Monday 2 May 2011

മേല്‍വിലാസം :Melvilaasam

തിയറ്ററില്‍ സിനിമ കാണാന്‍ ഇരികുമ്പോള്‍ പേടി തോന്നിയ അനുഭവം നിങ്ങള്‍ക്ക്  ഉണ്ടായിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഞെട്ടലും പേടിയും അല്ല ഞാന്‍ ഉദ്ദേശിച്ചത് . വലിയ ഒരു തിയറ്ററില്‍ ഇരുട്ടില്‍ , ചുറ്റും അധികം ആളുകള്‍ ഒന്നുമില്ലാതെ സിനിമ കാണേണ്ടി വരുമ്പോള്‍ ചില്ലറ പേടിയൊക്കെ തോന്നില്ലേ ? മേല്‍വിലാസം എന്ന പുതിയ മലയാളം സിനിമ കാണാന്‍ പോയപ്പോള്‍ എനിക്കും,ജാസ്മിനും,ശ്രുതിക്കും ആ പേടി എന്താണ് എന്ന് ശരിക്കും മനസ്സിലായി . ആദ്യത്തെ ഷോയ്ക്ക് തന്നെ നിര്‍ബന്ധിച്ച് പിടിച്ചു വലിച്ചു കൊണ്ട് പോയതിനുള്ള ചീത്ത ജാസ്മിനും ,ശ്രുതിയും പടം തുടങ്ങുന്നത് വരെ എനിക്ക് ഇരുവശവും ഇരുന്നു എന്റെ രണ്ടു ചെവിയിലുമായി പറഞ്ഞു . ഇങ്ങനെ ജനം കയറാത്ത സിനിമക്ക് ഞങ്ങളെ പിടിച്ചുവലിച്ചു കൊണ്ട് പോയി ഒടുക്കം വിജനമായ തിയറ്ററില്‍ മൂന്നു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നീ പത്രത്തില്‍ വരുത്തും എന്ന് വരെ അവര്‍ പറഞ്ഞു. പക്ഷേ ലോജിക്കലി ആ പറഞ്ഞതിന്  ചാന്‍സ് കുറവാണ് .കാരണം പീഡിപ്പിക്കാന്‍ നാലാമത് ഒരാളെങ്കിലും ആ തിയറ്ററില്‍ വേണ്ടേ?
പീഡിപ്പിക്കാന്‍ ആളില്ലാത്തത് ആശ്വാസമേകിയെങ്കിലും ,മേല്‍വിലാസം എന്ന സിനിമ അവസാനിച്ചപ്പോള്‍ ,ഒഴിഞ്ഞ കസേരകള്‍ പ്രേക്ഷത്വം  അര്‍ഹിക്കുന്ന ഒരു സിനിമയല്ല ഇത് എന്ന ഉറച്ച വിശ്വാസവുമായിട്ടാണ് ഞാന്‍ തിയറ്റര്‍ വിട്ടത് . 


പുതുമുഖ സംവിധായകനായ മാധവ്  രാമദാസന്‍ , സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ഈ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ   ചിത്രം തീര്‍ച്ചയായും ഒരു നല്ല സിനിമ തന്നെയാണ് . 
എന്ന് കൂട്ടുകാരികളോട് വാദിച്ചു സമര്‍ത്ഥിക്കാന്‍   തയ്യാറായാണ്   ഞാന്‍ വണ്ടിയില്‍ കയറയിയതും .പക്ഷേ വാ തുറക്കും മുന്‍പ് 'നിന്നെ പോലുള്ള അപൂര്‍വ്വം ചില വട്ട് കേസുകള്‍ എന്ന് സിനിമ കാണുന്നത് നിറുത്തുന്നോ അന്ന് മലയാള സിനിമയില്‍  എല്ലാവനും നല്ല സിനിമ എടുക്കാനുള്ള ചെറിയ ശ്രമങ്ങള്‍ പോലും ഉപേക്ഷിക്കും ' എന്ന് ജാസ്മിന്‍ പറഞ്ഞ് കളഞ്ഞു  .


ഒരു പട്ടാള കോടതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം . സവാര്‍ (ജവാന്‍ ) രാമചന്ദ്രന്‍ എന്ന പട്ടാളക്കാരന്‍ മേലുദ്യോഗസ്ഥരായ രണ്ടു പേരില്‍ ഒരാളെ വെടിവെച്ചു കൊന്നു ,മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്നതാണ് വിചാരണക്ക് ആസ്പദമായ സംഭവം  .


രാമചന്ദ്രന് വേണ്ടി പട്ടാളക്കോടതിയില്‍ വാദിക്കാന്‍ ഹാജരാകുന്നത് ക്യാപ്റ്റന്‍ വികാസ് റായി . സര്‍ക്കാര്‍ വക്കീല്‍ അല്ലെങ്കില്‍ പ്ലീഡര്‍ മേജര്‍ അജയ് പൂരി . പട്ടാളക്കോടതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ കേണല്‍ സൂരജ് സിംഗ് . രാമചന്ദ്രന്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച ക്യാപ്റ്റന്‍ ബി ഡി കപ്പൂര്‍  പിന്നെ ഏതാനം സാക്ഷികളും ; ഇത്രയും ആളുകളാണ് ഈ ചിത്രത്തില്‍ രാമചന്ദ്രനെ കൂടാതെ പ്രധാന കഥാപാത്രങ്ങള്‍ .കഥ നടക്കുന്ന രണ്ടു മണിക്കൂര്‍ നേരവും ക്യാമറ കോടതി മുറിയില്‍ തന്നെയാണ് .ഇടയ്ക്കിടെ പുറത്തു കേള്‍ക്കുന്ന ബൈക്കുകളുടെയും, ഹെലികോപ്പ്റ്ററിന്റെയും, പരേഡ് ബൂട്ടുകളുടെയും  ശബ്ദങ്ങള്‍ പട്ടാള ക്യാമ്പിന്റെ പൂര്‍ണ്ണത ദ്രിശ്യങ്ങള്‍ ഒഴിവാക്കി തന്നെ കാണുന്നവരില്‍ എത്തിക്കുന്നുണ്ട് . തന്നെയുമല്ല   വിചാരണ നടക്കുന്ന കേസിന് ആസ്പദമായ സംഭവവുമായി  ബൈക്കിന്റെ ശബ്ദത്തിന് വല്ലാത്ത ഒരു ബന്ധവും ഉണ്ട് .

ചില സംഭവങ്ങള്‍ വിശദീകരിക്കപ്പെടുപോള്‍ പശ്ചാത്തലത്തിലെ ബൈക്കിന്റെ ശബ്ദം കോടതി മുറിയുടെ പുറത്തു എന്നത് പോലെ തന്നെ കഥാപാത്രങ്ങളുടെ മനസ്സിലും ആകാം എന്ന സൂചന  , കാണികള്‍ക്ക് നല്‍കുന്ന തന്ത്രം സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോയില്‍ നിന്നും കടമെടുത്തതാകാം (അതെ ഷോയിലെ ഒരു നാടകം തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയുടെ അടിസ്ഥാനം ). അതെന്തായാലും പശ്ചാത്തല ശബ്ദങ്ങള്‍ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി ഇഴ ചേര്‍ത്തു കാണികളില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം.

പാര്‍ത്ഥിപന്‍  അവതരിപ്പിക്കുന്ന സവാര്‍ രാമചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയുടെ തുടക്കത്തില്‍ ഏറെയും നിശബ്ദനാണ് .മേലുദ്യോഗസ്ഥരില്‍ ഒരാളെ കൊല്ലുകയും,മറ്റൊരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ കഥയുടെ തുടക്കത്തില്‍ തന്നെ അയാള്‍ ഏറ്റു പറയുന്നുണ്ട്. എന്തിന് അങ്ങിനെ ചെയ്തു എന്ന് പറയാതെ തൂക്കുമരം സ്വീകരിക്കാന്‍ ഒരുങ്ങി പട്ടാളക്കോടതിയെ അഭിമുഖീകരിക്കുന്ന ആളാണ് രാമചന്ദ്രന്‍ . മരണ ശിക്ഷ തന്റെ കക്ഷിക്ക് ഉറപ്പാണ്‌ എന്ന് സുരേഷ് ഗോപി അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ വികാസ് റായിക്കും അറിയാം.എങ്കിലും ക്യാപ്റ്റന്‍ വികാസ് റായ് ആ കേസ് ഏറ്റെടുക്കുന്നത് വ്യക്തമായ ഉദ്ദേശങ്ങള്‍ മുന്നില്‍ക്കണ്ട് കൊണ്ടാണ് .കഥ പുരോഗമിക്കവേ , കുറ്റകൃത്യം ചെയ്യുവാന്‍ രാമചന്ദ്രനെ പ്രേരിപിച്ച സംഭവങ്ങള്‍ ക്യാപ്റ്റന്‍ റായ് വെളിച്ചത്ത് കൊണ്ട് വരുന്നു . ക്യാപ്റ്റന്‍ വികാസ് റായിലൂടെ തെളിയുന്ന സത്യങ്ങള്‍  കഥയെ  ക്ലൈമാക്സിലേക്ക് നയിക്കുന്നു .


അഭിനേതാക്കളില്‍ പാര്‍ത്ഥിപന്‍ മികച്ചു നില്‍ക്കുന്നു.തുടക്കത്തില്‍ നിശബ്ദനും, കഥ പുരോഗമിക്കവേ ഇടയ്ക്കിടെ അയാളെ ജയിക്കാന്‍ ശ്രമിക്കുന്ന വികാരങ്ങളോട് പൊരുതുന്ന കരുത്തനായ പട്ടാളക്കാരനായി പാര്‍ത്ഥിപന്‍  അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് .ക്യാപ്റ്റന്‍ ബി ഡി കപ്പൂറിന്റെ  ഓര്‍ഡര്‍ലിയായി ജോലി ചെയ്യുന്ന കാലത്ത് രാമചന്ദ്രന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പട്ടാളക്കോടതിയില്‍ വെളിവാകുന്നുണ്ട്‌ . ആ രംഗങ്ങളിലെല്ലാം   പാര്‍ത്ഥിപന്‍ അഭിനേതാവ് എന്ന നിലയില്‍ ശരിക്കും സ്കോര്‍ ചെയ്യുന്നുണ്ട് 

 ക്യാപ്റ്റന്‍ വികാസ് റായി എന്ന കഥാപാത്രത്തെ സുരേഷ് ഗോപി കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു. ഒരു സുബേദാര്‍ സാക്ഷിക്കൂട്ടില്‍ ഇരിക്കവേ അയാളെ വിസ്തരിക്കുന്ന വേളയില സുബേദാര്‍ സാബ് , സുബേദാര്‍ , പിന്നെ അയാളുടെ പേര് , ഇങ്ങനെ മാറി മാറി വിളിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍  . ആ രംഗത്തിന്റെ  അവസാനത്തില്‍ , വെളിവാകുന്ന ഒരു സത്യത്തോട്  ക്യാപ്റ്റന്‍ വികാസ് റായ് പ്രതികരിക്കുന്നത് വരെയുള്ള നിമിഷങ്ങളിലെ സംഭാഷണങ്ങളില്‍  നിന്നും നാടകീയത തീര്‍ത്തും ഒഴിവാക്കുക എന്നത് അത്ര എളുപ്പമല്ല. ഒരു അഭിനേതാവിന്റെ കഴിവ് തന്നെയാണ് അത് .

മറ്റ് അഭിനേതാക്കളില്‍ തലൈവാസല്‍  വിജയ്‌ അവതരിപ്പിക്കുന്ന പട്ടാളക്കോടതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ കേണല്‍ സൂരജ് സിംഗ് മുന്നിട്ടു നില്‍ക്കുന്നു. നടന്‍ വിജയ്‌ മേനോന്‍ ശബ്ദം നല്‍കിയ ഈ കഥാപാത്രം , പ്രവര്‍ത്തിയിലും  , നടപ്പിലും , പെരുമാറ്റത്തിലും ഒരു തികഞ്ഞ പട്ടാളക്കാരനാണ്‌ . 

ഗവര്‍ണമെന്റ് പ്ലീഡര്‍ മേജര്‍ അജയ് പൂരിയായി കക്ക രവി , സാക്ഷിയായി വരുന്ന  പട്ടാള ഡോക്ക്ടര്‍ ആയി അശോകന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. 


സീരിയല്‍ /സിനിമാ നടന്‍ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്യാപ്റ്റന്‍ ബി ഡി കപ്പൂര്‍ ആണ് ഈ സിനിമയില്‍ അല്‍പ്പമെങ്കിലും മോശമായി എന്ന്  പറയാനുള്ള ഏക ഘടകം . സിദ്ധിഖ്  അല്ലെങ്കില്‍  ആനന്ദ് (തൊമ്മനും മക്കളും / ദ ടൈഗര്‍  ) അങ്ങനെ ആരെങ്കിലും ആയിരുന്നു ഈ കഥാപാത്രത്തിന് കൂടുതല്‍ ചേര്‍ച്ച . 

ഏതായാലും ഇത്തരം ഒരു സിനിമ തികഞ്ഞ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്ത സംവിധാകന്‍ മാധവ്  രാമദാസന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടാണ് .

സാങ്കേതികമായും ഏറെ പിഴവുകള്‍ ഒന്നും ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്ത ഒരു കൊച്ച് നല്ല ചിത്രം .അതാണ്‌ എനിക്ക് മേല്‍വിലാസം.


ബഹുഭൂരിപക്ഷം വരുന്ന കാണികള്‍ ഈ ചിത്രത്തെ തിയറ്ററിന്റെ പടി പോലും കാണാതെ അവഗണിച്ചാല്‍ , അന്തിമ നഷ്ടം അവര്‍ക്ക് തന്നെയാണ് .വല്ലപ്പോഴുമെങ്കിലും നല്ല മലയാള സിനിമകള്‍ നിര്‍മ്മിക്കപ്പെടാനുള്ള സാധ്യതകളാണ് ഇത്തരത്തില്‍ ഇല്ലാതാകുന്നത് 

9 comments:

  1. good review with micro details...could not see the movie till now..

    ReplyDelete
  2. ഇങ്ങിനെയൊരു ബ്ലോഗുള്ളതായി അറിയില്ലായിരുന്നു. ഏതായാലും ഇനി ഇവിടൊക്കെത്തന്നെ കാണും. :)

    കൃഷ്ണകുമാറിന്റെ കാര്യം പറഞ്ഞതിനോട് യോജിപ്പ്. സിദ്ദിഖ് ഒരു നല്ല ഓപ്ഷനായിരുന്നു. സിദ്ദിഖായിരുന്നെങ്കില്‍ മറ്റുള്ളവരേക്കാള്‍ ആ കഥാപാത്രം മികച്ചു നില്‍ക്കുമായിരുന്നു.

    ഇത്രയും കഥ പറയണോ, അക്ഷരത്തെറ്റുകള്‍ ഒന്നുകൂടി വായിച്ചാല്‍ ഒഴിവാക്കാം, വരികള്‍ കുറച്ചു കൂടി ഭംഗിയാക്കാം എന്നൊക്കെ ആദ്യവായനയില്‍ തോന്നി.

    മറ്റു ചിലത്: സ്പാം അധികമില്ലെങ്കില്‍ ഈ വേഡ് വേരിഫിക്കേഷന്‍ വേണ്ടെന്നു വെയ്ക്കാം. ഇത്ര ദിവസങ്ങള്‍ക്കു ശേഷം വരുന്നവയ്ക്ക് മോഡറേഷന്‍ വെച്ചാല്‍ സ്പാം കുറഞ്ഞോളും. ചിന്ത, ജാലകം അഗ്രിഗേറ്ററുകളില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യുകയും ചെയ്യൂ.
    --

    ReplyDelete
  3. നല്ല ബ്ലോഗും റിവ്യൂസും....

    ReplyDelete
  4. മോഹൻ അല്ല മാധവ് ആണ് സംവിധായകൻ

    ReplyDelete
  5. താങ്ക്സ് രാകേഷ്. തെറ്റ് തിരുത്തിയിട്ടുണ്ട്

    ReplyDelete
  6. ഒരു റിവ്യൂവര്‍ എന്നാ നിലയില്‍ പ്രിയ അഭിനന്ദനം അര്‍ഹിക്കുന്നു, പുതിയ മലയാളം സിനിമ വന്നാല്‍ ഇവിടെ വന്നു അഭിപ്രായം അറിഞ്ഞിട്ടേ പോകു, അഭിനന്ദനം പ്രിയ, കഥ മുഴുവനായി പറയുന്ന രീതി ഒഴിവാക്കിയാല്‍ ഒരു spoiler effect ഒഴിവാക്കാമായിരുന്നു

    ReplyDelete
  7. ഈ സിനിമയില്‍ എന്റെ കൂട്ടുകാരനും അഭിനയിച്ചിട്ടുണ്ട്

    ReplyDelete
  8. ട്രഫികിനു ശേഷം മലയാളത്തില്‍ ഒരു നല്ല സിനിമ.
    കുറെ A few good men എന്നാ ഇംഗ്ലീഷ് സിനിമയുമായി ഒരുപാട് സാമ്യം ഉണ്ട്.

    ReplyDelete
  9. എന്തായാലും ഈ സിനിമ കാണണം .... നല്ല റിവ്യൂ സ് ആണല്ലോ ... ചൈന ടൌണ്‍ കണ്ട ക്ഷീണം ഒന്ന് മാറട്ടെ ...!!!!
    ഒരു കൊച്ചു നിര്‍ദേശം : റിവ്യൂ ഇടുമ്പോള്‍ സിനിമ യുടെ പോസ്റ്റര്‍ കൂടി അപ്‌ലോഡ്‌ ചെയ്‌താല്‍ നന്നായിരിക്കും ....

    ReplyDelete