Monday, 4 July 2011

ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ :Transformers: Dark of the Moon

വാഹനങ്ങളായി രൂപം മാറാന്‍ കഴിവുള്ള അന്യഗ്രഹ ജീവികളായ യന്ത്രമനുഷ്യര്‍ .അതിശക്തമായ ആയുധങ്ങള്‍ സ്വന്തം ശരീര  ഭാഗങ്ങളായി തന്നെ കൊണ്ട് നടക്കുന്നവര്‍.അവരില്‍ ഒരു കൂട്ടര്‍ മനുഷ്യരുടെ മിത്രങ്ങള്‍.ശത്രുക്കളായി മറ്റൊരു കൂട്ടര്‍. ട്രാന്‍സ്ഫോര്‍മേര്‍സ്  എന്ന സിനിമാ ശ്രിംഖല കണ്ടിട്ടുള്ളവര്‍ക്ക് ഞാന്‍ ഈ പറഞ്ഞത് മനസിലാവും.കണ്ടിട്ടില്ലാത്തവര്‍ എനിക്ക് വട്ടാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ ഞാന്‍ അവരെ കുറ്റമൊന്നും പറയില്ല.പക്ഷേ അവരുടെ സൌകര്യത്തിനു വേണ്ടി  ഒരു അല്‍പ്പം പഴയ കഥ പങ്ക് വെയ്ക്കാം.ഒപ്പം ,ട്രാന്‍സ്ഫോര്‍മേര്‍സ് ശ്രിംഖലയിലെ  മൂന്നാമത്തെ ചിത്രമായ  ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണിന്റെ വിശേഷങ്ങളും.

സൈബര്‍ട്രോണ്‍ എന്ന ഗൃഹത്തിലെ അന്തേവാസികളായ ഓട്ടോബോട്ടുകള്‍, ഡിസെപ്റ്റിക്കോണുകള്‍  എന്നീ രണ്ടു വിഭാഗം യന്ത്രമനുഷ്യര്‍ തമ്മിലുള്ള യുദ്ധം  സൈബര്‍ട്രോണ്‍ നശിപ്പിക്കുന്നതും , രക്ഷപെട്ട്  ഭൂമിയിലേക്ക്   എത്തുന്ന ഓട്ടോബോട്ടുകളും ഡിസെപ്റ്റിക്കോണുകളും തമ്മിലുള്ള യുദ്ധം ഭൂമിയിലും തുടര്‍ന്നതും,മനുഷ്യരും ആ യുദ്ധത്തില്‍ പങ്കാളികള്‍ ആകുന്നതുമാണ്  ട്രാന്‍സ്ഫോര്‍മേര്‍സ് ചലച്ചിത്ര ശ്രിംഖലയുടെ (കാര്‍ട്ടൂണുകളുടെയും) പ്രമേയം. ഈ ശ്രിംഖലയിലെ മൂന്നാമത്തെ ചിത്രമായ ട്രാന്‍സ്ഫോര്‍മേര്‍സ് : ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ ആ യുദ്ധത്തിന്റെ തുടര്‍ച്ചയുടെ കഥ പറയുന്നു. മനുഷ്യര്‍ക്കിടയില്‍ പല വാഹനങ്ങളുടെ രൂപത്തില്‍ (ഫെറാറി, ഷെവര്‍ലെ കാറുകള്‍ മുതല്‍ കൂറ്റന്‍ ട്രക്കുകള്‍ വരെയായി ) കഴിയുകയും ,ആവശ്യമുള്ളപ്പോള്‍ ഭീമാകാരമായ റോബോട്ടുകലായി മാറുകയും ചെയാനുള്ള കഴിവുകള്‍  ഓട്ടോബോട്ടുകള്‍ക്കും ,ഡിസെപ്റ്റിക്കോണുകള്‍ക്കും ഒരുപോലെ സ്വന്തമാണ് .ഈ ശ്രിംഖലയിലെ പ്രധാന കഥാപാത്രങ്ങളായ ഓട്ടോബോട്ടുകളുടെ നേതാവ് ഓപ്പ്റ്റിമസ്  പ്രൈമും, ഡിസെപ്റ്റിക്കോണുകളുടെ നേതാവ് മെഗാട്രോണും, ഓട്ടോബോട്ടുകളുടെ ഭൂമിയിലെ സുഹൃത്തായ സാം വിറ്റ്വിക്കിയും  ,സാമിന്റെ ഉറ്റ സുഹൃത്തായ ഓട്ടോബോട്ട്  ബംബിള്‍ബീയും  ഡാര്‍ക്ക് ഓഫ് ദി മൂണിലും ഉണ്ട് . ഒപ്പം പഴയതും,പുതിയതുമായ ധാരാളം കഥാപാത്രങ്ങളും (മനുഷ്യരും,യന്ത്രമനുഷ്യരും).


ഡാര്‍ക്ക് ഓഫ് ദി മൂണ്‍ തുടങ്ങുന്നത് , യുദ്ധത്തില്‍ നശിക്കാറായ സൈബര്‍ട്രോണില്‍ നിന്നും ഓട്ടോബോട്ടുകളുടെ ഉന്നത നേതാക്കളില്‍ ഒരാളായ സെന്റിനല്‍ പ്രൈമിന്റെ നേതൃത്വത്തില്‍ ആര്‍ക്ക് എന്ന് പേരുള്ള  ബഹിരാകാശ പേടകം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതോടെയാണ് . പക്ഷെ ശത്രുക്കളുടെ ആക്രമണത്തില്‍ ആര്‍ക്ക് തകരുകയും, ചന്ദ്രനില്‍ വന്ന് പതിക്കുകയും ചെയ്യുന്നു . ആയിരത്തി തൊള്ളായിരത്തി അറുപ്പത്തിയൊന്നില്‍  ചന്ദ്രനില്‍ ആര്‍ക്കിന്‍റെ സാന്നിധ്യം നാസ മനസിലാക്കുന്നു  . റഷ്യക്കാര്‍ക്ക് മുന്‍പേ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഉത്തരവ് പ്രകാരം നാസ ശ്രമങ്ങള്‍ തുടങ്ങുന്നു . അറുപത്തി ഒന്‍പതില്‍ നീല്‍ ആംസ്ട്രോങ്ങിന്‍റെ  നേതൃത്ത്വത്തിലുള്ള  അമേരിക്കന്‍ സംഘം ആര്‍ക്ക് കണ്ടെത്തുന്നു . പക്ഷെ ചന്ദ്രനിലെ അന്തരീക്ഷത്തില്‍ കഴിയുവാനുള്ള പ്രാണവായു അധികമില്ലത്തതിനാല്‍ ,അവര്‍ക്ക് ആര്‍ക്കിനെ കുറിച്ച് ഏറെയൊന്നും മനസിലാക്കുവാന്‍ സാധിക്കുന്നില്ല. അറുപത്തി ഒന്‍പതിന് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യ സഞ്ചാരങ്ങള്‍ ,എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കുന്നു .താമസിയാതെ  ആര്‍ക്ക് വിസ്മരിക്കപ്പെടുന്നു .

വര്‍ത്തമാന കാലത്ത് , ട്രാന്‍സ്ഫോര്‍മേര്‍സ് ഒന്നും , രണ്ടും സിനിമകളിലെ സംഭവങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ ഗവണ്മെന്റുമായി സഹകരിച്ച് പല അന്ത്രാരാഷ്ട്ര പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുകയാണ്  ഒപ്റ്റിമസ് പ്രൈമും കൂട്ടരും. അത്തരം ഒരു ഓപ്പറേഷനായിട്ട്    ഉക്ക്രെയ്നില്‍ ആണവ റിയാക്റ്റര്‍ തകര്‍ന്ന  ചെര്‍ണോബില്‍   എന്ന സ്ഥലത്ത് എത്തുന്ന ഒപ്റ്റിമസ്, ആണവ റിയാക്റ്റര്‍ പ്ലാന്‍റില്‍ നിന്നും ആര്‍ക്കിന്‍റെ ഒരു യന്ത്ര ഭാഗം കണ്ടെടുക്കുന്നു .ഒപ്പം അവിടെ ഷോക്ക് വേവ് എന്ന ഡിസെപ്റ്റിക്കോണിന്റെ സാന്നിധ്യവും അറിയുന്നു.ഷോക്ക് വേവ് ഒപ്റ്റിമസ്സില്‍ നിന്ന് രക്ഷപ്പെടുന്നു .തുടര്‍ന്ന് ഒപ്റ്റിമസ്സിന്റെ ആവശ്യപ്രകാരം അമേരിക്കന്‍ ഗവണ്മെന്റ് ആയിരത്തിത്തൊള്ളായിരത്തി  അറുപത്തിയൊന്‍പതില്‍ ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് നീല ആംസ്ട്രോങ്ങും സംഘവും ആര്‍ക്ക് കണ്ടെത്തിയ വിവരം വെളിപ്പെടുത്തുന്നു . സൈബര്‍ട്രോണിലെ യുദ്ധം  ജയിക്കാന്‍ ഓട്ടോബോട്ടുകളെ പ്രാപ്തരാക്കുന്ന സാങ്കേതിക വിദ്യയും വഹിച്ചാണ് ആര്‍ക്ക് എന്ന ആ പേടകത്തില്‍ സെന്റിനല്‍ പ്രൈം യാത്ര തരിച്ചത് എന്ന് അറിയാവുന്ന ഒപ്റ്റിമസ് , ഡിസെപ്റ്റിക്കോണുകള്‍ ആര്‍ക്ക് കണ്ടെത്തും മുന്‍പേ അത് കണ്ടെത്താന്‍ തീരുമാനിക്കുന്നു. ചന്ദ്രനില്‍ എത്തി ആര്‍ക്ക് കണ്ടെത്തുന്ന ഒപ്റ്റിമസ് ആ പേടകത്തില്‍ നിന്നും അതീവ ശക്തിയുള്ള അഞ്ച് പില്ലറുകളും  ഒപ്പം സെന്റിനല്‍ പ്രൈമിന്റെ നിര്‍ജീവമായ ശരീരവും ഭൂമിയിലേക്ക്‌ കൊണ്ട് വരുന്നു .

 ഭൂമിയില്‍ വെച്ച് ,സ്വന്തം ശക്തി ഉപയോഗിച്ച് ഒപ്റ്റിമസ്  ,സെന്റിനല്‍ പ്രൈമിനെ ജീവിപ്പിക്കുന്നു.  ആര്‍ക്കില്‍ നിന്നും ഒപ്റ്റിമസ് കൊണ്ട് വന്ന അഞ്ച് പില്ലറുകള്‍  നിര്‍മ്മിച്ചത് , സമയത്തിനും ,സ്ഥലത്തിനുമിടെ ഊര്‍ജ്ജത്തിന്റെ വാതിലുകള്‍ സൃഷ്ടിച്ച് അതിലൂടെ ഓട്ടോബോട്ടുകളെ  പ്രപഞ്ചത്തിന്റെ ഇതു കോണിലേക്കും നിമിഷ നേരംകൊണ്ട് സഞ്ചരിച്ച് എത്തുവാന്‍ പ്രാപ്ത്തരാക്കുവാന്‍  വേണ്ടിയാണ്   എന്ന്   സെന്റിനല്‍ പ്രൈം വെളിപ്പെടുത്തുന്നു .അത്തരം ഒരു ശക്തി ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ കൂട്ടത്തോടെ എത്തുവാന്‍ കാരണമായേക്കും എന്ന് അമേരിക്കന്‍ ഗവണ്മെന്റ് ഭയപ്പെടുന്നു. അത് തടയുവാന്‍ വേണ്ട നീക്കങ്ങള്‍ അവര്‍ ആരംഭിക്കുകയും ചെയ്യുന്നു. അതോടെ ദശാബ്ദങ്ങള്‍ നീണ്ട ഒരു ചതിയുടെയും കഥയ്ക്ക് ചുരുളഴിയുന്നു .  ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ അധിനിവേശത്തിലേക്കും .പ്രതിരോധത്തിലെക്കും  അത് വഴി വെയ്ക്കുന്നു.  ഓട്ടോബോട്ടുകളുടെ സുഹൃത്തായ സാം വിറ്റ്വിക്കി എന്ന കൌമാരക്കാരനും , അയാളുടെ പുതിയ കാമുകി (ആദ്യ രണ്ടു സിനിമകളിലും മേഗന്‍ ഫോക്സ് അവതരിപ്പിച്ച പഴയ കാമുകി മിക്കേല ഈ ചിത്രത്തില്‍ ഇല്ല ) കാര്‍ലീയും ആ പ്രതിരോധ യുദ്ധത്തില്‍ പങ്കാളികളാകുന്നു.

അന്യഗ്രഹ ജീവികള്‍ , അവരുമായി ഭൂമിയില്‍ മനുഷ്യര്‍ (ഈ സിനിമയില്‍ അന്യഗ്രഹ ജീവികള്‍ തന്നെ ) നടത്തുന്ന യുദ്ധങ്ങള്‍ ; ഒരു നൂറ് ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ പ്രമേയമായിട്ടുള്ള കഥാ തന്തുവാണ് ഇത് . അതേ കഥാതന്തു ആധാരമാക്കിയ ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ പക്ഷേ ഒരു നിമിഷം പോലും കാണികളെ ബോറടിപ്പിക്കുന്നില്ല. അവതരണത്തിലെ വേഗതയും  , കാണികളെ അമ്പരപ്പിക്കുന്ന തരത്തിലെ ആക്ഷന്‍ രംഗങ്ങളും ഒക്കെ അതില്‍ ഈ ചിത്രത്തെ സഹായിക്കുന്നു . സാഹസികവും , വളരെ ത്രില്ലിങ്ങുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ സ്ക്രീനില്‍ എത്തിക്കുവാന്‍ സംവിധായകന്‍ മൈക്കിള്‍ ബേ പണ്ടേ മിടുക്കനാണ് എന്നാണ് എന്‍റെ അഭിപ്രായം (ദി റോക്ക് , ആര്‍മാഗ്ഡണ്‍ ,  ബാഡ് ബോയ്സ്  എന്നീ സിനിമകള്‍  ചില ഉദാഹരണങ്ങള്‍  മാത്രം ) .ചുറ്റുമുള്ളതെല്ലാം നശിപ്പിക്കുന്ന തരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മൈക്കിള്‍ ബേയുടെ സിനിമകളുടെ പ്രത്യേകതയും. അത്തരത്തിലുള്ള ഒരു സംവിധായകനൊപ്പം , ബാഡ് ബോയ്സ് 2 , ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ്   എന്നീ സിനിമകള്‍ക്ക്‌ വേണ്ടി ക്യാമറ നിയന്ത്രിച്ച   അമീര്‍  മൊക്രിയും, ഐ എല്‍ എമ്മിന്‍റെ വിഷ്വല്‍ ഇഫെക്കറ്റ്   സംഘവും ചേരുമ്പോള്‍ ട്രാന്‍സ്ഫോര്‍മേര്‍സ് - ഡാര്‍ക്ക്‌ ഓഫ് ദി മൂണ്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നാകുന്നു. 

തുടക്കം മുതല്‍ അവസാനം വരെ എല്ലാം ഉഗ്രന്‍ സീനുകളാണ്. എങ്കിലും എടുത്തു പറയേണ്ട ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്:
  • ചന്ദ്രനിലെ രംഗങ്ങള്‍
  • തിരക്കേറിയ റോഡുകളിലൂടെ ഉള്ള  ചേസ് .(പതിനഞ്ച് ഇരുപതു മിനിട്ടുകള്‍ നീളുന്ന ഈ രംഗത്തില്‍ ആക്ഷന്‍കണ്ട് ശരിക്കും അന്തം വിട്ടിരുന്ന് പോയി )
  • സാം വിറ്റ്വിക്കിയും  കൂട്ടരും തകര്‍ന്നു വീഴുന്ന കെട്ടിടത്തിന്‍റെ കണ്ണാടി ചില്ലുകളിലൂടെ താഴേക്ക്‌ തെന്നി നീങ്ങുന്ന രംഗം.
  • ഷോക്ക് വേവ് നഗരം തകര്‍ക്കുന്ന രംഗങ്ങള്‍
  • ശത്രുക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ബംബിള്‍ബീ നടത്തുന്ന യുദ്ധം
  • അവസാനത്തെ യുദ്ധം

അഭിനേതാക്കളുടെ കാര്യം ഇതുവരെ ഒന്നും പറയാത്തത് , അവര്‍ക്കാര്‍ക്കും ഈ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നുള്ളത് കൊണ്ടാണ്. സാം വിറ്റ്വിക്കിയായ് ഷിയാ ലബോവ്  ,ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ തന്നെ ഗുണവും ദോഷവും ഇല്ലാതെ തുടരുന്നു. കാര്‍ലീ എന്ന നായികയായി റോസീ ഹണ്ടിംഗ്ടണ്‍ വൈറ്റ്ലീ ഗ്ലാമര്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു കൂട്ടി ചേര്‍ക്കലാണ് എന്ന് തോന്നുന്നു(കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍  മേഗന്‍ ഫോക്ക്സും അങ്ങനെ തന്നെ ആയിരുന്നു ) . അഭിനേതാക്കളില്‍ അകെ എനിക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത്   സിമണ്‍സ് എന്ന പഴയ ഗവണ്മെന്റ് എജെന്റിനെ അവതരിപ്പിച്ച ജോണ്‍ ടുര്‍റ്റ്യൂറോയെയും , സിമണ്‍സ്സിന്‍റെ സഹായി ഡച്ചിനെ അവതരിപ്പിച്ച അലന്‍ ടുഡൈക്കിനെയുമാണ്‌. യന്ത്രമനുഷ്യര്‍ക്ക് ശബ്ദം നല്‍കിയവരില്‍ പീറ്റര്‍ കള്ളന്‍ (ഒപ്റ്റിമസ് പ്രൈം ) , ഹുഗോ വേവിംഗ് (മെഗാട്രോണ്‍ ) , ലിയനാര്‍ഡോ നിമോയ് (സെന്റിനല്‍ പ്രൈം ) എന്നിവരാണ് മികച്ച് നിന്നത് എന്ന് തോന്നുന്നു. ഗാംഭീര്യമുള്ള ശബ്ദങ്ങള്‍ ആണ് മൂവരുടെയും. 

മൈക്കിള്‍ ബേ സംവിധാനം ചെയ്ത ട്രാന്‍സ്ഫോര്‍മേര്‍സ് സിനിമകളുടെ ശ്രിംഖല മൂന്നാം ഭാഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ , ഗ്രാഫിക്സ് , ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ കൊണ്ട് കൂടുതല്‍ കൂടുതല്‍ സമ്പുഷ്ടമാവുകയാണ്. ത്രീഡിയില്‍ ഈ സിനിമ കാണുന്നതിന്‍റെ   രസം ഒന്ന് വേറെ തന്നെയാണ്(തിരുവനന്തപുരം അത്യുല്യയില്‍ ത്രീഡി സിനിമകള്‍ കാണുന്നത് സത്യത്തില്‍ ഗതികേടാണ്. എങ്കില്‍ പോലും ഈ സിനിമ ആസ്വദിച്ചു  ).ചുരുക്കത്തില്‍ സാങ്കേതിക വിദ്യകളുടെ യാതൊരു പിശുക്കുമില്ലത്ത ഉപയോഗം കൊണ്ട് ,കാണികള്‍ക്ക് ടിക്കറ്റിന് കൊടുത്ത കാശ് മുതലാവുന്ന സിനിമ. അതേ സമയം കഥയുടെ വിശ്വാസ്യതയോ ,അഭിനേതാക്കളുടെ  മികച്ച പ്രകടനങ്ങളോ വേണ്ടവര്‍ക്കുള്ളതല്ല ഈ സിനിമ.ചുരുക്കത്തില്‍ , ത്രില്ലിംഗ് ടൈംപാസ് എന്ന് പറയാം

14 comments:

  1. സിനിമകാണാന്‍ ഇതു നല്ല ഉപയോഗം ..

    ReplyDelete
  2. ഡി നമ്മളെ ഊറ്റാനുള്ള വേറെ ഒരു വഴിയാണു കണ്ണും പീസാകും ഏതായാലും തങ്കളുടെ ജെന്‍ഡറ്‍ ഒളിപ്പിക്കാന്‍ പോകെ പോകെ സാധിക്കാതെ വരുന്നു എന്നും കൂടി അറിയിക്കട്ടെ

    ReplyDelete
  3. Pure visual treat. Superb action choreography and amazing VFX. Recommended for those who wanted to be entertained by larger than life action.
    Btw Transformers started not as a cartoon series but as a range of action figures (toys).

    ReplyDelete
  4. Transformers:Revenge of the Fallen വച്ച് നോക്കുകയാണെങ്കില്‍ Transformers:Dark of the Moon ഒരുപാട് മുന്നിലാണെന്ന് എനിക്കു തോന്നുന്നു. പ്രിയ പറഞ്ഞത് പോലെ ആക്ഷന്‍ രംഗങ്ങള്‍ കുറെക്കൂടി നന്നായതായ് തോന്നി. മൊത്തത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പേട്ടു.
    Review നന്നായി. ആ‍ശംസകള്‍..:)

    ReplyDelete
  5. അപ്പോള്‍ ത്രീഡിയില്‍ തന്നെ കാണാം അല്ലെ ? ബംഗ്ലൂര്‍ ഫെയ്മില്‍ അവന്മാര്‍ കഴുത്തറുപ്പന്‍ റേറ്റ് ആണ് . നഷ്ടം വരില്ല എന്ന് വിശ്വസിക്കുന്നു . എന്തായാലും കണ്ടിട്ടിട്ട് വിശദമായി കമന്റാം .

    ReplyDelete
  6. പ്രിയ പറഞ്ഞത് ശരിയാണ് .ടൈം പാസ് മൂവി ,ശരിക്കും ത്രില്ലിംഗ്.

    ReplyDelete
  7. പ്രൊഫൈല്‍ പിക്ചര്‍ യമി ഗൌതം എന്ന മോഡല്‍ ആണല്ലേ

    ReplyDelete
  8. IMDBലും RottenTomatoയിലും ഒക്കെ പടത്തിനെക്കുറിച്ചു മോശം റിവ്യൂ ആണ്. ക്രിട്ടിക്സ് റിവ്യൂവില്‍ പടത്തിനു സി ഗ്രേഡാണ്. ആദ്യമായാണ്, ഒരു നല്ല റിവ്യൂ ഈ പടത്തിനെപറ്റി വായിച്ചത്. പോയിക്കണ്ടാല്‍ എന്‍ടെ കാശുപോകുമൊ?

    ReplyDelete
  9. Pradeep paima: നന്ദി

    Sushil: ത്രീഡിയില്‍ കാണാവുന്ന സിനിമകളും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് .

    Shiva: I know about the cartoon series .But not the action figures.Thanks for the comment and information

    ഗുല്‍മോഹര്‍ (gulmohar): ശരിയാണ്. ആദ്യ രണ്ട് സിനിമകളേക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ നന്നായിട്ടുണ്ട്

    Sharon: ത്രീഡിയില്‍ തന്നെ കാണണം എന്നാണ് എന്റെ അഭിപ്രായം. കണ്ടിട്ട് അഭിപ്രായം പറയുമല്ലോ ?

    pratheekam: നന്ദി

    ravanan: രാവണാ,ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമേ. പറഞ്ഞേക്കാം.

    അനു : ക്രിട്ടിക്സ് നല്ല അഭിപ്രായങ്ങള്‍ പറയുന്ന പല സിനിമകളും എനിക്ക് മനസ്സിലാവുക പോലുമില്ല. പിന്നെ ഈ സിനിമ എനിക്ക് കണ്ടപ്പോള്‍, എനിക്ക് ഒട്ടും ബോറടിച്ചില്ല

    ReplyDelete
  10. Saw the movie today. You were right. It is a spectacular entertainer.Action packed

    ReplyDelete
  11. എന്‍റെ കാശു കളഞ്ഞു. എന്തു ബോറാണു പടം. എങ്ങനെ പറയാന്‍ തോന്നി ഇതു ആസ്വദിച്ചെന്ന്?

    ReplyDelete
  12. കോഴിക്കോട് ക്രൌണ്‍ (ത്രീഡി) ല്‍ നിന്നും കണ്ടു. കിടിലന്‍ ഫിലിം. ഈ റിവ്യു വായിച്ചപ്പോഴാണ് കഥ മനസിലായത്. ചില രംഗങ്ങള്‍ കണ്ടു തരിച്ചിരുന്നു പോയി. കാണാത്തവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് ത്രീഡി തീയേറ്ററില്‍ നിന്ന് മാത്രം കാണുക. ഇതത്രയും പെര്‍ഫെക്റ്റ്‌ ത്രീഡി ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അവതാറില്‍ പോലും.

    ReplyDelete
  13. കേസ് കൊടുക്കുകയാണെങ്കില്‍ കോളോമ്പോ കോടതിയില്‍ കൊടുക്കേണ്ടി വരും

    ReplyDelete
  14. Didn't read the review but I hope you watched in 3D. Second part sucked but this part was pretty cool.

    ReplyDelete