌. മായയോടും, കാളിദാസനോടും നമുക്ക് സിനിമ തുടങ്ങി ഏറെ കഴിയുന്നതിന് മുന്‍പ്   ഒരു ഇഷ്ടമൊക്കെ തോന്നും.തന്നെയുമല്ല സിനിമയില്‍ ആഹാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ് മുറിയില്‍ തുടങ്ങുന്ന ആദ്യ സീന്‍ , പഴയ പ്രണയം ഓര്‍മ്മിക്കുന്ന ബാലചന്ദ്രന്‍  കാളിദാസനില്‍ വരുത്തുന്ന മാറ്റം സ്വഭാവികമായി സ്ക്രീനില്‍ എത്തിക്കുന്ന സീന്‍ , ഇതിലൊക്കെ സംവിധായകന്‍  എന്ന നിലയില്‍ ആഷിക് അബുവിന്‍റെ കയ്യടക്കം  കാണാം  എന്ന് തോന്നുന്നു . വെറുതെ വന്ന് പോകുന്നു എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍(കഥ , തിരക്കഥ , സംഭാഷണം ശ്യാം പുഷ്കരന്‍/ദിലീഷ് നായര്‍ )  ഏറെയൊന്നും സിനിമയില്‍ ഇല്ലാത്തതും , സാധാരണ ആളുകള്‍ സംസാരിക്കുന്ന തരത്തിലെ സംഭാഷണങ്ങളും  ഒക്കെ സാള്‍ട്ട് & പെപ്പര്‍ അസ്വാദ്യകരമാക്കുന്നു.സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ ഒന്നുകില്‍ കഥയില്‍ എന്തെങ്കിലും പ്രാധാന്യമുണ്ട്. അല്ലങ്കില്‍ അവര്‍ക്ക് പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുന്നതില്‍ പങ്കുണ്ട് .ഉദാഹരണം പറഞ്ഞാല്‍, കല്‍പ്പന അവതരിപ്പിക്കുന്ന മരിയ എന്ന ബ്യൂട്ടീഷ്യന്‍ , ഏറെ ശ്രമങ്ങള്‍ ഒന്നും കൂടാതെ മായാ കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍റെ പശ്ചാത്തലവും സ്വഭാവവും വ്യക്തമാക്കുന്നതിന് സഹായകരമാകുന്നുണ്ട്. സംഭാഷണങ്ങളില്‍ , തട്ടില്‍ക്കൂട്ടിയ ദോശ ഓര്‍ഡര്‍ ചെയ്യാന്‍ മായ ഹോട്ടലിലേക്ക് വിളിക്കുന്ന ഫോണ കാള്‍ മാറി കാളിദാസന് വരുന്ന സീന്‍ , ന്യൂ ഇയര്‍ ഈവിന് ബാല്‍ക്കണിയിലിരുന്നുള്ള മായ , മീനാക്ഷി,മരിയ എന്നിവരുടെ സീന്‍ , ഇവ എടുത്ത് പറയേണ്ടവയാണ്. കല്യാണാലോചന സീനിന്‍റെ തുടര്‍ച്ചയായി കാളിദാസനും   ബാബുവും തമ്മിലുള്ള സംസാരം ശരിക്കും ചിരി ഉണര്‍ത്തും .

സീനുകളില്‍ നല്ല ഫ്രെഷ്നെസ് തോന്നിക്കുന്ന ക്യാമറയും (ഷൈജു ഖാലിദ്: ടൈറ്റില്‍ സീനുകള്‍ ശരിക്കും ഒരു കളര്‍ഫുള്‍ ഫുഡ്‌ ഫെസ്റ്റിവല്‍ ആണ്),വലിയ കുഴപ്പമില്ലാത്ത പാട്ടുകള്‍ (സംഗീതം -ബിജ്ബാല്‍ , രചന -റഫീക്ക് അഹമ്മദ്‌ /സന്തോഷ്‌ വര്‍മ്മ ) എന്നിവ കൂടിയാകുമ്പോള്‍ സാള്‍ട്ട് & പെപ്പര്‍ ശരിക്കും ഒരു ലൈറ്റ് എന്‍റര്‍ടെയ്നറാകുന്നു .

പ്രധാന നടി നടന്മാര്‍ എല്ലാവരും ഈ സിനിമയില്‍ നന്നായിട്ടുണ്ട് .ലാലും, ശ്വേതാ മേനനോനും , ആസിഫ് അലിയും , മൈഥിലിയും എല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. പക്ഷേ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ബാബു എന്ന കുക്കായി അഭിനയിച്ച ബാബുരാജിനെയാണ് .സാധാരണ വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കാറുള്ള ഈ നടന്‍ , ബാബു എന്ന സാധുവായ കഥാപാത്രത്തെ വളരെ നന്നായി സ്ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട് . ചില സീനുകളില്‍ ചിരി ഉണര്‍ത്തുന്ന സംഭാഷണങ്ങള്‍ , കാളിദാസന്‍ എന്ന കഥാപാത്രത്തോട് ബാബുവിന് ഉള്ള ഇഷ്ടം, ഇതൊക്കെ ബാബു എന്ന കഥാപാത്രത്തില്‍  എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് .

വലിയ ബഹളങ്ങളോ , ട്വിസ്റ്റുകളോ ഒന്നുമില്ലാതെയാണ് സാള്‍ട്ട് & പെപ്പര്‍ മുന്നോട്ടു പോകുന്നതും , അവസാനിക്കുന്നതും .പക്ഷേ ബോറടിക്കാതെ , രസത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് എനിക്ക് തോന്നി .  രുചിയുള്ള  ഭക്ഷണവും , ഒടുവില്‍ ഒരു നല്ല ഐസ്ക്രീമും  കഴിച്ചത് പോലെ കണ്ടിറങ്ങാവുന്ന  ഒരു സിനിമ.

Monday 4 July 2011

ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ :Transformers: Dark of the Moon

വാഹനങ്ങളായി രൂപം മാറാന്‍ കഴിവുള്ള അന്യഗ്രഹ ജീവികളായ യന്ത്രമനുഷ്യര്‍ .അതിശക്തമായ ആയുധങ്ങള്‍ സ്വന്തം ശരീര  ഭാഗങ്ങളായി തന്നെ കൊണ്ട് നടക്കുന്നവര്‍.അവരില്‍ ഒരു കൂട്ടര്‍ മനുഷ്യരുടെ മിത്രങ്ങള്‍.ശത്രുക്കളായി മറ്റൊരു കൂട്ടര്‍. ട്രാന്‍സ്ഫോര്‍മേര്‍സ്  എന്ന സിനിമാ ശ്രിംഖല കണ്ടിട്ടുള്ളവര്‍ക്ക് ഞാന്‍ ഈ പറഞ്ഞത് മനസിലാവും.കണ്ടിട്ടില്ലാത്തവര്‍ എനിക്ക് വട്ടാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ ഞാന്‍ അവരെ കുറ്റമൊന്നും പറയില്ല.പക്ഷേ അവരുടെ സൌകര്യത്തിനു വേണ്ടി  ഒരു അല്‍പ്പം പഴയ കഥ പങ്ക് വെയ്ക്കാം.ഒപ്പം ,ട്രാന്‍സ്ഫോര്‍മേര്‍സ് ശ്രിംഖലയിലെ  മൂന്നാമത്തെ ചിത്രമായ  ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണിന്റെ വിശേഷങ്ങളും.

സൈബര്‍ട്രോണ്‍ എന്ന ഗൃഹത്തിലെ അന്തേവാസികളായ ഓട്ടോബോട്ടുകള്‍, ഡിസെപ്റ്റിക്കോണുകള്‍  എന്നീ രണ്ടു വിഭാഗം യന്ത്രമനുഷ്യര്‍ തമ്മിലുള്ള യുദ്ധം  സൈബര്‍ട്രോണ്‍ നശിപ്പിക്കുന്നതും , രക്ഷപെട്ട്  ഭൂമിയിലേക്ക്   എത്തുന്ന ഓട്ടോബോട്ടുകളും ഡിസെപ്റ്റിക്കോണുകളും തമ്മിലുള്ള യുദ്ധം ഭൂമിയിലും തുടര്‍ന്നതും,മനുഷ്യരും ആ യുദ്ധത്തില്‍ പങ്കാളികള്‍ ആകുന്നതുമാണ്  ട്രാന്‍സ്ഫോര്‍മേര്‍സ് ചലച്ചിത്ര ശ്രിംഖലയുടെ (കാര്‍ട്ടൂണുകളുടെയും) പ്രമേയം. ഈ ശ്രിംഖലയിലെ മൂന്നാമത്തെ ചിത്രമായ ട്രാന്‍സ്ഫോര്‍മേര്‍സ് : ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ ആ യുദ്ധത്തിന്റെ തുടര്‍ച്ചയുടെ കഥ പറയുന്നു. മനുഷ്യര്‍ക്കിടയില്‍ പല വാഹനങ്ങളുടെ രൂപത്തില്‍ (ഫെറാറി, ഷെവര്‍ലെ കാറുകള്‍ മുതല്‍ കൂറ്റന്‍ ട്രക്കുകള്‍ വരെയായി ) കഴിയുകയും ,ആവശ്യമുള്ളപ്പോള്‍ ഭീമാകാരമായ റോബോട്ടുകലായി മാറുകയും ചെയാനുള്ള കഴിവുകള്‍  ഓട്ടോബോട്ടുകള്‍ക്കും ,ഡിസെപ്റ്റിക്കോണുകള്‍ക്കും ഒരുപോലെ സ്വന്തമാണ് .ഈ ശ്രിംഖലയിലെ പ്രധാന കഥാപാത്രങ്ങളായ ഓട്ടോബോട്ടുകളുടെ നേതാവ് ഓപ്പ്റ്റിമസ്  പ്രൈമും, ഡിസെപ്റ്റിക്കോണുകളുടെ നേതാവ് മെഗാട്രോണും, ഓട്ടോബോട്ടുകളുടെ ഭൂമിയിലെ സുഹൃത്തായ സാം വിറ്റ്വിക്കിയും  ,സാമിന്റെ ഉറ്റ സുഹൃത്തായ ഓട്ടോബോട്ട്  ബംബിള്‍ബീയും  ഡാര്‍ക്ക് ഓഫ് ദി മൂണിലും ഉണ്ട് . ഒപ്പം പഴയതും,പുതിയതുമായ ധാരാളം കഥാപാത്രങ്ങളും (മനുഷ്യരും,യന്ത്രമനുഷ്യരും).


ഡാര്‍ക്ക് ഓഫ് ദി മൂണ്‍ തുടങ്ങുന്നത് , യുദ്ധത്തില്‍ നശിക്കാറായ സൈബര്‍ട്രോണില്‍ നിന്നും ഓട്ടോബോട്ടുകളുടെ ഉന്നത നേതാക്കളില്‍ ഒരാളായ സെന്റിനല്‍ പ്രൈമിന്റെ നേതൃത്വത്തില്‍ ആര്‍ക്ക് എന്ന് പേരുള്ള  ബഹിരാകാശ പേടകം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതോടെയാണ് . പക്ഷെ ശത്രുക്കളുടെ ആക്രമണത്തില്‍ ആര്‍ക്ക് തകരുകയും, ചന്ദ്രനില്‍ വന്ന് പതിക്കുകയും ചെയ്യുന്നു . ആയിരത്തി തൊള്ളായിരത്തി അറുപ്പത്തിയൊന്നില്‍  ചന്ദ്രനില്‍ ആര്‍ക്കിന്‍റെ സാന്നിധ്യം നാസ മനസിലാക്കുന്നു  . റഷ്യക്കാര്‍ക്ക് മുന്‍പേ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഉത്തരവ് പ്രകാരം നാസ ശ്രമങ്ങള്‍ തുടങ്ങുന്നു . അറുപത്തി ഒന്‍പതില്‍ നീല്‍ ആംസ്ട്രോങ്ങിന്‍റെ  നേതൃത്ത്വത്തിലുള്ള  അമേരിക്കന്‍ സംഘം ആര്‍ക്ക് കണ്ടെത്തുന്നു . പക്ഷെ ചന്ദ്രനിലെ അന്തരീക്ഷത്തില്‍ കഴിയുവാനുള്ള പ്രാണവായു അധികമില്ലത്തതിനാല്‍ ,അവര്‍ക്ക് ആര്‍ക്കിനെ കുറിച്ച് ഏറെയൊന്നും മനസിലാക്കുവാന്‍ സാധിക്കുന്നില്ല. അറുപത്തി ഒന്‍പതിന് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യ സഞ്ചാരങ്ങള്‍ ,എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കുന്നു .താമസിയാതെ  ആര്‍ക്ക് വിസ്മരിക്കപ്പെടുന്നു .

വര്‍ത്തമാന കാലത്ത് , ട്രാന്‍സ്ഫോര്‍മേര്‍സ് ഒന്നും , രണ്ടും സിനിമകളിലെ സംഭവങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ ഗവണ്മെന്റുമായി സഹകരിച്ച് പല അന്ത്രാരാഷ്ട്ര പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുകയാണ്  ഒപ്റ്റിമസ് പ്രൈമും കൂട്ടരും. അത്തരം ഒരു ഓപ്പറേഷനായിട്ട്    ഉക്ക്രെയ്നില്‍ ആണവ റിയാക്റ്റര്‍ തകര്‍ന്ന  ചെര്‍ണോബില്‍   എന്ന സ്ഥലത്ത് എത്തുന്ന ഒപ്റ്റിമസ്, ആണവ റിയാക്റ്റര്‍ പ്ലാന്‍റില്‍ നിന്നും ആര്‍ക്കിന്‍റെ ഒരു യന്ത്ര ഭാഗം കണ്ടെടുക്കുന്നു .ഒപ്പം അവിടെ ഷോക്ക് വേവ് എന്ന ഡിസെപ്റ്റിക്കോണിന്റെ സാന്നിധ്യവും അറിയുന്നു.ഷോക്ക് വേവ് ഒപ്റ്റിമസ്സില്‍ നിന്ന് രക്ഷപ്പെടുന്നു .തുടര്‍ന്ന് ഒപ്റ്റിമസ്സിന്റെ ആവശ്യപ്രകാരം അമേരിക്കന്‍ ഗവണ്മെന്റ് ആയിരത്തിത്തൊള്ളായിരത്തി  അറുപത്തിയൊന്‍പതില്‍ ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് നീല ആംസ്ട്രോങ്ങും സംഘവും ആര്‍ക്ക് കണ്ടെത്തിയ വിവരം വെളിപ്പെടുത്തുന്നു . സൈബര്‍ട്രോണിലെ യുദ്ധം  ജയിക്കാന്‍ ഓട്ടോബോട്ടുകളെ പ്രാപ്തരാക്കുന്ന സാങ്കേതിക വിദ്യയും വഹിച്ചാണ് ആര്‍ക്ക് എന്ന ആ പേടകത്തില്‍ സെന്റിനല്‍ പ്രൈം യാത്ര തരിച്ചത് എന്ന് അറിയാവുന്ന ഒപ്റ്റിമസ് , ഡിസെപ്റ്റിക്കോണുകള്‍ ആര്‍ക്ക് കണ്ടെത്തും മുന്‍പേ അത് കണ്ടെത്താന്‍ തീരുമാനിക്കുന്നു. ചന്ദ്രനില്‍ എത്തി ആര്‍ക്ക് കണ്ടെത്തുന്ന ഒപ്റ്റിമസ് ആ പേടകത്തില്‍ നിന്നും അതീവ ശക്തിയുള്ള അഞ്ച് പില്ലറുകളും  ഒപ്പം സെന്റിനല്‍ പ്രൈമിന്റെ നിര്‍ജീവമായ ശരീരവും ഭൂമിയിലേക്ക്‌ കൊണ്ട് വരുന്നു .

 ഭൂമിയില്‍ വെച്ച് ,സ്വന്തം ശക്തി ഉപയോഗിച്ച് ഒപ്റ്റിമസ്  ,സെന്റിനല്‍ പ്രൈമിനെ ജീവിപ്പിക്കുന്നു.  ആര്‍ക്കില്‍ നിന്നും ഒപ്റ്റിമസ് കൊണ്ട് വന്ന അഞ്ച് പില്ലറുകള്‍  നിര്‍മ്മിച്ചത് , സമയത്തിനും ,സ്ഥലത്തിനുമിടെ ഊര്‍ജ്ജത്തിന്റെ വാതിലുകള്‍ സൃഷ്ടിച്ച് അതിലൂടെ ഓട്ടോബോട്ടുകളെ  പ്രപഞ്ചത്തിന്റെ ഇതു കോണിലേക്കും നിമിഷ നേരംകൊണ്ട് സഞ്ചരിച്ച് എത്തുവാന്‍ പ്രാപ്ത്തരാക്കുവാന്‍  വേണ്ടിയാണ്   എന്ന്   സെന്റിനല്‍ പ്രൈം വെളിപ്പെടുത്തുന്നു .അത്തരം ഒരു ശക്തി ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ കൂട്ടത്തോടെ എത്തുവാന്‍ കാരണമായേക്കും എന്ന് അമേരിക്കന്‍ ഗവണ്മെന്റ് ഭയപ്പെടുന്നു. അത് തടയുവാന്‍ വേണ്ട നീക്കങ്ങള്‍ അവര്‍ ആരംഭിക്കുകയും ചെയ്യുന്നു. അതോടെ ദശാബ്ദങ്ങള്‍ നീണ്ട ഒരു ചതിയുടെയും കഥയ്ക്ക് ചുരുളഴിയുന്നു .  ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ അധിനിവേശത്തിലേക്കും .പ്രതിരോധത്തിലെക്കും  അത് വഴി വെയ്ക്കുന്നു.  ഓട്ടോബോട്ടുകളുടെ സുഹൃത്തായ സാം വിറ്റ്വിക്കി എന്ന കൌമാരക്കാരനും , അയാളുടെ പുതിയ കാമുകി (ആദ്യ രണ്ടു സിനിമകളിലും മേഗന്‍ ഫോക്സ് അവതരിപ്പിച്ച പഴയ കാമുകി മിക്കേല ഈ ചിത്രത്തില്‍ ഇല്ല ) കാര്‍ലീയും ആ പ്രതിരോധ യുദ്ധത്തില്‍ പങ്കാളികളാകുന്നു.

അന്യഗ്രഹ ജീവികള്‍ , അവരുമായി ഭൂമിയില്‍ മനുഷ്യര്‍ (ഈ സിനിമയില്‍ അന്യഗ്രഹ ജീവികള്‍ തന്നെ ) നടത്തുന്ന യുദ്ധങ്ങള്‍ ; ഒരു നൂറ് ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ പ്രമേയമായിട്ടുള്ള കഥാ തന്തുവാണ് ഇത് . അതേ കഥാതന്തു ആധാരമാക്കിയ ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ പക്ഷേ ഒരു നിമിഷം പോലും കാണികളെ ബോറടിപ്പിക്കുന്നില്ല. അവതരണത്തിലെ വേഗതയും  , കാണികളെ അമ്പരപ്പിക്കുന്ന തരത്തിലെ ആക്ഷന്‍ രംഗങ്ങളും ഒക്കെ അതില്‍ ഈ ചിത്രത്തെ സഹായിക്കുന്നു . സാഹസികവും , വളരെ ത്രില്ലിങ്ങുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ സ്ക്രീനില്‍ എത്തിക്കുവാന്‍ സംവിധായകന്‍ മൈക്കിള്‍ ബേ പണ്ടേ മിടുക്കനാണ് എന്നാണ് എന്‍റെ അഭിപ്രായം (ദി റോക്ക് , ആര്‍മാഗ്ഡണ്‍ ,  ബാഡ് ബോയ്സ്  എന്നീ സിനിമകള്‍  ചില ഉദാഹരണങ്ങള്‍  മാത്രം ) .ചുറ്റുമുള്ളതെല്ലാം നശിപ്പിക്കുന്ന തരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മൈക്കിള്‍ ബേയുടെ സിനിമകളുടെ പ്രത്യേകതയും. അത്തരത്തിലുള്ള ഒരു സംവിധായകനൊപ്പം , ബാഡ് ബോയ്സ് 2 , ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ്   എന്നീ സിനിമകള്‍ക്ക്‌ വേണ്ടി ക്യാമറ നിയന്ത്രിച്ച   അമീര്‍  മൊക്രിയും, ഐ എല്‍ എമ്മിന്‍റെ വിഷ്വല്‍ ഇഫെക്കറ്റ്   സംഘവും ചേരുമ്പോള്‍ ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നാകുന്നു. 

തുടക്കം മുതല്‍ അവസാനം വരെ എല്ലാം ഉഗ്രന്‍ സീനുകളാണ്. എങ്കിലും എടുത്തു പറയേണ്ട ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്:
  • ചന്ദ്രനിലെ രംഗങ്ങള്‍
  • തിരക്കേറിയ റോഡുകളിലൂടെ ഉള്ള  ചേസ് .(പതിനഞ്ച് ഇരുപതു മിനിട്ടുകള്‍ നീളുന്ന ഈ രംഗത്തില്‍ ആക്ഷന്‍കണ്ട് ശരിക്കും അന്തം വിട്ടിരുന്ന് പോയി )
  • സാം വിറ്റ്വിക്കിയും  കൂട്ടരും തകര്‍ന്നു വീഴുന്ന കെട്ടിടത്തിന്‍റെ കണ്ണാടി ചില്ലുകളിലൂടെ താഴേക്ക്‌ തെന്നി നീങ്ങുന്ന രംഗം.
  • ഷോക്ക് വേവ് നഗരം തകര്‍ക്കുന്ന രംഗങ്ങള്‍
  • ശത്രുക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ബംബിള്‍ബീ നടത്തുന്ന യുദ്ധം
  • അവസാനത്തെ യുദ്ധം

അഭിനേതാക്കളുടെ കാര്യം ഇതുവരെ ഒന്നും പറയാത്തത് , അവര്‍ക്കാര്‍ക്കും ഈ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നുള്ളത് കൊണ്ടാണ്. സാം വിറ്റ്വിക്കിയായ് ഷിയാ ലബോവ്  ,ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ തന്നെ ഗുണവും ദോഷവും ഇല്ലാതെ തുടരുന്നു. കാര്‍ലീ എന്ന നായികയായി റോസീ ഹണ്ടിംഗ്ടണ്‍ വൈറ്റ്ലീ ഗ്ലാമര്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു കൂട്ടി ചേര്‍ക്കലാണ് എന്ന് തോന്നുന്നു(കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍  മേഗന്‍ ഫോക്ക്സും അങ്ങനെ തന്നെ ആയിരുന്നു ) . അഭിനേതാക്കളില്‍ അകെ എനിക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത്   സിമണ്‍സ് എന്ന പഴയ ഗവണ്മെന്റ് എജെന്റിനെ അവതരിപ്പിച്ച ജോണ്‍ ടുര്‍റ്റ്യൂറോയെയും , സിമണ്‍സ്സിന്‍റെ സഹായി ഡച്ചിനെ അവതരിപ്പിച്ച അലന്‍ ടുഡൈക്കിനെയുമാണ്‌. യന്ത്രമനുഷ്യര്‍ക്ക് ശബ്ദം നല്‍കിയവരില്‍ പീറ്റര്‍ കള്ളന്‍ (ഒപ്റ്റിമസ് പ്രൈം ) , ഹുഗോ വേവിംഗ് (മെഗാട്രോണ്‍ ) , ലിയനാര്‍ഡോ നിമോയ് (സെന്റിനല്‍ പ്രൈം ) എന്നിവരാണ് മികച്ച് നിന്നത് എന്ന് തോന്നുന്നു. ഗാംഭീര്യമുള്ള ശബ്ദങ്ങള്‍ ആണ് മൂവരുടെയും. 

മൈക്കിള്‍ ബേ സംവിധാനം ചെയ്ത ട്രാന്‍സ്ഫോര്‍മേര്‍സ് സിനിമകളുടെ ശ്രിംഖല മൂന്നാം ഭാഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ , ഗ്രാഫിക്സ് , ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ കൊണ്ട് കൂടുതല്‍ കൂടുതല്‍ സമ്പുഷ്ടമാവുകയാണ്. ത്രീഡിയില്‍ ഈ സിനിമ കാണുന്നതിന്‍റെ   രസം ഒന്ന് വേറെ തന്നെയാണ്(തിരുവനന്തപുരം അത്യുല്യയില്‍ ത്രീഡി സിനിമകള്‍ കാണുന്നത് സത്യത്തില്‍ ഗതികേടാണ്. എങ്കില്‍ പോലും ഈ സിനിമ ആസ്വദിച്ചു  ).ചുരുക്കത്തില്‍ സാങ്കേതിക വിദ്യകളുടെ യാതൊരു പിശുക്കുമില്ലത്ത ഉപയോഗം കൊണ്ട് ,കാണികള്‍ക്ക് ടിക്കറ്റിന് കൊടുത്ത കാശ് മുതലാവുന്ന സിനിമ. അതേ സമയം കഥയുടെ വിശ്വാസ്യതയോ ,അഭിനേതാക്കളുടെ  മികച്ച പ്രകടനങ്ങളോ വേണ്ടവര്‍ക്കുള്ളതല്ല ഈ സിനിമ.ചുരുക്കത്തില്‍ , ത്രില്ലിംഗ് ടൈംപാസ് എന്ന് പറയാം

Friday 1 July 2011

വയലിന്‍ :Violin

പണ്ട് കാലത്ത് നാട്ടിലൊക്കെയുള്ള ജൂവലറികളില്‍ ഒരു മാലയൊക്കെ വാങ്ങുന്നവര്‍ക്ക് അത് പൊതിഞ്ഞു കൊടുത്തിരുന്നത് നല്ല കടും ചുവപ്പ് നിറത്തില്‍ ഭംഗിയുള്ള  കടലാസുകളില്‍ ആയിരുന്നത്രേ . ഷോപ്പിന്‍റെ പേര്   ആ കടലാസിന് പുറത്ത് സ്വര്‍ണ്ണ നിറത്തിലുണ്ടാകുമായിരുന്നു. ഇത്തരം പേപ്പറുകളില്‍ തരിമണല്‍ പൊതിഞ്ഞ്, പെരുന്നാളിന്‍റെ അന്ന് തിരക്കിനിടെ നിലത്തിട്ട്, ആളുകളെ പറ്റിക്കുന്നത് ഡാഡിയുടെയും  കൂട്ടുകാരുടെയും സ്ഥിരം പരിപാടിയായിരുന്നു എന്ന് ഡാഡി തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും , നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വയലിന്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും ഏതാണ്ട് അങ്ങനത്തെ ഒരു പൊതി നിലത്തു നിന്നും കിട്ടി അത് തുറന്ന് നോക്കി  ഐസായത്   പോലെയാണ് തോന്നിയത. പരസ്യങ്ങള്‍ , ട്രെയ്ലര്‍ എന്നിവയുടെ    ഉഗ്രന്‍ പാക്കേജിംഗ് .പക്ഷേ സ്വര്‍ണ്ണം പ്രതീക്ഷിച്ച് പൊതി അഴിച്ചപ്പോള്‍ ഉള്ളില്‍ വെറും മണ്ണ്.

ഏയ്ഞ്ചല്‍ (നിത്യാ മേനോന്‍ ), എബി (ആസിഫ് അലി )എന്നിവരുടെ പ്രണയ കഥയാണ്‌ വയലിന്‍ പറയുന്നത് .  അമ്മയുടെ രണ്ട് സഹോദരിമാരോടൊപ്പം ഫോര്‍ട്ട്‌ കൊച്ചിയില്‍ താമസിക്കുന്ന ഏയ്ഞ്ചല്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിക്ക് , അവളുടെ കുട്ടിക്കാലത്ത് സംഭവിച്ച ചില ദുരന്തങ്ങള്‍  കാരണം ആണുങ്ങളെ എല്ലാം വെറുപ്പും സംശയവുമാണ്. അവളുടെ ജീവിതത്തിലേക്ക് എബിയുടെ കടന്ന് വരവും , തുടര്‍ന്ന് അവളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്  വയലിന്‍റെ  പ്രധാന കഥ . എബിയുടെ ഭൂതകാലവും  ദുരന്തങ്ങളിലൂടെ കടന്ന് പോയത് തന്നെയാണ്. തുടക്കത്തില്‍ എബിയെ വെറുക്കുന്ന ഏയ്ഞ്ചല്‍ പിന്നീട് സംഗീതത്തിലൂടെ അവനോട് അടുക്കുന്നു. സ്വന്തം ജീവിതങ്ങളില്‍ സംഭവിച്ച ദുരന്തങ്ങള്‍ എല്ലാം മറന്ന്, ഒന്നിച്ചു സന്തോഷപൂര്‍ണ്ണമായ ഒരു ജീവിതം അവര്‍ സ്വപ്നം കാണുന്നു. പക്ഷേ അവസാനിക്കാത്ത ദുരന്തങ്ങള്‍ വീണ്ടും അവരെ വേട്ടയാടുന്നു. 

ആണിനെ വെറുക്കുന്ന നായികയും, നന്മയും , സാമര്‍ത്ഥ്യം  കൊണ്ട് അവളുടെ മനസ്സ് മാറ്റുന്ന നായകനും,  കിലുക്കം സിനിമയില്‍ തിലകന്‍ പറയുന്നത് പോലെ  തിലകനെക്കാള്‍ പ്രായമുള്ള കഥയാണ്‌ എന്ന് തോന്നുന്നു. അതിന്‍റെ കൂടെ, സ്ഥിരം വില്ലനും , ടീവി സീരിയല്‍ മോഡല്‍ കണ്ണീര്‍ ട്വിസ്റ്റുകളും കൂടി ചേരുമ്പോള്‍ പലയിടത്തും വയലിന്‍ ശരിക്കും അസഹനീയമാകുന്നു. കണ്ണീര്‍ കഥയാണോ , സംഗീത പ്രാധാന്യമുള്ള പ്രണയ കഥയാണോ , അതോ ആക്ഷന്‍ ത്രില്ലറാണോ സിബി മലയില്‍ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയും. കണ്ണീര്‍ കഥയ്ക്ക് പിന്നാലെ പോകാതെ മനോഹരമായ ഒരു പ്രണയ  കഥയായി പറയാമായിരുന്ന തീം ആണ് വയലിന്‍ എന്ന സിനിമയുടെത്. പുതുമയുള്ള അവതരണത്തിലൂടെ , എത്ര പറഞ്ഞ് പഴകിയ കഥയും രസമുള്ളതാക്കാം എന്ന് തെളിയിക്കുന്ന പല സിനിമകളും കണ്ടിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. നമുക്ക് ആശിക്കാനല്ലേ പറ്റു ?

വയലിന്‍ ഒരു മോശം സിനിമയായതിനുള്ള പ്രധാന ഉത്തരവാദികള്‍ സംവിധായകന്‍ സിബി മലയിലും , കഥ, തിരക്കഥാ, സംഭാഷണം എന്നിവ കൈകാര്യം ചെയ്ത വിജു രാമചന്ദ്രനുമാണ്. ഇഴഞ്ഞ്  നീങ്ങുന്ന കഥ, അതിന് തന്നെ  യാതൊരു ലക്ഷ്യ ബോധവും ഇല്ലാത്ത പോക്കും . നാടകം പോലെ തോന്നിപ്പിക്കുന്ന സംവിധാനവും കൂടിയായപ്പോള്‍ കാണാന്‍ കാശ് മുടക്കി ടിക്കറ്റ് എടുത്ത എനിക്ക് തൃപ്തിയായി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ . നായികയും , നായകനും തമ്മിലുള്ള ഉടക്കും, പിന്നെ പ്രണയത്തില്‍ ആകുന്ന സാഹചര്യങ്ങളും ഒക്കെ കണ്ടിരിക്കുന്ന നമ്മള്‍ അയ്യോ മതിയേ എന്ന് പറയുന്നത് വരെ വലിച്ചു നീട്ടുന്ന അനുഭവമാണ്  വയലിന്‍ തരുന്നത്. കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വന്ന് എന്തൊക്കെയോ ചെയ്യുന്നു , പോകുന്നു. അവരുടെ പ്രവര്‍ത്തികള്‍ക്ക് പ്രധാന കഥയുമായി ബന്ധമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് , പക്ഷേ പല സംഭവങ്ങള്‍ കൂട്ടിക്കുഴച്ച് ഒന്നിനും പൂര്‍ണ്ണത ഇല്ലാതെ അവസാനിക്കുന്ന കഥ കാണികളില്‍ വിരസത മാത്രം അവശേഷിപ്പിക്കുന്നു .

അവതരണത്തിലെ വിരസതക്കൊപ്പം തന്നെ കണ്ടിരിക്കുന്ന നമ്മളെ കൊല്ലുന്ന മറ്റൊരു ഘടകം അഭിനേതാക്കളാണ് . ആസിഫ് അലി ചില്ലറ കോമഡികള്‍ കാണിക്കാന്‍ ശ്രമിക്കുന്നു , പരാജയപ്പെടുന്നു. പിന്നെ സെന്റിമെന്റ്സ്  ശ്രമിക്കുന്നു , നമ്മുടെ ക്ഷമയുടെ പരിധി പരീക്ഷിക്കുന്നു. നിത്യാ മേനോനും ഒട്ടും പിന്നിലല്ല. കോമഡി ഇല്ല എന്ന് മാത്രം. പക്ഷേ അഭിനയിച്ച് ആളെ  ബോറടിപ്പിക്കുന്നതില്‍ അസിഫ് അലിയോട് തോളോട് തോള് ചേര്‍ന്നുള്ള പ്രകടനമാണ് നിത്യയുടെതും. സിനിമയിലെ ഏറ്റവും യുക്തി ഭദ്രത കുറഞ്ഞ കഥാപാത്രം നല്‍കി   സിബി മലയിലും , വിജു രാമചന്ദ്രനും  അവരെക്കൊണ്ടാകുന്ന വിധം അക്കാര്യത്തില്‍ നിത്യയെ സഹായിക്കുന്നുണ്ട്. മറ്റു അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ സമയം സ്ക്രീനില്‍ വരുന്നത്  , ലക്ഷ്മി രാമകൃഷ്ണന്‍(ഏയ്ഞ്ചലിന്‍റെ ആന്‍റിമാരില്‍  ആദ്യത്തെയാള്‍ , ആനി), റീന ബഷീര്‍ (ഏയ്ഞ്ചലിന്‍റെ  രണ്ടാമത്തെ ആന്‍റി  മേഴ്സി  ) , ശ്രീജിത്ത്‌ രവി (ഹെന്‍ട്രി എന്ന വില്ലന്‍ ), ചെമ്പില്‍ അശോകന്‍ (എഡ്ഡി ) വിജയ രാഘവന്‍ (സൈമണ്‍ ) നെടുമുടി വേണു (ഡോ: സാമുവല്‍ ), വിജയ്‌ മേനോന്‍ (എബിയുടെ പപ്പ ആന്റണി ), ജനാര്‍ദ്ദനന്‍ (ഫാദര്‍ പൌലോസ് ) എന്നിവരാണ്.  ഇവര്‍ക്കാര്‍ക്കും തന്നെ  സിനിമയില്‍ ഒന്നും തന്നെ ചെയ്യാനില്ല. അഭിനേതാക്കളില്‍ അവരവരുടെ ഭാഗം നന്നാക്കി എന്ന് എനിക്ക് തോന്നിയത് അഭിലാഷും (എബിയുടെ സുഹൃത്ത് ജോസ് ) അനില്‍ മുരളിയുമാണ്‌ (എസ് ഐ). പക്ഷേ അധികം സ്ക്രീന്‍ ടൈം ഇല്ലാത്ത രണ്ട് അഭിനേതാക്കള്‍ നന്നായത് കൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ.

നല്ലത് എന്ന് പറയാന്‍ ഈ സിനിമയില്‍ വളരെ കുറച്ച് ഘടങ്ങള്‍ മാത്രമേ ഉള്ളു. അവയില്‍ ഒന്ന് സംഗീതമാണ്. വയലിന്‍ ട്രാക്കുകള്‍  എല്ലാം കേള്‍ക്കാന്‍ സുഖമുള്ളവയാണ്. പിന്നെ ഹിമകണം എന്ന ഗാനവും . ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ‍‍(സംഗീതം:ബിജിബാല്‍ / ആനന്ദ് രാജ് ആനന്ദ് രചന: റഫീക്ക് അഹമദ്/   , സന്തോഷ്‌ വര്‍മ്മ )  എല്ലാം കേട്ട് മറക്കാവുന്നവയാണ്. മനോജ്‌ പിള്ളയുടെ ക്യാമറ ചിത്രത്തിന് ദൃശ്യഭംഗി പകരുന്നുണ്ട്.പക്ഷേ ചില സീനുകളില്‍ (ഗാന രംഗങ്ങളില്‍ പ്രത്യേകിച്ചും ) അനാവശ്യമായി കടുത്ത ചായങ്ങള്‍ നിറയ്ക്കുന്നത് പോലെ തോന്നി. നല്ല ഘടങ്ങള്‍ക്കിടയില്‍ പോലും അനാവശ്യമായ തിരുകി കയറ്റലുകള്‍ വരുന്നു എന്നതാണ് വയലിന്‍ എന്ന സിനിമയിലെ മറ്റൊരു സങ്കടകരമായ വസ്തുത.

ചുരുക്കി പറഞ്ഞാല്‍ തിയറ്ററില്‍ എത്തുന്നത് വരെ ഒരു പാട് പ്രതീക്ഷകള്‍ തന്ന്, ഒടുക്കം എല്ലാം നശിപ്പിച്ച ഒരു ബോറ് പടം .അതാണ്‌ വയലിന്‍ ഏറെയൊന്നും വലിച്ച് നീട്ടാതെ , എബി ,  എന്നിവരുടെ ബന്ധത്തിലും , അതിന്‍റെ വികാസത്തിലും ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്ന ഒരു ചിത്രം മലയാളം സീരിയലുകളെക്കാള്‍ കഷ്ടമാക്കിയത്  സിബി മലയില്‍ എന്ന സംവിധായകന്‍റെ പരാജയമാണ് എന്ന് എനിക്ക് തോന്നുന്നു.

PS: ശ്രീപത്മനാഭാ തിയറ്ററില്‍ ഈ സിനിമ കാണുമ്പോള്‍  പോസിറ്റീവായ  ഒരു സംഭവം. ചുമ്മാ കിടന്നു ബഹളം ഉണ്ടാക്കിയ കുറെയാളുകളെ തിയറ്ററുകാര്‍ ഇടപെട്ട് മര്യാദക്കാരാക്കി ഇരുത്തി. ഇത്തരം ശല്യങ്ങള്‍ വല്ലാതെ കൂടുന്ന ഇക്കാലത്ത്‍, തിയറ്ററുകാരുടെ ഈ നടപടി തികച്ചും സ്വാഗതാര്‍ഹാമാണ് .പേര്‍സണല്‍ ആയിട്ട് എന്‍റെ വക  ശ്രീപത്മനാഭാ തിയറ്ററുകാര്‍ക്ക് ഒരു കയ്യടി (തിയറ്ററില്‍ വെച്ച് ഞാന്‍ കയ്യടിച്ചിരുന്നേല്‍....ബാക്കി പറയണ്ടല്ലോ, അല്ലെ ? )