Tuesday, 27 December 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി : Vellaripravinte Changathi

ഇപ്പോള്‍ മലയാള സിനിമയില്‍ പഴയ കാലത്തിന്റെ കഥ പറയുന്ന സിനിമകളുടെ ട്രെന്‍ഡ് ആണെന്ന് തോന്നുന്നു. വെനീസിലെ വ്യാപാരി അങ്ങനെ ഒരു കഥയാണ്‌ എന്നാണ് എനിക്ക് മനസിലായത്.(സിനിമ കണ്ടില്ല  ,അത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ വയ്യ). ഏറ്റവും അവസാനം ഇറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെയും പ്രധാന പ്രമേയം പഴയ കാലത്ത് നടന്ന ഒരു കഥയും സിനിമയും ഒക്കെയാണ് .
ഇനി സിനിമയുടെ കഥയാണ്‌ .വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ അടുത്ത ഒരു പാരഗ്രാഫ് ദയവായി ഒഴിവാക്കുക
ഒരു സിനിമ കാണാന്‍ പോയപ്പോള്‍ മൂന്ന് സിനിമകള്‍  ഒന്നിച്ച് കാണാന്‍ പറ്റി എന്ന് വേണമെങ്കില്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയെക്കുറിച്ച് പറയാം . ജെമ്നി സ്റ്റുഡിയോയില്‍ ജോലി അന്വേഷിച്ച് വരുന്ന മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത് ) നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്   അയാളുടെ അപ്പച്ചന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു ) സംവിധാനം  ചെയ്ത് റിലീസ് ആകാതെ പോയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയുടെ പ്രിന്റ്‌ സ്റ്റുഡിയോ ആര്‍ക്കൈവുകളില്‍ (ഗോസ്റ്റ് റൂം എന്നാണ് സിനിമയില്‍ പറയുന്നത്) നിന്നും കണ്ടെടുക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് .അക്കാലത്ത് പുതുമുഖങ്ങളെ  വെച്ച് നിര്‍മ്മിച്ച സിനിമ പുറത്തിറങ്ങാതെ സാമ്പത്തിക ബാധ്യതകള്‍ കാരണം അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു . ജെമിനി സ്റ്റുഡിയോ മാനേജര്‍ ശങ്കുണ്ണി (വിജയരാഘവന്‍ ), അവിടുത്തെ പ്രിവ്യൂ തിയറ്ററിലെ പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ (കൊല്ലം തുളസി ), തുടങ്ങിയവരുടെ സഹായത്തോടെ മാണിക്കുഞ്ഞ് തന്റെ അപ്പച്ചന്റെ സിനിമ പ്രിവ്യൂ തിയറ്ററില്‍ കാണുന്നു . മാണിക്കുഞ്ഞിനും , അയാളുടെ ഒപ്പം സിനിമ കണ്ടവര്‍ക്കും ഒക്കെ വെള്ളരിപ്രാവിന്റെ ചങ്ങാതി ഒരുപാട് ഇഷ്ടമാകുന്നു .പിന്നെ ആ സിനിമ എങ്ങനെയെങ്കിലും റിലീസ് ചെയ്യിക്കാന്‍ മാണിക്കുഞ്ഞ്  ശ്രമിക്കുന്നു .ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനുമായ ലാല്‍ (ലാല്‍ ) അതിന് മാണിക്കുഞ്ഞിനെ സഹായിക്കുന്നു .സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് മുന്‍പ് ആ സിനിമയില്‍ അഭിനയിച്ചവരെ എല്ലാം കണ്ടു പിടിക്കാന്‍ മാണിക്കുഞ്ഞ്  പഴയ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറും അഗസ്റ്റിന്‍ ജോസഫിന്റെ സുഹൃത്തുമായ വരിക്കോളി മാഷിന്റെ (സായികുമാര്‍ ) സഹായത്തോടെ ശ്രമങ്ങള്‍ നടത്തുന്നു .സിനിമയിലെ നായകനായ ഷാജഹാനും (ദിലീപ് ), നായികയായ മേരി വര്‍ഗ്ഗിസ്സം (കാവ്യാ മാധവന്‍ ) ഷൂട്ടിങ്ങിനിടയില്‍ തമ്മില്‍ പ്രണയത്തിലായി മേരി വര്‍ഗ്ഗിസ്സിന്റെ  അപ്പന്‍ ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്റെ (ശിവജി ഗുരുവായൂര്‍ ) എതിര്‍പ്പ് വക വെയ്ക്കാതെ ഒളിച്ചോടുകയായിരുന്നു.അവരെ കണ്ടെത്താനാണ്‌ മാണിക്കുഞ്ഞ് ആദ്യം ശ്രമിക്കുന്നത് .ഷാജഹാനെ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു . മേരി വര്‍ഗ്ഗിസ്സിനെക്കുറിച്ച് മാണിക്കുഞ്ഞ് ചോദിക്കുമ്പോള്‍ ഷാജഹാന്‍ അയാളെയും മേരിയേയും വേര്‍പിരിച്ച ഒരു ചതിയുടെ കഥ പറയുന്നു .മേരിക്ക് എന്ത് സംഭവിച്ചു , നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപ്പെട്ട ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ടിരുന്നവരില്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നതൊക്കെയാണ് പിന്നെ ഈ കഥയുടെ തുടര്‍ച്ച..

മണിക്കുഞ്ഞ് ,ഷാജഹാന്‍ /മേരി വര്‍ഗ്ഗീസ് എന്നിവരുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മാണിക്കുഞ്ഞിന്റെ കഥയാണ്‌ .ശരിക്കും ഒരു ജെനുവിനിറ്റി തോന്നത്തക്ക രീതിയില്‍ ഉള്ള   പ്രെസെന്റെഷന്‍, ഇന്ദ്രജിത്ത് ,വിജയരാഘവന്‍ ,മണിയന്‍പിള്ള രാജു , സായികുമാര്‍ (മേയ്ക്കപ്പ് ഭയങ്കര ബോറായിട്ട് എനിക്ക് തോന്നി ) ,കൊല്ലം തുളസി എന്നിവരുടെ നല്ല അഭിനയവും ആകാം അതിന് കാരണം .ഷാജഹാന്‍/മേരി വര്‍ഗ്ഗീസ് കഥയില്‍ ദിലീപ് ചില സീനുകളിലോക്കെ വളരെ നന്നായിട്ടുണ്ട്  .പക്ഷെ ആ കഥയിലും പ്രെസെന്റെഷനിലും ഒക്കെ ഒരുപാട് കല്ലുകടികള്‍ തോന്നി .അവയില്‍ പെട്ടന്ന് ഓര്‍മ്മ വരുന്ന ചിലത് പറയാം :
  • നരച്ച താടിയും മുടിയുമല്ലാതെ ദിലീപിന്റെ ഷാജഹാന്‍ എന്ന കഥാപാത്രത്തിന്റെ ബോഡി ലാങ്ങ്വേജില്‍ പലപ്പോഴും പ്രായം തോന്നിക്കുന്നുണ്ടോ എന്ന് സംശയമാണ്
  • ഷാജഹാനും മേരി വര്‍ഗീസും തമ്മിലുള്ള പ്രണയം എതിര്‍ക്കുന്ന ഫാദര്‍ വര്‍ഗ്ഗീസ്  മൂപ്പന്‍ മേരിയെ പിന്നെ ഉപേക്ഷിച്ചോ അതോ മേരി കന്യാസ്ത്രീ മഠം ഉപേക്ഷിച്ചോ എന്നൊന്നും കഥയില്‍ പറയുന്നില്ല .ഫാദര്‍ വര്‍ഗ്ഗീസ് മൂപ്പന്‍ എന്ന കഥാപാത്രം തന്നെ വില്ലന് വേണ്ടി ഒരു വില്ലന്‍ ആണെന്ന്  എനിക്ക് തോന്നി
  • കാവ്യാ മാധവന്റെ അഭിനയം .ചില സീനുകളിലോക്കെ ഭയങ്കര ബോറായി തോന്നി (കരയുന്ന സീനുകള്‍ ഉദാഹരണം ).
  • അത് പോലെ തന്നെ മനോജ്‌ കെ ജയനും . സിനിമയിലെ സിനിമയില്‍ വില്ലനെ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രമാണ് .നാല്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോസ്റ്ററില്‍ തന്റെ പടം കാണുമ്പൊള്‍ ഒക്കെയുള്ള റിയാക്ഷന്‍ . തിയറ്ററില്‍ ആരൊക്കെയോ കയ്യടിക്കുന്നത് കേട്ട് .ചിലപ്പോള്‍ എന്റെ കുഴപ്പമാകാം.പക്ഷെ എനിക്ക് ഓവര്‍ ആക്റ്റിംഗ് എന്നാണ് തോന്നിയത് .
  • ഈ കഥയുടെ ക്ലൈമാക്സ് . പഴയ അഭിനേതാക്കളില്‍  ചിലരെ അന്വേഷിച്ച് കണ്ടു പിടിക്കുന്ന മാണിക്കുഞ്ഞ്  ഷാജഹാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞിട്ടില്ലേ എന്ന് തോന്നും ക്ലൈമാക്സില്‍ ചിലരുടെ റിയാക്ഷന്‍ കണ്ടാല്‍ (ആരുടെ എന്ന് പറഞ്ഞാല്‍ സസ്പെന്‍സ് പോകും )
ഇനിയുള്ളത് സിനിമയിലെ സിനിമയുടെ കഥയാണ്‌ .
രവി (  ദിലീപ് /സിനിമയില്‍ ഷാജഹാന്‍ ), സഹീര്‍ ( മനോജ്‌ കെ ജയന്‍ /സിനിമയില്‍ കൃഷ്ണന്‍ ) എന്നീ രണ്ട് സുഹൃത്തുക്കളും സഹീറിന്റെ സഹോദരി സുലേഖയും (കാവ്യാ മാധവന്‍ /സിനിമയില്‍ മേരി വര്‍ഗ്ഗിസ്) ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . രവിയും സുലേഖയും തമ്മിലുള്ള പ്രണയവും , അത് ഇവര്‍ മൂന്നു പേരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് കഥ

പഴയ കാലത്തെ ഈ സിനിമ ഏകദേശം മുഴുവനും നമ്മള്‍ സ്ക്രീനില്‍ കാണുന്നുണ്ട് . സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ സിനിമക്കുള്ളിലെ സിനിമയില്‍ വേറെ കഥാപാത്രങ്ങള്‍ ആകുന്നു എന്നൊരു പുതുമയും ഉണ്ട് .നല്ലൊരു തീം .പക്ഷെ സ്ക്രീനില്‍ വളരെ ബോറായി തോന്നി. സിനിമക്കുള്ളിലെ  സിനിമയില്‍ എനിക്ക് തോന്നിയ പ്രശ്നങ്ങില്‍ ചിലത് :
  • പഴയ കാലത്തെ സിനിമകളിലെ അഭിനയത്തിന്റെയും സംഭാഷണത്തിന്റെയും ഒക്കെ പതിവ് രീതികളില്‍ നിന്നും മാറി നാച്യുറല്‍ ആയി ചെയ്ത ഒരു സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി (സിനിമയിലെ സിനിമ ) എന്നൊക്കെ പറഞ്ഞാണ് അത് പിന്നെയും റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പക്ഷേ സിനിമയിലെ പഴയ സിനിമയില്‍ മനോജ്‌ കെ ജയനും , കാവ്യാ മാധവനും ഒക്കെ ഇന്നത്തെ സീരിയലുകാര്‍ തോറ്റു പോകുന്ന തരത്തിലാണ് അഭിനയിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നി ( കഥയിലെ ടേണിംഗ് പോയന്റ് എന്ന് പറയാവുന്ന സീനില്‍ ദിലീപിനെ കെട്ടിപിടിച്ചു കൊണ്ടുള്ള കാവ്യാ മാധവന്റെ അഭിനയം എനിക്ക് സഹിക്കാന്‍ പറ്റാത്ത ബോറായി തോന്നി).   പഴയ  കാലത്ത് ഇനി അത് വലിയ മാറ്റം ആയിരുന്നോ എന്ന് എനിക്കറിയില്ല
  • ദിലീപ് .പഴയ സിനിമയില്‍ സുലേഖ മരിക്കുന്ന സീനിലെ രവിയായുള്ള അഭിനയം ഭയങ്കര ഓവറാണ് (ഈ ഒരു സീനില്‍ ഒഴിച്ച് ബാക്കി സിനിമയിലെ സിനിമയില്‍ എല്ലാ സീനുകളിലും ദിലീപ് ഉഗ്രനായിട്ടുണ്ട് കേട്ടോ. ഒരു പക്ഷേ അത് കൊണ്ടാവാം ഈ സീന്‍ ഭയങ്കര ബോറായി തോന്നിയത് )
  • സഹീര്‍ തന്റെ അനിയത്തിയെ മൂസ(അനില്‍ മുരളി ) എന്ന കഥാപാത്രത്തിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ ലോജിക് എനിക്ക് മനസിലായില്ല .വെറും വാശി മാത്രമാണെങ്കില്‍ അത് അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിനിയമായി തോന്നിയില്ല.  കാരണം മൂന്നാമത്തെ  വിവാഹം കഴിക്കാന്‍ സുലേഖയെ ആലോചിച്ചു വരുന്ന മൂസയെ സഹീര്‍ ഓടിച്ചു വിടുന്നുണ്ട്. സുലേഖക്ക് വേറെ കല്യാണാലോചനകള്‍ നടത്തി  അവ മുടങ്ങി പോകുന്നതായൊന്നും കഥയില്‍ പറയുന്നതുമില്ല
  • സിനിമയിലെ സിനിമയില്‍ സായികുമാര്‍ അവതരിപ്പിക്കുന്ന തങ്ങള്‍ എന്ന കഥാപാത്രം. ചിലപ്പോഴൊക്കെ നല്ല മലബാര്‍ ഭാഷ പറയും .ബാക്കിയുള്ള സമയം  അച്ചടിച്ച്‌ വെച്ചത് പോലത്തെ ഡയലോഗുകളും .
  • തെക്ക് തെക്ക് എന്ന പാട്ടില്‍ കുറെ കുട്ടികളെ കൊണ്ട് കാണിപ്പിക്കുന്ന കോപ്രായങ്ങള്‍ കണ്ടപ്പോള്‍ വല്ലാതെ തോന്നി (പട്ടു കേള്‍ക്കാന്‍ നല്ലതാണ് )
അകെ ഈ സിനിമയില്‍ എനിക്ക് മുഴുവന്‍  കല്ലുകടികള്‍ ആണ് തോന്നിയത്. എങ്കിലും ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു കേട്ടോ . അതും കൂടി പറഞ്ഞു നിറുത്താം
സാങ്കേതികമായി ഒരു ഫ്രെഷ്നെസ് ഒക്കെ തോന്നി .ടൈറ്റില്‍ കാണിക്കുന്ന രീതി , ഒരു കാര്‍ അപകടത്തിന്റെ സീന്‍ , ഒരു  ഫയിറ്റ് സീന്‍ (ടീവിലൊക്കെ കണ്ടിട്ടുള്ള ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളിലെ അതെ ഫീല്‍. മിമിക്രി കാണിച്ച് ബോറക്കാതെ ദിലീപ് നന്നായി എന്ന് തോന്നി ), നല്ല ക്യാമറ (വിപിന്‍ മോഹന്‍ /സമീര്‍ ഹക്ക് ) രണ്ട് നല്ല പാട്ടുകള്‍ .

ഈ കുറച്ചു നല്ല കാര്യങ്ങള്‍ ഒന്നും തന്നെ ഈ സിനിമയെ ഒരു മോശം സിനിമ ആകുന്നതില്‍ നിന്നും രക്ഷിക്കുന്നില്ല എന്നതാണ് കഷ്ടം .അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തോന്നിയത് സംവിധായകന്റെയും (അക്കു അക്ബര്‍ ), തിരക്കഥാകൃത്തിന്റെയും(ജി എസ് അനില്‍ )  അശ്രദ്ധയോ കുഴപ്പമോ കൊണ്ട് മോശമായ ഒരു സിനിമയാണ് വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നാണ്.അവര്‍ ഒന്ന് കൂടെ ശ്രദ്ധിച്ച് ഒഴിവാക്കാന്‍ എളുപ്പം കഴിയുമായിരുന്ന കല്ലുകടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇത് ഒരുപാട് പുതുമകള്‍ ഉള്ള ഒരു നല്ല സിനിമയാകുമായിരുന്നു.

Saturday, 24 December 2011

ഡോണ്‍ 2: Don 2

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം  ചെയ്ത  സിനിമകിളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ലക്ഷ്യ ആണ് . ഏറ്റവും സ്റ്റൈലിഷ് എന്ന് തോന്നിയ സിനിമ ഡോണും. ഡോണ്‍ 2 എന്തായാലും ഡോണ്‍ പോലെ തന്നെ  സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കും എന്ന് ട്രെയിലറുകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു . പ്രതീക്ഷ എന്തായാലും തെറ്റിയില്ല . സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണാത്ത ഒരു സ്റ്റൈലും ഫീലും ഒക്കെ ഡോണ്‍ 2 വിന് ഉണ്ട് .ഇംഗ്ലീഷ് സിനിമകളില്‍ ഒരുപാട് തവണ കണ്ടിട്ടുള്ള കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതൊക്കെ ഒരു പരിധി വരെ ആളുകളെ ഒട്ടും ബോറടിപ്പിക്കാതെ ഈ സിനിമയില്‍ ഉത്പ്പെടുത്താന്‍ ഫര്‍ഹാന് കഴിഞ്ഞിട്ടുമുണ്ട് എന്ന് തോന്നുന്നു. പിന്നെ ഒരു കാര്യമുള്ളത്‌ ഡോണ്‍ പോലെ ഒരു സിനിമ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും   ഈ സിനിമ ഒരു പക്ഷെ  നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട് .കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ്. പിന്നെ ഒരു കാര്യമുള്ളത്‌ ഡോണിന്റെ തീം പോലെ ഒരു കഥ പ്രതീക്ഷിച്ച് പോകുന്നവരില്‍ ചിലരെയെങ്കിലും   ഈ സിനിമ ഒരു പക്ഷെ  നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്.കാരണം ഡോണില്‍ നിന്നും വ്യത്യസ്ഥമായി ഡോണ്‍ 2 ഒരു ഹെയിസ്റ്റ് മൂവി ആണ് .സ്പൈക്ക് ലീയുടെ ഇന്‍സൈഡ് മാനിലൊക്കെ ഉള്ളത് പോലെ  ഒരു ബാങ്ക് റോബറി ആണ് ഈ സിനിമയുടെ പ്രധാന തീം .

കുറെ പുതിയ ശത്രുക്കള്‍ ഡോണിനെ (ഷാരൂഖ്‌ ഖാന്‍ ) കൊല്ലാന്‍ ശ്രമിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത് . അവരില്‍ നിന്നും രക്ഷപെട്ട് മലേഷ്യയില്‍ എത്തുന്ന ഡോണ്‍ റോമ (പ്രിയങ്ക ചോപ്ര),മല്ലിക്ക് (ഓം പൂരി) എന്നിവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നു . വധ ശിക്ഷ വിധിക്കപ്പെട്ട് മലേഷ്യയില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഡോണ്‍ അവിടെ നിന്നും തന്റെ പഴയ ശത്രു വര്‍ധാനുമായി(ബോമന്‍ ഇറാനി ) രക്ഷപ്പെടുന്നു .വര്‍ധാന്റെ കൈയ്യില്‍ ഉള്ള  ഒരു വീഡിയോ ടേപ്പ് ഉപയോഗിച്ച് ജര്‍മനിയിലെ ഡോയിഷ് ബാങ്കിന്റെ വൈസ് പ്രസിഡണ്ട്‌ ദീവാനെ (ആലി ഖാന്‍ ) ബ്ലാക്ക് മെയില്‍ ചെയ്ത് അയാളുടെ സഹായത്തോടെ ഡോയിഷ് ബാങ്കില്‍ നിന്നും യുറോ കറന്‍സികളുടെ പ്രിന്റിംഗ് പ്ലേറ്റുകള്‍  മോഷ്ട്ടിക്കുക എന്നതാണ് ഡോണിന്റെ ഉദ്ദേശം. ഡോയിഷ് ബാങ്കിന്റെ സെക്യൂരിറ്റി സിസ്സ്റ്റം ഹാക്ക് ചെയ്യാന്‍ ഡോണ്‍ സമീര്‍ അലി (കുണാല്‍ കപ്പൂര്‍  ) എന്ന ഹാക്കറുടെ സഹായവും തേടുന്നു. അതിനിടയ്ക്ക് ഡോണിനെ പിടിക്കാന്‍ റോമയും ,മല്ലിക്കും ബെര്‍ലിനില്‍ എത്തുന്നു .

പിന്നീടുള്ള ഏകദേശം എല്ലാ ട്വിസ്റ്റുകളും നേരത്തെ തന്നെ ഊഹിക്കവുന്നവയാണ് . പക്ഷേ ഫര്‍ഹാന്‍ അക്തറിന്റെ നല്ല പേസ് ഉള്ള  പ്രെസെന്‍റ്റെഷന്‍ സ്റ്റൈല്‍ , ഷാരൂഖ് ഖാന്റെ സ്ക്രീന്‍ പ്രസന്‍സ്; ഇത് രണ്ടും  സിനിമയെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലര്‍ ആയി മാറ്റുന്നു.

ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌ പോയന്റ് ഷാരുഖ് ഖാന്‍ തന്നെയാണ് . ഒട്ടും റിമോര്‍സ് ഇല്ലാത്ത ഡോണ്‍ എന്ന കഥാപാത്രത്തെ ഷാരുഖ് നല്ല സ്റ്റൈലിഷ് ‍ ആയി തന്നെ  അവതരിപ്പിച്ചിട്ടുണ്ട് .നല്ല ഫിറ്റ്‌ ലൂക്കും ,ആക്ഷന്‍ സീനുകളിലെ ഗ്രേസും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .ഇഷ്ടപ്പെടാത്ത ഒരു ചെറിയ കാര്യം , ബാക്കി കഥാപാത്രങ്ങളെ എല്ലാം ഡോണ്‍ ഷാഡോ ചെയ്യുന്ന രീതിയിലാണ് ഡോണ്‍ 2 വില്‍ ഷാരൂഖിന്റെ കഥാപാത്രം . ഡോണിന്റെ ശത്രുക്കളും കൂട്ടുകാരും എല്ലാം ഡോണിനെ ഗ്ലോറിഫൈ ചെയ്യാന്‍ വേണ്ടിയാണോ ഓരോന്ന് ചെയ്യുന്നത് എന്ന് ചിലപ്പൊഴൊക്കെ സംശയം തോന്നി .സ്റ്റോറിയും , സ്ക്രീന്‍ പ്ലേയും(ഫര്‍ഹാന്‍ അക്തര്‍ ,അമീത് മേത്ത ,അമ്രിഷ് ഷാ)   ഡോണിനെ  ആദ്യത്തെ സിനിമയെക്കാള്‍ കൂടുതല്‍ സുപ്പര്‍ ഹ്യൂമന്‍  (അതോ വില്ലനോ ?) ആക്കുന്നതാവം കാരണം. അതുകൊണ്ട് തന്നെ പ്രിയങ്ക ചോപ്ര , ബോമന്‍ ഇറാനി , കുണാല്‍ കപ്പൂര്‍ ഇവര്‍ക്കൊന്നും ഈ സിനിമയില്‍ ഏറെയൊന്നും ചെയ്യാനില്ല.പക്ഷേ പടത്തിന്റെ മുഴുവനുള്ള ത്രില്ലര്‍ ഇമ്പാക്റ്റിനെ അത് ഏറെയൊന്നും ബാധിക്കുന്നില്ല. പക്ഷെ സ്ക്രിപ്റ്റില്‍ എനിക്ക് ശരിക്കും കല്ല്‌ കടി തോന്നിയ ഒരു ഭാഗം ഡോണും ,സമീര്‍ എന്ന ഹാക്കറും തമ്മിലുള്ള ബന്ധത്തിലാണ്. ഏതെങ്കിലും തരത്തില്‍ അവര്‍ തമ്മില്‍ നേരത്തെ പരിചയം ഉണ്ടെന്നും ,ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉള്ള രീതിയില്‍ സമീറിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി .പിന്നെ ഒരു സംശയവും  ഉണ്ട് .   ബാങ്കിലെ ഒരു വലിയ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു ഭയങ്കര ക്രിമിനലിന് ഗവര്‍ന്മെന്റ്  ഇമ്മ്യൂണിറ്റി വാങ്ങിച്ച് കൊടുക്കാന്‍ പറ്റുമോ ? ജര്‍മനിയില്‍ ചിലപ്പോള്‍ പറ്റുമായിരിക്കും ,അല്ലേ ? (സിനിമ കണ്ടവര്‍ക്ക് ചോദ്യം മനസിലാവും. അല്ലാത്തവര്‍ക്ക് സസ്പെന്‍സ് ആണ് കേട്ടോ  )

അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ തോന്നിയെങ്കിലും ഡോണ്‍ 2 എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ .ഡ്രൈ ഹ്യൂമര്‍ ഉള്ള ഡയലോഗുകള്‍ , നല്ല പ്രെസെന്റെഷന്‍ (ജെയില്‍ ബ്രേക്ക്‌ , ബാങ്ക് റോബറി ഈ സീനുകളൊക്കെ ശരിക്കും ത്രില്ലിംഗ് ആണ് ),   ഉഗ്രന്‍ ആക്ഷന്‍ (വുള്‍ഫ്ഗ്യാങ്ങ്‌ സ്റ്റെഗ്മാന്‍ ) , നല്ല ക്യാമറ (ജേസണ്‍ വെസ്റ്റ്- കാര്‍ ചെയിസ് ഒക്കെ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്  )  , സ്മാര്‍ട്ട്‌ ബി ജി എം (ശങ്കര്‍ ഇഷാന്‍ ലോയിയുടെ പാട്ടുകളില്‍ സെര  ദില്‍ കോ എന്ന പാട്ട് മാത്രമേ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ . ഹേ യേ മായാ എന്ന ഉഷാ ഉതുപ്പ് പാടിയ പാട്ട് കേള്‍ക്കാന്‍ നല്ലതാണെങ്കിലും സിനിമയില്‍ അത് വരുന്ന പോയന്റ് എന്തോ ഒരു മിസ്‌ മാച്ച് പോലെ ), പിന്നെ ഹൃതിക് റോഷന്റെ ഒരു സര്‍പ്രൈസ് ഗസ്റ്റ് അപ്പിയറന്‍സ് (ഒട്ടും റിയലിസ്റ്റിക് അല്ല , എങ്കിലും സിനിമയില്‍ ആ സീനുകള്‍ നന്നായിട്ടുണ്ട് )   ഇതൊക്കെ ഡോണ്‍ 2വിനെ നേരത്തെ പറഞ്ഞത് പോലെ ബോറടിപ്പിക്കാത്ത ഒരു ത്രില്ലര്‍ ആക്കുന്നുണ്ട്‌.

Friday, 16 December 2011

അറബിയും ഒട്ടകവും പി മാധവന്‍ നായരും (ഒരു മരുഭൂമിക്കഥ) : Arabiyum Ottakavum P Madhavan Nairum (Oru Marubhoomikkatha)

പ്രിയദര്‍ശന്‍  സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം താളവട്ടമാണ് . വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ്  നെസ്റ്റ്  എന്ന ജാക്ക് നിക്കോള്‍സണ്‍ സിനിമയുടെ ത്രെഡ് ആണെങ്കിലും , പ്രിയദര്‍ശന്റെ ഈ അഡാപ്പ് റ്റേഷന്‍  എനിക്ക് ഒരുപാട് ഇഷ്ടമാണ് .പിന്നെ കിലുക്കം , ചന്ദ്രലേഖ  അങ്ങനെ പോകും ലിസ്റ്റ്.ചന്ദ്രലേഖയ്ക്ക്  ശേഷം പക്ഷെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു സിനിമയും എനിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല . അറബിയും  ഒട്ടകവും പി മാധവന്‍ നായരും  എന്ന സിനിമയുടെ വാര്‍ത്തകള്‍ നെറ്റിലും മറ്റുമൊക്കെ വായിച്ചപ്പോള്‍ ചന്ദ്രലേഖ പോലെ  സമയം പോയത് അറിയാതെ  കണ്ട് ചിരിച്ച് സന്തോഷമായിട്ട് ചിരിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത് എന്ന്  തോന്നിയിരുന്നു. 

ചന്ദ്രലേഖയില്‍ ഉള്ള എല്ലാ എലമെന്റ്സ് എല്ലാം അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയിലും ഉണ്ട്. ആള്‍മാറാട്ടം , കണ്‍ഫ്യൂഷന്‍ , അതൊക്കെക്കൊണ്ടുള്ള  കോമഡി സീനുകള്‍ .അങ്ങനെ എല്ലാം . പക്ഷേ സ്ലാപ് സ്റ്റിക്ക് ആയി പോലും കണ്ട് ചിരിക്കാനുള്ള  സീനുകള്‍ ഈ സിനിമയില്‍ കുറവാണ് .ചിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ അതില്‍ വിജയിക്കുന്നവ വളരെ കുറവും എന്ന് എനിക്ക് തോന്നി .


ഇനി സിനിമയുടെ കഥയാണ്‌ .കഥ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ ദയവായി അടുത്ത രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കുക :
അബുദാബിയില്‍ ഹൊസൈനി എന്ന അറബിയുടെ (ശക്തി കപ്പൂര്‍ ) കമ്പനിയില്‍ ചീഫ് അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുന്ന പി മാധവന്‍ നായരുടെ (മോഹന്‍ലാല്‍ ) ജീവിതത്തിലേക്ക് മീനാക്ഷി (ലക്ഷ്മി റായ്) കടന്നു വരുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. നാട്ടിലെ സാമ്പത്തിക ബാധ്യതകള്‍ , പഴയ ഒരു ലവ് ഫെയ്ലിയര്‍ ഒക്കെ കാരണം കല്യാണം കഴിക്കണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്ന മാധവന്‍ നായര്‍ക്ക് മീനാക്ഷിയോട് ഒരു ഇഷ്ടം തോന്നുന്നു . ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവിട്ട്, വിധിയുണ്ടെങ്കില്‍ വീണ്ടു തമ്മില്‍ കാണാം എന്ന് പറഞ്ഞു പിരിയുന്ന അവര്‍ , കുറെ കാലത്തിനു ശേഷം വീണ്ടും കണ്ട് മുട്ടുന്നു. ആ ദിവസം തന്നെയാണ് മാധവന്‍ നായരുടെ ജീവിതിത്തിലേക്ക് പഴയ കൂട്ടുകാരനായ അബ്ദുള്ള(മുകേഷ് ) വീണ്ടും കടന്നു വരുന്നത് .മാധവന്‍ നായരുടെ കമ്പനിയില്‍ ഒരു ജോലിയുടെ അപേക്ഷയുമായിട്ടാണ് അബ്ദുള്ള വരുന്നത്. അബ്ദുള്ള ആള്‍ ഒരു കള്ളനാണ് എന്ന് അറിയാമെങ്കിലും മീനാക്ഷിയെ വീണ്ടും കണ്ട് മുട്ടിയ സന്തോഷത്തിലും , താന്‍ കള്ളത്തരങ്ങള്‍ ഒക്കെ നിറുത്തി എന്ന അബ്ദുള്ളയുടെ ഉറപ്പിലും മാധവന്‍ നായര്‍ അബ്ദുള്ളയ്ക്ക്  ജോലി കൊടുക്കുന്നു 

മീനാക്ഷിയുമായുള്ള മാധവന്‍ നായരുടെ എന്‍ഗേജ്മെന്റ്  കഴിയുന്നു .പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയും , അബ്ദുള്ളയും , താന്‍ ജീവിതത്തില്‍ ഏറ്റവുക് കൂടുതല്‍ വിശ്വസിച്ചിരുന്ന ഹൊസൈനിയും ഒക്കെ തന്നെ ചതിക്കുകയായിരുന്നു എന്ന് മാധവന്‍ നായര്‍ക്ക്‌ തോന്നുന്നു. ആകെ തകര്‍ന്ന മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ സാഹഹര്യങ്ങള്‍ അയാളെ അബ്ദുള്ളയ്ക്കൊപ്പം മരുഭൂമിയില്‍ എത്തിക്കുന്നു. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വഴിയില്‍ കിടക്കുന്ന ഒരു കാര്‍ എടുത്തു കൊണ്ട് പോകുന്ന മാധവന്‍ നായരുടെയും , അബ്ദുള്ളയുടെയും ജീവിതത്തിലേക്ക് എലിയാന (ഭാവന ) എന്ന പെണ്‍കുട്ടി കടന്നു വരുന്നു. സ്വയം കിഡ്നാപ്പ്   ചെയ്യപ്പെട്ടതായി അഭിനയിച്ച് സ്വന്തം പപ്പയുടെ (നെടുമുടി വേണു )കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന എലിയാന ആ ശ്രമത്തില്‍ മാധവന്‍ നായരെയും അബ്ദുള്ളയും പങ്കാളികള്‍ ആക്കുന്നു . പിന്നെ ഓരോ കാരണങ്ങള്‍ കൊണ്ട് പണത്തിന് അത്യാവശ്യമുള്ള അവര്‍ മൂന്നാളും കൂടി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു .സാഹചര്യങ്ങള്‍ കാരണം അതൊന്നും നടക്കുന്നില്ല . ഒടുവില്‍ മാധവന്‍ നായര്‍ പണത്തിന് ഒരു വഴി കണ്ടെത്തുന്നു.ആ വഴിയിലൂടെ തന്നെ ചതിച്ച ഹൊസൈനിയോട് പ്രതികാരം ചെയ്യാനും കഴിയും എന്ന് അയാള്‍ വിശ്വസിക്കുന്നു .കുറെ കണ്‍ഫ്യൂഷന്‍ , സസ്പന്‍സ് ഒടുവില്‍ എല്ലാം നല്ലതായിട്ട് തീരുന്ന ഒരു ക്ലൈമാക്സും  കൂടിയാവുമ്പോള്‍ അറബിയും ഒട്ടകവും പി മാധവന്‍ നായരും പൂര്‍ണ്ണമാകുന്നു

ഡ്വെന്‍ച്യുവര്‍ കോമഡി ത്രില്ലര്‍ മോഡിലാണ് അറബിയും ഒട്ടകവും പി മാധവന്‍ നായരുടെയും കഥ പറയാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നത് .പക്ഷെ ത്രില്ലോ ഡ്വെന്‍ച്യുവറോ ഒന്നും ഒരു പരിധിക്കപ്പുറം ഫീല്‍ ചെയ്യുന്നില്ല എന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നി. ചന്ദ്രലേഖ , കിലുക്കം ഈ സിനിമകള്‍ ഒക്കെ ഇപ്പോഴും കണ്ടാല്‍ ചിരിച്ചു ചിരിച്ച് വയ്യാണ്ടാകുന്ന എനിക്ക്   പക്ഷെ അറബിയും ഒട്ടകവും പി മാധവന്‍ നായരും തിയറ്ററില്‍ കണ്ടിരുന്നപ്പോള്‍ പോലും പല കോമഡി സീനുകളിലും ബോറായിട്ടാണ് . സ്ലാപ് സ്റ്റിക്ക് കോമഡി ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍ . പക്ഷേ ഈ സിനിമയിലെ അതിനുള്ള പല ശ്രമങ്ങളും പരാജയമായിട്ടാണ് എനിക്ക് തോന്നിയത് .  ഒരു പക്ഷേ സിനിമയില്‍ ഒട്ടു മിക്ക സീനുകളും ഫോര്‍സ്ഡ് ആണെന്ന് തോന്നിപ്പിക്കുന്ന കഥയും (അഭിലാഷ് നായര്‍ ) തിരക്കഥയും (പ്രിയദര്‍ശന്‍ )ആകാം അതിനു കാരണം .സിനിമയുടെ തുടക്കത്തില്‍ മാധവന്‍ നായരും , മീനാക്ഷിയും തമ്മില്‍ കണ്ട് മുട്ടുന്ന സീനുകള്‍ ഉദാഹരണം . വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടിയും , നല്ല മെച്യുരിറ്റി ഉണ്ടാകേണ്ട  പ്രായമുള്ള ഒരാളും കൂടി കാണിക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയില്ല . ഒരു പത്തു മിനുറ്റ് കഴിയുമ്പോള്‍ വിധി , ഫേറ്റ്, ദൈവം എന്നൊക്കെ പറഞ്ഞ് അവര്‍ രണ്ടാളും കൂടി കുറെ നേരം സീനുകള്‍ വലിച്ചു നീട്ടി ശരിക്കും ബോറടിപ്പിച്ചു . ഏറ്റവും സങ്കടം തോന്നിയത് ചില കോമഡി സീനുകളില്‍ മോഹന്‍ലാലിന്റെ എക്സ്പ്രെഷനുകള്‍ കണ്ടപ്പോള്‍ ആണ്. കിലുക്കത്തിലോക്കെ ഒരു ഡയലോഗ് പോലും പറയാതെ ആളുകളെ ചിരിപ്പിച്ച ആളാണോ ഇതെന്ന് തോന്നി പോകും. ഈ സിനിമയില്‍ സി സി ടി വി ക്ലിപ്പ് പരിശോധിക്കുന്ന സീനിലോക്കെ മോഹന്‍ലാല്‍ ശരിക്കും ക്യാമറയില്‍ നോക്കി കൊഞ്ഞണം കുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആ സീന്‍ ഒരു ഉദാഹരണം മാത്രം .അങ്ങനെ ഒരു പാട് സീനുകളില്‍ മോഹന്‍ലാല്‍ വളരെ അണ്‍കംഫര്‍ട്ടബിളാണ് . ഒരു മെച്യുവരിറ്റിയും ഇല്ലാത്തത് പോലെ  പെരുമാറുന്ന മാധവന്‍ നായര്‍ എന്ന കഥാപത്രമാകാം ഒരു പക്ഷെ ഇത് കാരണം .പക്ഷേ ഇത്ര  മെച്യുവരിറ്റി ഇല്ലാത്ത ഒരാള്‍നാട്ടിലെ വലിയ ഉത്തരവാദിത്വങ്ങള്‍ ഒക്കെ ഏറ്റെടുക്കാന്‍ പറ്റുമോ ? കഥയില്‍ അങ്ങനെ ഒക്കെ പറയുന്നുണ്ട്. ചിലപ്പോള്‍ പറ്റുമായിരിക്കും അല്ലേ ? 

സിനിമയില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചവരില്‍ മുകേഷ് ചുരുക്കം  ചില സീനുകളില്‍ ചിരിപ്പിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല . ലക്ഷ്മി റായ്ക്ക്  മാധവന്‍ നായരേ ഇഷ്ടമാണ് എന്ന് പറയുമ്പോഴും, സങ്കടം വന്നു കരയുമ്പോഴും ഒരേ ഭാവമാണ് . പിന്നെ ഒരു കാര്യമുള്ളത്‌ ഭയങ്കര സങ്കടത്തില്‍ പോലും ലക്ഷ്മി റായ് സ്ക്രീനില്‍ വരുന്നത് കുറച്ചു മുന്‍പ് ബ്രൈഡല്‍ മേക്കപ്പ് കഴിഞ്ഞത് പോലെയാണ്.    നായികമാരില്‍ തമ്മില്‍ ഭേദം ഭാവനയാണ് .പതിവ് സ്മാര്‍ട്ട് പെണ്‍കുട്ടി വേഷമാണ് എങ്കിലും കിട്ടിയ വേഷം ഭാവന നന്നായി ചെയ്തു എന്ന് എനിക്ക് തോന്നി .നെടുമുടി വേണു, ഇന്നസെന്റ്‌ , മാമുക്കോയ , മണിയന്‍ പിള്ള രാജു, സുരാജ് വെഞാന്മൂട് , ശക്തി കപ്പൂര്‍ എന്നിവരൊക്കെ പലപ്പോഴായി സ്ക്രീനില്‍ വന്നു പോകുന്നുണ്ട്. കൂടെ എനിക്ക് പേര് അറിഞ്ഞ്  കൂടാത്ത കുറെ ആളുകളും . ഇവര്‍ക്കാര്‍ക്കും തന്നെ കഥയിലെ കണ്ഫ്യൂഷന്‍ കൂട്ടുക എന്നതല്ലാതെ കാര്യമായിട്ട് ഈ സിനിമയില്‍ ഒന്നും ചെയ്യാനില്ല. 

അഭിനയിക്കുന്നവരില്‍ മിക്കവര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തത്  ഒരു  പക്ഷെ കഥയും തിരക്കഥയും ഒക്കെ ഇങ്ങനെ ആയതു കൊണ്ടാകും .ചിരിപ്പിക്കാത്ത കോമഡിയും, ഒരു ലോജിക്കും ഇല്ലാത്ത കുറെ സീനുകളും .അതാണ്‌ അറബിയും ഒട്ടകവും പി മാധവന്‍ നായരും വെറുതെ തലതല്ലി ചിരിക്കാനുള്ള ഒരു സിനിമ പ്രതീക്ഷിച്ച് പോകുമ്പോള്‍   സിനിമയില്‍ ലോജിക്ക് നോക്കേണ്ട കാര്യമില്ല . എങ്കിലും മുഖംമൂടിയൊക്കെ ഇട്ട് ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ മോഷ്ടിക്കാന്‍ കയറുന്ന ഒരാള്‍ സ്വന്തം അക്ക്സസ്സ് കാര്‍ഡ് ഉപയോഗിച്ച് ആളില്ലാത്ത ഓഫീസ് തുറക്കുക , ഒരു പേപ്പര്‍ വെയിറ്റ് വീഴുന്ന ശബ്ദം കേട്ട് ഗാര്‍ഡ് ഓടി വരുന്ന സ്ഥലത്ത് അവിടെയുള്ള സാധനങ്ങള്‍ ഒക്കെ തല്ലി പൊട്ടിക്കുക , അങ്ങനെയുള്ള ഒരുപാട് സീനുകള്‍ കാണേണ്ടി വന്നാലോ ?  അങ്ങനെയുള്ള മണ്ടത്തരങ്ങള്‍ ഒരുപാടുണ്ട് ഈ സിനിമയില്‍ .

ഈ സിനിമയില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് ക്യാമറയാണ് (അഴഗപ്പന്‍ ). മരുഭൂമി ഒക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷേ പലപ്പോഴും വിഷ്വല്‍ ബ്യൂട്ടി മാത്രം മതി സ്ക്രീനില്‍ വേറെ കണ്ടന്റ് ഒന്നും വേണ്ട എന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചത് പോലെ ഒരു ഫീലും തോന്നി . പാട്ടുകളില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് മാധവേട്ടന്‍ എന്ന് തുടങ്ങുന്ന പാട്ടാണ് (സംഗീത സംവിധാനം : എം ജി ശ്രീകുമാര്‍ ).ബി ജി  എം ചില വെസ്റ്റേണ്‍ ക്ലാസിക്കുകളെ ഓര്‍മിപ്പിക്കും പക്ഷെ സിനിമയില്‍ കാണിക്കുന്ന സീനുകളുമായി പലപ്പോഴും അതിനു ഒരു ബന്ധവും തോന്നിച്ചില്ല  .

ചുരുക്കത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി പോയി നിരാശപ്പെട്ട സിനിമ .അതാണ്‌ എനിക്ക് അറബിയും ഒട്ടകവും പി മാധവന്‍ നായരും . ചിലപ്പോള്‍ പ്രിയദര്‍ശനെ പൊലൊഎ ഒരു സംവിധായകനില്‍ നിന്നും , മോഹന്‍ലാലിനെ പോലെ ഒരു സീനിയര്‍ ആക്ടറില്‍ നിന്നും സിനിമയില്‍ (അത് സ്ലാപ് സ്റ്റിക്ക് കോമഡിയുടെ കാര്യത്തിലായാലും സീരിയസ് സബ്ജെക്ട്ടിന്റെ കാര്യത്തില്‍ ആയാലും )ഞാന്‍ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഈ സിനിമക്ക് ഇല്ലാത്തതാവാം അങ്ങനെ തോന്നാന്‍ കാരണം .
  
PS :ഫാന്‍സുകാരെ പേടിച്ച് ആദ്യത്തെ ദിവസം സിനിമക്ക് കൂടെ വരാന്‍ ശ്രുതിക്കും ,ജാസ്മിനും ഒക്കെ പേടിയാണ് . എങ്കിലും എന്നെ ഒറ്റയ്ക്ക് വിട്ടു നാളെ പേപ്പറില്‍ മോഹന്‍ലാലിന്റെ സിനിമക്ക് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്ന ന്യൂസ് വരണ്ട എന്ന് കരുതിയാകണം , രണ്ടാളും വന്നു .ആദ്യമേ തന്നെ പറയട്ടെ , പേടിക്കുന്നതിന്  അവരെ കുറ്റം പറയാന്‍ ഒക്കില്ല .മോഹന്‍ലാലിനെ സ്ക്രീനില്‍ കാണുമ്പോള്‍   ഒക്കെ കയ്യടിക്കുന്നത് പോട്ടെ എന്ന് വെയ്ക്കാം. പക്ഷെ ഇടയ്ക്കിടെ ഡയലോഗുകള്‍ കേള്‍ക്കാന്‍ പറ്റാത്ത തരത്തില്‍ മമ്മൂട്ടിയെ കളിയാക്കുന്ന സ്ലോഗനുകള്‍ ഒക്കെ എന്തിനാ ? സിനിമ കാണാന്‍ വന്നിരിക്കുന്നവര്‍ സന്തോഷത്തോടെ മുഴുവന്‍ സിനിമയും കാണട്ടേ എന്നല്ലേ നല്ല ഫാന്‍സ്‌ വിചാരിക്കേണ്ടത് ?