Friday 27 May 2011

ദ ട്രെയിന്‍ :The Train

വളരെയധികം സാധ്യതകള്‍ ഉള്ള ഒരു കഥ , അല്ലെങ്കില്‍ കഥയുടെ ത്രെഡ് , വെറുതെ പാഴാക്കി കളഞ്ഞു എന്ന്  ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. അത്തരം ഒരു തോന്നല്‍ ഏറ്റവും ഒടുവില്‍എനിക്ക് സമ്മാനിച്ച  സിനിമയാണ് ദ ട്രെയിന്‍ . 
ജയരാജിന്‍റെ സംവിധാനത്തില്‍  മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ദ ട്രെയിന്‍ .ഈ ചിത്രത്തിന്‍റെ കഥയും , തിരക്കഥയും , സംഭാഷണവും ജയരാജ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് . സാങ്കേതികമായി ഒരു തികഞ്ഞ പരാജയം എന്നതിലുപരി , അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കണം , കഥ എങ്ങനെ യുക്തിപൂര്‍വ്വമായി മുന്നോട്ട് കൊണ്ട് പോകണം എന്നൊക്കെയുള്ള ചിന്താകുഴപ്പത്തില്‍ പെട്ട് ഉഴലുന്ന ഒരു സംവിധായകന്‍റെ   രണ്ടു മണിക്കൂര്‍ നീളുന്ന വ്യഥയാണ് ദ ട്രെയിന്‍ ; ഈ രണ്ടു മണികൂര്‍ വീട്ടില്‍ കിടന്നു ഉറങ്ങാമായിരുന്നു എന്ന പ്രേക്ഷകയായ  എന്‍റെയും.

രണ്ടായിരത്തിയാറ് ജൂലായ്‌ പതിനൊന്നിനു മുംബൈയില്‍   ട്രെയിനുകളില്‍ നടന്ന ബോംബു സ്ഫോടന പരമ്പരകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ദ ട്രെയിനിന്‍റെ കഥ വികസിക്കുന്നത് . സിനിമ തുടങ്ങി ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോംബ്‌ സ്ഫോടനങ്ങള്‍ നടക്കും എന്ന് കാണികള്‍ക്ക് മനസിലാകും . പിന്നെ ആകെ അറിയാനുള്ളത് പ്രധാന കഥാപാത്രങ്ങളില്‍ ആരൊക്കെ ആ സ്ഫോടനങ്ങള്‍ക്ക് ഇരയാകും എന്നത് മാത്രമാണ്. കാരണം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സ്ഫോടനങ്ങള്‍ നടക്കുന്ന ട്രെയിനുകളിലും , റെയില്‍വേ സ്റ്റേഷനുകളിലുമായി ഉണ്ട്.വൈകുന്നേരം ആറു മണിക്ക് തുടങ്ങി   പതിനൊന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴു ബോമ്പ് സ്ഫോടനങ്ങള്‍ നടന്നു എന്ന വാര്‍ത്തകള്‍ക്ക് ശേഷം സിനിമ ഫ്ലാഷ്ബാക്കിലേക്ക്‌  പോകുന്നു; അന്ന് പകല്‍ ആറു മണിയിലേക്ക്.

മുംബൈ ഗേറ്റ്‌വേ ഡോക്കില്‍ ഒരു ബോട്ടില്‍ വന്നിറങ്ങുന്ന തീവ്രവാദികള്‍ , അവരെ തീരത്ത്‌ എത്തിക്കുന്ന ബോട്ട് ഡ്രൈവറെ കൊന്ന ശേഷം നഗരത്തിലേക്ക് പ്രവേശിക്കുന്നു. അന്നേ  ദിവസം നഗരത്തിലെ മെട്രോ റെയിലില്‍ സ്ഫോടന പരമ്പര സൃഷ്ടിക്കാനുള്ള പദ്ദതികള്‍ എല്ലാം അവര്‍ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു . പക്ഷെ അവര്‍ക്ക് തൊട്ട് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ കേദാര്‍ (മമ്മൂട്ടി ) ഉണ്ട്. ബോട്ട് ഡ്രൈവറുടെ മരണം അന്വേഷിച്ച് തുടങ്ങുന്ന കേദാറിന്    നഗരത്തില്‍ അന്ന് വൈകുന്നേരം ആറു മണിയോടെ  നടക്കാന്‍ പോകുന്ന വന്‍ ദുരന്തങ്ങളുടെ സൂചനകള്‍ ലഭിക്കുന്നു . അന്വേഷണം മുറുകുന്നു .കേദാറിന്‍റെ  സ്ഥിരം ശല്യമായ മേലുദ്യോഗസ്ഥന്‍ (കോട്ട ശ്രീനിവാസ റാവു ) , ജോസഫ്‌ എന്ന കൈക്കൂലിക്കാരനായ പോലീസുകാരന്‍ (ജഗതി ശ്രീകുമാര്‍ ), സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഹനീഫ് (സായി കുമാര്‍ ) എന്നിവര്‍ ഈ അന്വേഷണത്തില്‍ കേദാറിനെ   സഹായിക്കാനും, വഴിമുടക്കാനുമായി ചിത്രത്തിലുണ്ട്. സമാന്തരമായി കേദാറിനെ കാത്തിരിക്കുന്ന അയാളുടെ മകള്‍ , എ  ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടുവാന്‍ അവസരം ലഭിച്ച കാര്‍ത്തി (ജയസൂര്യ ) , കാര്‍ത്തിയുടെ ഒരു നമ്പര്‍ തെറ്റിയുള്ള ഫോണ്‍ കാള്‍ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുന്ന ലയ (അഞ്ചല്‍ സബര്‍വാള്‍ ) , വല്ല്യുപ്പയുടെ (വാവച്ചന്‍ ) ഹജ്ജ്  യാത്രക്കുള്ള പണം സ്വരുക്കൂട്ടാന്‍  ശ്രമിക്കുന്ന സഹാന (സബിതാ ജയരാജ് ) , പിറന്നാളിന് വൃദ്ധസദനത്തില്‍ നിന്നുമെത്തുന്ന സ്വന്തം അപ്പച്ചനെ (മുത്തശ്ശന്‍ ആണെന്ന് തോന്നുന്നു ) കാത്തിരിക്കുന്ന അല്ലു എന്ന ബാലന്‍ , അല്ലുവിന്‍റെ അപ്പച്ചന്‍റെ വൃദ്ധ സദനത്തിലെ സുഹൃത്ത് (വത്സലാ മേനോന്‍ ) , സ്ഥിരം തിരക്കിലായ അല്ലുവിന്‍റെ മാതാപിതാക്കള്‍ ,അല്ലുവിന്‍റെ വീട്ടിലെ കാര്‍ക്കശ്യക്കാരിയായ  ജോലിക്കാരി , അവരുടെ പിന്നാലെ നടക്കുന്ന ഒരു ടാക്സി ഡ്രൈവര്‍ (ശരണ്‍) അങ്ങനെ കുറേയധികം കഥാപാത്രങ്ങള്‍ ദ ട്രെയിനില്‍ ഉണ്ട് .ആ ദിവസം നടക്കുന്ന   ബോമ്പു സ്ഫോടന  പരമ്പരകള്‍ ഇവരുടെ എല്ലാം ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പര്യവസാനം.

ഈ സിനിമയെക്കുറിച്ച് നല്ലത് എന്തെങ്കിലും പറയാന്‍ , അല്ലെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഘടകം ചൂണ്ടിക്കാട്ടുവാന്‍ ഒന്നും തന്നെ ഇല്ല എന്നത് സങ്കടകരമായ വസ്തുതയാണ് .

അപാകതകള്‍ ഏറെയുണ്ടുതാനും . അവയില്‍ ചിലത് :
  • മോശം സംവിധാനം, കുത്തഴിഞ്ഞ , ലക്ഷ്യ ബോധമില്ലാത്ത തിരക്കഥ  , ക്യാമറ(സീനു മുരുക്കുമ്പുഴ, തനു ബാലക്ക് ) ,എഡിറ്റിംഗ്  (വിവേക് ഹര്‍ഷന്‍ ) ; ഇവ നാലും  ഈ സിനിമയുടെ നിലവാര തകര്‍ച്ചയ്ക്ക് പ്രധാന ഉത്തരവാദികളാണ്. ലയ എന്ന കഥാപാത്രം ആത്മഹത്യ ചെയ്യുവാന്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നില്‍ക്കുന്ന രംഗം മാത്രം മതി എത്ര അശ്രദ്ധമായിട്ടാണ്  ഈ ചിത്രത്തിലെ ഓരോ ഷോട്ടുകളും എടുത്തിരിക്കുന്നത് എന്ന് മനസിലാക്കാന്‍ . പുറം തിരിഞ്ഞ് പിന്നിലേക്ക്‌ വീഴുവാന്‍ നില്‍ക്കുന്ന ലയയുടെ തലമുടി കാറ്റത്തു മുന്നോട്ട് പറക്കുന്നു, പിന്നെ തിരിഞ്ഞ് കെട്ടിടത്തിന്‍റെ താഴേക്കു നോക്കുംപോലും, വശം തിരിഞ്ഞ് നില്‍ക്കുമ്പോഴും ഒക്കെ തലമുടി പറക്കുന്നത് മുന്നോട്ട് തന്നെ . (ഈ സീന്‍ ഒരു ഉദാഹരണമായി  പറഞ്ഞു എന്ന് മാത്രം.  ). തിരക്കഥയിലെ അപാകതകള്‍ ആദ്യ സീനുകളില്‍ ഒന്നില്‍ വൈകുന്നേരം ആറു മണി മുതല്‍ ആറു പതിനൊന്ന് വരെയുള്ള സമയത്ത് സ്ഫോടനങ്ങള്‍ വ്യക്തമായി പ്ലാന്‍ ചെയ്യുന്ന തീവ്രവാദികള്‍ , അതിനു ശേഷം പകല്‍ മുഴുവന്‍ ലക്ഷ്യ ബോധമില്ലാത്തത് പോലെ  റെയില്‍വേ സ്റ്റേഷനുകളില്‍ അലഞ്ഞു നടക്കുന്നതില്‍ നിന്നും തുടങ്ങി, ചിത്രത്തില്‍ മുഴുവനായി നിറയുന്നുണ്ട്.
  • റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട്‌ ധരിച്ച തീവ്രവാദിയെ മമ്മൂട്ടി സംശയത്തോടെ നോക്കുന്ന രംഗം . സ്ഫോടന പരമ്പരകളുടെ പ്രധാന ആസൂത്രകന്‍ ആയ അയാള്‍ ഒരു കറുത്ത ബാഗും തൂക്കി സ്റ്റേഷനിലെ സുരക്ഷാ കവാടങ്ങള്‍ക്ക് മുന്നില്‍ നിന്ന് താളം ചവിട്ടുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ  വന്നത് സി ഐ ഡി മൂസയില്‍ ഭാവനയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ദിലീപ് റോഡ്‌ മുറിച്ചു കടക്കുന്ന രംഗമാണ് 'ഇനി അങ്ങോട്ട്‌ വരട്ടെ ? എന്നിട്ട് ഇങ്ങോട്ട് വരട്ടെ ?' ആ മട്ടിലെ ഒരു സീന്‍.
  • ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ ഒന്നില്‍ മമ്മൂട്ടി ഒരു കോഡിന്‍റെ കുരുക്കഴിക്കുന്നുണ്ട് . മരണ സമയത്ത് കോഡ് ഭാഷയില്‍ പോലീസിനായി (അല്ലെങ്കില്‍ നിയമത്തിനായി ) സന്ദേശം എഴുതി വെയ്ക്കുന്ന തീവ്രവാദി ശരിക്കും ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ . ആ കോഡ് സംവിധായകന്‍ മമ്മൂട്ടിയെക്കൊണ്ട് സോള്‍വ് ചെയ്യിക്കുന്ന രീതി അതിലേറെ ചിരിപ്പിച്ചു .
  • സംഭാഷണങ്ങള്‍ പല രംഗങ്ങളിലും അരോചകമാണ് . 'അച്ഛനെ കൂടി നഷ്ടപ്പെട്ടാല്‍ എനിക്ക്...' എന്ന് പറയുന്ന എട്ടോ , പത്തോ വയസ്സുള്ള മുംബൈയില്‍ വളര്‍ന്ന കുട്ടിയും , ഡോക്യുമെന്‍ററി ചിത്രങ്ങളിലെ വോയിസ്‌ ഓവര്‍ പോലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനോട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളെക്കുറിച്ച്  വാചാലനാകുന്ന മമ്മൂട്ടിയും ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം .
  • എ ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പാടണം എന്നത് ജയസൂര്യ അവതരിപ്പിക്കുന്ന കാര്‍ത്തി എന്ന കഥാപാത്രത്തിന്‍റെ ജീവിതാഭിലാഷമാണ് . റഹ്മാനെ ആദ്യമായി കാണുമ്പോള്‍ സമ്മാനിക്കാനുള്ള സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ്‌ ചെയ്ത ഗാനം നിര്‍മിക്കുവാന്‍ കാര്‍ത്തി നടത്തുന്ന ശ്രമങ്ങള്‍ സംവിധായകന്‍ /തിരക്കഥാകൃത്ത് , ഇവ രണ്ടുമായ ജയരാജ് ശരിക്കും സിനിമാക്കാരന്‍ തന്നെയാണോ എന്ന സംശയം എന്നില്‍ ഉണ്ടാക്കി. ആറരക്കുള്ള ട്രെയിനില്‍ പോകേണ്ട കാര്‍ത്തി ഗാനത്തിനെ ഈരടികള്‍ ഗൌരവമായി അന്വേഷിക്കുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
  • പാട്ടുകള്‍ (സംഗീതം :ശ്രീനിവാസ് , രചന :റഫീക്ക് അഹമ്മദ്‌ ,ജയരാജ് ) ഒരു പത്തു മിനിട്ടിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ എത്തുന്നു എന്നതല്ലാതെ മറ്റൊന്നും ഈ സിനിമയില്‍ ചെയ്യുന്നില്ല . ഒരു വരിയോ, ഒരു മ്യൂസിക്ക് പീസോ പോലും ഓര്‍മ്മയില്‍ സൂക്ഷിക്കാനില്ലാത്ത ബോറന്‍ ഗാനങ്ങള്‍ ; അതാണ്‌ ഈ ചിത്രത്തിലേത്. ഹിന്ദി പാട്ടുകളുടെ വരികള്‍ കേട്ടാല്‍ , രാഷ്ട്രഭാഷയെ സ്നേഹിക്കുന്നവര്‍   ആ ഭാഷ അന്ന് ഉപേക്ഷിക്കും .
  • സബിതാ ജയരാജ് (അവരാണ് എന്ന് തോന്നുന്നു ), അപ്പച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്നിവര്‍ സ്ക്രീനില്‍ എത്തുന്ന രംഗങ്ങളില്‍ ഒക്കെ , ഈ സീന്‍ ഒന്ന് വേഗം കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ തിയറ്ററില്‍ ഇരുന്നത് . (ഈ സിനിമ ഒന്ന് വേഗം തീരണേ എന്ന പ്രാര്‍ത്ഥന വേറെയും ).
  • കുറെ ആളുകളെ എവിടുന്നൊക്കെയോ കൊണ്ട് വന്നു ക്യാമറക്ക്‌ മുന്നില്‍ എന്തൊക്കെയോ ചെയ്യിച്ച് അവസാനിക്കുന്ന ഈ ചിത്രത്തില്‍  വ്യക്തതയോ , വ്യക്തിത്ത്വമോ ഉള്ള ഒരു കഥാപാത്രം പോലും  ഇല്ല . 
  • കാര്‍ത്തി- ലയ എന്നീ കഥാപാത്രങ്ങളുടെ ട്രാക്ക് പ്രത്യേകമായി എടുത്തു, അതിലെ ചില്ലറ അപാകതകള്‍ പരിഹരിച്ച് ലാല്‍ ജോസ്സോ മറ്റോ ഒരു സിനിമയായി ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നല്ലൊരു പ്രണയ ചിത്രം മലയാളികള്‍ക്ക് കിട്ടുമായിരുന്നു.  ലയയുടെ ആത്മഹത്യ ചെയ്യാനും , പിന്നീട്   അതില്‍ നിന്ന് പിന്മാറാനുമുളള    തീരുമാനങ്ങളുടെ  കാരണം കൂടുതല്‍ വിശ്വാസ്യതയോടെ അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നേനെ അതിനു വേണ്ട ശ്രമം. പക്ഷെ ആ സാധ്യത ജയരാജ് ഇല്ലാതാക്കി എന്നതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട് 
 ചുരുക്കത്തില്‍ പറഞ്ഞാല്‍ , വെറുതെ സമയം പാഴാക്കുന്ന ഒരു ബോറന്‍ സിനിമ . അതാണ്‌ ദ ട്രെയിന്‍ . സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഏട്ടന്‍ പറഞ്ഞത് 'ഫസ്റ്റ് ഡേ നിന്നെയും കൊണ്ട് പടത്തിന് വരുന്നതേ റിസ്ക്കാണ് . ഇപ്പൊ അത് ശരിക്കും ട്രെയിനിന് തല വെച്ചത് പോലെയായി ' എന്നാണ്. ആ ഡയലോഗിന്റെ  അവസാന ഭാഗത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു .

Monday 23 May 2011

ജനപ്രിയന്‍ : Janapriyan

സുഖമുള്ള കാഴ്ച്ചയായി അവസാനിക്കുന്ന സിനിമകള്‍ ഏറെയൊന്നും അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടാവാറില്ല . എങ്കിലും രണ്ടായരത്തി പതിനൊന്ന് തുടങ്ങിയതും  ,മുന്നോട്ടു നീങ്ങുന്നതും മുന്‍പ് ഉണ്ടായിട്ടില്ലാത്ത അത്ര പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാട്ടുന്ന സംവിധായകര്‍ ,നിര്‍മ്മാതാക്കള്‍ എന്നിവരെ കണ്ടു കൊണ്ടാണ് എന്ന് തോന്നുന്നു. ട്രാഫിക് , സിറ്റി ഓഫ് ഗോഡ് , ഉറുമി , ഗദ്ധാമ തുടങ്ങിയ സിനിമകള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ് .പരീക്ഷണങ്ങളില്‍ ചിലത് പരാജയമായിരിക്കാം . എങ്കിലും അത്തരം ശ്രമങ്ങള്‍ ഇപ്പോഴും സിനിമയ്ക്ക് ഗുണം ചെയ്യും എന്നാണ് എന്‍റെ അഭിപ്രായം .

ജയസൂര്യ , ഭാമ ,മനോജ്‌ കെ ജയന്‍ , സരയു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്ന ജനപ്രിയന്‍ പൂര്‍ണ്ണമായും വ്യത്യസ്തമായ കഥയോ ,കഥാപാത്ര സൃഷ്ടിയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണ്.പക്ഷേ  മലയാളത്തിന് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിക്കൊണ്ടിരിക്കുന്ന  ലളിതമായ കഥാഖ്യാനത്തിന്‍റെ രീതി, കാണികളെ ബോറടിപ്പിക്കാതെ സ്ക്രീനില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം നവാഗതനായ ബോബന്‍ സാമുവല്‍,കൃഷ്ണാ പൂജപ്പുരയുടെ കഥാ,തിരക്കഥയില്‍ സംവിധാനം ചെയ്ത  ജനപ്രിയനില്‍ കാണാം.

സിനിമാ സംവിധയകനാകണം എന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ നടക്കുന്ന താലൂക്ക് ഓഫീസ് ജീവനക്കാരനായ വൈശാഖന്റെയും (മനോജ്‌ .കെ .ജയന്‍ ) ,ജോലിയിലെ അശ്രദ്ധ കാരണം വൈശാഖന്‍  നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് വരുന്ന പ്രിയദര്‍ശന്‍ (ജയസൂര്യ ) എന്ന നാട്ടിന്‍പുറത്ത്കാരന്‍റെയും കഥയാണ് ജനപ്രിയന്‍.

ആത്മവിശ്വാസമുള്ള ,എന്ത് ജോലി ചെയ്തും ജീവിക്കാന്‍ മടിയില്ലാത്ത നിഷ്കളങ്കമായ സ്വഭാവത്തിന് ഉടമയാണ് പ്രിയദര്‍ശന്‍ . വൈശാഖനാകട്ടെ  എ സി കാറില്‍ സഞ്ചരിച്ച് ,സിനിമയുടെ കഥ എഴുതാന്‍ വേണ്ടി മാത്രം  പ്രത്യേക കോട്ടേജ് നിര്‍മ്മിച്ച്‌ (സഹോദരിയുടെ പേരില്ലുള്ള വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ചു  നേടുന്ന സൌകര്യങ്ങളാണിവ), അവിടെയിരുന്ന് സാധാരണക്കാരന്‍റെ കഥ എഴുതാന്‍ ശ്രമിക്കുന്ന ആളും. അവരുടെ ജീവിതങ്ങള്‍ കെട്ടുപിണയുന്നതും , പ്രിയദര്‍ശന്‍ വൈശാഖന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ജനപ്രിയന്‍റെ മുന്നോട്ടുള്ള കഥ.

തോന്നക്കാട്‌ എന്ന മദ്ധ്യതിരുവതാങ്കൂര്‍  ഗ്രാമത്തില്‍ നിന്നുള്ള നിഷ്കളങ്കനും , അധ്വാനിയുമായ പ്രിയദര്‍ശന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ശക്തി . ഒരു നാടന്‍ ചെറുപ്പക്കാരന്‍റെ  ശരീരഭാഷ , മദ്ധ്യതിരുവതാങ്കൂര്‍  സംഭാഷണ ശൈലി   എന്നിവ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്നതില്‍ ജയസൂര്യ കാണിക്കുന്ന കൈയ്യടക്കം എടുത്തു പറയേണ്ട ഒന്നാണ്. മികച്ച അഭിനയ ഭാവങ്ങള്‍ ഒന്നും പ്രിയദര്‍ശന്‍ എന്ന കഥാപാത്രം ജയസൂര്യയില്‍ നിന്നും ആവശ്യപ്പെടുന്നില്ല . മറിച്ച്  കാണികളില്‍ ആലോസരമുണ്ടാക്കാതെ  കഥാപാത്രം തീര്‍ത്തും  ജെനുവിന്‍ ആയി തോന്നത്തക്ക തരത്തിലെ ഒരു പെര്‍ഫോമന്‍സ്  ആണ് പ്രിയദര്‍ശന് ആവശ്യം .അക്കാര്യത്തില്‍ ജയസൂര്യ വിജയിച്ചു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

വൈശാഖന്‍ എന്ന കഥാപാത്രത്തെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .പക്ഷെ ആ കഥാപാത്രത്തിന്റെ ചെയ്തികളുടെ അടിസ്ഥാനമാകുന്ന ലോജിക്കുകള്‍ ചിലയിടത്തെങ്കിലും പൂര്‍ണ്ണമായി കാണികളില്‍ എത്തിക്കുന്നതില്‍ തിരക്കഥയും ,സംവിധാനവും പരാജയപ്പെടുന്നു എന്നൊരു അപാകത തോന്നി .

പ്രിയദര്‍ശന്‍ ഇഷ്ടപ്പെടുന്ന മീര എന്ന പെണ്‍കുട്ടിയായി ഭാമക്ക്  ഈ സിനിമയില്‍ ഏറെയൊന്നും ചെയ്യാനില്ല . പലപ്പോഴും ചെറിയ ചില സിനിമാറ്റിക് ക്ലീഷേകള്‍ ആ കഥാപാത്രത്തിന് തോന്നിക്കുന്നതുമുണ്ട് (എം എസ് ഡബ്ല്യൂ  പഠിച്ചാല്‍ നേരെ ചേരികളില്‍ പ്രോജക്റ്റ് ചെയ്യാന്‍ പോകണം , വീട്ടുകാര്‍ ഇഷ്ടമല്ലാത്ത കല്യാണം ആലോചിച്ചാല്‍ നായകന്‍റെ ഇടപെടലിന് വഴി ഒരുക്കണം അങ്ങനെ ചില കുഞ്ഞ് ക്ലീഷേകള്‍ ).എങ്കിലും അവരില്‍  ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭാമ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്  . അതുപോലെ തന്നെ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗതി ശ്രീകുമാര്‍ (അച്ചായന്‍ എന്ന ചലച്ചിത്ര നിര്‍മ്മാതാവ്),ലാലു  അലക്സ് ( വൈശാഖന്‍റെയും , പ്രിയദര്‍ശന്‍റെയും   മേലുദ്യോഗസ്ഥന്‍ ) , സലിം കുമാര്‍ (പ്രിയദര്‍ശന്‍റെ കൂടെ ലോഡ്ജില്‍ താമസിക്കുന്ന അവിവാഹിതനും മദ്യപാനിയുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍),ഭീമന്‍ രഘു (സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹവുമായി നടക്കുന്ന നാടകക്കാരന്‍ ), കിഷോര്‍ (വൈശാഖന്‍റെ ഡ്രൈവര്‍ ) , അനൂപ്‌ ചന്ദ്രന്‍ ( അച്ചായന്‍റെ ഡ്രൈവര്‍ ) തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് .അകെ കല്ല്‌ കടി തോന്നിക്കുന്നത് സരയു അവതരിപ്പിച്ച രേവതി എന്ന കഥാപാത്രമാണ് . സ്ഥിരമായി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന ഒരുഭാവമാണ് സരയുവിന്റെ മുഖത്ത്, ഈ ചിത്രത്തില്‍ ഉടനീളമുള്ളത്.

അങ്ങനെ നല്ലതും ,അത്ര നല്ലതല്ലാത്തതുമായ (തീരെ മോശം എന്ന് പറയുവാന്‍ സാധിക്കില്ല ) ഘടകങ്ങളുടെ ഒരു സംയോജനം ; അതാണ്‌ ജനപ്രിയന്‍


നല്ലത് എന്ന് എനിക്ക് തോന്നിയ ചിലത് :
  • നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ നല്‍കുന്ന പ്രതീക്ഷ . ക്ലൈമാക്സില്‍ ഒരുപാടാളുകള്‍ കൂടി നില്‍ക്കുന്ന സ്വന്തം വീട്ടിലേക്ക് കയറി വരുന്ന പ്രിയദര്‍ശന്‍ , പടിക്കെട്ടുകള്‍ക്കു മുകളില്‍ മറിഞ്ഞു കിടക്കുന്ന പൂച്ചെട്ടി എടുത്ത് നേരെ വെയ്ക്കുന്ന  ഒരു സീനുണ്ട് . പകല്‍ നാലുമണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെയുള്ള സമയം  വിവിധ ജോലികള്‍ ചെയ്യുന്നതിലേക്കായി ക്രമീകരിച്ചു ജീവിക്കുന്ന തനി നാടനായ ഒരാളുടെ  കൃത്യമായ ചിട്ടകള്‍ക്ക് (മെറ്റിക്കുലസ് ഹാബിറ്റ്സ് ) ഊന്നല്‍ നല്‍കുന്ന ഒരു ചെറിയ ഡയറക്ടര്‍സ് ടച്ച് ആ സീനില്‍ എനിക്ക് തോന്നി . പാട്ടുകള്‍ക്കിടയില്‍ കഥാഗതി മുന്നോട്ടു കൊണ്ട് പോകുന്ന കാര്യത്തിലും ,ഗാന രംഗങ്ങളുടെ ചിത്രീകരണത്തിലും ഉള്ള മികവ് ബോബന്‍ സാമുവലിനെ നവാഗതന്‍ എന്ന ഗണത്തില്‍ നിന്നും തെല്ല്  ഉയര്‍ത്തുന്നു.
  • ഭംഗിയുള്ള ഗാന ചിത്രീകരണം (  ഇടക്ക് അവിടിവിടെ ഇവര്‍ വിവാഹിതരായാല്‍ ഫീല്‍ ഉണ്ടെങ്കിലും ) സന്തോഷ്‌ വര്‍മ രചിച്ച്,  ആര്‍ ഗൌതം ഈണം നല്‍കിയ ഗാനങ്ങള്‍ കഥയ്ക്ക് ഇണങ്ങുന്നവയാണ്. പ്രത്യേകിച്ച് മേലെ പൂമഴ   എന്ന ഗാനത്തിന്റെ ഈണത്തില്‍ തുടങ്ങുന്ന  ലേ ലേ തൂ സെരാ   എന്ന ഗാനം 
  • ദൃശ്യഭംഗിയുള്ള ക്യാമറ (പ്രദീപ്‌ നായര്‍ ). 
  •  സാങ്കേതികമായ ഒരുപാട് മികവുകള്‍ ഒന്നുമില്ലെങ്കിലും  കഥയുടെ  വേഗം കാക്കുന്ന മോശമല്ലാത്ത എഡിറ്റിംഗ് (വി.ടി.ശ്രീജിത്ത്‌) 
  • സരസ്സവും ലളിതവുമായ സംഭാഷണങ്ങള്‍ (കൃഷ്ണാ പൂജപ്പുര ).
ഇനി അത്ര നല്ലതല്ലാത്ത ,അല്ലെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്ന ചിലത് :
    • എടുത്ത് പറയുവാനുള്ളതില്‍ ആദ്യത്തേത് മനോജ്‌ കെ ജയന്‍ അവതരപ്പിച്ച വൈശാഖന്‍ എന്ന കഥാപാത്രത്തിന്‍റെ കാര്യമാണ് . പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഗോള്‍ഡ്‌ മെഡല്‍ വാങ്ങിയ ചലച്ചിത്ര വിദ്യാര്‍ത്ഥിയായ വൈശാഖന്‍ അയാളുടെ ആദ്യ സിനിമക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന കഥയിലെ പാകപ്പിഴകള്‍ അയാള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്നും അകന്നു നിന്ന് കൊണ്ട് അവരുടെ കഥ പറയുവാന്‍ ശ്രമിക്കുന്നതിനാലാണ് എന്ന വസ്തുത  കാണികളിലേക്ക്  പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ സംവിധായകനും , തിരക്കഥാകൃത്തും എത്ര കണ്ട് വിജയിച്ചു എന്നത് സംശയമാണ് . അതാണ്‌ ആ കഥാപാത്രത്തിന്‍റെ പ്രധാന പോരയ്മയായും എനിക്ക് തോന്നിയത് .സിനിമയില്‍ പലയിടത്തും അത് പറയുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും , വ്യക്തത കുറവാണ്. പല സംഭാഷണങ്ങളിലായി ചിതറിക്കിടക്കുന്ന ഈ സന്ദേശം , വൈശാഖന്‍ പ്രിയദര്‍ശനൊപ്പം അയാളുടെ ഗ്രാമം സന്ദര്‍ശികുമ്പോള്‍ തന്‍റെ കഥകളില്‍ ഇല്ലാത്ത ജീവിതം തിരിച്ചറിയുന്നതായോ മറ്റോ  കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
    • നിര്‍മാതാവിനെ കണ്ടുപിടിക്കാന്‍ പ്രിയദര്‍ശന്‍ നടുത്തുന്ന ശ്രമങ്ങളുടെ തുടക്കം ചില്ലറ രസക്കേട് കാണികള്‍ ഉണ്ടാക്കുന്നുണ്ട്. നാട്ടിലെ സിനിമാശാലയില്‍ ഫിലിം പെട്ടി കൊണ്ട് വരുന്ന ഫിലിം റെപ്രസെന്‍റ്റെറ്റിവ് പറഞ്ഞ നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിച്ച് (മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ ചെയ്ത കഥാപാത്രം പോലെ ഒരു ചെറിയ കഥാപാത്രത്തിനെ ഇതിനു ആവശ്യം വന്നേനെ ) ആ വഴിക്ക് അന്വേഷണം തുടങ്ങുന്ന പ്രിയദര്‍ശന്‍ ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വീകര്യനായേനെ 
       ചുരുക്കത്തില്‍ ,ചില്ലറ രസക്കേടുകള്‍ അവിടിവിടെ ഉണ്ടെങ്കിലും , ജനപ്രിയന്‍ തിയറ്ററില്‍ കാണികളെ ബോറടിപ്പിക്കാതെ രണ്ടു മണിക്കൂര്‍ നീളുന്ന സുഖകരമായ ഒരു കാഴ്ച്ചയാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ നല്ല ഘടകങ്ങള്‍ , അത്ര സുഖമല്ലാത്ത  ഘടകങ്ങളെക്കാള്‍   കൂടുതലാണ് താനും . മെഗാ ഇവന്‍റുകള്‍ ഒന്നുമില്ലാതെ , പ്രവചനം സാധ്യമാകുന്ന ഗ്രാമീണ നന്മയുടെ കഥ , അതിന്‍റെ തീരെ വിരസമല്ലാത്ത അവതരണം; ഇതാണ് എന്‍റെ അഭിപ്രായത്തില്‍ ജനപ്രിയന്‍.

      Sunday 22 May 2011

      പൈറേറ്റ്സ് ഓഫ് കരീബിയന്‍ -ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് : Pirates of the Caribbean- On Stranger Tides

      പുസ്തകങ്ങളിലും , അനിമേഷന്‍ ചിത്രങ്ങളിലും ഒക്കെ ചിര പരിചിതമായ  കഥകളും കഥാപാത്രങ്ങളും  സിനിമയില്‍ എത്തുമ്പോള്‍, അവ ഇഷ്ടമുള്ളവര്‍ക്ക്  ആ സിനിമയെ(കളെ ) കുറിച്ച്   ചില പ്രതീക്ഷകള്‍ ഉണ്ടായേക്കാം. അതുപോലെ തന്നെ ഇഷ്ടമുള്ള സിനിമകളുടെ അടുത്ത ഭാഗം ഇറങ്ങുമ്പോള്‍ ,അതിനെക്കുറിച്ചും  ചില പ്രതീക്ഷകള്‍ ഉണ്ടാവുക സ്വാഭാവികമാണ് എന്ന് തോന്നുന്നു.


      രണ്ടായിരത്തി രണ്ടില്‍ സാം റെയ്മി സംവിധാനം ചെയ്ത സ്പൈഡർ മാന്‍, കോമിക്ക് പുസ്തകങ്ങള്‍  സിനിമയാക്കുമ്പോള്‍ അവലംബിക്കേണ്ട കഥാവേഗതക്ക് ,നല്ലൊരു ഉദാഹരണമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .കഥാഖ്യാനത്തിന്റെ വേഗതക്ക് മാത്രമല്ല ,വര്‍ണ്ണശബളമായ പശ്ചാത്തലങ്ങള്‍ , 'ഇറ്റ്‌ ഈസ്‌ മൈ ഗിഫ്റ്റ് .ഇറ്റ്‌ ഈസ്‌ മൈ കേര്‍സ്'  ഈ മട്ടിലെ സംഭാഷണങ്ങള്‍  എന്നിവയിലൂടെ  സ്പൈഡർ മാന്‍ കാര്‍ട്ടൂണ്‍ സിനിമകളുടെ ദൃശ്യവേഗത   ഏറെക്കുറെ അത് പോലെ ഈ സിനിമയിലേക്ക് സന്നിവേശിപ്പിക്കാന്‍  സാം റെയ്മിക്ക് കഴിഞ്ഞിരുന്നു.ചുരുക്കത്തില്‍ ,കോമിക് പുസ്തകങ്ങള്‍ ,അനിമേഷന്‍ സിനിമകള്‍ എന്നിവയിലൂടെ സ്പൈഡർ മാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ പ്രതീക്ഷകളെ ഏറെക്കുറെ സംതൃപ്തമാക്കാന്‍ സാം റെയ്മിക്ക് അന്ന് സാധിച്ചു . അത് തന്നെയായിരുന്നു സ്പൈഡർ മാന്‍ എന്ന സിനിമയുടെ വന്‍ വിജയത്തിന്റെ പ്രധാന കാരണവും (ടോബി മഗ്വയര്‍ , വില്യം ഡാഫോയ് എന്നിവരുടെ അഭിനയം മറക്കുന്നില്ല ).


      പൈറേറ്റ്സ് ഓഫ് കരീബിയന്‍  ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണ്  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് കാണുവാന്‍ പോകുമ്പോള്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും നേരത്തെ പറഞ്ഞത് പോലെയുള്ള  ചില പ്രതീക്ഷകള്‍ എനിക്ക്  ഉണ്ടായിരുന്നു .കാരണം പൈറേറ്റ്സ് ഓഫ് കരീബിയന്‍   ശ്രേണി എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ് .


      ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷല്‍ (ഷിക്കാഗോ ,മെമ്മുവാര്‍സ് ഓഫ് എ ഗെയ്ഷ ) ആണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം  ചെയ്തിരിക്കുന്നത് . സംവിധായകന്‍ മാറുമ്പോള്‍ സിനിമയുടെ ട്രീറ്റ്‌മെന്റില്‍ ചില വ്യത്യാസങ്ങള്‍ വരുന്നത് സാധാരണമാണ് . എങ്കിലും ലോകം മുഴുവന്‍ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളെ ആകര്‍ഷകമാക്കുന്ന ചില ഘടകങ്ങള്‍ ഒഴിവാക്കി / മാറ്റം വരുത്തി ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് എന്ന നാലാം ഭാഗം പുറത്തിറക്കുമ്പോള്‍   റോബ് മാര്‍ഷല്‍ ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ വന്‍ വിജയങ്ങളാക്കിയ  പ്രധാന ഘടങ്ങളെ തിരിച്ചറിയാതെ പോവുകയോ, മനപൂര്‍വ്വം അവഗണിക്കുകയോ ചെയ്തിരിക്കുന്നു എന്ന് തോന്നും .


      ക്യാപ്റ്റന്‍ ജാക്ക് സ്പാരോ (ജോണി ഡെപ്പ് ) എന്ന കടല്‍ക്കൊള്ളക്കാരന്‍ രക്ഷ ആസാധ്യം എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന രീതികളാണ് അവയില്‍ ഒന്ന് . ആദ്യ മൂന്ന് ഭാഗങ്ങളില്‍ ജാക്ക് സ്പാരോ രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളും , സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും മുന്‍കൂട്ടി തയാറാക്കിയ പദ്ദതികള്‍ പ്രകാരമാണോ അതോ ഭാഗ്യം അയാളെ തുണയ്ക്കുന്നതാണോ എന്ന സംശയം കാണുന്നവരില്‍  (വെള്ളിത്തിരയിലും ,തിയറ്ററിലും ) ഉളവാക്കുന്ന തരത്തിലെ സമീപനം ആ കഥാപാത്രത്തെ ആകര്‍ഷകമാക്കുന്നതില്‍ തെല്ലൊന്നുമല്ല സഹായിച്ചിരുന്നത്. എന്നാല്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ ജാക്ക് സ്പാരോ ഏത് അപകടത്തില്‍ നിന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ദതികള്‍ പ്രകാരം രക്ഷപ്പെടുന്ന അതി ബുദ്ധിമാനാണ് എന്ന തരത്തിലാണ് അവതരണം പലപ്പോഴും നീങ്ങുന്നത്‌ . ചിത്രത്തിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ കിംഗ്‌ ജോര്‍ജിന്റെ കൊട്ടാരത്തില്‍ നിന്നും ജാക്ക് രക്ഷപ്പെടുന്ന രംഗങ്ങള്‍ ഈ സമീപനത്തിന് ഉദാഹരണമാണ് .


      രണ്ടാമതായി റോബ് മാര്‍ഷല്‍ ഈ ചിത്രത്തില്‍ നഷ്ടപ്പെടുത്തിയ ഘടകംആദ്യ മൂന്നു സിനിമകളില്‍  വില്ല്യം ടര്‍ണര്‍ (ഓര്‍ലാന്‍ഡോ ബ്ലൂം ) എലിസബത്ത് ( കെയ്റാ  നൈറ്റ്‌ലീ ), ജാക്ക് സ്പാരോ എന്നീ മൂന്നു കഥാപാത്രങ്ങള്‍ പങ്കുവെച്ചിരുന്ന കെമിസ്ട്രിയാണ്. ഓര്‍ലാന്‍ഡോ ബ്ലൂം, കെയ്റാ  നൈറ്റ്‌ലീ എന്നിവര്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ അഭിനയിക്കുന്നില്ല . അവരുടെ കഥാപാത്രങ്ങളും, മുന്‍പറഞ്ഞ കെമിസ്ട്രിയും നഷ്ടമായത് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സിന്റെ പൂര്‍ണ്ണതയ്ക്ക് ചെറുതല്ലാത്ത കോട്ടം വരുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ .


      ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ നന്നായിട്ടുണ്ട് .പക്ഷെ നേരത്തെ പറഞ്ഞ സംവിധായകന്‍ ഒഴിവാക്കിയ തീര്‍ച്ചയില്ലായ്മ എന്ന ഘടകം എവിടെയൊക്കെയോ ആ കഥാപാത്രത്തിനെ ബാധിക്കുന്നുണ്ട് .


      ദിവസം, സാഹചര്യം എന്നിവയനുസരിച്ച് ജാക്ക്  സ്പാരോയുടെ ശത്രുവും ,മിത്രവുമായി മാറുന്ന ക്യാപ്റ്റന്‍  ബാര്‍ബോസ (ജെഫ്രി റഷ് ) ,ജാക്കിന്റെ വിശ്വസ്തന്‍ ജോഷ്മീ ഗിബ്ബ്സ് (കെവിന്‍ മക്ക്നല്ലി ) എന്നിവര്‍ ആദ്യ മൂന്ന് ചിത്രങ്ങളില്‍ എന്നത് പോലെ ഈ സിനിമയിലും ഉണ്ട്. പക്ഷെ അവരുടെ കഥാപാത്രങ്ങള്‍ പലപ്പോഴും ഈ സിനിമയില്‍ കഥയുടെ പശ്ചാതലത്തില്‍ മാത്രം ഒതുങ്ങി പോകുന്നു .


      ജാക്ക് സ്പാരോയുടെ തന്നെ പല സ്വഭാവ സവിശേഷതകള്‍ ഉള്ള എയ്ഞ്ചലിക്ക (പെനലപ്പേ  ക്രസ് ) എന്ന കടല്‍ കൊള്ളക്കാരിയാണ്‌  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സിലെ പ്രധാന സ്ത്രീ കഥാപാത്രം .പലപ്പോഴും എയ്ഞ്ചലിക്കയുടെ പ്രവര്‍ത്തികളില്‍ കഥാഗതി മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി മാത്രമുള്ള എച്ച് കെട്ടലുകള്‍ കാണികള്‍ക്ക് അനുഭവപ്പെട്ടേക്കാം . കാണാന്‍ അതി സുന്ദരി , ആത്മവിശ്വാസത്തോടെയുള്ള  അഭിനയം ; ഈ രണ്ടു ഗുണങ്ങള്‍ പെനലപ്പേ  ക്രസ് സ്ക്രീനില്‍ കൊണ്ട് വരുന്നുണ്ട്. എങ്കിലും കെട്ടുറപ്പില്ലാത്ത കഥാപാത്രത്തിന്റെ സൃഷ്ടി എയ്ഞ്ചലിക്ക എന്ന കടല്‍ക്കൊള്ളക്കാരിയെ കാണികള്‍ തിയറ്ററില്‍ തന്നെ ഉപേക്ഷിച്ചു വരുന്നതിനു കാരണമാകുന്നു .


      ബ്ലാക്ക്‌ ബിയേര്‍ഡ് (ഇയാന്‍ മക്ക്ഷെയ്ന്‍ ) എന്ന വില്ലന്‍ കഥാപാത്രവും മുന്‍ ചിത്രങ്ങളിലെ വില്ലന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ശോഭിക്കുന്നില്ല.


      ഫൌന്റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള ജാക്ക് സ്പാരോയുടെയും മറ്റു കഥാപാത്രങ്ങളുടെയും  സാഹസിക യാത്ര പ്രധാന കഥയാക്കിയ ഈ ചിത്രത്തില്‍ ഉപകഥ പോലെ  ഫിലിപ്പ് സ്വിഫ്റ്റ് (സാം ക്ലാഫിന്‍) എന്ന ക്രിസ്ത്യന്‍ മിഷനറിയുടെയും സയ്റീന (ആസ്ട്രിഡ് ബെര്‍ഗെസ് ഫ്രിസ്ബേ) എന്ന മത്സ്യ കന്യകയുടെയും (മേര്‍ മെയിഡ്) പ്രണയ കഥയും ഈ സിനിമയിലുണ്ട് . പ്രധാനകഥയുമായി ബന്ധപ്പെട്ട് വികസിക്കുന്ന  അവരുടെ കഥാപാത്രങ്ങളുടെ പ്രണയത്തിന്റെ തീവ്രത കാണികളിലേക്ക് എത്തിക്കുന്നതില്‍ രണ്ടു അഭിനേതാക്കളും പൂര്‍ണ്ണ പരാജയമാണ് . ഓര്‍ലാന്‍ഡോ  ബ്ലൂം , കെയ്റാ നൈറ്റ്‌ലീ  എന്നിവര്‍ ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്സില്‍ അഭിനയിക്കത്തില്‍ കാണികള്‍ക്ക് നഷ്ടബോധം തോന്നുന്നത് പ്രധാനമായും ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള രസതന്ത്രം കാണുമ്പോഴാണ്.


      ഹാന്‍സ് സിമ്മറുടെ പശ്ചാത്തല സംഗീതം  ഡാരിയുസ് വോള്‍സ്കിയുടെ സിനിമാട്ടോഗ്രാഫി എന്നിവ മാത്രമാണ് പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണി   പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്ന് പറയാവുന്ന ഈ സിനിമയിലെ ഘടകങ്ങള്‍ .


      ത്രീഡിയില്‍  പുറത്തിറങ്ങിയ ഈ സിനിമ ഒരു സാധാരണ ഫാന്റസി അഡ്വെന്‍ഞ്ചര്‍ എന്ന നിലയ്ക്ക് വേണ്ട ചേരുവകള്‍ എല്ലാം ഉള്ളത് തന്നെയാണ് . ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ (ജാക്ക് സ്പാരോ , എയ്ഞ്ചലിക്ക എന്നിവരുടെ ആദ്യ യുദ്ധം , കിംഗ്‌ ജോര്‍ജിന്റെ കൊട്ടാരത്തില്‍ നിന്നും ജാക്ക് രക്ഷപ്പെടുന്ന രംഗങ്ങള്‍ ) , ആകര്‍ഷകമായ ലൊക്കേഷനുകള്‍ (ഫൌന്റൈന്‍ ഓഫ് യൂത്ത് പക്ഷെ ഒരു സാധാരണ ഗുഹ പോലെ തോന്നിച്ചു ), വൃത്തിയുള്ള ഗ്രാഫിക്സ് രംഗങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്. അത്തരത്തിലെ ഒരു സിനിമ മാത്രം പ്രതീക്ഷിച്ച് തിയറ്ററില്‍ പോകുന്നവരെ ഈ ചിത്രം ത്രിപ്തരാക്കിയേക്കാം .പക്ഷെ പൈറേറ്റ്സ് ഓഫ് കരീബിയന്‍  ശ്രേണിയിലെ ആദ്യ മൂന്ന് ചിത്രങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട് , അവയെപ്പോലെ മറ്റൊരു മാഗ്നം ഒപ്പസ് ആകും ഈ ചിത്രം എന്ന പ്രതീക്ഷയില്‍ തിയറ്ററില്‍  എത്തുന്ന എന്നെപ്പോലെയുള്ളവര്‍ക്ക്  ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് നിരാശയാകും സമ്മാനിക്കുക

      Saturday 7 May 2011

      സീനിയേര്‍സ് : Seniors

      പോക്കിരിരാജ എന്ന സിനിമക്ക് ശേഷം   വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേര്‍സ് എന്നത് തന്നെയായിരുന്നു ഈ ചിത്രം കാണുവാനുള്ള എന്‍റെ പ്രധാന പ്രചോദനം .പോക്കിരിരാജ ശരിക്കം ഒരു പഴയ തമിഴ് സിനിമ  മോഡല്‍ പടമായിരുന്നുവെങ്കിലും , ചുമ്മാ ടോം ആന്‍ഡ്‌ ജെറി കാണുമ്പോലെ കുറെ ചിരിച്ച സിനിമയായിരുന്നു . വെള്ളിയാഴ്ച്ച തന്നെ ഓഫീസില്‍ നിന്നും ടിക്കറ്റ് വിളിച്ച് പറഞ്ഞു ഉറപ്പാക്കി . ജാസ്മിനോടും , ശ്രുതിയോടും ചോദിക്കാതെ തന്നെ അവര്‍ക്കുള്ള ടിക്കറ്റുകളും പറഞ്ഞു . സന്തോഷ വര്‍ത്തമാനം അറിയിച്ചപ്പോള്‍ ജാസ്മിന്‍ വക കിട്ടാനുള്ളത് കിട്ടി . എന്നെ കൊന്നിട്ട് അവള്‍ എന്‍റെ ഫോട്ടോ സിറ്റിയിലെ പ്രധാന തിയറ്ററുകളില്‍ മാലയിട്ട് വെയ്പ്പിക്കും എന്ന് . കൊന്നിട്ട് പെട്ടെന്ന് മോക്ഷം വാങ്ങി തന്നു പറഞ്ഞു വിട്ടില്ലെങ്കില്‍, എന്‍റെ ആത്മാവ് തിയറ്ററുകളില്‍ അലഞ്ഞ് നടക്കും എന്ന് ശ്രുതിയുടെ പഞ്ച് ലൈന്‍.
      ജയറാം , മനോജ്‌ കെ ജയന്‍ എന്നിവരെ അഭിനേതാക്കള്‍ എന്ന നിലയില്‍ എനിക്ക് പേടിയാണ് . കുഞ്ചാക്കോ ബോബന്‍ അഭിനേതാവ് എന്ന നിലയില്‍ കഴിഞ്ഞ കുറച്ചു സിനിമകളായി മെച്ചപ്പെട്ട് വരുന്നു , ബിജു മേനോനും മേരിക്കുണ്ടൊരു കുഞ്ഞാടില്‍ നന്നായിരുന്നു (പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നെങ്കില്‍ പോലും ); അങ്ങനെ വിവിധ ചിന്തകളുമായാണ്‌ ഞാന്‍ തിയറ്ററില്‍ എത്തിയത് . സിനിമ മോശമാണെങ്കില്‍ ജാസ്മിന്‍,ശ്രുതി വക എന്റെ കൊലപാതകം ഉറപ്പ് എന്ന ഭീഷണി വളരെ ശക്തം ...

      പക്ഷെ സിനിമ തുടങ്ങി കുറച്ചു  കഴിഞ്ഞപ്പോള്‍ അവര്‍ കൊന്നില്ലെങ്കിലും ഞാന്‍ ആത്മഹത്യ ചെയ്തേക്കും എന്നാ നിലയില്‍ കാര്യങ്ങള്‍ എത്തി . സ്ലീസീ / വള്‍ഗര്‍  കോമഡി എന്നൊക്കെ ചില ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ റേറ്റിംഗ് കൊടുക്കുന്ന വിവരമുള്ളവര്‍, ആ സിനിമകള്‍ തുടങ്ങുന്നതിനു മുന്‍പ് എഴുതി കാണിക്കാറുണ്ട് . അങ്ങനെ വിവരമുള്ളവര്‍ നമ്മുടെ  സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലാതെ പോയതിന്റെ കുഴപ്പമാണ് സീനിയേര്‍സ് പോലുള്ള സിനിമകള്‍ എന്റര്‍ടെയ്നര്‍ , അവധികാലം ഉല്ലാസമാക്കാനുള്ള   സിനിമ  തുടങ്ങിയ  പരസ്യങ്ങളോടെ പുറത്തിറങ്ങുന്നത് .



      അടിവസ്ത്രം കൊണ്ടുള്ള കോമഡി  ഒരു സ്കൂള്‍ കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് (അസഹ്യമായ ഭാവങ്ങള്‍ പുറമേയും  ) തുടങ്ങി സിനിമ മുന്നോട്ടു നീങ്ങുന്നതിന് അനുസരിച്ച് സംഗതിയുടെ ഡോസ് കൂടി കൂടി വരും .ദ്വയാര്‍ത്ഥം നിറഞ്ഞ  ഡയലോഗിന് ബലം കൊടുക്കാന്‍  അഭിനേതാക്കളുടെ വൃത്തികെട്ട ഭാവാഭിനയം കൂടിയാകുമ്പോള്‍  ചിത്രം പൂര്‍ണ്ണം.  'നിന്റെ മമമിയെക്കൂടി  ഈ സിനിമക്ക് വിളിച്ചിരുന്നെങ്കില്‍ ഇന്നത്തേതിന് ശേഷം സിനിമയെന്ന വാക്ക് നീ മിണ്ടിയാല്‍ മമ്മി നിന്റെ കാല് തല്ലി ഒടിച്ചേനെ'  ഇന്റര്‍വെല്‍ സമയത്ത് ശ്രുതി എന്നോട് പറഞ്ഞ ഈ വാക്കുകളില്‍ എല്ലാമുണ്ട് .


      ജെനുവിന്‍ കോമഡി ഇല്ലേ എന്ന് ചോദിച്ചാല്‍ ,ഉണ്ട് .ആണുങ്ങള്‍ സ്ത്രീവേഷം കെട്ടി മാര്‍ഗ്ഗം കളി ,ഒപ്പന എന്നിവ സ്റ്റേജില്‍ അവതരിപ്പിക്കുക ,പെണ്‍കോന്തനായ അധ്യാപകനെ കളിയാക്കി സില്‍സിലാ   ഹേ സില്‍സിലാ പാടുക ,ലേഡീസ് ഹോസ്റ്റലിന്റെ മതില് ചാടി കളിക്കുക തുടങ്ങിയ ഒട്ടനവധി "വളരെ പുതുമയുള്ള" കോമഡി രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ട് . അതൊക്കെ കണ്ട് ചിരിക്കുന്നവരെ നോക്കി  വേണമെങ്കില്‍ ചിരിക്കാം .


      ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്ന് ന്യൂ ഇയര്‍ രാത്രി ഭാര്യയുടെ (സജിതാ ബേട്ടി) പരപുരുഷ ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യ  ചെയ്യുന്ന ഒരു വയലിനിസ്റ്റ് /കോടീശ്വരന്‍ (അയാള്‍  ഇതില്‍ ഏതാണ് എന്ന് സിനിമയുടെ അണിയറക്കാര്‍ക്കും  നിശ്ചയമില്ല )  ഭര്‍ത്താവില്‍ (സുമിത് നവല്‍ ) നിന്നും , ആ ആത്മഹത്യക്ക് സാക്ഷിയാകുന്ന അയാളുടെ മകനില്‍ നിന്നുമാണ്  സീനിയേര്‍സ് എന്ന ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് കഥ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ മഹാരാജാസ് കോളേജിലെ കോളേജ് ഡേ ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. 

      വേദിയില്‍ മൈം ആണോ ടാബ്ലോ ആണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു കലാരൂപം നാടകം എന്ന പേരില്‍ .ലക്ഷ്മി (മീരാ നന്ദന്‍ ) എന്ന നര്‍ത്തകിക്കൊപ്പം മുഖം മൂടി അണിഞ്ഞ നായകനും , മറ്റു മൂന്ന്  മുഖം മൂടികളും . ഗ്രീക്ക് ട്രാജഡി പോലെ ആ മൈം/ടാബ്ലോ  നാടകം  നടക്കുമ്പോള്‍ ടൈറ്റിലുകള്‍. 

      ആ രാത്രി കോളേജ് വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ വെച്ച് ലക്ഷിയെ ആരോ കഴുത്ത്  ഞെരിച്ച് കൊല്ലുന്നു. ലക്ഷ്മിയുടെ ജഡത്തിന്  ചുറ്റും കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഏറ്റവും പിന്നിലായി  നാടകത്തിന്റെ വേഷ വിധാനങ്ങളോടെ നാല് മുഖംമൂടികള്‍ .അവരാണ് സീനിയേര്‍സ് .

      ലക്ഷ്മിയെ കൊന്ന കുറ്റം ആ നാല്‍വര്‍ സംഘത്തിന്റെ തലയില്‍ വരും എന്ന ഘട്ടത്തില്‍ കുടുമ്പവും, ബന്ധങ്ങളും ഉള്ള ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍ ), റഷീദ് മുന്ന (മനോജ്‌ കെ ജയന്‍ ), റെക്സ് (കുഞ്ചാക്കോ ബോബന്‍ ) എന്നിവരെ രക്ഷിക്കാന്‍ , പ്രത്യേകിച്ച് ബന്ധങ്ങള്‍  ഒന്നുമില്ലാത്ത പപ്പു എന്ന പത്മനാഭന്‍ (ജയറാം ) ആ കുറ്റം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നു .പന്ത്രണ്ടു വര്‍ഷങ്ങള്‍ ജയിലില്‍ പോയി കിടക്കുന്നു . ലക്ഷ്മിയുടെ സഹോദരി ഇന്ദു (പത്മപ്രിയ) പപ്പുവിന്റെ കാമുകി കൂടിയായിരുന്നു എന്നതിന്റെ സൂചനകള്‍ കാണികള്‍ക്ക് അവിടിവിടെ ലഭിക്കുന്നുണ്ട് .

      പന്ത്രണ്ട് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ ശിക്ഷക്ക് ശേഷം തിരികെയെത്തുന്ന പപ്പുവിന്   അയാള്‍  ചെയ്ത ത്യാഗത്തിനു നന്ദിയുള്ള ഇടിക്കുള, റഷീദ് , റെക്സ് എന്നീ മൂന്നു കൂട്ടുകാര്‍ മുന്നോട്ടുള്ള ജീവിതം ഭംഗിയാക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്  .പക്ഷെ അതെല്ലാം നിരസിക്കുന്ന പപ്പു സുഹൃത്തുക്കളോട് വീണ്ടും മഹാരാജാസ് കോളേജിലേക്ക് തിരികെ പോകാം , അതും പി ജി ,വിദ്ധ്യാര്‍ത്ഥികള്‍ ആയിട്ട്,എന്ന ആഗ്രഹം പറയുന്നു . ചെറിയ  എതിര്‍പ്പുകള്‍ക്ക് ശേഷം കൂട്ടുക്കാര്‍ മൂന്നും പപ്പുവിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തീരുമാനിക്കുന്നു .അങ്ങനെ പ്രിന്‍സിപ്പല്‍ അലാവുദീന്‍ റാവുത്തറുടെ  (വിജയരാഘവന്‍ ) സ്ത്രീകളോടുള്ള താത്പര്യം മുതലെടുത്ത്‌,അയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് അവര്‍ നാലാളും കോളേജില്‍ തിരികെ എത്തുന്നു .

      കോളേജ് ജീവിതത്തിന്റെ രസങ്ങള്‍ വീണ്ടും കുറച്ചു കാലത്തേക്ക് അറിഞ്ഞ ശേഷം തിരികെ പോകാം എന്നാണ് പപ്പുവിന്റെ ആഗ്രഹം എന്ന്   ഇടിക്കുള ,റഷീദ് ,റെക്സ് എന്നിവര്‍  കരുതുന്നു . പക്ഷെ ഇന്ദു ഇന്ന് പ്രൊഫസ്സറായി ജോലി നോക്കുന്ന തങ്ങള്‍ പഠിച്ച കോളേജിലേക്ക്  പപ്പു കൂട്ടുകാരുമൊത്ത് മടങ്ങിയെത്തുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ് .അവിടെ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ പിന്നിലെ രഹസ്യങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ വെളിവായി തുടങ്ങുന്നു .

      ഇനി ഈ സിനിമ കാണാന്‍ പോകുന്നവര്‍ , തിയറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഊഹിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് (ഊഹിക്കുകയെ വഴിയുള്ളൂ.സംവിധായകന്‍  വൈശാഖോ ,  തിരക്കഥ എഴുതിയ സച്ചി -സേതുവോ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് സിനിമ തീര്‍ന്നാലും 
       പറഞ്ഞ് തരില്ല ) :

      1)പപ്പു ശിക്ഷ കഴിഞ്ഞ്   വരുന്ന കാലഘട്ടത്തിന്  'ഇന്ന്' എന്ന് സ്ക്രീനില്‍ എഴുത്ത് തെളിയുന്നുണ്ട് . തൊണ്ണൂറ്റിയാറില്‍ നടന്ന കൊലപാതകം പപ്പു സ്വയം എറ്റു പറഞ്ഞിട്ടും കോടതിയില്‍  കേസ്സ്  മൂന്ന് വര്‍ഷങ്ങള്‍  നടന്നു കാണും എന്ന് നമുക്ക് ഊഹിക്കാം.അത് കഴിഞ്ഞാവണം പപ്പുവിന് പന്ത്രണ്ട് വര്‍ഷങ്ങളുടെ ശിക്ഷ കിട്ടിയത് .

      2)സിനിമയില്‍ രഹസ്യങ്ങളുടെ കുരുക്കഴിക്കാന്‍ പപ്പുവിനെ സഹായിക്കുന്ന ഒരു കഥാപാത്രം  ഉണ്ട് (പേര് പറഞ്ഞാല്‍ സസ്പെന്‍സ് പോകും ) . ആ കഥാപാത്രം കുറ്റവാളിയുടെ മാനസികാവസ്ഥ ഇത്തരത്തിലാകും എന്ന വിശകലനത്തില്‍ എത്തി ചേരുന്നത് സച്ചി , സേതു , വൈശാഖ് എന്നിവര്‍ നേരത്തെ അങ്ങനെ തന്നെയാകണം കാര്യങ്ങള്‍ എന്ന് പറഞ്ഞ് കൊടുത്തത് കൊണ്ടാകണം.

      3) കൂട്ടുകാരുടെ ബന്ധങ്ങള്‍ കടപ്പാടുകള്‍ എന്നിവയ്ക്ക് വേണ്ടി ത്യാഗിയാകുന്ന പപ്പു , അയാളുടെ കാമുകി ഇന്ദുവുമായിയുള്ള  ബന്ധത്തിന് ജയില്‍ പോകുമ്പോള്‍ വല്യ വിലയൊന്നും കല്‍പ്പിച്ചിരുന്നില്ല .പന്ത്രണ്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ കഥ മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി മാത്രമാണ്  പപ്പു ആ ബന്ധത്തിന് വില കല്‍പ്പിച്ചു തുടങ്ങുന്നത് 

      4) ജയറാം , ബിജു  മേനോന്‍ , മനോജ്‌ കെ ജയന്‍ എന്നിവരുടെ സമപ്രായക്കാരനാണ്  കുഞ്ചാക്കോ ബോബന്‍ (ഒരിക്കലും പ്രായമാകാത്തയാള്‍ എന്നൊരു ചെറിയ വിശദീകരണം ഈ കാര്യത്തില്‍ സിനിമ നല്‍കുന്നുണ്ട് )

      ഇത്രയും  ഊഹങ്ങള്‍ കഴിഞ്ഞാല്‍ ഈ സിനിമ കണ്ട് തുടങ്ങാം

      കോമഡി ത്രില്ലര്‍ ,മന:ശാസ്ത്ര കോമഡി ത്രില്ലര്‍, സ്ലാപ്സ്റ്റിക്ക്  എന്റര്‍ടെയ്നര്‍ അല്ലെങ്കില്‍ വെറുതെ ഒരു സിനിമ ; സംവിധായകന്‍ വൈശാഖ് സീനിയേര്‍സ് എന്ന ഈ സിനിമ ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടുത്തിയാണ് പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല ഇനി ഫാമിലി എന്റര്‍ടെയ്നര്‍  എന്ന വിഭാഗമാണ്‌ വൈശാഖ് ഉദ്ദേശിച്ചത് എങ്കില്‍ വൈശാഖ്  (സച്ചി -സേതു,സിദ്ധിഖ്  ഇവരും ) സ്വന്തം ഫാമിലിയില്‍ അമ്മയോടും, സഹോദരിയോടം ,ഭാര്യയോടും ഒക്കെ പറയാന്‍ സാധ്യതയുള്ള കോമഡികള്‍ ഓര്‍ത്തിട്ട് തന്നെ എനിക്ക് പേടിയാകുന്നു .

      സച്ചി - സേതു  ദ്വയം എഴുതിയ തിരക്കഥയില്‍ ലോജിക്ക് എന്നൊരു വാക്ക് എന്തോ വാശി പോലെ അവര്‍ ഒഴിവാക്കിയിട്ടുണ്ട് . മാത്രമല്ല , ഈ സസ്പെന്‍സ്  നിറഞ്ഞ കഥയില്‍  ഇന്റര്‍വെല്ലിന് മുന്‍പ് തന്നെ  കഥ എവിടെക്കാണ്‌ പോകുന്നത് , കുറ്റവാളി ആര് എന്നത് വ്യക്തമാക്കുന്ന സീനുകള്‍ ഉണ്ട് താനും .സംഭാഷണങ്ങള്‍ (എഴുതിയത് സിദ്ധിഖ് ആണ് ) ദ്വയാര്‍ത്ഥ പ്രയോഗം മുതല്‍ അസഭ്യം വരെ നീളും .അല്ലാത്തപ്പോള്‍ 'ആര്‍ക്കുമറിയില്ല ഈ എന്നെ(കഥാപാത്രത്തിന്റെ പേര് ),എന്നെ നിങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല' എന്ന നിലവാരത്തിലാണ് .മാത്രമല്ല ചിലപ്പോള്‍ കഥാപാത്രങ്ങള്‍ വാ തുറക്കുന്നതിന് മുന്‍പ് അവര്‍ പറയാന്‍ പോകുന്ന ഡയലോഗ് ,സിനിമ കാണുന്നവര്‍ക്ക് അറിയുവാന്‍ സാധിക്കും .ഉദാഹരണത്തിന് പപ്പു ഇന്ദുവിനോട്  'മാറ്റാര്‍ക്കും ബോധ്യപ്പെട്ടില്ലെങ്കിലും നീ സത്യങ്ങള്‍ അറിയണം' എന്ന മട്ടിലെ ഡയലോഗ് മാത്രമല്ലേ പറയുവാന്‍ പാടുള്ളൂ ?

      വ്യക്തിത്വമുള്ളവ പോട്ടെ , മിനിമം ലോജിക്ക് ഉള്ള ഒരു കഥാപാത്രം സച്ചി-സേതുവിന്‍റെ തിരക്കഥയില്‍ ഇല്ല .

      കഥാപാത്രങ്ങളെ അവതരിപ്പിച്ച  അഭിനേതാക്കളില്‍ ത്യാഗിയും,സത്ഗുണ സമ്പന്നനും അതിനാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടവനുമായി ജയറാം ഒരു നൂറാം തവണ സ്ക്രീനില്‍ എത്തുന്നു,.പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ രണ്ടുമണിക്കൂര്‍ നാല്‍പ്പതിയഞ്ചു മിനിട്ടുകള്‍ തള്ളി നീക്കുന്നു . കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ , മനോജ്‌ കെ ജയന്‍   എന്നിവര്‍ അവരോട് തിരക്കഥ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. തൊലി പൊളിയുന്ന തരത്തിലെ തമാശ ശ്രമങ്ങളുടെ അതിപ്രസരത്തിനിടെ   ചെറിയ ചിരികള്‍ ഉയര്‍ത്തുന്ന അപൂര്‍വ്വം സീനുകള്‍ ബിജു മേനോന്‍ ,മനോജ്‌ കെ ജയന്‍ എന്നിവരുടെതാണ് .തവള തമ്പി എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ശരിക്കും അസഹ്യമാണ് . ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ അസഹ്യതക്ക് മൂര്‍ച്ച കൂട്ടുന്നതുമുണ്ട് .

      സിദ്ധിഖ് അവതരിപ്പിച്ച പ്രൊഫസ്സര്‍ ഉണ്ണിത്താന്‍ എന്ന കഥാപാത്രം സിനിമയില്‍ എന്താണ് ചെയ്യന്നത് എന്ന് ചോദിച്ചാല്‍ ,കാണികള്‍ തലച്ചോര്‍ മുഴുവന്‍ വീട്ടില്‍ വെച്ചിട്ടാണോ വന്നത് എന്ന് പരീക്ഷിക്കുകയാണ് എന്ന് പറയേണ്ടി വരും .

      ജഗതി ശ്രീകുമാര്‍ (പ്രൊഫസ്സര്‍ അടിയോടി ) , ലാലു അലക്സ് ( കോര) , ഷമ്മി തിലകന്‍ (സി ഐ ) എന്നിവര്‍ സ്ക്രീനില്‍ മുഖം കാണിച്ചു പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല.

      അതുപോലെ തന്നെ പത്മപ്രിയ,മീരാ നന്ദന്‍ ,ജ്യോതിര്‍മയി (എല്‍സമ്മ,ഇടിക്കുളയുടെ ഭാര്യ ), രാധാ  വര്‍മ്മ (പാത്തുമ്മ,റഷീദിന്റെ ഭാര്യ ) ,അനന്യ (ജെനി,കോളേജിലെ സ്മാര്‍ട്ട്‌ ഗേള്‍ സങ്കല്‍പ്പം ) എന്നിവര്‍ എല്ലാവരും ക്യാമറക്ക്‌ മുന്നില്‍ എത്തുന്നു, ഡയലോഗുകള്‍ ഉരുവിടുന്നു  ,പോകുന്നു ;അത്ര തന്നെ .കൂട്ടത്തില്‍ അനന്യയും, മീരയും പാട്ടുകളുടെ താളത്തിന് ഒപ്പം ചുവടും വെയ്ക്കുന്നുണ്ട് .
      അലക്സ് പോള്‍ ,അല്‍ഫോന്‍സ്‌ ജോസഫ്‌ ,ജാസ്സി ഗിഫ്റ്റ് , അജിത്‌ ജോര്‍ജ് എന്നീ നാല് സംഗീത സംവിധായകരാണ്   സീനിയേര്‍സിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് . കോളേജ് ക്യാമ്പസ്സില്‍ വിവിധ വര്‍ണ്ണങ്ങളിലെ വസ്ത്രങ്ങള്‍ അണിഞ്ഞ് എല്ലാവരും കൂടി എന്തൊക്കെയോ പാടുന്നു , ഡാന്‍സ് ചെയ്യുന്നു . ആ ഒരു ഫോര്‍മാറ്റിന് ഈ ചിത്രത്തിലെ ഗാനങ്ങള്‍ യോജിക്കും.


      ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളില്‍ നന്നായിട്ടുണ്ട് .ബാക്കിയുള്ളവയില്‍ വളരെ ഉച്ചത്തിലും. കഥയില്‍ വളരെ പ്രധാനപ്പെട്ടത്  എന്ന് പറയാവുന്ന ഒരു മ്യൂസിക്ക് പീസ്‌ ഈ സിനിമയില്‍ ഉണ്ട് .ഒരു കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന (ഒരു പ്രത്യേക വികാരത്തിന്റെ ട്രിഗര്‍ രൂപത്തില്‍ ) സംഗീതമാണ് ഇത്  എന്ന് മറ്റൊരു കഥാപാത്രം കാണികളെ അറിയിക്കുന്നുമുണ്ട് .ഗ്ലൂമി സണ്‍‌ഡേ പോലെ കേള്‍ക്കുന്നവരെ ആത്മഹത്യാ ചെയ്യാന്‍  വരെ പ്രേരിപ്പിക്കുന്നത്ര  സ്വാധീന ശക്തിയുള്ള  സംഗീതം
      (ങ്ങള്‍ ) ലോകത്ത് ഉണ്ടായിട്ടുണ്ട് . പക്ഷേ സീനിയേര്‍സിലെ ഈ പ്രത്യേക  മ്യൂസിക് പീസ്‌ കേട്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കാര്‍ട്ടൂണ്‍ സിനിമകളില്‍ നിരാശാ കാമുകന്മാരുടെ പശ്ചാത്തല സംഗീതമാണ് .
      സാങ്കേതിക വിഭാഗത്തിലെ മറ്റുള്ളവരില്‍ , ഷാജിയുടെ ക്യാമറ കലാലയത്തിന്റെ വര്‍ണ്ണങ്ങള്‍ സ്ക്രീനില്‍ മനോഹരമായി എത്തിക്കുന്നു.പക്ഷേ സിനിമയിലെ പ്രധാന രംഗങ്ങള്‍ നടക്കുന്ന സ്റ്റേജ് പ്രോഗ്രാമുകള്‍ കാണിക്കുമ്പോള്‍ സ്വീകരിക്കുന്ന വെളിച്ച വിന്യാസം തീരെ അപക്വമാണ് .
      മഹേഷ്‌ നാരായണന്റെ എഡിറ്റിംഗ് ഈ സിനിമക്ക് യാതൊരു തരത്തിലെ വേഗമോ ,താളമോ നല്‍കുന്നില്ല .

      മാഫിയ ശശിയുടെ ആക്ഷന്‍ രംഗങ്ങള്‍ മോശമായില്ല എന്നാല്‍ വളരെ മികച്ചതുമല്ല എന്നേ പറയാന്‍ സാധിക്കു .

      കോളേജ് ക്യാമ്പസ് , വീടുകള്‍/ഹോസ്റ്റല്‍ , സ്റ്റേജ് പ്രോഗ്രാമുകള്‍ എന്നിവയുടെ രംഗസജ്ജീകരണങ്ങളോട് ജോസഫ്‌ നിലക്കല്‍ നീതി പുലര്‍ത്തിയിട്ടുണ്ട് .

      സാങ്കേതികമായ വിശദാംശങ്ങള്‍ എല്ലാം മാറ്റി നിറുത്തി ,ഒരു സാധാരണ പ്രേക്ഷക എന്ന നിലയില്‍ സീനിയേര്‍സ് എങ്ങനെയുണ്ട്  എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ , തല്ലിപ്പൊളി സിനിമ എന്നേ ഞാന്‍ പറയു. ദ്വയാര്‍ത്ഥം നിറഞ്ഞ സംഭാഷണങ്ങള്‍ തമാശകളായി കരുതുന്നവര്‍ക്ക് ഒരു പക്ഷേ ഈ സിനിമ ഇഷ്ടമായേക്കാം.


      P S : പതിവ് പോലെ സിനിമ കണ്ട കാര്യം ഞാന്‍ മമ്മിയോടു പറഞ്ഞു. ഏതെങ്കിലും കാലത്ത് ടീവിയില്‍  വന്നാല്‍ മമ്മി ചിലപ്പോള്‍ സീനിയേര്‍സ്  കാണും.അന്ന് മമ്മി എന്നെ കൊല്ലും .അങ്ങനെ സംഭവിച്ചാല്‍ തിയറ്ററുകളില്‍ അലഞ്ഞ് നടക്കുന്നതിനു മുന്‍പായി എന്റെ ആത്മാവ് സത്യമായിട്ടും  വൈശാഖ് , സച്ചി-സേതു , സിദ്ധിഖ് എന്നിവരെ കൊല്ലും (ചോര കുടിക്കില്ല ...സീനിയേര്‍സിലെ വള്‍ഗാരിറ്റി കാണുകയും കേള്‍ക്കുകയും ചെയ്ത ശേഷം  എനിക്ക് അറപ്പാണ് )

      Thursday 5 May 2011

      മാണിക്ക്യക്കല്ല് :Manikkya Kallu

      സാധാരണ ആദ്യ ദിവസങ്ങളില്‍ തിയറ്ററില്‍ ഒരുപാട് ആള്‍ത്തിരക്ക് ഉണ്ടാവുന്ന സിനിമകള്‍ , റിലീസായി ഒരു രണ്ടാഴ്ച്ച കഴിഞ്ഞു സമാധാനത്തോടെ കാണുക എന്നതാണ് എന്‍റെ പതിവ്.പക്ഷെ ഇത്തവണ ഒരു ചെറിയ അത്യാഗ്രഹം .മാണിക്ക്യക്കല്ല്  ആദ്യ ദിവസം തന്നെ കാണണം എന്ന് . മിക്ക സിനിമകളും  റിലീസിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ കാണുന്ന ഏട്ടനാണ് ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം . ചോദിച്ചു , ഉടന്‍ ഉത്തരം 'നീ തിരക്കൊക്കെ ഒഴിഞ്ഞിട്ട് പോയാല്‍ മതി' എന്ന് .ബ്ലോഗ്‌ , റിവ്യൂ  , ആദ്യ ദിവസം തന്നെ റിവ്യൂ എഴുതാനുള്ള എന്‍റെ അത്യാഗ്രഹം ഇതൊക്കെ പറഞ്ഞ് കാല് പിടിച്ചു . ഉം ,നോക്കട്ടെ എന്ന് ആളുടെ ഗൌരവം . അത് കേട്ടാല്‍ എനിക്കറിയാം സംഗതി സക്സ്സസ്സ് , എന്ന് .  അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ടിക്കറ്റുകള്‍ റെഡി  :) 
      വല്യ പരസ്യങ്ങള്‍ ഒന്നുമില്ലാതെ റിലീസ് ചെയ്തത് കൊണ്ടാകണം , സാധാരണ ആദ്യ ദിവസങ്ങള്‍ കാണുന്ന വല്യ ആള്‍ക്കൂട്ടം  തിയറ്ററില്‍ ഉണ്ടായിരുന്നില്ല .
      പക്ഷേ ബാല്‍ക്കണി ഫുള്‍. കുടുമ്പമായി എത്തിയവരായിരുന്നു കൂടുതല്‍.

      വണ്ണാന്‍മല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മെന്‍റ് സ്കൂളില്‍ അദ്ധ്യാപകനായി എത്തുന്ന വിനയചന്ദ്രന്‍ മാഷിന്‍റെ‌ (പ്രിഥ്വിരാജ്)  കഥയാണ് മാണിക്ക്യക്കല്ല്.

      1864ല്‍ സ്ഥാപിതമായ ആ സ്കൂള്‍ ഒരു കാലത്ത് അയ്യായിരം കുട്ടികള്‍ വരെ പഠിച്ചിരുന്ന സ്കൂള്‍ ആയിരുന്നുവെങ്കിലും, ഇപ്പോള്‍  ക്ഷയിച്ച് പൂട്ടാറായ  അവസ്ഥയിലാണ് .   അദ്ധ്യാപകന്‍ ആയുള്ള ആദ്യ നിയമനം ചോദിച്ചു വാങ്ങി വിനയചന്ദ്രന്‍ മാഷ്‌ വരുന്നത് സര്‍ക്കാരും,  അദ്ധ്യാപകരും, വണ്ണാന്‍ മലക്കാരും ഒന്നോടെ കൈയൊഴിഞ്ഞ ആ സ്കൂളിലേക്കാണ്. വളം കച്ചവടം  മുഖ്യ തൊഴിലാക്കിയ  ഹെഡ്മാസ്റ്റര്‍ കുറുപ്പ് (നെടുമുടി വേണു ) , സ്ഥലക്കച്ചവടം , മറ്റു ചില സൈഡ് ബിസിനെസ്സുകള്‍ എന്നിവയുമായി നടക്കുന്ന ഫിസിക്ക്സ് അദ്ധ്യാപകന്‍ പവനന്‍ ( കോട്ടയം നസീര്‍ ), റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കോച്ചിങ്ങ് കൊടുക്കുന്ന വി ഡി സി (ജഗദീഷ് ) എന്ന അദ്ധ്യാപകന്‍ , യുണിയന്‍ പ്രവര്‍ത്തനവുമായി നടക്കുന്ന എസ കെ (അനില്‍ മുരളി ) എന്ന  അദ്ധ്യാപകന്‍ , കല്യാണം ,ആഹാരം, ഉറക്കം എന്നിവ ഹോബിയാക്കിയ അസീസ്‌ മാഷ്‌ (അനൂപ്‌ ചന്ദ്രന്‍ ), മുട്ട/കോഴി കച്ചവടം , യോഗാ ക്ലാസുകള്‍ എന്നിവയുമായി നടക്കുന്ന പി ടി ടീച്ചര്‍ ചാന്ദ്നി (സംവൃതാ സുനില്‍ )   പിന്നെ പഠനത്തില്‍ ഒഴികെ മറ്റെല്ലാത്തിലും താത്പര്യമുള്ള കുറെ കുട്ടികള്‍ ; അങ്ങനെ ഒരു പിടി കഥാപാത്രങ്ങള്‍ക്കിടയിലേക്കാണ് വിനയചന്ദ്രന്‍ മാഷ്‌ എത്തുന്നത് മൂന്ന് വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയ കുട്ടികള്‍ എല്ലാം തോറ്റ ചരിത്രമുള്ള വണ്ണാന്‍മല സ്കൂളിലെ ആ വര്‍ഷത്തെ പന്ത്രണ്ട് പത്താം ക്ലാസ്  വിദ്ധ്യാത്ഥികളെ കണക്കും (ടീച്ചര്‍ന്മാരുടെ കുറവ് കാരണം ചിലപ്പോള്‍ മറ്റു വിഷയങ്ങളും ) പഠിപ്പിക്കുക എന്ന  ഭാരിച്ച ചുമതലയാണ് മാഷിനെ ആ സ്കൂളില്‍ കാത്തിരിക്കുന്നത്  . തുടര്‍ന്നുള്ള സംഭവങ്ങളാണ്  കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം എം .മോഹനന്‍  സംവിധാനം ചെയ്ത മാണിക്ക്യക്കല്ലിന്റെ ബാക്കി കഥ .

      ഈ സിനിമ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാല്‍ , ഭംഗിയുള്ള മുത്തുകള്‍ കോര്‍ത്ത ഒരു മാല 
      പോലെ ,പക്ഷേ ഇടക്കിടെയുള്ള  ഇഴയടുപ്പത്തിന്‍റെ കുറവ് ആ മാലയുടെ ഭംഗി കുറച്ചൊക്കെ നശിപ്പിക്കുന്നു , എന്ന് പറയാം .

      ഇഴയടുപ്പക്കുറവിന്റെ  ഉത്തരവാദിത്വം   എം മോഹനന്‍ എന്ന സംവിധായകനെക്കാള്‍ , എം മോഹനന്‍ എന്ന തിരക്കഥാകൃത്തിനാണ് എന്ന് എനിക്ക് തോന്നുന്നു. കാരണം മാണിക്ക്യക്കല്ലിന്റെ അവതരണം സുന്ദരമാണ്. കല്ല്‌ കടി തോന്നിക്കുന്നത് പ്രധാനമായും രണ്ടാം പകുതിയില്‍ കഥയുടെ ഒഴുക്കിലാണ് .ചില കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ വെറുതെ അങ്ങ് സംഭവിക്കുന്നു എന്ന മട്ടിലാണ് രണ്ടാം   പകുതിയില്‍ കഥ വികസിക്കുന്നത് .ഉദാഹരണത്തിന് മനു എന്ന വിദ്ധ്യാര്‍ത്ഥിയെ കുടുക്കാന്‍ ശ്രമിക്കുന്ന കല്ലിന്‍കുഴി കരുണന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന കഥാപാത്രത്തിനെ ആ രംഗത്തിനു ശേഷം നമ്മള്‍ കാണുന്നത് ഒരു സദ്യ വിളമ്പുന്ന പന്തലിലാണ് . അവിടെ അയാള്‍ പ്രകടിപ്പിക്കുന്ന  മാറ്റം കാണികള്‍ക്ക് പൂര്‍ണ്ണമായും അനുഭവവേദ്യമാക്കാന്‍ തിരക്കഥക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ് . 
      അത് പോലെ തന്നെ ക്ലൈമാക്സും . ബോറായില്ല .പക്ഷേ പ്രധാന അദ്ധ്യാപകന്‍ വേദിയില്‍ അഭിനന്ദിക്കപ്പെടുകയും , അയാളിലും,വിദ്ധ്യാര്‍ത്ഥികളിലും കൂടി വിനയചന്ദ്രന്‍ മാഷ്‌ അതേ വേദിയില്‍ പരാമര്‍ശിക്കപ്പെടുകയും  ചെയ്ത്, ഒടുക്കം വിനയചന്ദ്രന്‍ മാഷിനെ കാണാന്‍ എത്തുന്ന കുറുപ്പ് മാഷ്‌, വിദ്ധ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും  സാന്നിധ്യത്തില്‍  അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എനിക്ക് തോന്നുന്നു (ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ കഥയായി .കൂടുതല്‍ വിശദീകരിച്ചാല്‍ പ്രശ്നമാണ് :) ). മാത്രമല്ല അവസാന രംഗങ്ങളില്‍ സായികുമാറിന്റെ കഥാപാത്രത്തെ (ഡി ഇ ഓ ) തീര്‍ത്തും ഒഴിവാക്കാമായിരുന്നു .ഇത്തരം കൊച്ചു കൊച്ച് രസം കൊല്ലികള്‍ മാണിക്ക്യക്കല്ലിന്റെ രണ്ടാം പകുതിയില്‍ അവിടിവിടെ ഉണ്ട് .
      അത് പോലെ തന്നെ സംവൃതാ സുനില്‍ - പ്രിഥ്വിരാജ് ഇവരുടെ പ്രണയ ഗാനം തീര്‍ത്തും ഒഴിവാക്കാവുന്ന ഒന്നായിരുന്നു.കേള്‍ക്കാന്‍ രസമുള്ള പാട്ട്.ദ്രശ്യ ഭംഗിയുള്ള ചിത്രീകരണം .പക്ഷേ   തീര്‍ത്തും അനവസരത്തിലായി അതിന്റെ വരവ് .


      രണ്ടാം പകുതിയില്‍ കഥയിലെ  ചില്ലറ കല്ലുകടികളും ,അനവസരത്തിലുള്ള ആ ഒരു ഗാനവും  ഒഴുവാക്കിയിരുന്നെങ്കില്‍  മാണിക്ക്യക്കല്ലിന് കാണികള്‍ക്ക്  വളരെയധികം സുഖമുള്ള ഒരു കാഴ്ചയായി മാറുമായിരുന്നു.കാരണം ഈ ചെറിയ പോരായ്മകള്‍ക്കിടയിലും, ഒരുപാട് നല്ല വശങ്ങള്‍  ഈ സിനിമയില്‍ ഉണ്ട് . നല്ല ഒഴുക്കുള്ള ഒന്നാം പകുതി , പ്രിഥ്വിരാജ്  , ജഗതി ശ്രീകുമാര്‍
      (അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പരിണാമം മെച്ചപ്പെട്ട തരത്തിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നുന്നു ) , നെടുമുടി വേണു , സലിം കുമാര്‍ , സംവൃത സുനില്‍ എന്നിവരുടെ നല്ല അഭിനയം ,വണ്ണാന്‍മല ഗ്രാമത്തെ സുന്ദരമാക്കുന്ന സുകുമാറിന്റെ ക്യാമറ , എം . ജയചന്ദ്രന്‍ ഈണം നല്‍കിയ കേള്‍ക്കാന്‍ സുഖമുള്ള നല്ല പാട്ടുകള്‍ (ഒരെണ്ണമൊഴികെ  മറ്റെല്ലാ പാട്ടുകളും കഥയോട് ചേര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ട് ) ; ഇവ ആ നല്ലവയില്‍ ചിലത് മാത്രം .

      ബഷീര്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെയും ,എസ്
      കെ  എന്ന അദ്ധ്യാപകന്‍റെയും രണ്ടു രംഗങ്ങളിലായുള്ള പ്രസംഗം , സലീം കുമാറിന്‍റെ ചില സെന്റിമെന്റ്സ് രംഗങ്ങള്‍ (ഒട്ടും ബോറല്ല എന്ന് മാത്രമല്ല , നന്നായിട്ടുണ്ട് ) അങ്ങനെ പല സീനുകളും സംവിധായകന്റെ കയ്യടക്കം ബോധ്യപ്പെടുത്തുന്നതുമുണ്ട്  .

      നന്മയുള്ള ഒരു കഥ , അതിഭാവുകത്വവും, അസാമാന്യ ശക്തികളും ഇല്ലാത്ത സാധാരണക്കാരായ കഥാപാത്രങ്ങള്‍ , അവയെ ഭംഗിയായി അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ 
      (വല്യ പ്രാധാന്യമില്ലാത്ത റോളുകളില്‍ വരുന്ന ജഗദീഷ് ,കോട്ടയം നസീര്‍ ,ഇന്ദ്രന്‍സ് എന്നിവര്‍ മുതല്‍ വിദ്ധ്യാര്‍ത്ഥികള്‍  വരെ) , ഗ്രാമത്തിന്റെ കഥ പറയാന്‍ അറിയുന്ന സംവിധായകന്‍ : ഇതെല്ലാം മാണിക്ക്യക്കല്ലിലുണ്ട് .പക്ഷേ കഥയുടെ ഒഴുക്കും , താളവും കൂടുതല്‍ ഭംഗിയാക്കുന്ന ഒരു തിരക്കഥാകൃത്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മാണിക്ക്യക്കല്ലിന്  കൂടുതല്‍ തിളക്കം ഉണ്ടായേനെ. 

      ചുരുക്കത്തില്‍ മാണിക്ക്യക്കല്ല് കണ്ടിരിക്കാവുന്ന സിനിമയാണ്. പക്ഷേ നേരത്തെ സൂചിപ്പിച്ച ആ ചില്ലറ രസം കൊല്ലികളെ ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ടായിരത്തി പതിനൊന്നില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഏറ്റവും നല്ലത് എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാമായിരുന്നു.


      PS
      : jiru2010 
      കമന്റ് വഴി നല്‍കിയ ഒരു ഐഡിയ ആണ് പോസ്റ്റര്‍ അപ്പ്‌ലോഡ് എന്ന സാഹസത്തിന് കാരണം . പോസ്റ്റര്‍ ഗൂഗിള്‍ വഴി ലഭിച്ചതാണ്.കോപ്പിറൈറ്റ് എന്ന പേരില്‍ എന്നെ പോലീസ് പിടിച്ചാല്‍ പ്രേരണാ കുറ്റത്തിന്   jiru2010ന്റെ പേരിലും കേസ്സെടുക്കാന്‍ ഞാന്‍ പറയും :)  

      Wednesday 4 May 2011

      ഭക്തജനങ്ങളുടെ ശ്രദ്ധക്ക് : Bhakthajanangalude Shraddhaku

      ഡാഡിയും ,മമ്മിയും സിനിമക്ക് വരിക എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒരു അത്ഭുതമാണ് . സെല്കടീവ് മൂവീസ് മാത്രം കാണുന്ന ബുദ്ധിജീവികളാണ് രണ്ടാളും എന്നാണ് മമ്മിയുടെ അവകാശവാദം .എന്ന് വെച്ചാല്‍ ,ഏട്ടനേയും ,എന്നെയും പോലെ സിനിമ കാണാന്‍ കിട്ടുന്ന ചാന്‍സ് ഒന്നും കളയാത്ത ലോക്കല്‍സ് അല്ല  രണ്ടാളും എന്ന് സാരം . കൂട്ടുകാരികള്‍ എന്റെ സിനിമാ ഭ്രാന്ത് സഹിക്ക വയ്യാതെ മുങ്ങുമ്പോള്‍ , ഏട്ടന്‍ എന്നെ സിനിമക്ക് കൊണ്ട് പോകാന്‍ തീരെ ഫ്രീ അല്ലതാകുമ്പോള്‍ , ഡാഡിയെ സോപ്പിട്ട് സിനിമക്ക് പോവുക എന്ന എന്റെ ട്രംപ് കാര്‍ഡിന്   ഉടക്ക് പറയാതിരിക്കാന്‍ മാത്രം ഞാന്‍ മമ്മിയുടെ വാദത്തിന് എതിരൊന്നും പറയാറില്ല.

      അടുത്ത ബന്ധുക്കളുടെ വിസിറ്റ് പ്രമാണിച്ച് തിരക്കുകള്‍ ഒഴിവാക്കി ഇന്നലെ ഡാഡിയും, ഏട്ടനും   വീട്ടില്‍ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ എല്ലാവരെയും  കൂട്ടി ഒരു സിനിമാ പരിപാടി ഞാന്‍ രാവിലെ തന്നെ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നു .


      വളരെ നൈസായ്  വിഷയം ഞാന്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചു അങ്കിള്‍മാരും ,അമ്മായിമാരും 
      സമ്മതം മൂളി  .പക്ഷെ അവര്‍ പോകാം എന്ന് ആദ്യം  പറഞ്ഞ സിനിമയുടെ പേര് ഉറുമി . ഞാന്‍ നേരത്തെ കണ്ട സിനിമയാണ് അതെന്ന് അറിയാവുന്ന ഡാഡി എന്നെ നോക്കി ചിരിച്ച കള്ളച്ചിരി കണ്ടില്ല എന്ന് നടിച്ച്, ഭക്തജനങ്ങളുടെ ശ്രദ്ധക്ക്  പോകാനുള്ള ക്യാന്‍വാസിംഗ് ഞാന്‍ തുടങ്ങി . മമ്മിക്കും , അമ്മായിമാര്‍ക്കും കാവ്യാ മാധവനോടുള്ള സെന്റിമെന്റ്സ് ,ഇഷ്ടം എന്നിവ മുതലെടുത്ത്‌ തീരുമാനം എനിക്ക്  അനുകൂലമാക്കുകയും ചെയ്തു .

      അങ്ങനെ വലിയൊരു സംഘമായി ഞങ്ങള്‍ തിയറ്ററില്‍ എത്തി. ടിക്കറ്റ് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ കിട്ടി . മമ്മി ,അമ്മായിമാര്‍ എന്നിവരെ ഒഴിവാക്കി ഞാന്‍ സീറ്റ് പിടിച്ചത് ഡാഡിയുടെയും, ഏട്ടന്റെയും അടുത്താണ് . സിനിമ തുടങ്ങിയാല്‍ അടുത്തിരിക്കുന്നവര്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല . ഡാഡിക്ക് അതറിയാം .ഏട്ടന്‍ എന്നെപ്പോലെ തന്നെ സിനിമ തുടങ്ങിയാല്‍ കോണ്‍സന്‍ട്രേഷന്‍ മുഴുവന്‍ സ്ക്രീനിന് കൊടുക്കുന്ന ആളുമാണ് .

      സിനിമ തുടങ്ങി . മദ്യപാനിയായ ഭര്‍ത്താവിനെക്കൊണ്ട് (ഇര്‍ഷാദ് ) രണ്ടു മക്കള്‍ അടങ്ങുന്ന കുടുമ്പത്തിന് പ്രയോജനമൊന്നുമില്ലാതെ , റോഡരികില്‍ സ്വയം നടത്തുന്ന ഹോട്ടലിന്റെ വരുമാനത്തില്‍ കഷ്ട്ടപ്പെട്ട് കുടുമ്പം പുലര്‍ത്തുന്ന സുമഗലയിലൂടെ (കാവ്യാ മാധവന്‍ ) കഥ തുടങ്ങുന്നു. ഭര്‍ത്താവിന്റെ കുടി പരിധി വിടുമ്പോള്‍, അത് നിറുത്താന്‍ സുമഗല കണ്ടെത്തുന്ന വഴിയാണ് , ഭര്‍ത്താവിന്  ഏറ്റവും വിശ്വാസമുള്ള കുടുമ്പ പരദേവത സ്വന്തം ദേഹത്തില്‍ ആവേശിച്ചു എന്ന അഭിനയം .
      ഭര്‍ത്താവിന്റെ കുടി നിറുത്തുക എന്ന ഉദ്ദേശം ആ അഭിനയത്തിലൂടെ  അവള്‍ താത്കാലികമായി സാധിക്കുന്നു.പക്ഷെ  നാട്ടുകാര്‍ സുമഗലയെ ദേവിയുടെ അവതാരമായി കാണുവാന്‍ തുടങ്ങുന്നു. ഒരിക്കല്‍ കൂടി ദേവിയായി അഭിനയിക്കേണ്ട സാഹചര്യം സുമഗലക്ക് ഉണ്ടാകുന്നു . അതോടെ അവള്‍ പ്രശസ്തയാകുന്നു . ആ പ്രശസ്തി മുതലെടുക്കാന്‍ അവളുടെ തന്നെ കുടുമ്പത്തിലെ ചിലരും, പുറത്തു നിന്നുള്ളവരും എത്തുന്നതോടെ   കാര്യങ്ങള്‍ സുമഗല ഒരിക്കലും ചിന്തിക്കാത്ത തലങ്ങളിലേക്ക് നീങ്ങുന്നു  .


      ആള്‍ ദൈവമായി വളരുന്ന സുമഗല ഏറെ താമസിയാതെ വ്യക്തമായ കച്ചവട ലക്ഷ്യങ്ങള്‍ ഉള്ള ചിലരുടെ കയ്യിലെ കളിപ്പാട്ടമായി മാറുന്നു .സ്വന്തം ജീവിതം കൈവിട്ടു പോകുന്നത് അറിയുന്ന സുമഗലയുടെയും  അവള്‍ക്കു പ്രിയപ്പെട്ടവരുടെയും മാനസിക സംഘര്‍ഷങ്ങള്‍ , പ്രതികരണങ്ങള്‍ എന്നിവ പിന്നെ സിനിമയെ ക്ലൈമാക്സിലേക്ക് നയിക്കുന്നു.


      സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏട്ടന്‍ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യം ചോദിച്ചു . നല്ല സ്കോപ്പുള്ള സബ്ജെക്റ്റ് ആയിരുന്നു, പക്ഷേ പ്രസന്റേഷന്‍ എനിക്ക് പിടിച്ചില്ല എന്നായിരുന്നു എന്റെ മറുപടി . പതിവ് പോലെ തന്നെ  ഞങ്ങള്‍ സിനിമാ 
      ഭ്രാന്തരുടെ  കത്തിയിലേക്ക് അത് നീളുകയും  ചെയ്തു .


      സിനിമയില്‍ റെയില്‍വേ  പാളത്തില്‍ വെച്ചുള്ള ഒരു സീന്‍ ഉണ്ട്. ആ സീനില്‍ നിന്ന് കഥ തുടങ്ങി , ചാനലുകാര്‍ , ഭക്ത ജനങ്ങള്‍ , ഒടുവില്‍ സുമഗല അലെങ്കില്‍ അവരുടെ ഭര്‍ത്താവ് ഇതില്‍ ആരുടെയെങ്കിലും  വ്യൂ പോയന്റുകളില്‍ കൂടി  കഥ മുന്നോട്ട്  കൊണ്ട്  പോയി , ഇടയ്ക്ക് ഫ്ലാഷ് ബാക്കിലൂടെ  സുമഗല ,സുമഗലാ  ദേവി  എന്ന അവതാരമായി മാറാന്‍ ഉണ്ടായ  കാരണങ്ങള്‍ പറഞ്ഞ്,ക്ലൈമാക്സില്‍ എത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നായിരുന്നു  എന്റെ അഭിപ്രായം . മുഴുവന്‍ സമ്മതിച്ച് തന്നിലെങ്കിലും ഏറെക്കുറെ ഏട്ടനും അതിന് തലകുലുക്കി  (സിനിമകളെ  ക്കുറിച്ച്  എന്റെ അഭിപ്രായങ്ങള്‍ ഏട്ടന്‍ സമ്മതിച്ച് തരുന്നത്  എനിക്ക് വല്യ  ഒരു അവാര്‍ഡ്  കിട്ടിയത്  പോലെയാണ് എന്ന്  ഞാന്‍ ഒരിക്കലും ആളോട്  പറയില്ല).
      കാവ്യാ മാധവന് പകരം പത്മപ്രിയ  ആയിരുന്നെങ്കില്‍ കഥയില്‍ സുമഗലയുടെ കുടുമ്പ ജീവിതം,കഷ്ട്ടപ്പാടുകള്‍ എന്നിവയ്ക്ക്  കുറേക്കൂടി വിശ്വാസ്യത തോന്നിക്കുമായിരുന്നു . എന്ന് വെച്ച് കാവ്യാ മാധവന്‍ ബോറാണ് എന്നല്ല പറഞ്ഞത് . സുമഗലയെ 
      സ്വന്തം കഴിവിനൊത്ത് മാക്സിമം ഭംഗിയായി തന്നെ കാവ്യ  അവതരിപ്പിച്ചിട്ടുണ്ട് . എങ്കിലും , വെറുതെ ഒരു ചിന്ത . അത്രേയുള്ളൂ .ഏട്ടന്‍ പറഞ്ഞത്  സംയുക്താ വര്‍മയ്ക്ക് തിരിച്ചു വരവിന് താത്പര്യമുണ്ടെങ്കില്‍ പറ്റിയ റോള്‍ ഇതായിരുന്നു എന്നാണ്. അല്ലെങ്കില്‍ നന്ദിതാ ദാസ് എന്നും .

      സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം സുമംഗലയുടെ ഭര്‍ത്താവ് വിശ്വനാഥന്‍ ആണ് .മദ്യപിക്കുമ്പോള്‍ ഉള്ളിലെ കോമ്പ്ലക്സുകള്‍ ഓരോന്നായി പുറത്തു വരുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ .ഇര്‍ഷാദ് ആ കഥാപാത്രത്തെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട് . ഇക്കാര്യത്തില്‍ ഞാനും ഏട്ടനും എഗ്രീ, എഗ്രീ.

      ബി മനോജിന്റെ തിരക്കഥ ഭക്തജനങ്ങളുടെ കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്ന തരത്തില്‍ നീങ്ങുകയും ,എഡിറ്റിംഗ് ,സംവിധായകന്‍ പ്രിയനന്ദനന്റെ ഇടപെടല്‍ എന്നിവയിലൂടെ രണ്ടാം പകുതിയില്‍ ചില കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ പടത്തിന്റെ ഫീല്‍ കുറേക്കൂടി മെച്ചമാകുമായിരുന്നു എന്ന ഏട്ടന്റെ അഭിപ്രായം ,ഞാനത് പറയുന്നതിന് മുന്‍പേ ആള്‍ അടിച്ചു മാറ്റിയതാണ് . സത്യം .ആ വാശിക്ക്, ഇത്തരത്തില്‍ ഒരു കഥയില്‍ നല്ല സറ്റയര്‍ സ്കോപ്പ് ഒരുപാടുണ്ടായിരുന്നു എന്ന എന്റെ അഭിപ്രായത്തിന്റെ ബാക്കി കൂടി ഞാന്‍  കൂട്ടി ചേര്‍ക്കുന്നു . കല്ലിനെ ചൂണ്ടി ദൈവമാണ് എന്ന് എന്ന് പറഞ്ഞാലും അതിനെ പൂജിക്കാന്‍ ആളുണ്ടാകും നമ്മുടെ നാട്ടില്‍ എന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട് .പക്ഷേ കൊച്ചു കൊച്ചു പുഞ്ചിരികള്‍ കാണികളില്‍ ഉണര്‍ത്തി അവരെ കൂടുതല്‍ ചിന്തിപ്പിക്കാനുള്ള ചാന്‍സ് സംവിധായകനും , തിരക്കഥാകൃത്തും നഷ്ടപ്പെടുത്തിയത് പോലെ ഒരു തോന്നല്‍ .

      മാത്രമല്ല സുമഗല എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായും നല്ലവള്‍ ആക്കാതെ , തുടക്കത്തില്‍ കുടുമ്പത്തിന്റെ പ്രയോജനത്തിന് വേണ്ടി ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയും ,കാര്യങ്ങള്‍ കൈ വിട്ടു പോകുമ്പോള്‍ മനസ്സ് മാറുകയും ചെയ്യുന്ന ഒരാള്‍ എന്ന  രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സുമഗല മാറുമായിരുന്നില്ലേ എന്നൊരു ചിന്തയും എനിക്കുണ്ട് . എന്റെ മാത്രം അഭിപ്രായം ആകാം ഇത് .ഏട്ടന്‍ പറയുന്നത് കൂടുതല്‍ ചിന്തിക്കാന്‍ വിട്ടാല്‍ ചിലപ്പോള്‍ ഞാന്‍ സുമഗലയെ ലാറാ ക്രോഫ്റ്റ് വരെ ആക്കും എന്നാണ് .

      രണ്ടു പാട്ടുകളില്‍ ഒരെണ്ണം ('എനിക്ക്'  എന്ന് തുടങ്ങുന്നത്  ) കേള്‍ക്കാന്‍ രസമുണ്ട്. സുമഗലാ ദേവിയെ ആരാധിച്ചു കൊണ്ടുള്ള പാട്ടിനിടയില്‍ കഥ വേഗത്തില്‍ നീങ്ങുന്നത്‌ കാരണം അതും ഈ സിനിമക്ക് ഒരു ബാധ്യതയാകുന്നില്ല .

      എന്റെ കത്തി അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം കൂടി പറയട്ടെ . ഈ സിനിമ തീര്‍ത്തും ഒരു ബോറ് പടമാണ് എന്ന് മേല്‍പ്പറഞ്ഞ എന്റെ അതിഭയങ്കരമായ ഒപിനിയനുകള്‍ വായിച്ച് ആരും തെറ്റിദ്ധരിക്കരുത് . ഒരു പ്രേക്ഷക എന്ന നിലയില്‍ ഈ സിനിമ എങ്ങനെ കണ്ടാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമാകുമായിരുന്നു എന്ന വ്യക്തിപരമായ (കുറച്ചൊക്കെ എന്റെ ഏട്ടന്റെയും )അഭിപ്രായങ്ങള്‍ മാത്രമാണ് അവ. മലയാള സിനിമയില്‍ ഇന്നത്തെക്കാലത്ത് ഇത്തരം സിനിമകള്‍ കൂടുതല്‍ ഉണ്ടാവണം . അത് കൊണ്ട് തന്നെ ഈ സംരംഭത്തിന്റെ പേരില്‍ സംവിധായകനും ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരും അഭിനന്ദനം അര്‍ഹിക്കുന്നു .

      വല്യ കോലാഹലങ്ങള്‍ ഒന്നുമില്ലാതെ നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു ചിത്രം എന്ന നിലയില്‍ ഈ സിനിമ ,സിനിമാ പ്രേമികള്‍ ഒരു തവണയെങ്കിലും കാണണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം . എങ്കിലും കൂറെ കൂടി നന്നാക്കാമായിരുന്നു  :)

      Tuesday 3 May 2011

      തോര്‍ 3D: Thor 3D

      മാര്‍വല്‍  കോമിക്സ്സിന്റെ ഒരു ആരാധികയാണ് ഞാന്‍ . പഴയ ഇന്ദ്രജാല്‍ കോമിക്സ് കളക്ഷന്‍ ഈ അടുത്തിടെ ഏകദേശം മുഴുവനായി സ്വന്തമാക്കുകയും ചെയ്തു (ഏട്ടനാണ് പണ്ട് കാലത്ത് ഫാന്റം ,മാന്‍ഡ്രെയ്ക്ക് എന്നിവരുടെ കഥകള്‍ കോമിക്കുകളായി ഇന്ത്യയില്‍ പബ്ലിഷ് ചെയ്തിരുന്ന ഇന്ദ്രജാല്‍ കോമിക്ക്സിനെ എനിക്ക് പരിചയപ്പെടുത്തിയത്) .കോമിക്ക് ബുക്കുകളോടുള്ള   ഇഷ്ടം കാരണം തോര്‍ സിനിമയായി ഇറങ്ങിയപ്പോള്‍ ,അതും ത്രീഡിയില്‍ വന്നപ്പോള്‍ ,കാണണം എന്നതില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല.

      നോര്‍സ് ഇതിഹാസങ്ങള്‍ക്ക് മാര്‍വല്‍ കോമിക്സ് കൊടുത്ത വ്യാഖ്യാനങ്ങള്‍ ആണ്  തോര്‍ കോമിക്കുകളുടെ അടിസ്ഥാനം .അസ്ഗാര്‍ഡ് എന്ന ദിവ്യ തലം (മിത്തിക്കല്‍ റെലം) ഭരിക്കുന്ന      ഓഡിന്‍ എന്ന സര്‍വ്വശക്തനായ രാജാവിന്റെയും (നോര്‍സ് ഇതിഹാസങ്ങളില്‍ ഓഡിന്‍ സര്‍വ്വ ശക്തനായ ദൈവമാണ് എന്നാണ് എന്റെ  ഓര്‍മ്മ .മാര്‍വല്‍ ദൈവം എന്നത്  നേരിട്ട് പറയുന്നില്ല . )മകനായ തോറിന്റെയും കഥയാണ് കോമിക്കുകളിലെ മുഖ്യ പ്രമേയം .

      സിനിമയില്‍ തോര്‍ അസ്ഗാര്‍ഡിന്റെ  അടുത്ത രാജാവായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്നതും ,ഇടയ്ക്കു തോറിന്റെ എടുത്തു ചാട്ടവം അഹങ്കാരവും കാരണം ഓഡിന്‍  തോറിനെ ശക്തികള്‍ നശിപ്പിച്ച് അസ്ഗാര്‍ഡില്‍ നിന്നും ഭൂമിയിലേക്ക്‌  നിഷ്കാസനം ചെയ്യുന്നതും , തുടര്‍ന്ന് ഭൂമിയിലെ ജീവിതം തോറില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് വിഷയം.

      ഹെന്റി  V എന്ന ചിത്രത്തില്‍ മികച്ച അഭിനേതാവിനും, സംവിധായകനുമുള്ള ഓസ്കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ സ്വന്തമാകിയ കെന്നത്ത്  ബ്രനാഹ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍ . ത്രീഡി സാങ്കേതിക വിദ്യയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം , കോമിക് ബുക്കുകളുടെ ആരാധിക എന്ന നിലയില്‍ എനിക്ക് ഇഷ്ടമായി . പക്ഷേ ഗ്രാന്‍ഡ്‌ വിഷ്വല്‍സ് എന്ന ചിന്തക്ക് പുറകെ പോകാതെ ദി ഡാര്‍ക്ക്‌ നൈറ്റ്‌ എന്ന സിനിമയിലെ പോലെ കഥാപാത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമീപനം ആയെങ്കില്‍ എന്ന് ആഗ്രഹിച്ച്   പോയത് കൊണ്ടാവാം , തോര്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തെല്ലൊരു നിരാശ തോന്നിയെനിക്ക് . (ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക്‌ നൈറ്റ്‌ കഥാഖ്യാന രീതി കൊണ്ടും ക്യാരെക്ടറൈസേഷന്‍ കൊണ്ടും   എന്നെ വല്ലാതെ സ്വാധീനിച്ച ഒരു ചിത്രമാണ്. ഹീത്ത് ലെഡ്ജറിനെക്കുറിച്ച്  ഞാന്‍ ഒന്നും പറയുന്നില്ല.പറഞ്ഞാല്‍ അത് വേറൊരു പോസ്റ്റ് അകാനുള്ളത്ര  കാണും ) .

      തോര്‍ എന്ന സിനിമയെക്കുറിച്ച് 
       വ്യക്തിപരമായ ആ നിരാശ ഒഴുവാക്കിയാല്‍ ഒരു കോമിക്ക് ബുക്ക്‌ ഹീറോയുടെ കഥ സിനിമയാക്കുമ്പോള്‍ വേണ്ട ചേരുവകള്‍ എല്ലാം ഇതില്‍ ഉണ്ട് .

      തോര്‍ ആയി ക്രിസ് ഹെംസ്വെര്‍ത് , ഓഡിന്‍ ആയി ആന്റണി ഹോപ്കിന്‍സ് , ലോക്കി എന്ന തോറിന്‍റെ അര്‍ദ്ധസഹോദരനായി ടോം ഹിഡെല്‍സ്റ്റണ്‍ എന്നിവരുടെ കാസ്റ്റിംഗ് ആണ് ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകം . ഓരോരുത്തരും കഥാപാത്രത്തിനു യോജിച്ച ശരീര ഭാഷയുള്ളവര്‍ .

      തിരക്കഥ എഴുതിയ ത്രയത്തിന് (ആഷ്ലി  മില്ലര്‍ , സാക്ക്  സ്റ്റെന്‍സ് , ഡോണ്‍ പെയിന്‍ ) എന്നിവര്‍ക്ക് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിലെ സംഭവങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സൃഷ്ടിക്കുക എന്നതാണ് ഈ ചിത്രത്തിലെ പ്രധാന കര്‍ത്തവ്യം എന്ന് തോന്നുന്നു .

      ഗ്രാഫിക്സും , സ്പെഷ്യല്‍ ഇഫെക്ക്റ്റ്സ് എന്നിവ കൊള്ളാം എന്നല്ലാതെ മികച്ച നിലവാരത്തില്‍ എത്തി എന്ന് പറയാന്‍ സാധിക്കില്ല .അവതാര്‍ എന്ന സിനിമയിലെ ത്രീഡി വിസ്മയങ്ങള്‍ ഈ ചിത്രത്തില്‍ കുറവാണ് താനും .അവതാറിന്റെ  ടെക്ക്നോളജി  തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് എവിടേയോ വായിച്ച ഒരു ഓര്‍മ്മ .

      ഒരു സാധാരണ ഹോളിവുഡ് സുപ്പര്‍ ഹീറോ സിനിമ കാണുന്ന തരത്തില്‍ ആസ്വദിച്ച് കാണാം. പക്ഷേ ത്രീഡി എന്ന പേരില്‍ തിയറ്ററുകാര്‍ വാങ്ങുന്ന അധിക ചാര്‍ജ് കൊടുക്കേണ്ട കാര്യമില്ല .ടൂ ഡിയില്‍ കണ്ടാലും നഷ്ടമൊന്നും സംഭവിക്കില്ല  ഇതാണ് തോറിനെക്കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം

      Monday 2 May 2011

      കോ : KO

      തമിഴ് നടന്‍ ജീവയുടെ സിനിമകള്‍ വരെ തിയറ്ററില്‍ പോയി കാണുന്ന എന്നെ തല്ലാന്‍ ആളില്ലാത്തത് കൊണ്ടാണ് അവള്‍ക്കു ഈ ഗതി വന്നത് എന്ന ശ്രുതിയുടെ കമന്റിന്റെ അകമ്പടിയോടെയാണ് കോ എന്ന തമിഴ് സിനിമ കാണാന്‍ ഞങ്ങള്‍ തിയറ്ററിനുള്ളിലേക്ക്  പ്രവേശിച്ചത്‌ .   ബാല്‍ക്കണി നിറഞ്ഞിരിക്കുന്ന മലയാളികളെ കണ്ടപ്പോള്‍ ,എന്റെ ഭ്രാന്ത് പകര്‍ച്ചവ്യാധിയാണ് എന്നായി ശ്രുതി .പക്ഷേ പടം തുടങ്ങിയപ്പോള്‍ അവള്‍ പരാതി നിറുത്തി .

       ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ തനിക്കുള്ള കഴിവ് സംവിധായകന്‍  കെ വി ആനന്ദ് , അദ്ദേഹത്തിന്‍റെ മുന്‍ ചിത്രമായ അയനിലൂടെ തന്നെ തെളിയിച്ചതാണ് . കോ തുടങ്ങുന്നത് തന്നെ ഒരു ബാങ്ക് കവര്‍ച്ചയും , സാഹസികമായി ആ കള്ളന്മാരുടെ ചിത്രങ്ങള്‍ എടുക്കാന്‍ അശ്വിന്‍ (ജീവ ) എന്ന ഫോട്ടോഗ്രാഫര്‍ നടത്തുന്ന ശ്രമങ്ങിളിലും കൂടിയാണ് . 
      ദിന അഞ്ചലി എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ആണ് അശ്വിന്‍ .അശ്വിന്‍ എടുത്ത ഫോട്ടോകളുടെ സഹായത്തോടെ പോലീസ് കവര്‍ച്ചക്കാരില്‍ അവരുടെ തലവനെ ഒഴികെ മറ്റുള്ളവരെയെല്ലാം അറസ്റ്റ് ചെയ്യുന്നു.

      ആ സംഭവത്തോടെ ആശ്വിന്റെയും ഒപ്പം ദിന അഞ്ചലിയുടെയും പ്രശസ്തി വര്‍ദ്ധിക്കുന്നു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുക്കാറായ സമയം കൂടിയാണത്. മുഖ്യമന്ത്രി യോഗേശ്വരന്‍  (പ്രകാശ് രാജ് ) , പ്രതിപക്ഷ നേതാവ് ആളവന്താന്‍ (കോട്ട ശ്രീനിവാസ റാവു ) എന്നിവര്‍ അധികാരം പിടിച്ചെടുക്കാന്‍ പണവും, ഗുണ്ടായിസവുമായി വാശിയോടെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട് . പക്ഷെ ദിന അഞ്ചലിയിലെ ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ് രേണുക (കാര്‍ത്തിക ) , അശ്വിന്‍ എന്നിവരുടെ സഹായത്തോടെ വസന്തപെരുമാള്‍ (അജ്മല്‍ അമീര്‍ ) എന്ന നേതാവിന്റെ കീഴില്‍ പുതിയ ഒരു രാഷ്ട്രീയ ശക്തി തമിഴ്നാട്ടില്‍ ഉദയം ചെയ്യുന്നു. വിദ്യാഭ്യാസമുള്ള യുവതി യുവാക്കളുടെ ആ പാര്‍ട്ടി പതിയെ പതിയെ ജനസമ്മതി നേടുന്നത് കണ്ട് യോഗേശ്വരനും, ആളവന്താനും അസ്വസ്ഥരാകുന്നു . തുടര്‍ന്ന് വസന്തപ്പെരുമാളിന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ബോംബ്സ്ഫോടനം ഉണ്ടാകുന്നു. വസന്തപ്പെരുമാളിനെ അശ്വിന്‍ രക്ഷിക്കുന്നു . തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കോയുടെ ക്ലൈമാക്സിലേക്ക് കാണികളെ നയിക്കുന്നത് .

      കെ വി ആനന്ദ്  തമിഴകത്തെ പുതിയ തലമുറയിലെ വാണിജ്യ സിനിമാ സംവിധായകരില്‍  പ്രമുഖ സ്ഥാനം ഉള്ള ഒരാളാണ് . അയന്‍ എന്ന തന്റെ മുന്‍ ചിത്രത്തിലൂടെ വാണീജ്യ സിനിമാ പ്രേക്ഷകര്‍ക്ക്‌ നല്‍കിയ പ്രതീക്ഷ ഈ ചിത്രത്തിലും അദ്ദേഹം നിലനിറുത്തുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട കഥാപാത്രം മരിച്ച് പത്തു മിനിട്ടിനുള്ളില്‍ നായകന്‍-നായികാ ഇവരുടെ പ്രണയ ഗാനം എന്നത് ഒരല്‍പ്പം കടന്ന കൈയ്യാണ് എന്ന് പറയാതെ വയ്യ. കൂടാതെ അല്‍പ്പം കൂടി ഒന്ന് ശ്രദ്ധിച്ച് കൈകാര്യം ചെയ്തിരുന്നെങ്കില്‍ കഥയുടെ സസ്പെന്‍സ് കുറേക്കൂടി ത്രില്ലിംഗ് ആയേനെ . ( മരിച്ച് കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ സെല്‍ ഫോണ്‍ ഒരാള്‍ ബാഗിലേക്ക് ഇടുന്ന വീഡിയോ കഥയുടെ അല്‍പ്പം വൈകിയ വേളയില്‍ കാട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നത് പോലെ കൊച്ച്  , കൊച്ചു കാര്യങ്ങള്‍ ).

      സ്ഥിരം ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക്‌ ഇന്റര്‍വെല്‍ പോയന്റില്‍ തന്നെ സസ്പെന്‍സ് പിടികിട്ടുമെങ്കിലും അവരെയും ബോറടിപ്പിക്കാതെ ക്ലൈമാക്സ് വരെ കൊണ്ട് പോകുന്നു എന്നത് കെ വി ആനന്ദിന്റെ വിജയം തന്നെയാണ്. അത് സമ്മതിക്കാതെ തരമില്ല .

      അഭിനേതാക്കളില്‍ നായകന്‍ ജീവയെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് അജ്മലിനെയാണ്  .മലയാളി ആയതു കൊണ്ട് മാത്രമല്ല അത്. അജ്മല്‍ തന്റെ വേഷം ശരിക്കും ഭംഗിയാക്കിയിട്ടുണ്ട് . എന്ന് വെച്ച് ജീവ മോശമായി എന്നല്ല .ജീവയും നന്നായിട്ടുണ്ട്. കാര്‍ത്തിക , പിയ വാജ്പേ , പ്രകാശ് രാജ്, കോട്ട ശ്രീനിവാസ റാവു എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല . ഇതില്‍ പ്രകാശ് രാജ് , കോട്ട ശ്രീനിവാസ റാവു എന്നിവരുടെ കഥാപാത്രങ്ങള്‍ കുറച്ചു കൂടി വികസിപ്പിച്ചിരുന്നെങ്കില്‍ നേരത്തെ സൂചിപ്പിച്ച ത്രില്ലിംഗ് ഘടകം വര്‍ദ്ധിക്കുമായിരുന്നു .

      ഹാരിസ്  ജയരാജിന്റെ പാട്ടുകള്‍ എല്ലാം പുതിയ യുഗത്തിന്റെ സംഗീതമാണ്. മൂന്നു മാസത്തിനപ്പുറം ആയുസിലെങ്കിലും , ഓര്‍മയില്‍ നില്‍ക്കുന്ന മൂന്നു മാസങ്ങള്‍ ആഘോഷമായി ഓര്‍ക്കാവുന്ന തരത്തിലുള്ളവ .

      റിച്ചാര്‍ഡ്‌ എം നാഥന്റെ ക്യാമറ ഭംഗിയുള്ളതും , വേഗമേറിയതുമായ കാഴ്ചകള്‍,  കഥക്ക് ഇണങ്ങുന്ന രീതിക്ക് നമുക്ക് സമ്മാനിക്കുന്നു .

      ചുരുക്കത്തില്‍ പതിനായിരം പേരെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന നായകനും, പഞ്ചലൈനുകളും ഇല്ലാതെ തന്നെ യാഥാര്‍ത്ഥ്യ ത്തോട് ഏറെ അടുത്ത്  നിന്നു കൊണ്ട് വാണിജ്യ സിനിമകള്‍ എടുക്കാന്‍ സാധിക്കും എന്ന് സംവിധായകന്‍ കെ വി ആനന്ദിന്റെ സാക്ഷ്യമാണ് കോ .ഓടി നടന്ന് സ്ഥിരമായി സിനിമകള്‍ കാണുന്ന ഒരാള്‍ക്ക്‌ , അല്‍പ്പ സ്വല്‍പ്പം പ്രശ്നങ്ങള്‍ , തോന്നുമെങ്കിലും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ഒരു ബോറഡിയുമില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഇത് .എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ജാസ്മിനും , ശ്രുതിയും എന്നെ തല്ലാതെ 'ഉം, കൊള്ളാം' എന്ന് പറഞ്ഞതും എനിക്ക് അനുകൂലമായ സാക്ഷി മൊഴികളാണ് .

      മേല്‍വിലാസം :Melvilaasam

      തിയറ്ററില്‍ സിനിമ കാണാന്‍ ഇരികുമ്പോള്‍ പേടി തോന്നിയ അനുഭവം നിങ്ങള്‍ക്ക്  ഉണ്ടായിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഞെട്ടലും പേടിയും അല്ല ഞാന്‍ ഉദ്ദേശിച്ചത് . വലിയ ഒരു തിയറ്ററില്‍ ഇരുട്ടില്‍ , ചുറ്റും അധികം ആളുകള്‍ ഒന്നുമില്ലാതെ സിനിമ കാണേണ്ടി വരുമ്പോള്‍ ചില്ലറ പേടിയൊക്കെ തോന്നില്ലേ ? മേല്‍വിലാസം എന്ന പുതിയ മലയാളം സിനിമ കാണാന്‍ പോയപ്പോള്‍ എനിക്കും,ജാസ്മിനും,ശ്രുതിക്കും ആ പേടി എന്താണ് എന്ന് ശരിക്കും മനസ്സിലായി . ആദ്യത്തെ ഷോയ്ക്ക് തന്നെ നിര്‍ബന്ധിച്ച് പിടിച്ചു വലിച്ചു കൊണ്ട് പോയതിനുള്ള ചീത്ത ജാസ്മിനും ,ശ്രുതിയും പടം തുടങ്ങുന്നത് വരെ എനിക്ക് ഇരുവശവും ഇരുന്നു എന്റെ രണ്ടു ചെവിയിലുമായി പറഞ്ഞു . ഇങ്ങനെ ജനം കയറാത്ത സിനിമക്ക് ഞങ്ങളെ പിടിച്ചുവലിച്ചു കൊണ്ട് പോയി ഒടുക്കം വിജനമായ തിയറ്ററില്‍ മൂന്നു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നീ പത്രത്തില്‍ വരുത്തും എന്ന് വരെ അവര്‍ പറഞ്ഞു. പക്ഷേ ലോജിക്കലി ആ പറഞ്ഞതിന്  ചാന്‍സ് കുറവാണ് .കാരണം പീഡിപ്പിക്കാന്‍ നാലാമത് ഒരാളെങ്കിലും ആ തിയറ്ററില്‍ വേണ്ടേ?
      പീഡിപ്പിക്കാന്‍ ആളില്ലാത്തത് ആശ്വാസമേകിയെങ്കിലും ,മേല്‍വിലാസം എന്ന സിനിമ അവസാനിച്ചപ്പോള്‍ ,ഒഴിഞ്ഞ കസേരകള്‍ പ്രേക്ഷത്വം  അര്‍ഹിക്കുന്ന ഒരു സിനിമയല്ല ഇത് എന്ന ഉറച്ച വിശ്വാസവുമായിട്ടാണ് ഞാന്‍ തിയറ്റര്‍ വിട്ടത് . 


      പുതുമുഖ സംവിധായകനായ മാധവ്  രാമദാസന്‍ , സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ഈ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ   ചിത്രം തീര്‍ച്ചയായും ഒരു നല്ല സിനിമ തന്നെയാണ് . 
      എന്ന് കൂട്ടുകാരികളോട് വാദിച്ചു സമര്‍ത്ഥിക്കാന്‍   തയ്യാറായാണ്   ഞാന്‍ വണ്ടിയില്‍ കയറയിയതും .പക്ഷേ വാ തുറക്കും മുന്‍പ് 'നിന്നെ പോലുള്ള അപൂര്‍വ്വം ചില വട്ട് കേസുകള്‍ എന്ന് സിനിമ കാണുന്നത് നിറുത്തുന്നോ അന്ന് മലയാള സിനിമയില്‍  എല്ലാവനും നല്ല സിനിമ എടുക്കാനുള്ള ചെറിയ ശ്രമങ്ങള്‍ പോലും ഉപേക്ഷിക്കും ' എന്ന് ജാസ്മിന്‍ പറഞ്ഞ് കളഞ്ഞു  .


      ഒരു പട്ടാള കോടതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം . സവാര്‍ (ജവാന്‍ ) രാമചന്ദ്രന്‍ എന്ന പട്ടാളക്കാരന്‍ മേലുദ്യോഗസ്ഥരായ രണ്ടു പേരില്‍ ഒരാളെ വെടിവെച്ചു കൊന്നു ,മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്നതാണ് വിചാരണക്ക് ആസ്പദമായ സംഭവം  .


      രാമചന്ദ്രന് വേണ്ടി പട്ടാളക്കോടതിയില്‍ വാദിക്കാന്‍ ഹാജരാകുന്നത് ക്യാപ്റ്റന്‍ വികാസ് റായി . സര്‍ക്കാര്‍ വക്കീല്‍ അല്ലെങ്കില്‍ പ്ലീഡര്‍ മേജര്‍ അജയ് പൂരി . പട്ടാളക്കോടതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ കേണല്‍ സൂരജ് സിംഗ് . രാമചന്ദ്രന്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച ക്യാപ്റ്റന്‍ ബി ഡി കപ്പൂര്‍  പിന്നെ ഏതാനം സാക്ഷികളും ; ഇത്രയും ആളുകളാണ് ഈ ചിത്രത്തില്‍ രാമചന്ദ്രനെ കൂടാതെ പ്രധാന കഥാപാത്രങ്ങള്‍ .കഥ നടക്കുന്ന രണ്ടു മണിക്കൂര്‍ നേരവും ക്യാമറ കോടതി മുറിയില്‍ തന്നെയാണ് .ഇടയ്ക്കിടെ പുറത്തു കേള്‍ക്കുന്ന ബൈക്കുകളുടെയും, ഹെലികോപ്പ്റ്ററിന്റെയും, പരേഡ് ബൂട്ടുകളുടെയും  ശബ്ദങ്ങള്‍ പട്ടാള ക്യാമ്പിന്റെ പൂര്‍ണ്ണത ദ്രിശ്യങ്ങള്‍ ഒഴിവാക്കി തന്നെ കാണുന്നവരില്‍ എത്തിക്കുന്നുണ്ട് . തന്നെയുമല്ല   വിചാരണ നടക്കുന്ന കേസിന് ആസ്പദമായ സംഭവവുമായി  ബൈക്കിന്റെ ശബ്ദത്തിന് വല്ലാത്ത ഒരു ബന്ധവും ഉണ്ട് .

      ചില സംഭവങ്ങള്‍ വിശദീകരിക്കപ്പെടുപോള്‍ പശ്ചാത്തലത്തിലെ ബൈക്കിന്റെ ശബ്ദം കോടതി മുറിയുടെ പുറത്തു എന്നത് പോലെ തന്നെ കഥാപാത്രങ്ങളുടെ മനസ്സിലും ആകാം എന്ന സൂചന  , കാണികള്‍ക്ക് നല്‍കുന്ന തന്ത്രം സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോയില്‍ നിന്നും കടമെടുത്തതാകാം (അതെ ഷോയിലെ ഒരു നാടകം തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയുടെ അടിസ്ഥാനം ). അതെന്തായാലും പശ്ചാത്തല ശബ്ദങ്ങള്‍ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി ഇഴ ചേര്‍ത്തു കാണികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം.

      പാര്‍ത്ഥിപന്‍  അവതരിപ്പിക്കുന്ന സവാര്‍ രാമചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയുടെ തുടക്കത്തില്‍ ഏറെയും നിശബ്ദനാണ് .മേലുദ്യോഗസ്ഥരില്‍ ഒരാളെ കൊല്ലുകയും,മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ കഥയുടെ തുടക്കത്തില്‍ തന്നെ അയാള്‍ ഏറ്റു പറയുന്നുണ്ട്. എന്തിന് അങ്ങിനെ ചെയ്തു എന്ന് പറയാതെ തൂക്കുമരം സ്വീകരിക്കാന്‍ ഒരുങ്ങി പട്ടാളക്കോടതിയെ അഭിമുഖീകരിക്കുന്ന ആളാണ് രാമചന്ദ്രന്‍ . മരണ ശിക്ഷ തന്റെ കക്ഷിക്ക് ഉറപ്പാണ്‌ എന്ന് സുരേഷ് ഗോപി അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ വികാസ് റായിക്കും അറിയാം.എങ്കിലും ക്യാപ്റ്റന്‍ വികാസ് റായ് ആ കേസ് ഏറ്റെടുക്കുന്നത് വ്യക്തമായ ഉദ്ദേശങ്ങള്‍ മുന്നില്‍ക്കണ്ട് കൊണ്ടാണ് .കഥ പുരോഗമിക്കവേ , കുറ്റകൃത്യം ചെയ്യുവാന്‍ രാമചന്ദ്രനെ പ്രേരിപിച്ച സംഭവങ്ങള്‍ ക്യാപ്റ്റന്‍ റായ് വെളിച്ചത്ത് കൊണ്ട് വരുന്നു . ക്യാപ്റ്റന്‍ വികാസ് റായിലൂടെ തെളിയുന്ന സത്യങ്ങള്‍  കഥയെ  ക്ലൈമാക്സിലേക്ക് നയിക്കുന്നു .


      അഭിനേതാക്കളില്‍ പാര്‍ത്ഥിപന്‍ മികച്ചു നില്‍ക്കുന്നു.തുടക്കത്തില്‍ നിശബ്ദനും, കഥ പുരോഗമിക്കവേ ഇടയ്ക്കിടെ അയാളെ ജയിക്കാന്‍ ശ്രമിക്കുന്ന വികാരങ്ങളോട് പൊരുതുന്ന കരുത്തനായ പട്ടാളക്കാരനായി പാര്‍ത്ഥിപന്‍  അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് .ക്യാപ്റ്റന്‍ ബി ഡി കപ്പൂറിന്റെ  ഓര്‍ഡര്‍ലിയായി ജോലി ചെയ്യുന്ന കാലത്ത് രാമചന്ദ്രന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പട്ടാളക്കോടതിയില്‍ വെളിവാകുന്നുണ്ട്‌ . ആ രംഗങ്ങളിലെല്ലാം   പാര്‍ത്ഥിപന്‍ അഭിനേതാവ് എന്ന നിലയില്‍ ശരിക്കും സ്കോര്‍ ചെയ്യുന്നുണ്ട് 

       ക്യാപ്റ്റന്‍ വികാസ് റായി എന്ന കഥാപാത്രത്തെ സുരേഷ് ഗോപി കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു. ഒരു സുബേദാര്‍ സാക്ഷിക്കൂട്ടില്‍ ഇരിക്കവേ അയാളെ വിസ്തരിക്കുന്ന വേളയില സുബേദാര്‍ സാബ് , സുബേദാര്‍ , പിന്നെ അയാളുടെ പേര് , ഇങ്ങനെ മാറി മാറി വിളിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍  . ആ രംഗത്തിന്റെ  അവസാനത്തില്‍ , വെളിവാകുന്ന ഒരു സത്യത്തോട്  ക്യാപ്റ്റന്‍ വികാസ് റായ് പ്രതികരിക്കുന്നത് വരെയുള്ള നിമിഷങ്ങളിലെ സംഭാഷണങ്ങളില്‍  നിന്നും നാടകീയത തീര്‍ത്തും ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല. ഒരു അഭിനേതാവിന്റെ കഴിവ് തന്നെയാണ് അത് .

      മറ്റ് അഭിനേതാക്കളില്‍ തലൈവാസല്‍  വിജയ്‌ അവതരിപ്പിക്കുന്ന പട്ടാളക്കോടതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ കേണല്‍ സൂരജ് സിംഗ് മുന്നിട്ടു നില്‍ക്കുന്നു. നടന്‍ വിജയ്‌ മേനോന്‍ ശബ്ദം നല്‍കിയ ഈ കഥാപാത്രം , പ്രവര്‍ത്തിയിലും  , നടപ്പിലും , പെരുമാറ്റത്തിലും ഒരു തികഞ്ഞ പട്ടാളക്കാരനാണ്‌ . 

      ഗവര്‍ണമെന്റ് പ്ലീഡര്‍ മേജര്‍ അജയ് പൂരിയായി കക്ക രവി , സാക്ഷിയായി വരുന്ന  പട്ടാള ഡോക്ക്ടര്‍ ആയി അശോകന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. 


      സീരിയല്‍ /സിനിമാ നടന്‍ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്യാപ്റ്റന്‍ ബി ഡി കപ്പൂര്‍ ആണ് ഈ സിനിമയില്‍ അല്‍പ്പമെങ്കിലും മോശമായി എന്ന്  പറയാനുള്ള ഏക ഘടകം . സിദ്ധിഖ്  അല്ലെങ്കില്‍  ആനന്ദ് (തൊമ്മനും മക്കളും / ദ ടൈഗര്‍  ) അങ്ങനെ ആരെങ്കിലും ആയിരുന്നു ഈ കഥാപാത്രത്തിന് കൂടുതല്‍ ചേര്‍ച്ച . 

      ഏതായാലും ഇത്തരം ഒരു സിനിമ തികഞ്ഞ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്ത സംവിധാകന്‍ മാധവ്  രാമദാസന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടാണ് .

      സാങ്കേതികമായും ഏറെ പിഴവുകള്‍ ഒന്നും ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്ത ഒരു കൊച്ച് നല്ല ചിത്രം .അതാണ്‌ എനിക്ക് മേല്‍വിലാസം.


      ബഹുഭൂരിപക്ഷം വരുന്ന കാണികള്‍ ഈ ചിത്രത്തെ തിയറ്ററിന്റെ പടി പോലും കാണാതെ അവഗണിച്ചാല്‍ , അന്തിമ നഷ്ടം അവര്‍ക്ക് തന്നെയാണ് .വല്ലപ്പോഴുമെങ്കിലും നല്ല മലയാള സിനിമകള്‍ നിര്‍മ്മിക്കപ്പെടാനുള്ള സാധ്യതകളാണ് ഇത്തരത്തില്‍ ഇല്ലാതാകുന്നത് 

      Sunday 1 May 2011

      ഉറുമി : Urumi

      അശോക കണ്ടപ്പോഴും , അനന്തഭദ്രം സിനിമയായി കണ്ടപ്പോഴും എനിക്ക് സന്തോഷ്‌ ശിവന്‍ എന്ന സംവിധായകനെ അത്രയ്ക്ക് അങ്ങോട്ട്‌ ഇഷ്ടപ്പെട്ടിരുന്നില്ല . സുനില്‍ പരമേശ്വരന്‍ എഴുതിയ അനന്തഭദ്രം എന്ന നോവല്‍ മലയാളത്തിലെ മാന്ത്രിക നോവലുകളില്‍ ഒരു പുതിയ അനുഭവം എന്ന് തോന്നിയത് കൊണ്ടാവാം അത് സിനിമയാക്കിയപ്പോള്‍ സന്തോഷ്‌ ശിവന്‍ എന്ന സംവിധായകന്‍ ഞാന്‍ വായിച്ച ഒരു കഥയോട് ഒട്ടും നീതി കാണിച്ചില്ല എന്ന് തോന്നിയത് .

      അങ്ങനെ, സന്തോഷ്‌ ശിവന്‍ എന്ന സംവിധായകനെക്കുറിച്ച്  ഒരു മുന്‍ വിധിയും കൊണ്ടാണ് പ്രിഥ്വിരാജ്  നായകനായി അഭിനയിക്കുന്ന ഉറുമി കാണാന്‍ പുറപ്പെട്ടത്‌ .

      നല്ലതാണോ ചീത്തയാണോ എന്ന് അറിയണ്ട .സിനിമാ എന്ന് എഴുതി കാണിച്ചാല്‍ ക്യൂവില്‍ നമ്മള്‍ കാണും എന്നാണു കൂട്ടുകാരികളുടെ അപവാദം . എന്തായാലും 
      തിയറ്ററില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്. റിനോവേഷന്‍ കഴിഞ്ഞ് നല്ല ഉഗ്രന്‍ ആംബിയന്‍സ് ഉള്ളില്‍ . പടം തുടങ്ങാന്‍ പോപ്‌കോണ്‍, ഐസ്ക്രീം, മാ ജ്യൂസ്    (എല്ലാ സിനിമകള്‍ക്കും എനിക്ക് കൂട്ടുവരാന്‍  എന്റെ കൂട്ടുകാരികള്‍   ജാസ്മിനും , ശ്രുതിക്കും വേണ്ട  മിനിമം കൈക്കൂലി ) എന്നിവ റെഡി .സീറ്റില്‍ ഇരുന്ന്  പത്ത് മിനിറ്റില്‍ സിനിമ തുടങ്ങി .

      അടുത്ത പത്ത് മിനിറ്റില്‍ സന്തോഷ്‌ ശിവന്‍ ആള്  ഒരുപാട് മെച്ചപ്പെട്ടല്ലോ എന്ന് തോന്നി . പിന്നെ സിനിമ മുന്നോട്ടു നീങ്ങുന്നതിനോപ്പം  സന്തോഷ്‌ ശിവന്‍ എന്ന സംവിധായകനെ എന്നിലെ പ്രേക്ഷക ഇഷ്ടപ്പെട്ട് തുടങ്ങി . ക്യാമറയുടെ കാര്യത്തില്‍ പുള്ളി പണ്ടേ സര്‍ സന്തോഷാണ് . ഇപ്പോള്‍ സംവിധാനവും അത്യാവശ്യം നന്നായി തന്നെ വഴങ്ങി തുടങ്ങി . അതിന് മനസ്സില്‍ ഒരു അഭിനന്ദനവും അറിയിച്ചു (ഇപ്പോള്‍ ബ്ലോഗിലും ) .

      സിനിമ എന്ന രീതിയില്‍ ഉറുമി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.മലയാളത്തില്‍ ഇത്തരം ഒരു സിനിമ ആദ്യമാണ് എന്ന് തന്നെ പറയാം . ചരിത്രവും, ഭാവനയും ഇട കലര്‍ത്തി, സാങ്കേതിക വിദ്യകള്‍ ആളുകളെ മണ്ടന്മാരക്കാത്ത രീതിയില്‍ ഭംഗിയായി ഉപയോഗിച്ച് ചെയ്ത ഒരു സിനിമ . മേമ്പൊടിക്ക് ചിന്തിപ്പിക്കുന്ന ഒരു ചെറിയ സന്ദേശവും .

      ചരിത്രം വാഴ്ത്തുന്ന വാസ്കോ ഡ ഗാമാ എന്നാ  വിദേശിയുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത മുഖവും,കഥകളും ആണ് ഉറുമിയുടെ മുഖ്യ വിഷയം .മക്കയില്‍  പോയി മടങ്ങി വന്ന കപ്പലിനെ നാന്നൂറോളം സ്ത്രീകള്‍ ,കുട്ടികള്‍ എന്നിവര്‍ ഉത്പടെ കടലില്‍ താഴ്ത്തിയ വാസ്കോയുടെ ചരിത്രത്തില്‍ , അങ്ങനെ മരിച്ച സ്ത്രീകളുടെയും ,കുട്ടികളുടെയും ശരീരത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍  ഉരുക്കി പണിയിച്ച ഉറുമിയുമായി വാസ്കോ ഡ ഗാമയെ വക വരുത്താന്‍ കാത്തിരിക്കുന്ന കേളു നയനാര്‍ എന്ന യോദ്ധാവിന്റെ സങ്കല്‍പ്പ കഥ ഇഴ ചേര്‍ത്താണ് ഉറുമി പുരോഗമിക്കുന്നത് .

      ഒരല്‍പ്പം എടുത്ത് ചാട്ടം , കൂസലില്ലാത്ത യോദ്ധാവിന്റെ  ധൈര്യം, ആയുധമായി ഒരു പൊന്നുറുമി ,  പിന്നെ ഉറ്റ ചങ്ങാതിയായ വവ്വാലിയുടെ തുണ; ഇത്ര മാത്രം കൈമുതലാക്കി പീരങ്കികളും , തോക്കുകളും , വന്‍ പടയും കാവലുള്ള  ഗാമയെ കൊല്ലാന്‍ പുറപ്പെടുന്ന നായകന്‍ കേളു നയനാരായി  അഭിനയിച്ച പ്രിഥ്വിരാജിന് ഇന്നോളമുള്ള കരിയറില്‍ അഭിമാനിക്കാന്‍ ഉതകുന്ന ഒരു കഥാപാത്രമാണ് ഉറുമിയിലേത് . നടന വൈഭവങ്ങള്‍ അധികമൊന്നും ഈ കഥാപാത്രം ആവശ്യപ്പെടുന്നില്ല എങ്കിലും ,ഒരല്‍പ്പം പിഴച്ചാല്‍ കോമാളിത്തരമാകാവുന്ന രംഗങ്ങള്‍ ആവശ്യം കയ്യടക്കത്തോടെ പ്രഥ്വിരാജ് ഈ സിനിമയില്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് .


      കേളുവിന്‍റെ  ഉറ്റ ചങ്ങാതി വവ്വാലി എന്ന തമിഴനായി പ്രഭുദേവയും ചിത്രത്തില്‍ നിറയുന്നുണ്ട് . സംഘട്ടന രംഗങ്ങള്‍ക്ക് നല്ല ചാരുത നല്‍കാന്‍ പ്രഭുദേവയുടെ നൃത്ത പശ്ചാത്തലം സഹായിച്ചിട്ടുണ്ട് എന്നത് ഉറപ്പ്.

      ഉറുമിയില്‍  എടുത്ത് പറയേണ്ട മൂന്നു കഥാപാത്രങ്ങള്‍ കൂടിയുണ്ട് . ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കുറുപ്പ് , ജെനീലിയ അവതരിപ്പിച്ച അറക്കല്‍ ആയിഷ. അമോല്‍ ഗുപ്ത അവതരിപ്പിച്ച ചിറക്കല്‍ രാജാവ് എന്നിവര്‍ .

      ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തില്‍ മറ്റെല്ലാവരെയും പിന്നിലാക്കി എന്ന് പറയുന്നത് അദ്ദേഹത്തിന്‍റെ നിലവാരത്തിലുള്ള ഒരു നടന് നിസാര കാര്യമായിരിക്കാം .പക്ഷേ രംഗങ്ങളില്‍ നിന്ന് രംഗങ്ങളിലേക്ക് ചിത്രം നീങ്ങവേ കുറുപ്പ് എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാവപകര്‍ച്ചകള്‍ കാണികള്‍ക്ക് പകരാന്‍ ഇന്ന് മലയാളത്തില്‍ ഒരേ ഒരു നടനെ ഉള്ളു എന്ന് അദ്ദേഹത്തിലെ അഭിനേതാവിനെ  ഇഷ്ട്ടപ്പെടുന്നവര്‍ക്ക്  (അങ്ങനെ അല്ലാത്തവര്‍ ഉണ്ടോ ?) ധൈര്യമായി പറയാം.

      ജെനീലിയ ശരിക്കും ഇന്നോളമുള്ള ആ നടിയുടെ ഇമേജ് തകര്‍ത്താണ് ഈറ്റപ്പുലി പോലെ നില്‍ക്കുന്ന അറക്കല്‍ ആയിഷ എന്ന പോരാളി രാജകുമാരിയാകുന്നത്.ചലനങ്ങളിലും ,  ശരീരഭാഷയിലും ഒക്കെ ആ വീറും, ധൈര്യവും കൊണ്ട് വന്ന് കാണികളെ അവര്‍ അത്ഭുതപ്പെടുത്തും എന്നത് തീര്‍ച്ച 


      ചിറക്കല്‍ രാജാവായി അമോല്‍ ഗുപ്ത അഭിനയിക്കുമ്പോള്‍ ,അദ്ദേഹം ഒരു കേരളീയന്‍ അല്ല എന്ന് ആരും പറയില്ല . അല്ലെങ്കിലും നല്ല നടി നടന്മാര്‍ക്ക് ഭാഷയും ദേശവും ഒന്നും പ്രശ്നമല്ലല്ലോ .

      മറ്റുള്ള 
      അഭിനേതാക്കളില്‍ കേളുവിന്‍റെ അച്ഛന്‍ കൊത്തുവാളായി തമിഴ് നടന്‍ ആര്യ ,  ചിറയ്ക്കലെ രാജകുമാരന്‍ ഭാനുവിക്രമനായി അങ്കുര്‍ ശര്‍മ്മ, രാജകുമാരി  ബാലയായി  നിത്യാ മേനോന്‍, മാക്കംത്തറയില്‍  കേളുവും വവ്വാലിയും കണ്ടുമുട്ടുന്ന /സ്വപ്നം കാണുന്ന  പ്രവാചകയായി വിദ്യാ ബാലന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി .

      വാസ്കോ ഡ ഗാമയെ അവതരിപ്പിച്ച റോബിന്‍ പ്രാറ്റ് മേക്കപ്പ് ഒക്കെ ഇട്ടു വരുമ്പോള്‍ ശരിക്കും ചരിത്ര പാഠപുസ്തകത്തില്‍ നമ്മള്‍ കണ്ടിട്ടുള്ള ഗാമ തന്നെ .അഭിനയവും നന്നായി. പക്ഷെ വിദേശി വില്ലന്മാരുടെ കൂട്ടത്തില്‍ കഥയില്‍ വസ്കോയെക്കാള്‍ നിറയുന്നത് മകന്‍ എസ്റ്റാവിയോ ഡ ഗാമയാണ് . അലക്സ് ഓനെല്‍ എന്ന നടന്‍ എസ്റ്റാവിയോയെ ഗംഭീരമാക്കിയിട്ടുമുണ്ട് 

      ആധുനിക കാലത്തെ കേരളത്തില്‍ പുരാതന സംസ്കാരം ഉറങ്ങുന്ന ഒരു ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദേശ കമ്പനിയും , യാതൊരു വിധ സാമൂഹിക ഉത്തരവാദിത്വങ്ങളും ഇല്ലാതെ ജീവിക്കുന്ന കൃഷ്ണകുമാര്‍ (പ്രിഥ്വിരാജ്) എന്ന ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയും, ആ ഭൂമി സംരക്ഷിക്കാനായി പോരാടുന്ന ചിലരും,അവരിലൂടെ കേരളത്തിലെ ആദ്യ വിദേശ അധിനിവേശത്തെ ചെറുത്തു പോരാടിയ സ്വന്തം പൂര്‍വ്വികരുടെ കഥ അറിയുന്ന കൃഷ്ണകുമാറില്‍ വരുന്ന മാറ്റങ്ങളുമാണ് ഉരുമിയുടെ തുടക്കവും ഒടുക്കവും . കൃഷ്ണകുമാറിന്റെ പൂര്‍വ്വികരുടെ കഥയാണ് കേളു നായനാരുടെയും അയാളുടെ പോരാട്ടങ്ങളുടെയും കഥ .

      ഈ ഒരു ആഖ്യാന ശൈലിയില്‍ ഉറുമിയുടെ  തിരക്കഥ കെട്ടുറപ്പോടെ രചിക്കുന്നതില്‍  ശങ്കര്‍ രാമകൃഷ്ണന്‍ പ്രകടിപ്പിക്കുന്ന മികവ് ചിത്രത്തിന്‍റെ ഭാവത്തിനെയും, വേഗത്തിനെയും തെല്ലൊന്നുമല്ല സഹായിക്കുന്നത്. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും കഥക്ക് തുടര്‍ച്ചയും , വേഗതയും നല്‍കുന്നുണ്ട് .

      സന്തോഷ്‌ ശിവന്റെ ക്യാമറ കണ്ണുകളിലൂടെ ഉറുമി കാണുമ്പോള്‍ മഴ പെയ്തു തോര്‍ന്ന ഒരു താഴ്വരയില്‍ നില്‍ക്കുന്ന കുളിര്‍മ കാണികള്‍ ഉണ്ടാകും .യാഥാര്‍ത്ഥ്യത്തെക്കാള്‍  ഒരു മായാലോകം ,അതാണ്‌ സന്തോഷ്‌
      ശിവന്‍റെ ക്യാമറ നമുക്ക് മുന്നില്‍ തുറക്കുന്നത് .

      ദീപക് ദേവിന്‍റെ സംഗീതം കോപ്പിയടിയാണ് എന്ന് പലയിടത്തും വായിച്ചു.എന്താണെങ്കിലും എനിക്ക് ഈ ചിത്രത്തിലെ പാട്ടുകള്‍ ഇഷ്ടപ്പെട്ടു . പ്രത്യേകിച്ച് ആരോ നീ ആരോ , ചലനം ചലനം എന്നീ ഗാനങ്ങള്‍ .

      ഏകാ ലഖാനിയുടെ വസ്ത്രങ്ങള്‍ , രഞ്ജിത്ത് യുവയുടെ മേക്കപ്പ് എന്നിവ കഥയുടെ  ചരിത്രത്തെക്കാള്‍ നീതി പുലര്‍ത്തുന്നത് സങ്കല്‍പ്പിക കഥയോടാണ് .ചരിത്രത്തോട് നീതി പുലര്‍ത്തി
      ദൃശ്യ ഭംഗി കൂടാതെ പതിനഞ്ചാം നൂറ്റാണ്ടിലെ വസ്ത്രാലങ്കാരം ചെയ്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയേനെ എന്നതുമാവം അതിനു കാരണം .

      അനല്‍ അരസ്സു ഒരുക്കിയ സംഘട്ടന /യുദ്ധ രംഗങ്ങള്‍ ചിത്രത്തിന്‍റെ വമ്പന്‍ ചിലവിനെ ന്യായീകരിക്കുന്ന തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

      സാങ്കേതിക വിഭാഗത്തില്‍ ഏറ്റവം ശ്രദ്ധേയമായി എനിക്ക് തോന്നിയത് ശബ്ദ സംയോജനമാണ് . ഉറുമി വെള്ളത്തിലൂടെ നിവരുമ്പോള്‍ തിയറ്ററില്‍ കേള്‍ക്കുന്ന ശബ്ദങ്ങളുടെ മിശ്രണം എന്നെ ഓര്‍മിപ്പിച്ചത് തിന്‍ റെഡ് ലൈന്‍ എന്ന ചിത്രത്തില്‍ പട്ടാളക്കാര്‍ പുല്ലിലൂടെ ഇഴഞ്ഞു നീങ്ങുന്ന രംഗത്തിലെ ശബ്ദങ്ങളുടെ കൃത്യതയാണ് . ഹോളീവുഡ് നിലവാരം എന്ന സ്ഥിരം ക്ലീഷേ അല്ല ഉദ്ദേശിച്ചത്.സാങ്കേതികമായി ഇന്നോളം ഇറങ്ങിയിട്ടുള്ള ഇതു മലയാളം ചിത്രത്തേക്കാളും ഒരു പടി മുന്നിലാണ്  ഉറുമി . അത്ര മാത്രം .

      കുറവുകള്‍ ഒരു പക്ഷേ ഈ സിനിമയില്‍ ഏറെ ഉണ്ടാകാം .പക്ഷേ അവയൊന്നും കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന തലത്തിലേക്ക് ഉയരുന്നില്ല . അത് കൊണ്ട് തന്നെ മലയാള സിനിമയില്‍ ഇത്തരത്തിലെ ഒരു പ്രഥമ സംരഭം എന്ന നിലയില്‍ ഉറുമി പ്രശംസ അര്‍ഹിക്കുന്നു.

      വ്യക്തിപരമായി , മൂന്ന് മണിക്കൂര്‍ പോയതറിയാതെ , ഒടുവില്‍ നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെ തിയറ്റര്‍ വിടാന്‍ സാധിച്ച ഒരു സിനിമ. അതാണ്‌ എനിക്ക് ഉറുമി.ഒപ്പം ഇത്തരം ഒരു വമ്പന്‍ സാഹസത്തിന് മുതിരാന്‍ മലയാള സിനിമയിലെ പുതിയ തലമുറ തയാറാകുന്നു എന്ന് അറിയുമ്പോള്‍ (പ്രിഥ്വിരാജ് ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ) ഒരു ചലചിത്ര   ആസ്വാദക എന്ന നിലയില്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് നല്ലൊരു  പ്രതീക്ഷയും.

      പ്രതീക്ഷിക്കാനുള്ളത്‌ ഞാന്‍ പ്രതീക്ഷിച്ചു...ബാക്കി കാലം പറയട്ടെ .