Friday 30 September 2011

പ്രൊഫഷണല്‍ ആയാല്‍ വിലക്കുമോ ?

നടി നടന്മാരുടെ തുറന്നടിച്ചുള്ള പ്രസ്താവനകളും , പെരുമാറ്റങ്ങളും വിവാദങ്ങള്‍ ഉണ്ടാക്കുന്ന പതിവ് കുറച്ചു കാലം മുന്‍പ് വരെ ബോളിവുഡില്‍ ആയിരുന്നു ഏറെ കേട്ടിരുന്നത് . ഫിലിം ഫെയര്‍ , സ്റ്റാര്‍ ഡസ്ററ് തുടങ്ങിയ മഗസീനുകളിലെ ഗോസിപ്പ് കോളങ്ങളില്‍ ഇങ്ങനെ പല വാര്‍ത്തകളും ഞാന്‍ വായിച്ചിട്ടുണ്ട് .പക്ഷേ അടുത്ത കാലത്ത് ,സൌത്ത് ഇന്ത്യന്‍ സിനിമയില്‍ ഇത്തരം വിവാദങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട് എന്ന് തോന്നുന്നു. കൂടെ വിലക്ക് എന്നൊരു ശിക്ഷാ നടപടിയും . നടി നടന്മാര്‍ , മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ പെരുമാറ്റം ശരിയല്ല , അഹങ്കാരം എന്നൊക്കെ പറഞ്ഞ് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന പതിവ് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്  മലയാളം , കന്നഡ എന്നീ സിനിമകളിലാണ് എന്നാണ് എന്റെ ഓര്‍മ്മ . സൌത്ത് ഇന്ത്യയില്‍ ഇന്ന് ഏറ്റവും മോശം  സിനിമകള്‍ ഇറങ്ങുന്നതും ഈ രണ്ടു ഭാഷകളില്‍ തന്നെ എന്നത് യാദൃശ്ചികമാകാം . തമിഴിലും ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങള്‍ കേട്ടിട്ടുണ്ട് .പക്ഷേ അതൊക്കെ എങ്ങനെയൊക്കെയോ പരിഹരിക്കപ്പെട്ടിട്ടുമുണ്ട് എന്ന് തോന്നുന്നു.

മീര ജാസ്മിന്‍, തിലകന്‍ , ശരണ്യാ മോഹന്‍, സംവിധായകന്‍  വിനയന്‍ ,   ഏറ്റവും ഒടുവില്‍ നിത്യാ മേനോന്‍ എന്നിവരെയൊക്കെ ആരൊക്കെയോ സിനിമകളില്‍ നിന്നും വിലക്കി ഓര്‍ഡര്‍കള്‍ ഇറക്കി എന്ന് പലപ്പോഴായി വായിച്ചിട്ടുണ്ട് .ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതായി തെളിയിക്കപ്പെട്ട വ്യക്തി അല്ലാത്ത ഒരാളെ ഒരു ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കും അവകാശമില്ല എന്നാണ് എന്റെ പരിമിതമായ അറിവ് .പിന്നെ അകെ ചെയ്യാവുന്നത് നമുക്ക് ഇഷ്ടമല്ലാത്ത ആളുകളെ നമ്മുടെ സ്വന്തം വീട്ടില്‍ ജോലിക്ക് വെയ്ക്കാതിരിക്കാം. പക്ഷേ നമ്മുടെ അയല്‍ക്കാരും , ബന്ധുക്കളും ഒന്നും നമുക്ക് ഇഷ്ട്ടമല്ലാത്ത   ആളുകളെ അവരുടെ വീടുകളില്‍ ജോലിക്ക് നിറുത്തരുത് എന്ന് പറഞ്ഞാല്‍ , അത് ഈ ഗുണ്ടായിസം എന്നൊക്കെ പറയുന്ന പ്രവര്‍ത്തി ആകില്ലേ ?

ഷൂട്ടിംഗ് സമയത്തോ , ഇടവേളയിലോ മറ്റോ മറ്റൊരു സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റ് ചോദിച്ചു വന്ന നിര്‍മ്മാതാക്കളെ  കാണാന്‍ കൂട്ടാക്കാതെ ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരോട് സംസാരിക്കാന്‍ പറഞ്ഞതിനാണ് നിത്യാ മേനോനെ സിനിമയില്‍ നിന്നും വിലക്കുന്നത് (മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത വായിച്ചുള്ള അറിവാണേ, ഇപ്പോഴെ പറഞ്ഞേക്കാം ). നിര്‍മാതാക്കളെ ബഹുമാനിച്ചില്ല , അപമാനിച്ചു ,മോഹന്‍ലാലും മമ്മൂട്ടിയും വരെ അവരെ ബഹുമാനിക്കും , എന്നൊക്കെയാണ് വിലക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ .ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരോട് സംസാരിക്കാന്‍ പറയുന്നത് അപമാനിക്കലാണോ ? എന്തോ ,എനിക്ക് അങ്ങനെ തോന്നുന്നില്ല. 
പിന്നെ ബഹുമാനം . മമ്മൂട്ടിയും ,മോഹന്‍ലാലും ബഹുമാനിക്കുന്ന ഒരാളെ അല്ലെങ്കില്‍ പലരെ നിത്യാ മേനോനും ബഹുമാനിക്കണം എന്ന് വാശി പിടിക്കുന്നത്‌ ,നേര്‍സറിയില്‍ കുട്ടികള്‍ മിനിക്ക് രണ്ടു മുട്ടായി കിട്ടി, എനിക്കും വേണം രണ്ടു മുട്ടായി എന്ന് വാശി പിടിക്കുന്നത്‌ പോലെ ആണ് എന്ന് തോന്നി . മാത്രമല്ല ഗിവ് റെസ്പെക്ക്റ്റ് ആന്‍ഡ്‌ ടേക്ക് റെസ്പെക്ക്റ്റ് എന്നാണ് എന്റെ വിശ്വാസം . ഡേറ്റിന്റെ കാര്യങ്ങള്‍ മാനേജരുമായി സംസാരിക്കുക  എന്ന നിത്യാ മേനോന്റെ തീരുമാനത്തെ ബഹുമാനിക്കാത്തവര്‍ ,തിരിച്ച് ബഹുമാനത്തിന് അര്‍ഹരാണോ ? അല്ല എന്നാണ് എന്റെ വിശ്വാസം . ഡേറ്റിന്റെ കാര്യം സംസാരിക്കാന്‍ നേരില്‍ കാണാം എന്ന് നേരത്തെ പറഞ്ഞിട്ട് വന്നവരോടാണ്  നിത്യാ മേനോന്‍ മാനേജരെ പോയി കാണാന്‍ പറഞ്ഞത് എങ്കില്‍ അത് തെറ്റ് തന്നെയാണ് .പക്ഷേ അത്തരത്തില്‍ ഒരു വാര്‍ത്തയും ഇതുവരെ ഞാന്‍ കണ്ടില്ല .ആ സ്ഥിതിക്ക് ഈ വിലക്ക്  ശത്യത്തില്‍ ആര്‍ക്കൊക്കെയോ മറ്റുള്ളവരില്‍ നിന്നും ബഹുമാനം പിടിച്ചു വാങ്ങാനും , സ്വന്തം സുപ്പീരിയോരിറ്റി സ്ഥാപിച്ച് എടുക്കാനുമുള്ള ശ്രമമാണ് എന്ന് തോന്നുന്നു. ഞങ്ങള്‍ വല്യ ആളുകളാണ് ,ഞങ്ങളെ അനുസരിച്ചും , ബഹുമാനിച്ചും നിന്നില്ലെങ്കില്‍ അനുഭവിക്കും എന്ന മട്ടിലെ ഭീഷണി .
മാനേജര്‍മാര്‍ കൂടുതല്‍ കമ്മീഷന് വേണ്ടി പ്രതിഫലം കൂട്ടും , അത് കൊണ്ട് അവരെ നിരുത്സാഹപ്പെടുത്താനാണ് നിര്‍മാതാക്കളുടെ തീരുമാനം എന്നും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ വായിച്ചു . ഒരു നടിയുടെ സിനിമയില്‍ അഭിനയിക്കാനുള്ള ഡേറ്റ് മാനേജര്‍  ആണ് തീരുമാനിക്കുന്നത് എങ്കില്‍ , ആ നടിയെ സ്വന്തം സിനിമയില്‍ അഭിനയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു നിര്‍മാതാവിന് ഉണ്ട്. പക്ഷേ ആ നടിക്ക് മാനേജര്‍ വേണ്ട എന്ന് തീരുമാനിക്കാന്‍ ആ നിര്‍മാതാവിന് അവകാശമുണ്ടോ . ഇല്ല എന്ന് തന്നെ ഞാന്‍ പറയും . പല നടിമാരുടെയും ഇന്റര്‍വ്യൂകളില്‍ അവരുടെ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നതും , ഡേറ്റ് തീരുമാനിക്കുന്നതും അച്ഛനമ്മമാരാണ്  എന്ന്  കണ്ടിട്ടുണ്ട് . 
ഡേറ്റ്, കഥ എന്നിവയെക്കുറിച്ച് അച്ഛനോടോ ,അമ്മയോടോ സംസാരിക്കാന്‍ നിത്യാ മേനോന്‍ പറഞ്ഞിരുന്നെങ്കില്‍ , വിലക്ക് എന്ത് പേരില്‍ വരുമായിരുന്നു ? പ്രൊഫഷണല്‍ ആയി കാശ് വാങ്ങി ഒരു ജോലി ചെയ്യുന്ന ആളാകുമല്ലോ ഈ മാനേജര്‍ ? അങ്ങനെ ഉള്ള ഒരാളോട് സമസാരിക്കാന്‍ കൂട്ടാക്കാതെ നടിയെ പറഞ്ഞു പറ്റിച്ച് കുറഞ്ഞ കാശിന് സിനിമയില്‍ അഭിനയിപ്പിക്കണം എന്ന ഉദ്ദേശം നടക്കാതെ പോയതിന്റെ വിരോധമാണോ ഇപ്പോഴത്തെ ഈ വിലക്ക് ? 
  
ഹോളിവുഡില്‍ പ്രശസ്തരായ പല നടി നടന്മാരും ഡേറ്റ് ,കഥ ഈ വക കാര്യങ്ങളൊക്കെ നോക്കാന്‍ പ്രൊഫഷണല്‍ ഏജെന്‍സികളെ ചുമതലപ്പെടുത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഹോളിവുഡ്  കേരളത്തില്‍ അല്ലാത്തത് ഭാഗ്യം .ഇല്ലെങ്കില്‍ നാളെ മനോരമയില്‍ 'ഡേറ്റിനെക്കുറിച്ച് തന്റെ ഏജെന്‍സിയുമായി സംസാരിച്ചാല്‍ മതി എന്ന് പറഞ്ഞ ജൂലിയാ റോബര്‍ട്ട്സ്സിനെ ,പ്രമുഖ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്‍ നാല് വര്‍ഷത്തേക്ക് വിലക്കി' എന്നൊക്കെ വായിക്കേണ്ടി വന്നേനെ ,അല്ലെ ?
വാര്‍ത്തയില്‍ വായിച്ചതു പോലെയാണ് കാര്യങ്ങളുടെ സത്യാവസ്ഥ എങ്കില്‍ , നിത്യാ മേനോന്‍ എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ് .സ്വന്തം അഭിപ്രായം ആരെയും പേടിക്കാതെ പറയുന്ന എന്റെ തലമുറയില്‍ പെട്ട ഒരാള്‍ ആയിട്ട് ഞാന്‍ അവരെ കാണുന്നത് കൊണ്ടാണ് ഈ ബഹുമാനം.
മാത്രമല്ല ,നടി എന്ന നിലയില്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതിനും . നാളെ അവര്‍ ഇനി ഈ പ്രവര്‍ത്തിക്ക് ക്ഷമ ചോദിച്ചാല്‍ , ഇപ്പോള്‍ അവരെ വിലക്കിയവരോടുള്ള അതെ ബഹുമാനമില്ലായ്മ എനിക്ക് നിത്യാ മേനോനോടും ഉണ്ടാകും 

Saturday 10 September 2011

ഡോക്ടര്‍ ലവ് : Doctor Love

ചില സിനിമകളുടെ പരസ്യ വാചകങ്ങള്‍ കാണുമ്പോള്‍ അവ കാണാനുള്ള താത്പര്യം കൂടും . 'ഓര്‍മ്മിക്കാറുണ്ടോ  നിങ്ങളുടെ പ്രണയത്തില്‍ സഹയിച്ച കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ?' എന്നുള്ള ഡോക്ടര്‍ ലവിന്റെ പരസ്യ വാചകം അത്തരത്തില്‍ ഒന്നായിരുന്നു. കോളേജും , പ്രണയവും , കൂട്ടുകാരും ,കൂട്ടുകാരികളും ഒക്കെയുള്ള ഒരു സിനിമ എന്ന പ്രതീക്ഷ ആര്‍ക്കായാലും ഇത്തരം വാചകങ്ങള്‍ കണ്ടാല്‍ തോന്നില്ലേ ? എന്തായാലും എനിക്ക് തോന്നി .ഈ പറഞ്ഞതെല്ലാം ഡോക്ടര്‍ ലവില്‍ ഉണ്ട് . പഠിച്ച ക്യാംപസിന്റെ  ഒരു ഫീല്‍ ഇപ്പോഴും മനസ്സില്‍ നിന്നും മാറാത്തത് കൊണ്ട് ഡോക്ടര്‍ ലവ് ഇഷ്ടപ്പെടും എന്ന് ഏകദേശം ഉറപ്പിച്ചിട്ടാണ് തിയറ്ററിലേക്ക് പോയത് തന്നെ .പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ , എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .തീരെ മോശം സിനിമയാണ് എന്നല്ല .പക്ഷെ ഇനിയും ഒരുപാട്  നല്ലതായിട്ട് ചെയ്യാമായിരുന്ന ഒരു സിനിമ .

മറ്റുള്ളവരെ പ്രണയ കാര്യങ്ങളില്‍ സഹായിക്കുന്ന വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍ ) സത്യശീലന്‍ എന്ന പി ഈ പ്രൊഫസ്സറിനെ (ഇന്നസെന്റ് ) അയാളുടെ പ്രണയത്തില്‍ സഹായിക്കനായിട്ടാണ് എസ ബി കോളേജിലെ ക്യാന്റീനില്‍  സപ്ലയര്‍ ആയിട്ട് എത്തുന്നത് . കോളേജില്‍ ,വിനയചന്ദ്രന്‍ സുധി (ഭഗത് ) എന്ന വിദ്ധ്യാര്‍ത്ഥിയുടെ വണ്‍ വേ പ്രേമത്തില്‍ ഇടപെടുകയും , സുധി പ്രണയിക്കുന്ന പെണ്‍കുട്ടിയെക്കൊണ്ട് (വിദ്യാ ഉണ്ണി )അവനെ ഇഷ്ടമാണ് എന്ന് പറയിക്കുകയും ചെയ്യുന്നു .അതോടെ ക്യാംപസ്സ്  വിനയചന്ദ്രനെ അവിടുത്തെ റൊമാന്‍സ് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍ ലവ് ആയി നിയമിക്കുന്നു .പല പ്രണയങ്ങള്‍ക്കും വിനയചന്ദ്രന്‍ ഇടനിലക്കാരന്‍ ആവുകയും അവ വിജയിപ്പിക്കുകയും ചെയുന്നു.ക്യാംപസ്സില്‍ അയാള്‍ക്ക്‌ ഒരു സുഹൃത്ത് സംഘവും ഉണ്ടാകുന്നു . ആ സംഘത്തിലെ അംഗമായ റോയിയുടെ(ഹേമന്ത് )  രണ്ടു വര്‍ഷങ്ങളായുള്ള വണ്‍ വേ പ്രണയം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം  വിനയചന്ദ്രന്‍ ഏറ്റെടുക്കുന്നു. റോയ് നിശബ്ദമായി പ്രണയിക്കുന്ന എബിന്‍ (ഭാവന ) എന്ന പെണ്‍കുട്ടിയെക്കൊണ്ട് അവനെ ഇഷ്ടമാണ് എന്ന് പറയിക്കാനുള്ള ശ്രമങ്ങള്‍ വിനയചന്ദ്രന്‍ തുടങ്ങുന്നു . എബിന്‍ ആ ശ്രമങ്ങളെക്കുറിച്ച് അറിയുമ്പോള്‍ വിനയചന്ദ്രനെ കുടുക്കാനായി അയാളെ തനിക്ക് ഇഷ്ടമാണ് എന്ന് എല്ലാവരുടെയും മുന്നില്‍  വെച്ച് പറയുന്നു. കോളേജിലെ ഇയര്‍ എന്‍ഡ് ഡേ വരെ തന്നെക്കൊണ്ട് റോയിയെ ഇഷ്ടമാണ് എന്ന് പറയിക്കാന്‍ വിനയചന്ദ്രന് സാധിച്ചില്ലെങ്കില്‍ തന്റെ ഇഷ്ടം വിനയചന്ദ്രന്‍ അംഗീകരിക്കണം എന്ന വ്യവസ്ഥ ഒരു മത്സരം പോലെ എബിന്‍ മുന്നോട്ടു വെയ്ക്കുന്നു .വിനയചന്ദ്രന്‍ അത് സമ്മതിക്കുകയും ചെയ്യുന്നു .ആ ചലഞ്ചിന്റെ പര്യവസാനമാണ്‌ ഡോക്ടര്‍ ലവിന്റെ ക്ലൈമാക്സ്

വില്‍ സ്മിത്ത് അഭിനയിച്ച ഹിച്ച് എന്ന സിനിമയുടെ കഥയുമായി കുറെയൊക്കെ സാമ്യം ഡോക്ടര്‍ ലവിന്റെ കഥയ്ക്ക് ഉണ്ട് .ഹിച്ച് എനിക്ക് ഇഷ്ടമുള്ള സിനിമകളില്‍ ഒന്നാണ് .അത് കൊണ്ട് കൂടിയാവം ഏകദേശം അതുപോലുള്ള ഒരു കഥ മലയാളത്തില്‍ സിനിമയായപ്പോള്‍ കുറേക്കൂടി നല്ലതായി ഈ കഥ പറയാമായിരുന്നു എന്ന് എനിക്ക് തോന്നിയത് . എന്ന് വെച്ച് സിനിമ തീരെ ബോര്‍ ഒന്നുമല്ല കേട്ടോ . മൊത്തത്തിലെ ഒരു സെലിബ്രേഷന്‍ മൂഡും,ഇടയ്ക്കിടെ ഉള്ള ചെറിയ തമാശകളും അങ്ങനെ രസമുള്ള കുറെ കാര്യങ്ങള്‍ ഇതില്‍ ഉണ്ട് .പക്ഷേ അത് പോലെ ഒരുപാട് കല്ലുകടികളും . അതിന്റെ ഉത്തരവാദിത്വം പ്രധാനമായും സംവിധായകനും തിരക്കഥാകൃത്തുമായ  കെ ബിജുവിന് തന്നെയാണ് എന്ന് തോന്നുന്നു .കഥയിലെ പല സംഭവങ്ങളും കാണുമ്പോള്‍ ,ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും ചെയ്യുമോ എന്നൊരു തോന്നല്‍ ഉണ്ടായി . തമാശ സീനിനു വേണ്ടി ന്യൂസ് പേപ്പറിലെ തൂലിക സൌഹൃദം ഉപയോഗിക്കുന്നത് ഒരു ഉദാഹരണമാണ് . ന്യൂസ് പേപ്പര്‍ വായിക്കുന്നവര്‍ ആരെങ്കിലും ഒക്കെ ഇന്നത്തെ ക്യാംപസ്സുകളില്‍ ഉണ്ടെങ്കില്‍ തന്നെ അവരില്‍ അധികവും ഓണ്‍ലൈന്‍ എഡിഷനുകളുടെ ആളുകളാണ് എന്നാണ് എന്റെ അറിവ് . അത് പോലെ തന്നെ ഇന്നത്തെ ക്യാംപസ്സില്‍ സ്കൂട്ടര്‍ ഒക്കെ ഓടിക്കുന്ന ആണുങ്ങള്‍ ഉണ്ടോ ? ചില സീനുകള്‍  ഹിന്ദി ക്യാംപസ്സ്  സിനിമകള്‍ പോലെ തോന്നിക്കുകയും ചെയ്യുന്നുണ്ട് .


അഭിനേതാക്കളില്‍ കുഞ്ചാക്കോ ബോബന്‍ , ഇന്നസെന്റ്‌ , ഹേമന്ത് , മണിക്കുട്ടന്‍ (വിനയചന്ദ്രന്റെ വെങ്കിടി എന്ന  സുഹൃത്ത് )എന്നിവര്‍ അവരവരുടെ ഭാഗങ്ങള്‍ നന്നാക്കി . വിദ്യാ ഉണ്ണി ആദ്യത്തെ സിനിമയില്‍ അഭിനയിക്കുകയാണ് എന്ന് തോന്നില്ല. ഒരു ആത്മവിശ്വാസം ഒക്കെ ഉണ്ടെന്ന് തോന്നുന്ന തരത്തിലെ അഭിനയം .ഭാവന ,അനന്യ (ഒരുപാട് മലയാളം സിനിമകളില്‍ കണ്ടിട്ടുള്ള കുടുംമ്പത്തിന് വേണ്ടി കഷ്ടപ്പെടുന്ന പെണ്‍കുട്ടി ) എന്നിവര്‍ക്ക് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല .ഭാവനയുടെ എബിന്‍ എന്ന കഥാപാത്രത്തിന് കഥയില്‍ ഒരുപാട് പ്രാധാന്യം ഉണ്ടാവുകയും ,ഭാവനയ്ക്ക് സിനിമയില്‍ ഏറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതും കെ ബിജു എബിനെ ടിപ്പിക്കല്‍ സിനിമ സ്മാര്‍ട്ട്‌ ഗേള്‍ എന്ന മട്ടില്‍ ഫ്രെയിം ചെയ്തത് കൊണ്ടാകണം എന്ന് തോന്നുന്നു.അങ്ങനെയുള്ള പല ക്ലീഷേകള്‍ , പഴഞ്ചന്‍ രീതികള്‍ എന്നിവ ഈ സിനിമയില്‍ മുഴുവന്‍ കാണാന്‍ പറ്റുമെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ നല്ല ഘടങ്ങള്‍ കുറെ ഉണ്ടെങ്കിലും , ഡോക്ടര്‍ ലവ് ഒരു നല്ല സിനിമയാണ് എന്ന് പറയാന്‍ പറ്റില്ല 

ഇനി പ്രോസ് ആന്‍ഡ്‌ കോൺസ് തിരിച്ച്, ഡോകടര്‍ ലവില്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളും ,ഇഷ്ടപ്പെടാത്ത കാര്യങ്ങളും കൂടി പറഞ്ഞ് നിറുത്താം .

ഇഷ്ട്ടപ്പെട്ടവ :
  • കുഞ്ചാക്കോ ബോബന്‍ . പണ്ട് മുതലേ എനിക്ക് ആളെ ഭയങ്കര ഇഷ്ടമാണ് . അത് കൊണ്ട് ചെറിയ ഒരു ബയസ് ഉണ്ടാകാം .എങ്കിലും വിനയചന്ദ്രനെ കുഞ്ചാക്കോ ബോബന്‍ നന്നായി തന്നെ അവതരിപ്പിച്ചു എന്ന് തോന്നുന്നു .
  • മണിക്കുട്ടന്‍ ,ഇന്നസെന്റ്‌   എന്നിവരുടെ ചില തമാശകള്‍ .പ്രത്യേകിച്ച് ചില വൺ ലൈനറുകള്‍. 
  •  ഉഗ്രന്‍ ക്യാമറ (ഷാജി ).നല്ല കളര്‍ഫുള്‍ ഫ്രെയിമുകള്‍ കഥയുമായി ഒട്ടും ചേര്‍ച്ചക്കുറവില്ലാതെ തന്നെ സിനിമയില്‍ ഉണ്ട് .പക്ഷെ ഒരു സംശയം ,ഇപ്പൊ നമ്മുടെ നാട്ടില്‍ വെള്ള നിറത്തില്‍ മഞ്ഞു പോലെയാണോ മഴ പെയ്യുന്നത് ? അടുത്തിടെ അങ്ങനെ മഴ കാണുന്ന രണ്ടാമത്തെയോ ,മൂന്നാമത്തെയോ സിനിമയാണ് ഡോക്ടര്‍ ലവ് .
  • നല്ല ഒന്ന് രണ്ട് പാട്ടുകള്‍ . നിന്നോടെനിക്കുള്ള പ്രണയം , ഓര്‍മ്മകള്‍ എന്നിവ എന്റെ ചോയിസുകള്‍ (സംഗീതം :വിനു തോമസ്‌ ,ലിറിക്സ് :വയലാര്‍ ശരത് )
ഇഷ്ട്ടപ്പെടാത്തവ
  • പഴയ കാലത്തെ ക്യാംപസ്  റൊമാന്റിക് സിനിമകള്‍  കണ്ടിട്ട് അത് പോലെ കോപ്പിയടിച്ചതാണോ എന്ന് തോന്നിക്കുന്ന  ചില സീനുകള്‍ .റോയ് തന്റെ പ്രണയം ആദ്യമായി പറയുമ്പോള്‍ എബിന്റെ പ്രതികരണവും അതിന് വിനയചന്ദ്രന്‍  ഇടപെട്ട് കാട്ടിക്കൂട്ടുന്ന മറുപടി എന്ന തരത്തിലെ സീനുകളും ഉദാഹരണം . 
  • അനന്യയുടെ  കഥാപാത്രം .ആദ്യമൊക്കെ ആ കഥാപാത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത മുറചെറുക്കനെ പ്രേമിക്കുന്നു എന്ന മട്ടിലാണ് പെരുമാറുന്നത് .മുറചെറുക്കന്‍ വരുമ്പോള്‍ പറയും വിനയചന്ദ്രനെ ഇഷ്ടമാണ് എന്ന് .
  • മാര്‍ട്ടിന്‍ (രഞ്ജിത്ത് മേനോന്‍ ) എന്ന കഥാപാത്രം .ക്യാംപസില്‍ ഒരു വില്ലന്‍ വേണമല്ലോ എന്നുള്ളത് കൊണ്ട് മാത്രം കുഞ്ചാക്കോ ബോബന്റെ അടി വാങ്ങാനുള്ള ഒരാള്‍ . മാര്‍ട്ടിന്‍ ശരിക്കും കഥയില്‍ എബിന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയുന്നുളളു. പക്ഷെ ഒടുവില്‍ ചുമ്മാ ഒരു അടി അയാള്‍ക്കിരിക്കട്ടെ എന്ന പോലെ 
  • സലിം കുമാര്‍ എന്ന നടന്റെ കഥാപാത്രം  കഥയില്‍ ഒരു ആവശ്യവുമില്ലാത്ത ഒന്നായി തോന്നി. 
ചുരുക്കത്തില്‍ ക്യാംപസ്‌ പ്രണയത്തിന്റെ കഥ പറയുന്ന ഡോക്ടര്‍ ലവ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല .അവിടിവിടെ നമ്മളെ രസിപ്പിക്കുമെങ്കിലും മൊത്തത്തില്‍ വല്യ മധുരമില്ലാത്ത ഐസ്ക്രീം പോലെ .നല്ല ഒരു പ്രണയ ചിത്രമായി തീരാന്‍ ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു സിനിമ  ഇങ്ങനെ ആയതിന് പ്രധാന കാരണം   സംവിധായകന്റെ കെ ബിജു തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു .