Thursday 27 October 2011

റാ.വണ്‍ :Ra.One

എന്നാലും എന്റെ ഷാരുഖ്  ഖാനെ , ഇത് വല്യ ചതിയായി പോയി . സുപ്പര്‍ ഹീറോ കഥകളുടെ ഫാന്‍ (ഇപ്പോഴും നേഴ്സറി ക്ലാസില്‍ പഠിക്കുന്നു എന്ന കളിയാക്കല്‍ ഫ്രീ ), സിനിമാ ഭ്രാന്തി അങ്ങനെ പല ചീത്ത പേരുകളും ഇപ്പോള്‍ തന്നെ ഉള്ള എനിക്ക് ഇനി സുപ്പര്‍ ഹീറോ സിനിമകള്‍ കാണാന്‍ പോകാന്‍ പേടിയാണ് .പ്രത്യേകിച്ച് ഇന്ത്യന്‍ സുപ്പര്‍ ഹീറോ സിനിമകള്‍ .ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍.ഇനി ക്രിഷ് ടൂ ഒക്കെ വരാനിരിക്കുമ്പോള്‍  , റാ.വണ്‍ കണ്ട് തകര്‍ന്ന എന്റെ പ്രതീക്ഷകള്‍ എന്നെ തിയറ്ററിന്റെ പരിസരത്ത്‌ പോലും പോകാന്‍ സമ്മതിക്കുമോ എന്ന് സംശയമാണ് . 
തും ബിന്‍ , തഥാസ്തു , ഇങ്ങനെയുള്ള ഇമോഷണല്‍  ഡ്രാമകള്‍  സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ്  റാ.വണ്‍ സംവിധാനം ചെയ്യുന്നത് എന്ന് നെറ്റിലും ട്രെയിലറുകളില്‍ നിന്നുമൊക്കെ അറിയാമായിരുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ക്യാഷ് , ദസ് എന്നീ  രണ്ട് ആക്ഷന്‍ സിനിമകള്‍ ഒരു വിധം എത്ര ബോറ് സിനിമയും കണ്ടു തീര്‍ക്കാന്‍  മനക്കട്ടിയുള്ള എനിക്ക് പോലും സഹിക്കാന്‍ പറ്റാത്തവയും . എങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും എക്സ്പെന്‍സീവ് സിനിമ , ഷാരുഖ് നായകന്‍ ; അങ്ങനെയൊക്കെയുള്ള  സിനിമ  അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്നെങ്കില്‍  അനുഭവില്‍ ഒളിഞ്ഞു കിടക്കുന്ന ടാലെന്റ്റ് ഷാരുഖും ,റാ.വണിന്റെ   ബാക്കി പ്രൊഡ്യൂസര്‍മാരും കണ്ടു പിടിച്ചു കാണും എന്ന് സ്വയം സമാധാനിച്ചു. അല്ലെങ്കിലും ചീത്തയായതാണ്  മോളെ എന്ന മമ്മിയുടെ മുന്നറിയിപ്പ് 'അംബ്രോസിയിലെ ബ്ലാക്ക്‌ ഫോറെസ്റ്റ് നാല് ദിവസം കൊണ്ടൊന്നും ചീത്തയാവില്ല മമ്മി' എന്ന് പറഞ്ഞു എടുത്ത്  കഴിച്ച് അടുത്ത നാല് ദിവസം അംബ്രോസിയ എന്നാരെങ്കിലും പറഞ്ഞാല്‍ ഛർദ്ധിക്കുന്ന പരുവത്തില്‍ നടന്ന പാര്‍ട്ടിയാണ് ഞാന്‍ . അപ്പോള്‍ പിന്നെ സിനിമയുടെ കാര്യത്തില്‍ ഈ കിട്ടിയ മുന്നറിയിപ്പ് വല്ലതും എനിക്ക് പ്രശ്നമാണോ ? നെവെര്‍. പോയി സിനിമ കാണുക തന്നെ ചെയ്തു .കണ്ടു കഴിഞ്ഞപ്പോള്‍ നാല് ദിവസം പഴകിയ ബ്ലാക്ക് ഫോറെസ്റ്റ് എത്ര ഭേദമായിരുന്നു എന്ന് തോന്നിപ്പോയി .


സുപ്പര്‍ ഹീറോ സിനിമകള്‍ റിയലിസ്റ്റിക്ക് ആവണം എന്നൊന്നും എനിക്ക് വാശിയില്ല . പക്ഷേ കണ്ടു കൊണ്ടിരിക്കുമ്പോള്‍ മണ്ടത്തരം എന്ന് തോന്നുന്ന സീനുകള്‍ ഒരുപാട് ഉള്ള ഒരു സിനിമയായാലോ ? അങ്ങനെ ഒരു സിനിമയാണ് റാ.വണ്‍ . കാറുകളെക്കാളും ,ബൈക്കുകളെക്കാളും ഒക്കെ സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വില്ലന്‍ പെട്ടെന്ന് വഴിയില്‍ കാണുന്ന ഒരാളുടെ ബൈക്ക് പിടിച്ച് വാങ്ങുന്നത് ഒക്കെ ഉണ്ട് സിനിമയില്‍ . തീര്‍ന്നില്ല , ഭയങ്കര സീരിയസായി നടക്കുന്ന വില്ലന്‍ പെട്ടെന്ന് കരീന കപ്പൂറിന്റെ വേഷത്തില്‍ ഉഗ്രന്‍ ഡാന്‍സ് . അതും കഥയിലെ നായകനും , വില്ലനും ഹ്യൂമന്‍ ഇമോഷന്‍സ് ഒന്നും തിരിച്ചറിയാനുള്ള ശേഷി ഇല്ല എന്ന് പറഞ്ഞതിന് ശേഷം ചമ്മക്ക് ചല്ലോ എന്ന പാട്ടില്‍ വില്ലന്‍ കരീനാ കപ്പൂറിന്റെ വേഷത്തില്‍ ഡാന്‍സ് ചെയ്‌താല്‍ ത്രീഡിയില്‍ തന്നെ റാ.വണ്‍ കാണാന്‍ (അതും അത്യുല്യ  തിയറ്ററില്‍. സ്ക്രീനും ,സൌണ്ടും ഒന്നും കൊള്ളില്ല  )ഞാന്‍ കൊടുത്ത നൂറു രൂപയ്ക്ക് ആര് സമാധാനം പറയുമെന്നെ ? 


സിനിമയുടെ കഥയാണ്‌ ഇനി . വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ഒഴിവാക്കുക :
ശേഖര്‍ സുബ്രഹ്മണ്യം (ഷാരൂഖ്‌ ഖാന്‍ )എന്ന  ഗെയിം ഡിവലപ്പര്‍  തീരെ കൂള്‍ അല്ല എന്നാണ് അയാളുടെ മകനായ പ്രതീകിന്റെ (അര്‍മാന്‍ വര്‍മ്മ) അഭിപ്രായം. മകന്റെ അംഗീകാരം കിട്ടാന്‍ വേണ്ടി ശേഖര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അബദ്ധങ്ങളില്‍ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഒടുവില്‍ മകന്റെ ഇഷ്ടമനുസരിച്ച് നായകനെക്കാള്‍ വില്ലന് ശക്തി കൂടുതലുള്ള ഒരു ഗെയിം ശേഖര്‍ ഉണ്ടാക്കുന്നു . ശേഖര്‍ ജോലി ചെയ്യുന്ന ബാരണ്‍ എന്ന കമ്പനി ആ ഗെയിം ലോഞ്ച് ചെയ്യുന്ന ദിവസം , പ്രതീക് ആ ഗെയിം കളിക്കുകയും ഗെയിമിലെ വില്ലനായ റാ. വണിനെ  ചില ലെവലുകളില്‍ തോല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ പ്രതീകിന്  ആ ഗെയിമിന്റെ അവസാന ലെവല്‍ തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതോടെ റാ. വണ്‍ (അര്‍ജുന്‍ റാംപാല്‍)   പ്രതീകിനെ തേടി വെര്‍ച്ച്വല്‍ ലോകത്ത് നിന്നും പുറത്തെത്തുന്നു . ശേഖറിനെ റാ. വണ്‍  കൊല്ലുന്നു . റാ.വണിനെ നേരിടാന്‍ പ്രതീക് , ശേഖരിന്റെ ഒരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ഗെയിമിലെ നായകനായ ജി.വണിനെ  പുറത്ത് കൊണ്ട് വരുന്നു . പ്രതീകിനെയും അമ്മ സോണിയയെയും (കരീന കപ്പൂര്‍ ) റാ. വണില്‍ നിന്നും രക്ഷിക്കാന്‍ ജി. വണ്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള കഥ .
നല്ലൊരു കഥ സിനിമയാക്കി വന്നപ്പോള്‍ നശിപ്പിച്ചു എന്നാണ്  റാ. വണ്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയത് . സിനിമ തുടങ്ങുമ്പോള്‍ വെര്‍ച്ച്വല്‍ വേള്‍ഡ് , റിയല്‍ വേള്‍ഡ് എന്നിവ തമ്മില്‍ വലിയ അകലമില്ല എന്ന് കാണിക്കുന്ന സീന്‍ തന്നെ ശരിക്കും സില്ലിയായി എനിക്ക് തോന്നി .പിന്നെ അങ്ങോട്ട്‌ കണ്ടിരിക്കുന്ന നമ്മള്‍ ഒക്കെ മണ്ടന്മാരാണ് എന്ന തരത്തിലാണ് സിനിമ പോകുന്നത് .  കുറെ കഴിഞ്ഞപ്പോള്‍ ഈ നാശം തീരില്ലേ എന്ന് തോന്നി പോയി . പ്രതീക് ആയി അഭിനയിച്ച അര്‍മാന്‍ വര്‍മ്മ , അര്‍ജുന്‍ റാംപാലിന്റെ കില്ലര്‍ ലൂക്സ് ഈ രണ്ട് കാര്യങ്ങള്‍ അല്ലാതെ എനിക്ക് ഈ സിനിമയില്‍ വേറെ ഒന്നും ഇഷ്ടപ്പെട്ടില്ല .ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഓരോ സീനിലും ഉണ്ട് .അവയില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന ചിലത് കൂടി പറഞ്ഞിട്ട് നിറുത്താം 




  • ശേഖര്‍ സുബ്രഹ്മണ്യം എന്ന തമിഴനായി ഷാരുഖ് ഖാന്‍ ഭയങ്കര ബോറാണ്. അത് പോരാഞ്ഞ് ഒരു കണ്‍സിസ്റ്റെന്‍സിയും ഇല്ലാത്ത ക്യാരെക്ടറൈസേഷനും. തുടക്കത്തില്‍ തമിഴ് ചുവയുണ്ടെന്ന് കാണിക്കാന്‍ മനുഷ്യനു മനസിലാവാത്ത ഏതോ ഭാഷ പോലെ ഇംഗ്ലീഷ് പറയുന്ന ശേഖര്‍ ഇടയ്ക്ക് നല്ല ഒന്നാതരം ഓക്സ്ഫോര്‍ഡ് അക്സ്സെന്റില്‍ ഇംഗ്ലീഷ് പറയുന്നുണ്ട് (പാര്‍ട്ടിയില്‍ കള്ള് കുടിച്ചിട്ട്  റാ. വണുമായി സംസാരിക്കുന്ന സീന്‍ ഉദാഹരണം ) . അതിലൊക്കെ കഷ്ടമായിട്ട് എനിക്ക് തോന്നിയത് ശേഖര്‍ ശരിക്കും വെറും പാവമാണോ ,മണ്ടനാണോ അതോ ജീനിയസ് ആയ ഒരു നേര്‍ഡ്  ആണോ എന്നൊന്നും സിനിമയില്‍ നിന്നും മനസിലാവില്ല എന്നതാണ്.







  • കഥാപാത്രങ്ങളുടെ കാര്യത്തില്‍ ശേഖറിനെക്കാള്‍ കഷ്ടമാണ് സോണിയ . കരീന കപ്പൂറിന്റെ ഈ കഥാപാത്രം ഹിന്ദിയിലും പഞ്ചാബിയിലുമുള്ള ചീത്ത വാക്കുകളില്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാറ്റി ആണുങ്ങളെക്കുറിച്ച് ആക്കുവാന്‍ വേണ്ടിയുള്ള ഒരു തീസിസ് എഴുതുകയാണ് എന്നാണ് പറയുന്നത് .അതും ലണ്ടനില്‍ താമസിച്ചു കൊണ്ട്. ഇത് കൊണ്ട് സിനിമാക്കാര്‍ തമാശയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് സത്യമായും ചിരിക്കാന്‍ തോന്നിയില്ല 





  • ജി. വണ്‍ . ഷാരുഖ് ഈ വേഷത്തിലും ബോറാണ് .കോമഡി എന്ന പേരില്‍ എന്തൊക്കെയോ കാണിക്കുന്നുണ്ട് .ചിലപ്പോള്‍ പറയും ഇമോഷന്‍ ഒന്നും ഇല്ലെന്ന്. അത് അങ്ങോട്ട്‌ പറഞ്ഞു കഴിയുന്നത്‌ മുന്‍പേ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കേയില്‍ കാജലിനെ നോക്കിയ അതെ ഭാവത്തില്‍ കരീനയെ നോക്കും. 





  • അര്‍ജുന്‍ റാംപാല്‍. ഹൃതിക് റോഷന്‍ കഴിഞ്ഞാല്‍ ഇത്രയും സ്ലീക്ക് ആന്‍ഡ്‌ ഷാര്‍പ്പ് ലൂക്സ് ഉള്ള ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ല . വല്യ തെറ്റില്ലാതെ അഭിനയിക്കുകയും ചെയ്യും. ഭയകര ബില്‍ഡ് കൊടുത്ത് തീരെ ഗുണമില്ലത്തത് പോലെ തീരുന്ന റാ.വണ്‍ എന്ന വില്ലന്‍ ശരിക്കും ഈ നടനെ വെയിസ്റ്റ് ആക്കിയത് പോലെ തോന്നി 





  • രജനികാന്തിന്റെ  ഗെസ്റ്റ് അപ്പിയറന്‍സ് . തിയറ്ററില്‍ ഭയങ്കര കയ്യടി ആയിരുന്നു .പക്ഷെ ആ സീന്‍ എടുത്തു വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അനുഭവ് സിന്‍ഹയെ കൊല്ലാന്‍ തോന്നി. ഇത്രയും സ്ക്രീന്‍ പ്രസന്‍സ് ഉള്ള ഒരു നടനെ വെറും  കയ്യടിക്ക് വേണ്ടി ആണെങ്കില്‍ , അങ്ങേര്‍ക്ക് അത് വൃത്തിയായിട്ട് ചെയ്തൂടേ ? 





  • സ്പെഷിയല്‍ ഇഫെക്ക്റ്റ്. കുറെ കാറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിയുന്ന സീനുകള്‍ക്ക് ഇത്രയും പരസ്യമൊക്കെ കൊടുത്ത് വെറുതെ എന്റെ പ്രതീക്ഷ കൂട്ടി നശിപ്പിച്ചു. ക്ലൈമാക്സ് , ട്രെയിനിലെ ഷാരുഖിന്റെ ഓട്ടം ഇതൊക്കെ മഹാ ബോറാവുകയും ചെയ്തു 





  • ഇടയ്ക്കിടെ വരുന്ന പാട്ടുകള്‍ .അല്ലെങ്കിലെ ബോറടിക്കുന്ന സിനിമ കൂടുതല്‍ ബോറാക്കി. ചുരുക്കത്തില്‍ എന്റെ കുറെ സമയവും കാശും കളഞ്ഞ ഒരു ബോറ് സിനിമ .അതാണ്‌ റാ.വണ്‍ 



  • Thursday 6 October 2011

    ഇന്ത്യന്‍ റുപ്പി :Indian Rupee

    വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകള്‍ ,  ഇഷ്ടമ്പോലെ  നല്ല സിനിമകള്‍ കാണാനുള്ള ചാന്‍സ്  ,നല്ല ഭക്ഷണം , തോന്നുമ്പോ മൂടി പുതച്ചു കിടന്ന് ഉറങ്ങാനുള്ള സൗകര്യം ,വര്‍ത്തമാനം പറയാന്‍ (എന്റെ കത്തി കേള്‍ക്കാന്‍ ) പറ്റിയ ആളുകള്‍ ഇത്രയൊക്കെ എനിക്ക് ആഗ്രഹമുള്ളൂ . പറഞ്ഞത് വേറാരുമല്ല , ഈ ഞാന്‍. കേട്ടത് മമ്മി . മറുപടി നിന്റെ ഡാഡിയും  ഇങ്ങനെ വിചാരിച്ചിരുന്നെങ്കില്‍ ഇന്ന് നീയൊക്കെ നല്ല മണി മണി പോലെ  വല്ല പാടത്തും പറമ്പിലും പണിക്ക് പോയേനെ. പാവം മമ്മി .ഒന്നും അറിഞ്ഞൂടാ . അതിന് സിറ്റിയില്‍ എവിടെ പാടം , എവിടെ പറമ്പ്.(സിറ്റിയില്‍ തന്നെ ഞാന്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം ചോദിക്കരുത് ,പ്ലീസ് ). അപ്പോള്‍ പറഞ്ഞു വന്നത് , എന്റെ മിനിമം ആഗ്രഹങ്ങള്‍ . അതിലൊന്നാണ് നല്ല സിനിമകള്‍ കാണുക എന്നത് പറഞ്ഞല്ലോ . നല്ല സിനിമ ഒരണ്ണം കൂടി കാണാന്‍ ചാന്‍സ് കിട്ടിയതിന്റെ  സന്തോഷം കൊണ്ട് മാത്രമല്ല  ഇത്രയും വാരിവലിച്ച് പറഞ്ഞത്.  കണ്ട ആ നല്ല സിനിമയില്‍  നല്ല കുറച്ച് മെസ്സേജുകളും  ഉണ്ടായിരുന്നു . അതും പലപ്പോഴും പപ്പയുടെ അമ്മച്ചി പറഞ്ഞ് കേട്ടിട്ടുള്ള ചില കാര്യങ്ങളും  . അമ്മച്ചിയുടെ ഡയലോഗ് കടമെടുത്താല്‍, 'കര്‍ത്താവിന് നിരക്കാത്ത കാശ് ആശുപത്രിയില്‍ കൊടുക്കാനേ കാണു,കൊച്ചേ   '.(അമ്മച്ചിയുടെ ഈ കൊച്ചേ വിളി മിമിക്ക് ചെയ്ത് ഞാന്‍ പണ്ട് ഒരുപാട് കൈയ്യടി വാങ്ങിയിട്ടുള്ളതാണ് കേട്ടോ ). അവളുടെ ഒരു പഴമ്പുരാണം . സിനിമയുടെ കാര്യം പറ കൊച്ചേ , എന്നല്ലേ നിങ്ങള്‍ ദാ ഇപ്പൊ മനസ്സില്‍ വിചാരിച്ചത് . കൂടുതല്‍ ബോറാക്കാതെ പറഞ്ഞേക്കാം .കണ്ട നല്ല സിനിമ ,രഞ്ജിത്ത് സംവിധാനം ചെയ്ത് , പ്രിഥ്വിരാജ് നായകനായി അഭിനയിച്ച ഇന്ത്യന്‍ റുപ്പീ. ആ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലും അമ്മച്ചി പറഞ്ഞ  വാക്കുകള്‍ ഉണ്ടെന്ന് തോന്നിപ്പോയി .


    പെട്ടെന്ന് പണക്കാരനാകാന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളാണ് ഇന്നത്തെക്കാലത്ത് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന ആളാണ് ജയപ്രകാശ് എന്ന ജെ പി (പ്രിഥ്വിരാജ്). പണമുണ്ടാക്കാനായി ചില്ലറ തട്ടിപ്പുകള്‍ നടത്താനും ജെ പിക്ക് മടിയൊന്നുമില്ല . എല്ലാത്തിനു കൂട്ടായി അയാളുടെ സുഹൃത്തായ സി എച്ചും (ടിനി ടോം ) ഒപ്പമുണ്ട് .പക്ഷെ എന്തൊക്കെ ചെയ്തിട്ടും കടം മാത്രം ബാക്കി എന്ന അവസ്ഥയിലാണ്  ജെ പിയും, സി എച്ചും . പണമില്ലാത്തത് കാരണം സഹോദരിയുടെ(റീജ വേണുഗോപാല്‍ ) വിവാഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനോ  ,അമ്മയുടെ (സീനത്)കയ്യില്‍ നിന്നും കടം വാങ്ങിയ മൂന്നു ലക്ഷം രൂപ തിരിച്ചു കൊടുക്കാനോ ,ഇഷ്ടമുള്ള പെണ്‍കുട്ടിയെ (റീമ കല്ലിങ്കല്‍ ) വിവാഹം കഴിക്കാനോ സാധിക്കാതെ വിഷമിക്കുന്ന ജെ പിയുടെ ജീവിതത്തിലേക്ക് അച്യുത മേനോന്‍ (തിലകന്‍ ) കടന്ന് വരുന്നത് യാദൃശ്ചികമായാണ് . അച്യുത മേനോന്‍ ഉപദേശിക്കുന്ന ഒരു ബുദ്ധിയിലൂടെ ജെ പിക്കും , സി എച്ചിനും  ഒറ്റയടിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ കിട്ടുന്നു . ആ പണം ഗോള്‍ഡന്‍ പാപ്പന്‍ (ജഗതി ശ്രീകുമാര്‍ ) എന്ന പിശുക്കനായ പണക്കാരന്റെ ഷോപ്പിംഗ്‌ മാള്‍ കച്ചവടത്തില്‍ നിക്ഷേപിക്കുന്ന ജെ പിക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു കോടി രൂപ എങ്ങനെയും ഉണ്ടാക്കിയെ തീരു എന്ന അവസ്ഥ വന്നു ചേരുന്നു . ആ ഒരു കോടി രൂപ ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ജെ പി തീര്‍ത്തും തെറ്റായ  വഴികളില്‍ സഞ്ചരിച്ച് തുടങ്ങുന്നു .അതിലൂടെ ഉണ്ടാകുന്ന ലാഭാങ്ങളും, നഷ്ടങ്ങളും ,പ്രശ്നങ്ങളും ഒക്കെയാണ്  ഇന്ത്യന്‍ റുപ്പിയുടെ തുടര്‍ന്നുള്ള കഥ .


    ഒരു ചെറിയ കഥ , അതിന്റെ പുതുമയുള്ള അവതരണം , അഭിനേതാക്കളുടെ നല്ല പെര്‍ഫോമന്‍സ് ഇതൊക്കെ ചേരുമ്പോള്‍ ഇന്ത്യന്‍ റുപ്പി കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഒരു സിനിമയാകുന്നു എന്ന് എനിക്ക് തോന്നി. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയില്‍ തുടക്കം മുതല്‍ അവസാനം വരെ നമ്മള്‍ നല്ലത് പോലെ ഇന്‍വോള്‍വ്ഡ് ആകുന്ന രീതിയിലാണ് ഇന്ത്യന്‍ റുപ്പി സ്ക്രീനില്‍ എത്തിക്കുന്നത് . ഈ സിനിമയുടെ ഏറ്റവും നല്ല പ്ലസ്‌ പോയന്റുകള്‍ എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാം :
    • അധികം ലോജിക് പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത തിരക്കഥ 
    • നല്ല വേഗത്തിലുള്ള കഥയുടെ പോക്ക് . ഒരു മിനിറ്റു പോലും എനിക്ക് ബോറടിച്ചില്ല 
    • കഥയിലെ ചില നല്ല മെസ്സേജുകള്‍  .അതും നമ്മളെ ലക്ക്ച്ചര്‍ ചെയ്തു ബോറടിപ്പിക്കാതെ   ഭംഗിയായി  പറയുന്ന രീതി 
    • പ്രിഥ്വിരാജ് . നല്ല അഭിനയം. ജെ പി എന്ന കഥാപാത്രത്തെ ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് പ്രിഥ്വിരാജിന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ജെ പി എന്ന് എനിക്ക് തോന്നുന്നു  
    • കുറെ കാലത്തിന് ശേഷം തിലകന്റെ നല്ല ഒരു വേഷം 
    • ജഗതി ശ്രീകുമാര്‍ . ഇന്റര്‍വെല്‍ കഴിഞ്ഞാണ് ജഗതിയുടെ ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രം സ്ക്രീനില്‍  വരുന്നത് . ജഗതിയെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല , ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രത്തെ മറ്റേത് നടന്‍ ചെയ്താലും ശരിയാകില്ലായിരുന്നു എന്ന് എനിക്ക് തോന്നി . 
    • റീമ കല്ലിങ്കല്‍ ,സീനത് , റീജ വേണുഗോപാല്‍ ,കല്‍പ്പന, ടിനി ടോം, ലാലു അലക്സ്, മാമുക്കോയ എന്നിവര്‍ തുടങ്ങി ആരുടേയും കഥാപാത്രങ്ങള്‍  സിനിമയില്‍ വെറുതെ വന്നു പോകുന്നവര്‍ അല്ല. എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് , 
    • പിന്നെ എടുത്തു പറയേണ്ടത് കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കുന്നതും , നന്നായി എന്ന് എനിക്ക് തോന്നിയതുമായ കുറച്ച് സീനുകളാണ് .മെര്‍ക്കാറയിലെ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള വഴി അച്യുത മേനോന്‍ ജെ പിക്കും സി എച്ചിനും പറഞ്ഞ് കൊടുക്കുന്ന സീന്‍, അച്യുത മേനോന്റെ ഉപദേശം കേട്ട ശേഷം  ജെ പിയുടെ റിയാക്ഷന്‍ ,രേവതി അവതരിപ്പിക്കുന്ന ഡോക്ടര്‍ ജെ പിക്ക് കൊടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ അവരുടെ കയ്യില്‍ തന്നെ തിരിച്ച് വരുന്ന സീനുകള്‍ , രായിനിക്ക (മാമുക്കോയ ) എന്ന ബ്രോക്കറും കൂട്ടുകാരും ചേര്‍ന്ന്  ജെ പിയോട് ഗോള്‍ഡന്‍ ഷോപ്പിംഗ്‌ മാള്‍ ബിസിനസ്സില്‍ നിന്നും പിന്മാറാന്‍ പറയുന്ന സീന്‍  ,ഗണേശന്‍ എന്ന കഥാപാത്രം കള്ളു കുടിക്കാന്‍  ബാറില്‍ പോകുന്ന സീന്‍ , ജെ പി ഗോള്‍ഡന്‍ പാപ്പന്‍ എന്നിവര്‍ അവസാനമായി മാളില്‍ വെച്ച് തമ്മില്‍ കണ്ട് സംസാരിക്കുന്ന സീന്‍ . പറഞ്ഞു വന്നാല്‍ സിനിമയില്‍ മിക്കവാറും എല്ലാ സീനുകളും എഴുതേണ്ടി വരും :) 
    • ഈ പുഴയും എന്ന പാട്ട് 
    • എസ് കുമാറിന്റെ ക്യാമറ . 
    ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ ഒന്നോ രണ്ടോ കുഞ്ഞ്  കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അതൂടെ പറയാം .

    • അച്യുത മേനോനെ ജെ പി തന്റെ ഓഫീസ് കെട്ടിടത്തില്‍ താമസിക്കാന്‍ ക്ഷണിക്കുന്നത് , ജെ പിയുടെ ഓഫീസില്‍ ജോലിയുടെ കാര്യം ചോദിച്ചു അയാളെ കാണാന്‍ എത്തുന്ന അച്യുത മേനെണോ അവിടെ വെച്ച് ജെ പിക്കും സി എച്ചിനും ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉണ്ടാക്കാനുള്ള വഴി പറഞ്ഞ് കൊടുക്കുകയും , അതിന് ശേഷം ജോലിക്കാര്യത്തിനായി  ജെ പിയെ വീണ്ടും കാണാന്‍ വരുമ്പോള്‍ അയാളുടെ സഹോദരിയുടെ വിവാഹ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നു എന്ന ഓര്‍ഡറില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്ന് തോന്നി . എന്റെ വട്ടു ബുദ്ധിയില്‍ തോന്നിയ കാര്യമാണ്  കേട്ടോ . ഞാന്‍ ഭയങ്കര ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കൂട്ടിയ ഈ ഓര്‍ഡറില്‍ അകെ എനിക്ക് തോന്നിയഒരേയൊരു  പ്രശ്നം  സഹോദരിയുടെ  വിവാഹ കാര്യം സംസാരിക്കാന്‍ ആളുകള്‍ വീട്ടില്‍ വരുന്ന സമയത്തേക്ക് ജെ പി ഇരുപത്തിയഞ്ച് ലക്ഷം രൂപ ഗോള്‍ഡന്‍ പാപ്പന് കൊടുത്ത് കഴിയണം എന്നത് മാത്രമാണ് .
    • ഈ പുഴയും എന്ന പാട്ടിന്റെ പിക്ച്ചറൈസേഷന്‍. .മെഴുകുതിരി കത്തിച്ചു പിടിച്ച ആളുകളും ,  പാട്ടിന്റെ അവസാനം ഡാന്‍സ് ഫ്ലോറില്‍ കുറെ ആളുകള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ കറങ്ങുന്നതും ഒകെ ശരിക്കും ബോറാക്കിക്കളഞ്ഞു  
    • പോലീസ് സ്റ്റേഷന്  മുന്നില്‍ നിന്നും ഗോള്‍ഡന്‍ പാപ്പന്റെ വീട്ടില്‍ വരുന്ന ജെ പി അയാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത് .ഒരു കോടി രൂപയുടെ ട്രാന്‍സാക്ഷനില്‍ പാപ്പാനും പങ്കുണ്ട് എന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്സ് തന്റെ കയ്യില്‍ ഉണ്ട് എന്ന് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു എന്ന് തോന്നി 
    കൂടുതല്‍ ചിന്തിച്ചാല്‍ മിക്കവാറും രഞ്ജിത്ത് എന്നാല്‍ അടുത്ത സിനിമ നീ സംവിധാനം ചെയ്യ് എന്ന് പറയുകയും(സ്വപ്നത്തിന് ടാക്സ് ഇല്ല :) )  , ഞാന്‍ അത് ചെയ്ത് ഒടുവില്‍ നിങ്ങള്‍ എല്ലാവരും കൂടി എന്നെ തല്ലുകയും എന്നതൊക്കെ ചെയിന്‍ റിയാക്ഷനായി നടക്കാനുള്ള സാധ്യത ഉള്ളതിനാല്‍ , ഞാന്‍ ദേ ചിന്ത നിറുത്തി . തന്നെയുമല്ല ,മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ മുഴുവന്‍ സിനിമ വെച്ച് നോക്കുമ്പോള്‍ സാരമില്ല എന്ന് വെയ്ക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നും എനിക്കറിയാം .കാരണം രഞ്ജിത്ത് ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാകാനുള്ള കാര്യങ്ങളൊക്കെ ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ട് . 

    Tuesday 4 October 2011

    മുറന്‍ :Muran


    ബാല്‍ക്കണി 40 എന്ന ബ്ലോഗില്‍ പ്രേക്ഷകന്‍ എഴുതിയ നിരൂപണം വായിച്ചതു കൊണ്ട് മാത്രമാണ് മുറന്‍ എന്ന തമിഴ് സിനിമ കാണണം എന്ന് ഞാന്‍ തീരുമാനിച്ചത് . സഹസ്രം , പയനം, യുദ്ധം സെയ് , ഈ മൂന്ന് സിനിമകളും ഞാന്‍ ഡി വി ഡിയില്‍ എങ്കിലും കാണുന്നത് പ്രേക്ഷന്റെ നിരൂപണങ്ങള്‍ വായിച്ചത് കൊണ്ട് മാത്രമാണ് . അത് കൊണ്ട് കൂടിയാണ് മുറന് പോയി ഭാഗ്യം പരീക്ഷിക്കാം എന്ന സാഹസിക തീരുമാനത്തില്‍ ഞാന്‍ എത്തിയത് . സാഹസികം എന്ന് ചുമ്മാ പറഞ്ഞതല്ല .സൂര്യ, വിക്രം ,കമലഹാസന്‍ ഇവരുടെ ഒന്നും ഗ്ലാമര്‍ ഇല്ലാത്ത ചേരന്‍ അഭിനയിക്കുന്ന തമിഴ് സിനിമ കാണാന്‍ ഞാന്‍ കൂട്ടിന് കൊണ്ട് പോകുന്നത് , അവര്‍ക്ക് പടം ഇഷ്ടപ്പെട്ടിലെങ്കില്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ ഇനി നിന്നെ നാല് പറഞ്ഞിട്ട്   നമുക്ക് ബാസ്കിന്‍ റോബിന്സില്‍ പോകാം മോളെ  എന്ന് വാശി പിടിക്കുന്ന രണ്ട് നല്ല ഒന്നാന്തരം കുരിശുകളെയാണേ. എന്റെ ജീവനും , ആരോഗ്യത്തിനും ഭീഷണി ആയേക്കാവുന്ന ഇടപാടാണ് .അപ്പോള്‍ പിന്നെ അത് സാഹസം തന്നെ അല്ലെ ?


    അടി കിട്ടും മുന്‍പേ കുറ്റം ഏറ്റുപറഞ്ഞ്  മാപ്പ് ചോദിക്കുക എന്ന സ്ട്രാറ്റജിയുടെ ഭാഗമായി ജാസ്മിക്കും ശ്രുതിക്കും ഓരോ ഫലൂദ എക്സ്ട്രാ വാങ്ങി കൊടുത്താണ് തിയറ്ററിലേക്ക് കേറിയത്‌. പക്ഷെ സിനിമ തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ രണ്ടു സൈഡിലുമായി ഇരുന്ന അവരെ മറന്നു. രസമുള്ള ഒരു റോഡ്‌ മൂവി പോലെ തുടങ്ങി ഇന്റര്‍വെല്‍ ആകുമ്പോഴേക്കും ഒരു ത്രില്ലര്‍ ആയി മാറുന്ന കഥ. പട്രീഷിയ ഹൈസ്മിത്തിന്റെ  സ്ട്രെയ്ഞ്ചേര്‍സ് ഓണ്‍ എ ട്രെയിന്‍ എന്ന നോവല്‍ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് അതെ പേരില്‍ തന്നെ സിനിമയാക്കിയപ്പോള്‍ ക്ലൈമാക്സ് ഉത്പാടെ പല കാര്യങ്ങളും നോവലില്‍ നിന്നും വ്യതസ്തമായിട്ടാണ് ചെയ്തത് . അത് പോലെ തന്നെ , സ്ട്രെയ്ഞ്ചേര്‍സ് ഓണ്‍ എ ട്രെയിന്‍  എന്ന സിനിമയുടെ ബേസിക്ക് സ്റ്റോറിലൈന്‍ എടുത്ത് മുറന്‍ എന്ന തമിഴ് സിനിമയാക്കിയപ്പോള്‍ സംവിധായകനും ,കഥാ/തിരക്കഥകൃത്തുമായ  രാജന്‍ മാധവും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ആ മാറ്റങ്ങള്‍ സിനിമയെ നല്ല രീതിയില്‍ തന്നെ സ്വാധീനിച്ചിട്ടുമുണ്ട് എന്ന് എനിക്ക് തോന്നുന്നു .


    സിനിമയില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുന്ന  തികച്ചും സാധാരണക്കാരനായ ഒരു സംഗീത സംവിധായകനാണ് നന്ദ (ചേരന്‍) .ശരിക്കും  ഒരു പാവത്താന്‍ . അതെ സമയം പണക്കാരനായ അച്ഛന്റെ മകനായ അര്‍ജുന്‍ (പ്രസന്ന) ലീവ് ലൈഫ് ഡെയ്ഞ്ചറസ്ലീ എന്ന സ്വഭാവം ഉള്ളയാലും. രണ്ടു പേര്‍ക്കും അവരവരുടെ ജീവിതങ്ങളില്‍ ഒഴിവാക്കാനാവാത്ത , അവരെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങള്‍ ഉള്ളവര്‍. ഒരു യാത്രക്കിടയില്‍ അവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ആ യാത്രയില്‍ അവര്‍ തമ്മില്‍ ഒരു സൗഹൃദം വളരുന്നു. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കൊലപാതകങ്ങളിലൂടെ പരിഹാരം കാണാം എന്ന ആശയം അവരില്‍ ഒരാള്‍ മുന്നോട്ടു വെയ്ക്കുന്നു . പ്ലാന്‍ അനുസരിച്ചുള്ള രണ്ടു കൊലപാതകങ്ങളില്‍ ഒന്ന് നടക്കുന്നതോടെ സിനിമ ലൈറ്റ് മൊമെന്റ്സ് ഉള്ള റോഡ്‌ മൂവിയില്‍ നിന്നും നല്ല സ്പീഡ് ഉള്ള ഒരു ത്രില്ലര്‍ ആയി മാറുന്നു. 
    ഇനി പതിവ് പോലെ സിനിമ എനിക്ക് ഇഷ്ടപ്പെട്ടത്തിന്റെ പ്രധാന കാരണങ്ങള്‍ :

    • മുറനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  കഥ പറഞ്ഞിരിക്കുന്ന  രീതിയാണ് . ഒരു സീന്‍ പോലും ബോറടിപ്പിക്കാതെ , അവസാനം വരെ കണ്ടിരുക്കുന്നവരില്‍ ഇനിയെന്ത് സംഭവിക്കും എന്നൊരു ആകാംഷ  ഉണ്ടാക്കാന്‍ സംവിധായകന്‍ രാജന്‍ മാധാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മളെ  ചിന്തിപ്പിക്കുകയും , തീരുമ്പോഴേക്കും നമ്മുടെ മനസ്സിലെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയുന്ന ഒരു നല്ല ഉഗ്രന്‍ ത്രില്ലര്‍ . 
    • സിനിമയിലെ ഡ്രൈ ഹ്യൂമര്‍ . നന്ദ  പേടിപ്പെടുത്തുന്ന സ്വപ്നം കണ്ട് ഞെട്ടി ഉണരുന്ന സീനില്‍ റീകോര്‍ഡിങ്ങ് സ്റ്റുഡിയോയിലെ ജോലിക്കാരന്റെ റിയാക്ഷന്‍ , പ്ലാന്‍ വിവരിക്കുന്ന സീനില്‍ പോലീസ് കമ്മീഷ്ണറെക്കുറിച്ച് പറയുന്ന ഡയലോഗ് , ഇതൊക്കെ ഡ്രൈ ഹ്യൂമറിന് ചില ഉദാഹരണങ്ങളാണ് 
    • കഥയില്‍ ട്വിസ്റ്റ്‌ വരുന്ന സീനുകള്‍ .  അര്‍ജ്ജുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പോകുന്ന സീന്‍ , അതിന്റെ തുടര്‍ച്ചയായി പിറ്റേന്ന് നന്ദ ടീവിയില്‍ ന്യൂസ് കാണുന്ന സീന്‍ , നന്ദ ദേവരാജിനെ(ജയപ്രകാശ് ) ക്ലബ്ബില്‍ വെച്ച് കാണുന്ന സീന്‍ ,ലിണ്ട (സുമ ഭട്ടാചാര്യ ) എന്ന കഥാപാത്രത്തിന്റെ  കഥ പറയുന്ന സീനുകള്‍  , ക്ലൈമാക്സ് എന്നിവ ഉദാഹരണം 
    • നന്ദ , അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചേരനും , പ്രസന്നയും . അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് പ്രസന്നയെയാണ് കുറച്ച് കൂടുതല്‍ ഇഷ്ടപ്പെട്ടത് .പക്ഷെ  ചേരനും നന്നായിട്ടുണ്ട്. ഇവര്‍ തമ്മിലെ നല്ല കെമസ്ട്രിയാണ് സിനിമയെ കൂടുതല്‍ ത്രില്ലിംഗ് ആക്കിയത് .

    ഇഷ്ടപ്പെടത്തതായി ഈ സിനിമയില്‍ അങ്ങനെയൊന്നും എനിക്ക് തോന്നിയില്ല. അകെ തോന്നിയ ഒരു കാര്യം, നന്ദ , അര്‍ജുന്‍ എന്നിവരുടെ ഫ്ലാഷ്ബാക്ക് രണ്ടു പാട്ടുകള്‍ ആക്കാതെ ഒരൊറ്റ പാട്ടില്‍ ഒതുക്കിയെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് മാത്രമാണ്. 

    എന്തായാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ജാസ്മി പറഞ്ഞത് നീ പിടിച്ചു വലിച്ചോണ്ട് വന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ ഞാന്‍ ജന്മത് കാണലുണ്ടാവില്ലായിരുന്നു .കണ്ടില്ലെങ്കില്‍ അത് ശരിക്കും ഒരു മിസ്സും ആയേനെ എന്നാണ്. ശ്രുതിയും അത് തലകുലുക്കി സമ്മതിച്ചപ്പോള്‍ എന്നെ പോലെ വളരെ ഡിഫ്റെന്റ് ആയി ചിന്തിക്കുന്ന ഒരു ഫ്രണ്ട് സത്യത്തില്‍ നിങ്ങളുടെ ഭാഗ്യമാണ് അല്ലെ ? എന്നൊരു ചോദ്യം മുഖത്ത് ഫിറ്റ് ചെയ്ത് ഞാന്‍  ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ ചുമ്മാ ഷ്രഗ് ചെയ്തു . ഇനി അടുത്ത സിനിമക്ക് ഇവളന്മാരെ കൊണ്ട് പോയി അതിന്റെ ആഫ്ടര്‍ ഇഫെക്ക്റ്റ് വരുന്നത് വരെ ഞങ്ങളുടെ ഗ്യാങ്ങിലെ എന്റെ ബുദ്ധിജീവി പട്ടം എന്തായാലും സേഫ്. പിന്നെ ഈ നല്ല സിനിമയുടെ പേരും പറഞ്ഞ്  അവളന്മാരെ വലിയ ബഹളം ഒന്നും കൂടാതെ മിനിമം അടുത്ത രണ്ടു സിനിമക്കെങ്കിലും ധൈര്യമായി കൂട്ടിന് വിളിക്കാം. ഈ ബുദ്ധിയൊക്കെ തലയില്‍ കൊണ്ട് നടക്കുന്ന എന്നെ സമ്മതിക്കണം , അല്ലെ? 

    Monday 3 October 2011

    ഫോര്‍സ് :Force


    കാക്ക കാക്ക എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ജോണ്‍ അബ്രഹാം നായകനായി അഭിനയിക്കുന്ന  ഫോര്‍സ് എന്ന ഹിന്ദി സിനിമ . ജോണ്‍ അബ്രഹാമിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല  ഞാന്‍ ഫോര്‍സ് കാണാന്‍ പോയത് . കാക്ക കാക്ക എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ് .സൂര്യ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ജോണ്‍ അബ്രഹാം വീണ്ടും ചെയുമ്പോള്‍ അത് എങ്ങനെയുണ്ടാകും എന്ന് കാണാനുള്ള താത്പര്യവും  എനിക്കുണ്ടായിരുന്നു .
    സിനിമ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി .ജോണ്‍ അബ്രഹാം സൂര്യയുടെ അടുത്തെങ്ങും എത്തിയിട്ടില്ല . സിക്സ് പാക്കും , ബീഫ്ഡ് മസിലുകളും ഒക്കെയായി ജോണ്‍ സ്ക്രീനില്‍ കാണാന്‍ നല്ല ഉഗ്രനായിട്ടുണ്ട് .പക്ഷെ കാക്ക കാക്ക എന്ന സിനിമയില്‍ അന്‍പുസെല്‍വന്‍ എന്ന പോലീസ് ഓഫീസറായി  സൂര്യ നല്‍കിയ ആ ഒരു പവര്‍ പാക്ക്ഡ് അഭിനയമൊന്നും ഫോര്‍സിലെ  യഷ്വര്‍ദ്ധന്‍ എന്ന പോലീസ് ഓഫീസറായി ജോണ്‍ അബ്രഹാമിന് ചെയ്യാന്‍ സാധിച്ചിട്ടില്ല .പക്ഷേ സംവിധായകന്‍ നിഷികാന്ത് കാമത്ത് ,ജോണിന്റെ ഈ കുറവ് തിരിച്ചറിഞ്ഞ് തന്നെയാണ് ഫോര്‍സ്   ഒരുക്കിയത് എന്ന് തോന്നുന്നു .കാരണം ,കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമായി ഫോര്‍സിലെ നായകന് വ്യക്തിപരമായ പവര്‍ഫുള്‍ മൊമെന്റ്സ് എന്ന് വിളിക്കാവുന്ന സീനുകള്‍ അധികമില്ല .കഥയുടെ അവതരണത്തിലാണ് ഫോര്‍സില്‍  സംവിധായകന്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു .അവതരണത്തില്‍ ഏറെ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ,കഥയുടെ വേഗത ,അത് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്ന നല്ല സ്റ്റൈല്‍ എന്നിവ ഫോര്‍സിനെ നല്ല ഒരു ആക്ഷന്‍ ഫിലിം ആക്കുന്നുണ്ട്‌  .


    നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് യഷ്വര്‍ദ്ധന്‍ (ജോണ്‍ അബ്രഹാം)  . ഒരു ഇന്‍ഫോര്‍മര്‍ നല്‍കുന്ന കൃത്യമായ വിവരങ്ങള്‍ അനുസരിച്ച് യഷ്വര്‍ദ്ധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നാല് മയക്കുമരുന്ന് വ്യാപാരികളുടെ സംഘങ്ങളെ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്നു. പക്ഷെ ആ ഇന്‍ഫോര്‍മര്‍ റെഡ്ഡി (മുകേഷ് ഋഷി ) എന്ന മയക്ക്മരുന്ന് വ്യാപാരിക്ക് വേണ്ടി അയാളുടെ എതിരാളികളെ പോലീസ്  സംഘത്തെ ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നു എന്ന വിവരം യഷ്വര്‍ദ്ധന്‍ വൈകിയാണ് മനസിലാക്കുന്നത്‌ . താമസിയാതെ തന്നെ ഒരു റെയ്ഡില്‍ യഷ്വര്‍ദ്ധാനും സംഘവും  റെഡ്ഡിയെ കൊല്ലുന്നു. റെഡ്ഡിയുടെ അനിയന്‍ വിഷ്ണു (വിദ്യുത് ജാംവ്വല്‍  ) യഷ്വര്‍ദ്ധനോടും അയാളുടെ സംഘത്തിലുള്ള മറ്റ് മൂന്നു പേരോടും പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്നതും , യഷ്വര്‍ദ്ധനും സംഘവും വിഷ്ണുവില്‍ നിന്നും രക്ഷപ്പെടാനും ,അയാളെ കുടുക്കാനും ശ്രമിക്കുന്നതുമാണ് ഫോര്‍സിന്റെ ബാക്കി കഥ .യഷ്വര്‍ദ്ധന്റെ കാമുകിയായ മായയും (ജെനീലിയ ഡിസൂസ ) , യഷ്വര്‍ദ്ധന്റെ പോലീസ് സംഘത്തിലെ മറ്റ് അംഗങ്ങളുടെ ഭാര്യ/കാമുകിമാരും ഒക്കെ വിഷ്ണുവിന്റെ പ്രതികാരത്തില്‍പ്പെടുന്നുണ്ട് .


    കാക്ക കാക്കയുടെ കഥയില്‍ നിന്നും ഫോര്‍സിന്റെ കഥയ്ക്ക് കാര്യമായ വ്യത്യാസം ഒന്നുമില്ല . പക്ഷേ അവതരണത്തില്‍ ഫോര്‍സ് കാക്ക കാക്കയില്‍ നിന്നും വ്യത്യസ്തമാണ് .അതുകൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു സാധാരണ റീമേക്കുകള്‍ ഇഷ്ടമല്ലാത്ത എനിക്ക് ഫോര്‍സ് ഇഷ്ടപ്പെട്ടത് . എനിക്ക് ഇഷ്ടപ്പെട്ട പല കാര്യങ്ങള്‍ ഉണ്ട് ഈ സിനിമയില്‍ .അവയില്‍ പെട്ടന്ന് ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത് പറയാം :
    • സൂര്യയുടെ പോലീസ് ഒഫീസറിനെ കാക്ക കാക്കയില്‍ കണ്ടിട്ടുള്ളവര്‍ക്ക് ജോണ്‍ അബ്രഹാം അത്ര പോര എന്നേ തോന്നു .പക്ഷെ ആ കുറവ് പരമാവധി കാണികള്‍ക്ക് തോന്നിക്കാതെ സിനിമ മുന്നോട്ട് കൊണ്ട് പോകാന്‍ സംവിധായകന്‍ നിഷികാന്ത് കാമത്തിന് കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു. കാക്ക കാക്കയില്‍ സൂര്യക്ക് നല്ല പവര്‍ഫുള്‍ മൊമെന്റ്സ് നല്‍കിയ സീനുകളില്‍ പലതും ഈ സിനിമയില്‍ സംവിധായകന്‍ ഒഴിവാക്കുകയോ ,അണ്ടര്‍പ്ലേ ചെയ്യുകയോ ചെയ്തിട്ടുണ്ട് . യഷ്വര്‍ദ്ധന്‍ തന്റെ സംഘത്തിലുള്ള മറ്റുള്ളവരുമായി ചിലവഴിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ അണ്ടര്‍പ്ലേ ചെയ്ത സീനുകള്‍ക്ക് ഒരു ഉദാഹരണമാണ് . 
    • യഷ്വര്‍ദ്ധന്റെയും സംഘത്തിന്റെയും ആദ്യ നാല് റെയിഡുകള്‍ ഒരേ സമയം അവതരിപ്പിക്കുന്ന രീതി.
    • വില്ലനായ വിഷ്ണുവിനെ ആദ്യം കാണിക്കുന്ന സീന്‍ . 
    • വില്ലനായ വിഷ്ണുവിനെ അവതരിപ്പിച്ച വിദ്യുത് ജാംവ്വല്‍ . ഫോര്‍സിന്റെ ജീവന്‍ ശരിക്കും വിഷ്ണു എന്ന വില്ലനാണ്. കാണാന്‍ സുന്ദരന്‍ മാത്രമല്ല കാണികള്‍ക്ക് വില്ലന്റെ ദുഷ്ടത്തരം അനുഭവപ്പെടുന്നത്ര നല്ല അഭിനയവും. യഷ്വര്‍ദ്ധന്റെ വീടിനു നേരെ ആക്രമണം നടത്തിയിയിട്ട് രക്ഷപെടുന്ന സീനുകള്‍ , യഷ്വര്‍ദ്ധന്റെ സംഘങ്ങങ്ങളില്‍ ഒരാളെയും അയാളുടെ കാമുകിയും കൊല്ലുന്ന സീനുകള്‍ ,ഇതിലൊക്കെ  പുതുമുഖമായ വിദ്യുത് ജാംവ്വല്‍ ശരിക്കും ഒരു പരിചയസമ്പന്നനനായ നടനാണ്‌ എന്ന് ആര്‍ക്കും തോന്നും .കാക്ക കാക്കയിലെ നായകന്റെ അത്ര പോരാ ഈ സിനിമയില്‍ നായകന്റെ കഥാപാത്രം എന്ന തോന്നല്‍ മുഴുവനായി മാറിയത് വില്ലന്റെ കഥാപാത്രത്തെയും അത് അവതരിപിച്ച വിദ്യുത് ജാംവ്വലിനെയും കണ്ടപ്പോള്‍ ആണ്
    • രവി കെ ചന്ദ്രന്റെ ക്യാമറ .ആന്റണിയുടെ എഡിറ്റിംഗ് .പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍.
    • ജെനീലിയ .സ്ഥിരം ബബ്ലി വേഷം തന്നെ .പക്ഷെ മായയെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് 
    • ജോണ്‍ അബ്രഹാമിന്റെ ഉഗ്രന്‍ ഫിസിക്ക് ,ഒപ്പം വിദ്യുത്‌ ജാംവ്വലിന്റെയും
    ഇനി സിനിമയില്‍ എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് നിറുത്താം : 
    • കാക്ക കാക്കയില്‍ സൂര്യ ചെയ്ത അതെ സീനുകള്‍ ഈ ചിത്രത്തില്‍ ഉള്ളതില്‍ ഒക്കെ ,താരതമ്യം ചെയ്‌താല്‍ ജോണ്‍ അബ്രഹാം അത്ര പോരാ. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ചിലര്‍  ആസിഡ് ഒഴിക്കും എന്ന് പേടിപ്പിക്കുന്ന സീന്‍ ഉദാഹരണം 
    • പാട്ടുകള്‍ . കാക്ക കാക്കയിലെ പാട്ടുകള്‍ ഒന്നും ഔട്ട്‌ ഓഫ് പ്ലേസ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഫോര്‍സില്‍  പാട്ടുകള്‍ ഇടയ്ക്കിടെ സിനിമയുടെ വേഗത്തിനെ ബാധിക്കുന്നുണ്ട് എന്ന് തോന്നി. ഹാരിസ് ജയരാജിന്റെ മ്യുസിക്കും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .ഉയിരിന്‍ ഉയിരേ എന്ന പാട്ടിന്റെ അതെ ഈണത്തിലുള്ള ഖ്വാബ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്സ് മോശമാണ്,മാത്രമല്ല സിനിമയില്‍ ആ പാട്ട് വരുന്ന സീനും ബോറാണ് 
    ഇങ്ങനെ എനിക്ക് സിനിമയില്‍ ഇഷ്ടപ്പെടാത്ത ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കിലും,മൊത്തത്തില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ഫിലിമാണ്‌ ഫോര്‍സ് .മാത്രമല്ല വിദ്യുത് ജാംവ്വലിനെ ഈ സിനിമ  കാണുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍, നിങ്ങള്‍ ഫോര്‍സ്  കണ്ടിട്ട് അഭിപ്രായം പറയുമല്ലോ, അല്ലെ  ?

    Saturday 1 October 2011

    സ്നേഹവീട് :Snehaveedu

    ഓരോ സിനിമകളും ഇറങ്ങും മുന്‍പേ അവയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ , കഥയുടെ വിവരങ്ങള്‍ , പരസ്യങ്ങള്‍ ഇതൊക്കെ വായിക്കുകയും കാണുകയും ചെയുമ്പോള്‍ ആ സിനിമകളെക്കുറിച്ച് ഒരു പ്രതീക്ഷ ഉണ്ടാകാറുണ്ട് . ചില സിനിമകള്‍ ആക്ഷന്‍ ,ചിലത് സ്ലാപ്പ്സ്റ്റിക്ക് കോമഡി , ചിലത് സെന്‍സിബിള്‍ ഹ്യൂമര്‍ അങ്ങനെ ഉള്ള പ്രതീക്ഷകള്‍ .  ഒരു പാട് സിനിമകള്‍ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് എന്നെ തീര്‍ത്തും നിരാശപ്പെടുത്തിയിട്ടുണ്ട്(സിനിമ കാണാന്‍ കൂട്ടിനു ഞാന്‍ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നവരുടെ ചീത്ത ഫ്രീ ).  അപൂര്‍വ്വമായി എന്റെ  പ്രതീക്ഷകള്‍ തെറ്റിച്ച  ചില സിനിമകള്‍ നല്ല സര്‍പ്രൈസുകള്‍ തന്നിട്ടുണ്ട്.
    സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എനിക്ക് എപ്പോഴും സെന്‍സിബിള്‍ ഹ്യൂമര്‍ ഉള്ള കൊച്ചു കഥകള്‍ പറയുന്ന സിനിമകളാണ് .പക്ഷെ അടുത്ത കാലത്തായി എന്തോ സത്യന്‍ അന്തികാടിന്റെ സിനിമകള്‍ക്ക്‌ ആ ഒരു പഴയ സെന്‍സ് ഈ അടുത്ത കാലത്തായി തോന്നാറില്ല.  രസതന്ത്രം , ഭാഗ്യദേവത , ഈ രണ്ടു സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടു.പക്ഷെ അവയിലും ചില കല്ലുകടികള്‍ തോന്നിയിരുന്നു .ഇന്നത്തെ ചിന്താവിഷയം എനിക്ക് തീരെ ഇഷ്ടപ്പെട്ടതുമില്ല .അവസാനമായി ,പൂര്‍ണ്ണമായും ഇഷ്ടപെട്ട് കണ്ട സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്കും  , മനസ്സിനക്കരെയുമാണ്‌ .  എങ്കിലും സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമകള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ,അവ കാണുവാനുള്ള താത്പര്യം എനിക്ക് ഉണ്ടാകാറുണ്ട് .ഈ സംവിധായകന്റെ ഒരുപാട് പഴയ നല്ല സിനിമകള്‍ തന്നെയാണ് അതിനു കാരണം .
    ആ താത്പര്യത്തോടും ,പ്രതീക്ഷയോടും  കൂടിയാണ് സന്ത്യന്‍ അന്തിക്കാട്‌ ,മോഹന്‍ലാല്‍ എന്നിവരുടെ പുതിയ സിനിമയായ സ്നേഹവീടും കാണാന്‍ പോയത് .പക്ഷെ സിനിമ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല .മാത്രമല്ല നല്ലവണ്ണം ബോറടിപ്പിക്കുകയും  ചെയ്തു.



    സിനിമയുടെ കഥയാണ്‌ ഇനി .സ്പോയിലര്‍ കൊണ്ട് കുഴപ്പമില്ലാത്തവര്‍ മാത്രം അടുത്ത രണ്ടു പാരഗ്രാഫുകള്‍   വായിക്കുക :
    അന്യ സംസ്ഥാനങ്ങളിലും ,ഗള്‍ഫിലും ഒക്കെയായി ഏറെക്കാലം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചത്തിയ  ആളാണ്‌ അജയന്‍ (മോഹന്‍ലാല്‍ ). പാടങ്ങള്‍, തോട്ടങ്ങള്‍ പിന്നെ ചെറിയ ഒരു ഫാക്റ്ററി എന്നിവയൊക്കെ  വാങ്ങി അമ്മ ,അമ്മുക്കുട്ടിയമ്മയോടൊത്ത് (ഷീല ) ശേഷിച്ച കാലം നാട്ടില്‍ തന്നെ കഴിയാനാണ് അജയന്റെ തീരുമാനം . ഉത്സവങ്ങള്‍ കൂടിയും , നാട്ടുക്കരോട് തന്റെ പഴയ പ്രണയങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞും ,കൃഷിയും , ഫാക്റ്ററിയും ഒക്കെ നോക്കി നടത്തിയും ,അമ്മയുമൊത്ത് സന്തോഷത്തോടെ ജീവിച്ചു വരുന്ന അജയന്റെ ജീവിതത്തിലേക്ക് കാര്‍ത്തിക് (രാഹുല്‍ പിള്ള )എന്ന കൌമാരക്കാരന്‍ അജയന്റെ മകനാണ് എന്ന അവകാശവാദവുമായി കടന്ന് വരുന്നു . തെളിവായി കാര്‍ത്തിക് നല്‍കുന്നത് അജയന്റെ പഴയ ഒരു ഫോട്ടോ ആണ് .പിന്നെ കഥ ശരിക്കും സിനിമകണ്ടിരിക്കുന്നവരുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കുന്നത് പോലെയാണ് മുന്നോട്ട് പോകുന്നത് . അമ്മുക്കുട്ടിയമ്മ കാര്‍ത്തിക്കിനെ സ്വന്തം പേരക്കുട്ടിയായി സ്വീകരിക്കുന്നു.സത്യം തെളിയിക്കാനുള്ള അജയന്റെ എല്ലാ ശ്രമങ്ങള്‍ക്കും അവര്‍ തന്നെ തടസ്സവും നില്‍ക്കുന്നു.ഒടുവില്‍ നിവൃത്തിയില്ലാതെ സത്യം അന്വേഷിച്ച് അജയന്‍ ചെന്നൈക്ക് പോകുന്നു (കാര്‍ത്തിക് വളര്‍ന്നത്‌ സേലത്തും,അവന്റെ അമ്മ ചെന്നയിലും ആയിരുന്നു എന്ന് ഇടയ്ക്കിടെ സിനിമയില്‍ പറയുന്നുണ്ട് ). ചെന്നയില്‍ വെച്ചു അജയന്‍ സത്യങ്ങള്‍ അറിയുന്നു.

    സിനിമയിലെ ഒരു എക്സ്ട്രാ നടിയായ ശാന്തിക്ക് (റീജ വേണുഗോപാല്‍ ) ജനിച്ച മകനാണ് കാര്‍ത്തിക്.  അവന്റെ  അച്ഛന്‍ ആരെന്ന് ശാന്തി ആരോടും പറഞ്ഞിട്ടില്ല.  ജോലി ചെയ്ത് യാതൊരു കുറവും കൂടാതെയാണ്  അവനെ ശാന്തി വളര്‍ത്തിയത്.പക്ഷെ ഒരു അപകടത്തില്‍ അവര്‍ മരിക്കുന്നു.അമ്മ മരിച്ച് അനാഥനായ  കാര്‍ത്തിക് ആത്മഹത്യ ചെയ്യാതിരിക്കാന്‍, ശാന്തിയെ ഒരുപാട് സഹായിച്ചിട്ടുള്ള   അജയന്റെ പഴയ ഒരു സുഹൃത്ത് സെയ്ദാലി (മാമുക്കോയ)   ,അജയന്റെ പഴയ ഫോട്ടോ നല്‍കി അയാളാണ് കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നു.അങ്ങനെയാണ് കാര്‍ത്തിക് അജയനെ അന്വേഷിച്ച് എത്തുന്നത് സത്യങ്ങള്‍ അറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന അജയന്‍, അവ ആരോടും പറയാതെ , കാര്‍ത്തിക്കിനെ സ്വന്തം മകനായി സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു

    ഇങ്ങനെ ഒരു കഥ സിനിമയാക്കുമ്പോള്‍ അത് സംവിധാനം ചെയ്യന്ന ആള്‍ക്കോ(കഥയും ,തിരക്കഥയും സംവിധാകന്റെത് തന്നെ ), അതില്‍ അഭിനയിക്കുന്നവര്‍ക്കോ ഏറെ ഒന്നും ചെയ്യാനില്ല എന്ന് അറിയാം .എങ്കിലും ,മോഹന്‍ലാലും ,സത്യന്‍ അന്തിക്കാടും ഒക്കെ ഇങ്ങനെയുള്ള ഒരു സിനിമ തിയറ്ററില്‍ എത്തിക്കുമ്പോള്‍ , അവരുടെ ഒരുപാട് പഴയ നല്ല സിനിമകള്‍ ഇഷ്ടമുള്ള എന്നെ പോലെ ഒരാള്‍ക്ക്‌ സത്യത്തില്‍ സങ്കടമാണ് തോന്നുക. ടി പി ബാലഗോപാലന്‍ എം എ ,സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ ഒക്കെ ഇറങ്ങിയ കാലം വേറെ ആയിരുന്നു. ഇന്ന് അത് പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. പക്ഷെ ഇന്നത്തെ പ്രേക്ഷകര്‍ സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് ,മനസ്സിനക്കരെ തുടങ്ങിയ  സിനിമകളൊക്കെ കണ്ട് ഇഷ്ടപ്പെട്ടവര്‍ അല്ലെ ? അവയും ,അടുത്തിടെ ഇറങ്ങിയ സന്ത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളും ആയിട്ടുള്ള ഏക വത്യാസം എനിക്ക് തോന്നിയത് , എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട സത്യന്‍ അന്തിക്കാട്‌ സിനിമകളുടെ കഥയും ,തിരക്കഥയും എഴുതിയത് ശ്രീനിവാസന്‍ , ലോഹിതദാസ് , രഞ്ജന്‍ പ്രമോദ് തുടങ്ങിയവരാണ്. ഒട്ടും ഇഷ്ടപ്പെടാത്തവയും ,കല്ല്‌ കടി തോന്നിയവയും ഒക്കെ എഴുതിയത് സത്യന്‍ അന്തിക്കാട്‌ തന്നെയും . 
     യാതൊരു സെന്‍സും ഇല്ലാതെ മുന്നോട്ട് പോകുന്ന കഥയും, തിരക്കഥയിലെ ഒരുപാട് പൊരുത്തക്കേടുകളും  തന്നെയാണ് സ്നേഹവീടിന്റെയും പ്രധാന പ്രശ്നമായി എനിക്ക് തോന്നിയത് .

    പതിവ് പോലെ സിനിമ കണ്ടിരുന്നപ്പോള്‍ എനിക്ക് ഇഷ്ട്ടപ്പെടാത്തതും , കല്ലുകടിയായി തോന്നിയതുമായ കാര്യങ്ങളും ഒപ്പം സിനിമയില്‍ ഇഷ്ടപ്പെട്ട അപൂര്‍വ്വം ചില കാര്യങ്ങളും കൂടി പറഞ്ഞു നിറുത്താം .
    ഇഷ്ട്ടപ്പെടാത്തത് : 

    • കഥയില്‍ മുഴുവന്‍ പൊരുത്തക്കേടുകള്‍ ആണ് .പക്ഷെ ഏറ്റവും ബോറായി തോന്നിയത് ഷീലയുടെ അമ്മുക്കുട്ടിയമ്മ എന്ന കഥാപാത്രമാണ് .നാട്ടുകാര്‍ അവിവാഹിതനായ മകനെക്കുറിച്ച് ഇല്ലാത്ത കഥകള്‍ പറയുമെന്ന് പേടിച്ച് വീട്ടില്‍ ചെറുപ്പക്കാരികളായ ജോലിക്കരികളെ നിറുത്താന്‍ പോലും സമ്മതിക്കാത്ത അമ്മുക്കുട്ടിയമ്മ, എവിടെ നിന്നോ വന്ന കാര്‍ത്തിക്കിനെ കണ്ടയുടന്‍ പേരക്കുട്ടിയായി സ്വീകരിക്കുന്നതും,അത് തന്റെ മകന്റെ മകന്‍ തന്നെയാണ് എന്ന മട്ടില്‍ പെരുമാറുന്നതും ഒക്കെ ശരിക്കും ബോറാണ്.ചില സീനുകളില്‍ അമ്മുക്കുട്ടിയമ്മ പെരുമാറുന്നത് കണ്ടാല്‍ അജയന്‍ സത്യം ഒരക്കലും അറിയരുത് എന്ന് അവര്‍ക്ക് എന്തോ വാശിയുള്ളതു പോലെ തോന്നും (ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ ഐ കാര്‍ത്തിക്കിനെ ചോദ്യം ചെയ്യുന്ന സീന്‍, ഡി എന്‍ എ ടെസ്റ്റ് നടത്താനായി അജയന്‍ കാര്‍ത്തിക്കിനെ കൊണ്ട് പോകുന്ന സീന്‍ ഇതൊക്കെ ഉദാഹരണം ) . ഇതിന്റെ കൂടെ ഷീലയുടെ ബോറ് അഭിനയവും . 
    • മാമുക്കോയയുടെ സെയ്ദാലി എന്ന കഥാപാത്രം. അജയന്റെ ഫോട്ടോ വര്‍ഷങ്ങളായി സൂക്ഷിച്ചു വെച്ചിരിക്കുന്നത് സഹിക്കാം.പക്ഷെ കുറെക്കാലമായി യാതൊരു തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതിരുന്ന അജയന്റെ അപ്പോഴത്തെ സാഹചര്യങ്ങള്‍ ഒന്നും അറിയാതെ ,കര്‍ത്തിക്കിനോട് അയാള്‍ അജയനാണ്‌ കാര്‍ത്തിക്കിന്റെ അച്ഛന്‍ എന്ന് പറയുന്നതിന്റെ ലോജിക്ക് എനിക്ക് പിടി കിട്ടിയില്ല .അജയന്റെ വിവാഹം കഴിഞ്ഞോ,അയാള്‍ക്ക്‌ സ്വന്തമായി ഒരു കുടുമ്പം ഉണ്ടോ എന്നൊന്നും അറിയാത്ത ,അല്ലെങ്കില്‍ അതറിയാന്‍ ശ്രമിക്കാത്ത  സെയ്ദാലിക്ക് ഇനി അജയനോട്‌ വല്ല വിരോധവും ഉണ്ടോ ? സിനിമയില്‍ അവര്‍ തമ്മില്‍ വല്യ കൂട്ടാണ് .
    • മോഹന്‍ലാലിന്റെ അജയന്‍ എന്ന കഥാപാത്രം .ഇന്ത്യയിലെ നടന്മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് മോഹന്‍ലാല്‍.അജയനായി മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ എന്തിന് മോഹന്‍ലാല്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നു എന്ന് തോന്നി പോയി. രണ്ട് സീനുകളില്‍ ഒഴികെ (അമ്മുക്കുട്ടിയമ്മയോട് വിവാഹത്തെക്കുറിച്ച് പറയുന്ന സീന്‍ ,കാര്‍ത്തിക്കിനോട്  ഫയിറ്റ് ഒക്കെ അറിയാമോ എന്ന് ചോദിക്കുന്ന സീന്‍ ),ബാക്കി ഒരിടത്തും മോഹന്‍ലാലിനെ ഈ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല 
    • വലിച്ചു നീട്ടി ബോറടിപ്പിക്കുന്ന കഥ 
    • പത്മപ്രിയ, ഇന്നസെന്റ് ,ചെമ്പില്‍ അശോകന്‍ ,ശശി കലിങ്ക (ഈ നടനെ കാണുന്നതെ എനിക്ക് പേടിയാണ് ), കെ പി എസ സി ലളിത തുടങ്ങിയവരുടെ കഥയില്‍ ഒന്നും ചെയ്യാനില്ലാത്ത കുറെ കഥാപാത്രങ്ങള്‍ 
    • ഇടയ്ക്കിടെ കയറി വരുന്ന  കേള്‍ക്കാന്‍ ഒരു സുഖവുമില്ലത്ത പാട്ടുകള്‍ .
    ഇനി ഇഷ്ടപ്പെട്ടവ : 
    • വേണുവിന്റെ ക്യാമറ 
    • ചിരിപ്പിക്കുന്ന ഒന്ന് രണ്ട് സീനുകള്‍ (നേരത്തെ പറഞ്ഞ മോഹന്‍ലാലിന്റെ രണ്ട് സീനുകള്‍,പിന്നെ കാര്‍ത്തിക്കിന് മോഹന്‍ലാലിന്‍റെ ശരീരത്തിനുള്ള അതേ ചെരിവ് കാണിക്കുന്ന സീന്‍ ) 
    • രാഹുല്‍ പിള്ള എന്ന പുതിയ നടന്‍. ചില സീനുകളില്‍ ബോറാണ് എങ്കിലും ചിലതില്‍ തുടക്കക്കാരന്റെ പേടിയൊന്നുമില്ലാതെ അഭിനയിച്ചു എന്നും തോന്നി . (ചിലപ്പോഴൊക്കെ തമിഴിലെ ധനുഷിന്റെ ഫെയിസ് കട്ട്  തോന്നിച്ചു )
    ഏത് സിനിമ ആയാലും , അത് കണ്ടിട്ട് ഫ്രണ്ട്സ്സിനോട്  കഥ പറയുകയും , ആ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടതും ,ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് എന്റെ പതിവാണ് .ഈ സിനിമയുടെ കഥ പക്ഷെ അവരോടൊന്നും ഞാന്‍ പറയാന്‍ പോയില്ല .സിനിമ എന്തായാലും അവരൊക്കെ വളരെ സെലക്ടീവ് ആയെ കാണുകയുള്ളൂ . ചുരുക്കത്തില്‍ സ്നേഹവീട് എന്നെ വല്ലാതെ ബോറടിപ്പിച്ചു എന്ന് മാത്രം പറഞ്ഞു . കഥ കേള്‍ക്കാന്‍ പോലും ആരും താത്പര്യം കാണിച്ചില്ല. ശ്രുതിയോടും , ജാസ്മിനോടും കഥ പറഞ്ഞു .ഇപ്പോള്‍ അവര്‍ പറയുന്നത്  ,സിനിമ കാണാത്ത ഞങ്ങളെ അവള്‍ കഥ പറഞ്ഞു ബോറടിപ്പിച്ചു  എന്നാണ്.