Friday 1 July 2011

വയലിന്‍ :Violin

പണ്ട് കാലത്ത് നാട്ടിലൊക്കെയുള്ള ജൂവലറികളില്‍ ഒരു മാലയൊക്കെ വാങ്ങുന്നവര്‍ക്ക് അത് പൊതിഞ്ഞു കൊടുത്തിരുന്നത് നല്ല കടും ചുവപ്പ് നിറത്തില്‍ ഭംഗിയുള്ള  കടലാസുകളില്‍ ആയിരുന്നത്രേ . ഷോപ്പിന്‍റെ പേര്   ആ കടലാസിന് പുറത്ത് സ്വര്‍ണ്ണ നിറത്തിലുണ്ടാകുമായിരുന്നു. ഇത്തരം പേപ്പറുകളില്‍ തരിമണല്‍ പൊതിഞ്ഞ്, പെരുന്നാളിന്‍റെ അന്ന് തിരക്കിനിടെ നിലത്തിട്ട്, ആളുകളെ പറ്റിക്കുന്നത് ഡാഡിയുടെയും  കൂട്ടുകാരുടെയും സ്ഥിരം പരിപാടിയായിരുന്നു എന്ന് ഡാഡി തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും , നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വയലിന്‍ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും ഏതാണ്ട് അങ്ങനത്തെ ഒരു പൊതി നിലത്തു നിന്നും കിട്ടി അത് തുറന്ന് നോക്കി  ഐസായത്   പോലെയാണ് തോന്നിയത. പരസ്യങ്ങള്‍ , ട്രെയ്ലര്‍ എന്നിവയുടെ    ഉഗ്രന്‍ പാക്കേജിംഗ് .പക്ഷേ സ്വര്‍ണ്ണം പ്രതീക്ഷിച്ച് പൊതി അഴിച്ചപ്പോള്‍ ഉള്ളില്‍ വെറും മണ്ണ്.

ഏയ്ഞ്ചല്‍ (നിത്യാ മേനോന്‍ ), എബി (ആസിഫ് അലി )എന്നിവരുടെ പ്രണയ കഥയാണ്‌ വയലിന്‍ പറയുന്നത് .  അമ്മയുടെ രണ്ട് സഹോദരിമാരോടൊപ്പം ഫോര്‍ട്ട്‌ കൊച്ചിയില്‍ താമസിക്കുന്ന ഏയ്ഞ്ചല്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിക്ക് , അവളുടെ കുട്ടിക്കാലത്ത് സംഭവിച്ച ചില ദുരന്തങ്ങള്‍  കാരണം ആണുങ്ങളെ എല്ലാം വെറുപ്പും സംശയവുമാണ്. അവളുടെ ജീവിതത്തിലേക്ക് എബിയുടെ കടന്ന് വരവും , തുടര്‍ന്ന് അവളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്  വയലിന്‍റെ  പ്രധാന കഥ . എബിയുടെ ഭൂതകാലവും  ദുരന്തങ്ങളിലൂടെ കടന്ന് പോയത് തന്നെയാണ്. തുടക്കത്തില്‍ എബിയെ വെറുക്കുന്ന ഏയ്ഞ്ചല്‍ പിന്നീട് സംഗീതത്തിലൂടെ അവനോട് അടുക്കുന്നു. സ്വന്തം ജീവിതങ്ങളില്‍ സംഭവിച്ച ദുരന്തങ്ങള്‍ എല്ലാം മറന്ന്, ഒന്നിച്ചു സന്തോഷപൂര്‍ണ്ണമായ ഒരു ജീവിതം അവര്‍ സ്വപ്നം കാണുന്നു. പക്ഷേ അവസാനിക്കാത്ത ദുരന്തങ്ങള്‍ വീണ്ടും അവരെ വേട്ടയാടുന്നു. 

ആണിനെ വെറുക്കുന്ന നായികയും, നന്മയും , സാമര്‍ത്ഥ്യം  കൊണ്ട് അവളുടെ മനസ്സ് മാറ്റുന്ന നായകനും,  കിലുക്കം സിനിമയില്‍ തിലകന്‍ പറയുന്നത് പോലെ  തിലകനെക്കാള്‍ പ്രായമുള്ള കഥയാണ്‌ എന്ന് തോന്നുന്നു. അതിന്‍റെ കൂടെ, സ്ഥിരം വില്ലനും , ടീവി സീരിയല്‍ മോഡല്‍ കണ്ണീര്‍ ട്വിസ്റ്റുകളും കൂടി ചേരുമ്പോള്‍ പലയിടത്തും വയലിന്‍ ശരിക്കും അസഹനീയമാകുന്നു. കണ്ണീര്‍ കഥയാണോ , സംഗീത പ്രാധാന്യമുള്ള പ്രണയ കഥയാണോ , അതോ ആക്ഷന്‍ ത്രില്ലറാണോ സിബി മലയില്‍ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയും. കണ്ണീര്‍ കഥയ്ക്ക് പിന്നാലെ പോകാതെ മനോഹരമായ ഒരു പ്രണയ  കഥയായി പറയാമായിരുന്ന തീം ആണ് വയലിന്‍ എന്ന സിനിമയുടെത്. പുതുമയുള്ള അവതരണത്തിലൂടെ , എത്ര പറഞ്ഞ് പഴകിയ കഥയും രസമുള്ളതാക്കാം എന്ന് തെളിയിക്കുന്ന പല സിനിമകളും കണ്ടിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. നമുക്ക് ആശിക്കാനല്ലേ പറ്റു ?

വയലിന്‍ ഒരു മോശം സിനിമയായതിനുള്ള പ്രധാന ഉത്തരവാദികള്‍ സംവിധായകന്‍ സിബി മലയിലും , കഥ, തിരക്കഥാ, സംഭാഷണം എന്നിവ കൈകാര്യം ചെയ്ത വിജു രാമചന്ദ്രനുമാണ്. ഇഴഞ്ഞ്  നീങ്ങുന്ന കഥ, അതിന് തന്നെ  യാതൊരു ലക്ഷ്യ ബോധവും ഇല്ലാത്ത പോക്കും . നാടകം പോലെ തോന്നിപ്പിക്കുന്ന സംവിധാനവും കൂടിയായപ്പോള്‍ കാണാന്‍ കാശ് മുടക്കി ടിക്കറ്റ് എടുത്ത എനിക്ക് തൃപ്തിയായി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ . നായികയും , നായകനും തമ്മിലുള്ള ഉടക്കും, പിന്നെ പ്രണയത്തില്‍ ആകുന്ന സാഹചര്യങ്ങളും ഒക്കെ കണ്ടിരിക്കുന്ന നമ്മള്‍ അയ്യോ മതിയേ എന്ന് പറയുന്നത് വരെ വലിച്ചു നീട്ടുന്ന അനുഭവമാണ്  വയലിന്‍ തരുന്നത്. കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വന്ന് എന്തൊക്കെയോ ചെയ്യുന്നു , പോകുന്നു. അവരുടെ പ്രവര്‍ത്തികള്‍ക്ക് പ്രധാന കഥയുമായി ബന്ധമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് , പക്ഷേ പല സംഭവങ്ങള്‍ കൂട്ടിക്കുഴച്ച് ഒന്നിനും പൂര്‍ണ്ണത ഇല്ലാതെ അവസാനിക്കുന്ന കഥ കാണികളില്‍ വിരസത മാത്രം അവശേഷിപ്പിക്കുന്നു .

അവതരണത്തിലെ വിരസതക്കൊപ്പം തന്നെ കണ്ടിരിക്കുന്ന നമ്മളെ കൊല്ലുന്ന മറ്റൊരു ഘടകം അഭിനേതാക്കളാണ് . ആസിഫ് അലി ചില്ലറ കോമഡികള്‍ കാണിക്കാന്‍ ശ്രമിക്കുന്നു , പരാജയപ്പെടുന്നു. പിന്നെ സെന്റിമെന്റ്സ്  ശ്രമിക്കുന്നു , നമ്മുടെ ക്ഷമയുടെ പരിധി പരീക്ഷിക്കുന്നു. നിത്യാ മേനോനും ഒട്ടും പിന്നിലല്ല. കോമഡി ഇല്ല എന്ന് മാത്രം. പക്ഷേ അഭിനയിച്ച് ആളെ  ബോറടിപ്പിക്കുന്നതില്‍ അസിഫ് അലിയോട് തോളോട് തോള് ചേര്‍ന്നുള്ള പ്രകടനമാണ് നിത്യയുടെതും. സിനിമയിലെ ഏറ്റവും യുക്തി ഭദ്രത കുറഞ്ഞ കഥാപാത്രം നല്‍കി   സിബി മലയിലും , വിജു രാമചന്ദ്രനും  അവരെക്കൊണ്ടാകുന്ന വിധം അക്കാര്യത്തില്‍ നിത്യയെ സഹായിക്കുന്നുണ്ട്. മറ്റു അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ സമയം സ്ക്രീനില്‍ വരുന്നത്  , ലക്ഷ്മി രാമകൃഷ്ണന്‍(ഏയ്ഞ്ചലിന്‍റെ ആന്‍റിമാരില്‍  ആദ്യത്തെയാള്‍ , ആനി), റീന ബഷീര്‍ (ഏയ്ഞ്ചലിന്‍റെ  രണ്ടാമത്തെ ആന്‍റി  മേഴ്സി  ) , ശ്രീജിത്ത്‌ രവി (ഹെന്‍ട്രി എന്ന വില്ലന്‍ ), ചെമ്പില്‍ അശോകന്‍ (എഡ്ഡി ) വിജയ രാഘവന്‍ (സൈമണ്‍ ) നെടുമുടി വേണു (ഡോ: സാമുവല്‍ ), വിജയ്‌ മേനോന്‍ (എബിയുടെ പപ്പ ആന്റണി ), ജനാര്‍ദ്ദനന്‍ (ഫാദര്‍ പൌലോസ് ) എന്നിവരാണ്.  ഇവര്‍ക്കാര്‍ക്കും തന്നെ  സിനിമയില്‍ ഒന്നും തന്നെ ചെയ്യാനില്ല. അഭിനേതാക്കളില്‍ അവരവരുടെ ഭാഗം നന്നാക്കി എന്ന് എനിക്ക് തോന്നിയത് അഭിലാഷും (എബിയുടെ സുഹൃത്ത് ജോസ് ) അനില്‍ മുരളിയുമാണ്‌ (എസ് ഐ). പക്ഷേ അധികം സ്ക്രീന്‍ ടൈം ഇല്ലാത്ത രണ്ട് അഭിനേതാക്കള്‍ നന്നായത് കൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ.

നല്ലത് എന്ന് പറയാന്‍ ഈ സിനിമയില്‍ വളരെ കുറച്ച് ഘടങ്ങള്‍ മാത്രമേ ഉള്ളു. അവയില്‍ ഒന്ന് സംഗീതമാണ്. വയലിന്‍ ട്രാക്കുകള്‍  എല്ലാം കേള്‍ക്കാന്‍ സുഖമുള്ളവയാണ്. പിന്നെ ഹിമകണം എന്ന ഗാനവും . ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ‍‍(സംഗീതം:ബിജിബാല്‍ / ആനന്ദ് രാജ് ആനന്ദ് രചന: റഫീക്ക് അഹമദ്/   , സന്തോഷ്‌ വര്‍മ്മ )  എല്ലാം കേട്ട് മറക്കാവുന്നവയാണ്. മനോജ്‌ പിള്ളയുടെ ക്യാമറ ചിത്രത്തിന് ദൃശ്യഭംഗി പകരുന്നുണ്ട്.പക്ഷേ ചില സീനുകളില്‍ (ഗാന രംഗങ്ങളില്‍ പ്രത്യേകിച്ചും ) അനാവശ്യമായി കടുത്ത ചായങ്ങള്‍ നിറയ്ക്കുന്നത് പോലെ തോന്നി. നല്ല ഘടങ്ങള്‍ക്കിടയില്‍ പോലും അനാവശ്യമായ തിരുകി കയറ്റലുകള്‍ വരുന്നു എന്നതാണ് വയലിന്‍ എന്ന സിനിമയിലെ മറ്റൊരു സങ്കടകരമായ വസ്തുത.

ചുരുക്കി പറഞ്ഞാല്‍ തിയറ്ററില്‍ എത്തുന്നത് വരെ ഒരു പാട് പ്രതീക്ഷകള്‍ തന്ന്, ഒടുക്കം എല്ലാം നശിപ്പിച്ച ഒരു ബോറ് പടം .അതാണ്‌ വയലിന്‍ ഏറെയൊന്നും വലിച്ച് നീട്ടാതെ , എബി ,  എന്നിവരുടെ ബന്ധത്തിലും , അതിന്‍റെ വികാസത്തിലും ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്ന ഒരു ചിത്രം മലയാളം സീരിയലുകളെക്കാള്‍ കഷ്ടമാക്കിയത്  സിബി മലയില്‍ എന്ന സംവിധായകന്‍റെ പരാജയമാണ് എന്ന് എനിക്ക് തോന്നുന്നു.

PS: ശ്രീപത്മനാഭാ തിയറ്ററില്‍ ഈ സിനിമ കാണുമ്പോള്‍  പോസിറ്റീവായ  ഒരു സംഭവം. ചുമ്മാ കിടന്നു ബഹളം ഉണ്ടാക്കിയ കുറെയാളുകളെ തിയറ്ററുകാര്‍ ഇടപെട്ട് മര്യാദക്കാരാക്കി ഇരുത്തി. ഇത്തരം ശല്യങ്ങള്‍ വല്ലാതെ കൂടുന്ന ഇക്കാലത്ത്‍, തിയറ്ററുകാരുടെ ഈ നടപടി തികച്ചും സ്വാഗതാര്‍ഹാമാണ് .പേര്‍സണല്‍ ആയിട്ട് എന്‍റെ വക  ശ്രീപത്മനാഭാ തിയറ്ററുകാര്‍ക്ക് ഒരു കയ്യടി (തിയറ്ററില്‍ വെച്ച് ഞാന്‍ കയ്യടിച്ചിരുന്നേല്‍....ബാക്കി പറയണ്ടല്ലോ, അല്ലെ ? )

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. അപ്പോള്‍ വയലിന്‍ അപശ്രുതിയായി അല്ലേ ? അപൂര്‍വ്വരാഗം പ്രതീക്ഷകള്‍ തന്ന ഒരു സിനിമയായിരുന്നു .സിബി പുതിയ തലമുറയുമായി പൊരുത്തപ്പെട്ടു തുടങ്ങി എന്ന് വെറുതെ തെറ്റിദ്ധരിച്ചു.പിന്നെ നിത്യാ മേനോനെ അധികം വിമര്‍ശിക്കണ്ട. ഉറുമിക്ക് ശേഷം ഫാന്‍സ്‌ ഒരുപാടുള്ള കക്ഷിയാണ് :)

    ReplyDelete
  3. ലോഹിതദാസിന്റെ തിരക്കഥയുടെ ബലത്തിൽ മാത്രം ചില നല്ല സിനിമകളുടെ ക്രഡിറ്റ് കിട്ടിയ ആളാണന്ന് സിബി മലയിൽ വീണ്ടും തെളിയിച്ചു, അല്ലേ.. നല്ല റിവ്യൂ. ആശംസകൾ..

    ReplyDelete
  4. വയലിന്‍ എന്ന പേരു കേട്ടപ്പോള്‍ കുറേ പ്രതീക്ഷിച്ചു :(

    ReplyDelete
  5. ഇത് പ്രിയ എപ്പോഴാണ്‌ എഴുതിയിട്ടത്? 13.08 എന്നത് അമേരിക്കന്‍ സമയമാണോ? അങ്ങിനെയെങ്കില്‍ ഇവിടെ അര്‍ദ്ധരാത്രിക്ക് ഇരുന്ന് എഴുതിയിട്ടതാവണമല്ലോ! സമ്മതിച്ചിരിക്കുന്നു... :)

    ഏത് ഷോയ്ക്കായിരുന്നു പത്മനാഭയില്‍? ഫസ്റ്റ് ഷോക്ക് അത്തരം പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടില്ല. തിയേറ്റര്‍ പുതുക്കിയിട്ട് നല്ല രസമായിട്ടില്ലേ? ചാര്‍ജ്ജ് കൂട്ടിയിട്ടുമില്ല. ഞാനതിനാണ്‌ കൈയ്യടി കൊടുത്തത്. :)

    ReplyDelete
  6. സിബി മലയില്‍ ലോഹിതദാസ്‌ സം വിധാനം തുടങ്ങിയതോടെ തെണ്ടിപ്പോയ ഒരു മനുഷ്യന്‍ ആണു, ലോഹിത ദാസും തെണ്ടി ലോഹി ചെയ്തു കുളമാക്കിയ പടങ്ങള്‍ സിബി ചെയ്തിരുന്നെങ്കില്‍ എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌ ഓരോരുത്തര്‍ക്ക്‌ ഓരോന്നു പറഞ്ഞിട്ടുണ്ട്‌

    പത്മനാഭ തിയേറ്റര്‍ കൂടുതല്‍ സീറ്റും എപ്പോഴും തല മറയുന്നതാണു അതിനാല്‍ അവിടെ ഫ്ര്‍ണ്ട്‌ റോ എങ്ങാനും കിട്ടിയാലെ കാണാന്‍ പറ്റു, പുതുക്കി എന്തായൊ എന്തോ ? ആസിഫ്‌ അലിയുടെ പടം കൂവാന്‍ മറ്റു ഫാന്‍സ്‌ നോക്കിയതാണൊ എന്തോ

    പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌ ഇവനെ ഒക്കെ ചൂരല്‍ വച്ചു നിരത്തി കുറെ അടി അടിച്ചിരുന്നെങ്കില്‍ എന്നു, പിറകിലെ റോയില്‍ പെണ്ണുങ്ങള്‍ കൂടി ആണെങ്കില്‍ ഈ തെണ്ടികള്‍ക്കു ഇളക്കം കൂടും , തിരുവനന്തപുരം തലസ്ഥാനമാണു വിദ്യാ സമ്പന്നരായ ആള്‍ക്കാരാണു പക്ഷെ തിയേറ്ററില്‍ ലൈറ്റ്‌ അണയുമ്പോള്‍ അവണ്റ്റെ ഒക്കെ ഫ്രസ്റ്റ്റേഷന്‍ പുറത്തു വരും

    അപൂറ്‍വ രാഗം ടൈറ്റില്‍ മുതല്‍ ഒരു പുതുമ ഉണ്ടായിരുന്നു നല്ല സ്ക്രീന്‍ പ്ളേ കിട്ടിയാല്‍ സിബി ഇരട്ടി പെറ്‍ഫക്ഷന്‍ ആക്കും അതിപ്പോള്‍ ഇല്ല എന്തു ചെയ്യാന്‍

    ദെല്ലി ബെല്ലി അവിടെ ഇല്ലേ ഷിറ്റ്‌ ജോക്സ്‌ ഡറ്‍ട്ടി ഡയലോഗ്സ്‌ ആണെങ്കിലും പടം നല്ല രസം ആണു ഒറ്റക്കേ പോകാവു കേട്ടോ രത്നക്കല്ലു പൊതി മാറി അമേധ്യം പൊതി ആകുന്നതാണു നാടോടിക്കാറ്റിലെ പോലെ കഥാതന്തു

    ReplyDelete
  7. Asif Ali is one among the new faces who is somewhat promising. But you are right , he disappointed in the movie.And again another accurate observation was about this being a movie spoiled by the director

    ReplyDelete
  8. ചുമ്മാ കിടന്നു ബഹളം ഉണ്ടാക്കിയ കുറെയാളുകളെ തിയറ്ററുകാര്‍ ഇടപെട്ട് മര്യാദക്കാരാക്കി ഇരുത്തി. ഇത്തരം ശല്യങ്ങള്‍ വല്ലാതെ കൂടുന്ന ഇക്കാലത്ത്‍, തിയറ്ററുകാരുടെ ഈ നടപടി തികച്ചും സ്വാഗതാര്‍ഹാമാണ് -- Ellaa theatre kaarum ingine thudangiyirunnengil nannaayirunnu. But even the people need to change. Watching '180' in a multiplex, the seemed to be Call centre executives, sitting behind me, were talking about some office problems so loud, it was so difficult to watch the movie. I sincerely hope, we will start Jamming mobiles inside the theatre and ask people to be silent inside the cinema.

    ReplyDelete
  9. എന്തായാലും പൈസ പോയല്ലേ .ദയവു ചെയ്തു 3 kings കാണാല്ലേ.കണ്ടു കഴിന്നവന്റെ ഒരു അപേക്ഷയാണെന്ന്
    കൂട്ടിക്കോളൂ .അത്രയ്ക്ക് കൂതറ പടമാണ്‌.

    ReplyDelete
  10. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി .

    ഷാരോണ്‍ : വയലിന്‍ അപശ്രുതി തന്നെയാണ്. നിത്യാ മേനോന് അത്രക്കൊക്കെ ഫാന്‍സ്‌ ഉണ്ടോ ?

    സിജോ : നന്ദി

    ശ്രീ : ഞാനും ഏറെ പ്രതീക്ഷകളോടെയാണ് വയലിന്‍ കാണാന്‍ പോയത്

    ഹരീ : വര്‍ക്കിംഗ് ഡേകളില്‍ ആരുടെയെങ്കിലും കയ്യില്‍ കാശ് കൊടുത്ത് വിട്ടാണ് ടിക്കറ്റ് സംഘടിപ്പിക്കുന്നത് .അത് കൊണ്ട് തന്നെ ടിക്കറ്റ് ചാര്‍ജ് ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഇന്നലെ ട്രാന്‍സ്ഫോര്‍മേര്‍സ് കാണാന്‍ അതുല്യയില്‍ പോയപ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചു.തീരെ വൃത്തിയില്ലാത്ത തിയറ്റര്‍ , ത്രീഡി സ്ക്രീനില്‍ ഡിവൈഡുകള്‍ വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നു . എന്നിട്ടും വാങ്ങിയത് എഴുപത്തിയഞ്ച് രൂപ (സാധാരണ സിനിമക്ക് ടിക്കറ്റിന് അന്‍പതും ). ശ്രീപത്മനാഭക്കാര്‍ക്ക് വീണ്ടും ഒരു കയ്യടി കൂടി . വയലിന്‍ ഞാന്‍ കണ്ടത് വെള്ളിയാഴ്ച്ച ആദ്യത്തെ ഷോയാണ് .പിന്നെ എഴുത്ത് രാത്രിയാണ് സാധാരണ പതിവ്. മമ്മി വിചാരിക്കുന്നത് ഞാന്‍ എന്തോ ഭയങ്കര ജോലി തീര്‍ക്കാനുള്ള വെപ്രാളത്തിലാണ് കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞ്‌ ഇരിക്കുന്നത് എന്നാണ് :)

    സുശീല്‍ : ഡല്‍ഹി ബെല്ലി കാണാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല .

    Shiva :Yes, Asif Ali is among the few promising new faces

    Rajesh :Talking in movies , mobiles and hooliganism are most irritating for me too.

    നകുലന്‍ : പൈസ പോയി .സമയവും . ത്രീ കിംഗ്സ് കണ്ടില്ല . അത്രയ്ക്ക് ബോറാണോ ?

    ReplyDelete
  11. പലര്‍ക്കും പല അഭിപ്രായമാണല്ലോ.എനിക്ക് നല്ല ബോറായി തോന്നി .പക്ഷെ എന്റെ പിറകെ ഇരുന്ന ആള്‍ കൈകൊട്ടി
    ചിരിക്കുന്നത് കേട്ട് .തിയേറ്ററില്‍ ഞാന്‍ നല്ലത് പോലെ ചിരിച്ചത് അത് കേട്ടാണ് .

    ReplyDelete
  12. റിവ്യൂ വായിച്ചു. വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ്.

    ഇങ്ങനെ ഒരു പ്രയോഗം റിവ്യൂവില്‍ കണ്ടപ്പോള്‍ തോന്നിയതാണ്.

    "കണ്ണീര്‍ കഥയാണോ , സംഗീത പ്രാധാന്യമുള്ള പ്രണയ കഥയാണോ , അതോ ആക്ഷന്‍ ത്രില്ലറാണോ സിബി മലയില്‍ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയും..."

    ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏതെങ്കിലും സംവിധായകന്, ഒരു സിനിമ ചെയ്യാന്‍ പാടില്ല എന്നുടൊ? :)

    റിവ്യൂനെല്ലാം ഒരു variety ഉണ്ടായിരുന്നു ആദ്യമൊക്കെ. ബട്ട് ഈ അടുത്തിടെയായി മറ്റു ചില ബ്ലോഗിലെ സ്റ്റൈലുമായി സാമ്യം തോന്നുന്നു. ദയവായി നിങ്ങളുടെ രീതിയില്‍ തന്നെ ക്രിയേറ്റീവ് ആവുക.അല്ലെങ്കില്‍ പിന്നെ മോഷണത്തിനു നമുക്കു സിനിമക്കാരെ കുറ്റം പറയാന്‍ പറ്റാതെ ആവില്ലെ. അഭിപ്രായം നല്ല രീതിയില്‍ എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. :)

    ReplyDelete
  13. I am not a fan of Sibi anymore but will watch it for Nithya Menon!!!

    ReplyDelete