Friday 24 June 2011

ആദാമിന്‍റെ മകന്‍ അബു :Adaminte Makan Abu

ആര്‍ട്ട് , അവാര്‍ഡ് സിനിമകള്‍  എന്നൊക്കെ കേള്‍ക്കുമ്പോള്‍  വല്യ വിവരമുള്ള കുറെ ആളുകള്‍ രഹസ്യമായി കണ്ട് അവാര്‍ഡുകള്‍ ഒക്കെ കൊടുക്കുന്ന സിനിമകളാണ്  എന്നായിരുന്നു സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയും മുന്‍പേ എന്‍റെ ധാരണ. അത്തരം സിനിമകളൊന്നും എന്നെപ്പോലെയുള്ള  സാധാരണക്കാര്‍ക്ക് കണ്ടാല്‍ മനസിലാവില്ല എന്നും ഞാന്‍ ധരിച്ച്  വെച്ചിരുന്നു. അരവിന്ദന്‍റെ ഒക്കെ സിനിമകള്‍ കണ്ടപ്പോള്‍ (പലതും കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ എന്ന് പറയുന്നതാവും ശരി ) ആ ധാരണ ശരിയാണ് എന്ന  വിശ്വാസം എന്നില്‍  ശക്തമാവുകയും ചെയ്തു. ഈ സിനിമകളൊക്കെ മുഴുവന്‍ ക്ഷമിച്ചിരുന്നു കണ്ട് ഇതിനൊക്കെ വല്യ വല്യ അവാര്‍ഡുകള്‍ കൊടുക്കുന്ന ആളുകളെ എനിക്ക് ഭയങ്കര ബഹുമാനവുമായിരുന്നു. പക്ഷേ രണ്ട് ഹിന്ദി സിനിമകള്‍ അവാര്‍ഡുകള്‍ ഏറെ ലഭിച്ച സിനിമകളെക്കുറിച്ചുള്ള  എന്‍റെ കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റി. ഗോവിന്ദ് നിഹലാനിയുടെ ദ്രോഹ്കാലും , വിധു വിനോദ് ചോപ്രയുടെ പരിന്ദയും. പിന്നെ സാവധാനത്തില്‍ കുറെയധികം വിദേശ ചിത്രങ്ങളും. ഭയങ്കര ബുദ്ധി ജീവിയാണ് ഞാന്‍ എന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ (ജീവിയാണ് എന്ന് അവര്‍ സര്‍ട്ടിഫിക്കറ്റ് തന്നു കഴിഞ്ഞു ) കണ്ട് തുടങ്ങിയ വിദേശ ചിത്രങ്ങള്‍ ഒടുക്കം തലയ്ക്കു പിടിച്ചു എന്ന് ജാസ്മിന്‍ .  ഇത്രയും പഴമ്പുരാണം വിളമ്പിയത് കണ്ടിരിക്കാന്‍ നല്ല സുഖമുള്ള, അവാര്‍ഡ് പടം എന്ന ലേബലില്‍ അറിയപ്പെടുന്ന, ഒരു സിനിമ കണ്ടതിന്‍റെ സന്തോഷത്തിലാണ്. ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം.

സിനിമയുടെ തുടക്കം തന്നെ മനോഹരമായ ഒരു പെയിന്‍റിംഗ് പോലെയാണ് . ഒരു കല്‍പ്പടവില്‍ കോരിച്ചൊരിയുന്ന മഴയത്ത് കുട ചൂടി സ്ക്രീനിന് എതിര്‍ ദിശയിലേക്ക്  മുഖം തിരിച്ച് മഴയിലേക്ക്‌ നോക്കുന്ന സലിം കുമാറിന്‍റെ രൂപത്തോടൊപ്പം ആദാമിന്‍റെ മകന്‍ അബു എന്ന പേര് തെളിഞ്ഞപ്പോള്‍ തന്നെ ഒരു സന്തോഷമൊക്കെ തോന്നി .ആ സന്തോഷം രണ്ട് മണികൂര്‍ നീളമുള്ള സിനിമയുടെ ഒരു ഭാഗത്ത് പോലും നഷ്ടമായില്ല എന്ന് മാത്രമല്ല , വര്‍ദ്ധിക്കുകയും ചെയ്തു .  നവാഗതനായ സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ സിനിമയുടെ കഥയും ,കഥാപാത്രങ്ങളും മുഴുവനായി നന്മയുടെ വഴികളില്‍ സഞ്ചരിക്കുന്നവരാണ്. എങ്കിലും ഒരിടത്ത് പോലും യാദാര്‍ത്ഥ്യ ബോധമില്ലാത്ത  സാരോപദേശ കഥ എന്ന് തോന്നിപ്പിക്കാത്ത അവതരണം ആദാമിന്‍റെ മകന്‍ അബുവിനെ ഹൃദയ സ്പര്‍ശിയായ  ഒരു സിനിമയാക്കുന്ന.

 അത്തറും, പുസ്തകങ്ങളും ,  മരുന്നുകളും  വിറ്റ് ഉപജീവനം കഴിക്കുന്ന അബുവിന്‍റെയും (സലിം കുമാര്‍ ) അയാളുടെ ഭാര്യയായ ആയിഷയുടെയും (സറീന വഹാബ് ) ജീവിതാഭിലാഷം ഹജ്ജിന് പോവുക എന്നതാണ്.  ആ വൃദ്ധ ദമ്പതികള്‍ ഹജ്ജിന് പോകുവാന്‍  നടത്തുന്ന  ശ്രമങ്ങളിലൂടെയാണ് ആദമിന്‍റെ മകന്‍ അബു വികസിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങളായി ഉറുമ്പ്‌ അരിമണി കൂട്ടി വെയ്ക്കുമ്പോലെ  കൂട്ടി വെച്ച സമ്പാദ്യവും  ടിക്കറ്റ് , വിസ എന്നിവയ്ക്ക് തികയാതെ വരുമ്പോള്‍ ആയിഷയുടെ മൂന്ന് പവന്‍റെ ആഭരണങ്ങളും , വീട്ടു മുറ്റത്തെ വരിക്ക പ്ലാവും , വീട്ടിലെ പശുക്കളെയും വിറ്റു കിട്ടുന്ന പണവും ഉപയോഗിച്ച്  തങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തികരിക്കാന്‍ അവര്‍ ശ്രമിക്കുന്നു.  ദുബായിലുള്ള ഏക മകനാല്‍ ഉപേക്ഷിക്കപ്പെട്ട  ആ ദബതികളുടെ ആഗ്രഹത്തിന്‍റെ വഴിയില്‍  തടസങ്ങള്‍ ഏറെ ഉണ്ടാകുന്നു. പക്ഷെ അത് പോലെ തന്നെ നന്മ നിറഞ്ഞ സഹായങ്ങളും അവര്‍ക്ക് ലഭിക്കുന്നു . അബുവിന്‍റെ വിശ്വാസങ്ങളും , ഭക്തിയും തന്നെ അയാളുടെയും , പത്നിയുടെയും ജീവിതാഭിലാഷത്തിന് മാര്‍ഗ്ഗ തടസ്സമാകുന്നിടത്ത് ആദാമിന്‍റെ മകന്‍ അബുവിലെ നന്മയുടെ അംശത്തിന്  തിളക്കമേറുന്നു.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമക്ക് ശേഷം സലിം കുമാറിന് ലഭിക്കുന്ന ഏറ്റവും മനോഹരമായ കഥാപാത്രമാണ് ഈ  ചിത്രത്തിലെ അബു.ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രകടനമാണോ അല്ലയോ,സലിം കുമാര്‍ അബുവായി സ്ക്രീനില്‍ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല .പക്ഷേ  ഒരു പ്രേക്ഷക എന്ന നിലയില്‍ തീര്‍ത്തും എന്‍റെ മനസ്സിനെ തൊട്ട കഥാപാത്രമായി അബുവിനെ മാറ്റുവാന്‍ സലിം കുമാറിന് കഴിഞ്ഞു. പ്ലാവ് വിറ്റതിന്‍റെ കണക്കു തീര്‍ത്ത്‌ ജോണ്‍സണ്‍ എന്ന തടി മില്ലുകാരന്‍ (കലാഭവന്‍ മണി ) പൈസ കൊടുക്കുന്ന സീനിലും, പാസ്പോര്‍ട്ടുകളുമായി  ട്രാവല്‍സ്സില്‍ തന്‍റെയും പത്നിയുടെയും ഹജ്ജ് യാത്രക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന അഷറഫിനെ (മുകേഷ് ) കാണാന്‍ ചെല്ലുന്ന സീനിലും ,ഗോവിന്ദന്‍ മാഷുമായുള്ള (നെടുമുടി വേണു ) സീനിലുമൊക്കെ സലിം കുമാര്‍ അബുവിന്‍റെ വിവിധ വികാരങ്ങള്‍ മുഴുവനായി കാണികളിലേക്ക് എത്തിക്കുന്നുണ്ട്.

സലിം കുമാറിനെ പോലെ തന്നെ സറീനാ വഹാബും . ആയിഷ എന്ന കഥാപാത്രം ഇപ്പോഴും അബുവിന്‍റെ നിഴലായി നില്‍ക്കുന്ന ഒരു സാധു സ്ത്രീയാണ് .പക്ഷേ ആയിഷയാണ്  അബുവിന്‍റെ   ശക്തി എന്നൊരു തോന്നല്‍ കാണികളില്‍ ഉളവാക്കുന്നതില്‍ സറീനയുടെ അഭിനയം  വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. അബുവിനൊപ്പം തന്നെ കാണികള്‍ ആയിഷയും ഓര്‍ക്കും എന്നത് തീര്‍ച്ച . പല സിനിമകളും കണ്ടിറങ്ങുമ്പോള്‍ ആ  നടന്  അല്ലെങ്കില്‍ നടിക്ക് പകരം ഇന്നാരായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് ചിന്തിച്ച് നേരം കൊല്ലുന്ന ശീലം എനിക്കുണ്ട് . ആയിഷയുടെ കാര്യത്തില്‍ ഏതായാലും അതുണ്ടായില്ല. സറീനയ്ക്ക്    അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെങ്കിലും , സിനിമ കഴിയുമ്പോള്‍ ആയിഷക്ക്‌ മറ്റൊരു നടിയുടെ മുഖം നല്‍കുക പ്രയാസമാണ്.

 അഭൌമ പരിവേഷമുള്ള ഉസ്താദ് (തമ്പി ആന്റണി ),   നാട്ടിലെ പ്രമാണിയും , പള്ളിക്കമ്മറ്റിയിലെ  പ്രമുഖനുമായ  അസനാര്‍ ഹാജി (ടി എസ് രാജു),  ഹൈദര്‍ എന്ന ചായക്കടക്കാരന്‍  (സുരാജ് വെഞ്ഞാറമ്മൂട്) , അബുവിന്‍റെ ബാല്യകാല സുഹൃത്തായ കുട നന്നാക്കുന്ന മനുഷ്യന്‍ , സുലൈമാന്‍ (ഗോപകുമാര്‍ ) എന്നിവരില്‍  ആരും ഈ കഥയില്‍ വെറുതെ വന്ന് പോകുന്നവര്‍ അല്ല .അതാത്  അഭിനേതാക്കള്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുകയും ചെയ്തു . അകെ എനിക്ക് ഈ സിനിമയില്‍ ആകെ ഇഷ്ട്ടപ്പെടാത്തത്  ശശി കലിംഗ  അവതരിപ്പിച്ച കബീര്‍ എന്ന പോലീസുകാരനെയാണ്.അത് ആ നടന്‍റെ ചില ചേഷ്ടകള്‍ കൊണ്ടാണ് എന്ന് തോന്നുന്നു. അല്ലാതെ കഥാപാത്രത്തിന്‍റെ കുഴപ്പമല്ല.

 സാങ്കേതികമായും ആദമിന്‍റെ മകന്‍ അബു  നല്ലൊരു സിനിമയാണ്. സലീം കുമാറിന്‍റെ അഭിനയം മാത്രമല്ല. പുതുമുഖത്തിന്‍റെ യാതൊരു പതര്‍ച്ചയും ഇല്ലാതെ തികഞ്ഞ കയ്യടക്കത്തോടെ ഈ സിനിമയെ സമീപിച്ച സലീം അഹമ്മദ് എന്ന സംവിധായകന്‍ തന്നെയാണ് ആ നേട്ടത്തിന്‍റെ പ്രധാന അവകാശി എന്ന് തോന്നുന്നു . ഒരു നല്ല സംവിധായകന്‍റെ കയ്യൊപ്പ്  പതിഞ്ഞ രംഗങ്ങള്‍ ഈ സിനിമയില്‍ ഉടനീളം കാണാം .അവയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലത് ഇവയാണ് :
  • അബു ആദ്യമായി അക്ബര്‍ ട്രാവല്‍സിന്‍റെ കോഴിക്കോട് ഓഫീസില്‍ വരുന്ന രംഗം
  • അബുവിന്‍റെയും, റസിയയുടെയും  പാസ്പോര്‍ട്ട് അപേക്ഷയുടെ പോലീസ് വെരിഫിക്കേഷന്‍ (കാണികള്‍ക്ക് തുടക്കത്തില്‍ തന്നെ കാര്യം മനസിലാകും .എങ്കിലും ആ രംഗങ്ങള്‍ നന്നായി അവതരിപ്പിക്കപ്പെട്ടു എന്നാണ് എന്‍റെ വിശ്വാസം )
  • പശുക്കളെ വില്‍ക്കുന്ന സീന്‍ (ശരിക്കും ക്ലീഷേ എന്ന് വിളിക്കപ്പെടാവുന്ന കഥാസന്ദര്‍ഭം .സറീന വഹാബിന്‍റെ സംഭാഷണങ്ങളും, സംവിധായകന്‍റെ മികവും ചേര്‍ന്ന് അതിനെ ഏറെ  ഹൃദയ സ്പര്‍ശിയാക്കി)
  • ഉസ്താദ് എന്ന കഥാപാത്രത്തിനെ മുഖം ഒരു സീനില്‍ പോലും വ്യക്തമാക്കാതെ , ശബ്ദത്തിന്‍റെ ഗാംഭീര്യത്തിന് ഊന്നല്‍ നല്‍കി അവതരിപ്പിച്ച രീതി
  • കുന്നുമ്പുറത്തെ മരവും മേഘങ്ങളും സിനിമയില്‍ കഥാപാത്രങ്ങള്‍ തന്നെയായി പരിണമിക്കുന്നത്
  • മക്കാ മദീനത്തില്‍ എന്ന ഗാനത്തിനിടെ അബു  ആഹാരം കഴിക്കുന്ന സീന്‍ (എനിക്ക് കരച്ചില്‍ വന്നു)
  • അബു പ്ലാവിന്‍ തൈ നടുന്ന സീന്‍ 
  • ചുരുക്കത്തില്‍ മുഴുവന്‍ സിനിമ  :)
    മധു അമ്പാട്ടിന്‍റെ  ക്യാമറ , ഐസക്ക്തോമസ്‌ കോട്ടുകപ്പള്ളിയുടെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഉസ്താദ് താമിസിച്ചിരുന്ന മുറിയിലേക്ക് ഹൈദര്‍ ഒറ്റയ്ക്ക് കയറി പോകുന്ന ഒരു രംഗമുണ്ട് (സിനിമയുടെ അവസാന ഭാഗത്തോട് അടുത്ത്). ക്യാമറയും , പശ്ചാത്തല സംഗീതവും കൊണ്ട് മാത്രം ഹൈദറുടെ മനോനില  അത് പോലെ കാണികളില്‍ എത്തിക്കുന്നുണ്ട്  ഈ രംഗം.  റഫീക്ക് അഹമദ് എഴുതി, രമേശ്‌ നാരായണന്‍ ഈണം നല്‍കിയ ഗാനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശങ്കര്‍ മഹാദേവനും , രമേശ്‌ നാരായണനും ചേര്‍ന്ന് പാടിയ മക്കാ മദീനത്തില്‍ എന്ന ഗാനവും , സുജാത പാടിയ മുത്തോലക്കുന്നത്തെ എന്ന ഗാനവുമാണ് . ഹരിഹരന്‍ പാടിയ കിനാവിന്‍റെ മിനാരത്തില്‍ എന്ന ഗാനം ശ്രവണ സുഖമുണ്ട്.പക്ഷേ ഗാനത്തില്‍ പലയിടത്തും ഹരിഹരന്‍റെ വാക്കുകള്‍ക്ക് വ്യക്തത കുറയുന്നത് പോലെ  തോന്നി .

    അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ , പ്രത്യേകിച്ച് മലയാളം സിനിമ , എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സാധാരണ പേടിയാണ്. ഒരു പക്ഷേ എന്‍റെ ബുദ്ധിയുടെ കുറവായിരിക്കാം . അവാര്‍ഡുകള്‍ പലതു നേടിയ പല സിനിമകളും എന്നെ വല്ലാതെ ബോറടിപ്പിച്ചവയാണ് . ആ ഒരു പേടി ആദാമിന്‍റെ മകന്‍ അബു കാണാന്‍ പോകുമ്പോഴും ഉണ്ടായിരുന്നു.പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമക്ക് അവാര്‍ഡുകള്‍ കിട്ടിയത് നന്നായി എന്ന് എനിക്ക് തോന്നി. ആ തോന്നലിനു കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, അവാര്‍ഡുകള്‍ കിട്ടിയത് കൊണ്ടാണ് ഈ സിനിമയെക്കുറിച്ച് ഞാനൊക്കെ അറിഞ്ഞത് തന്നെ. രണ്ട്, അവാര്‍ഡുകള്‍ കിട്ടിയില്ലയിരുന്നെങ്കില്‍ ഒരു പക്ഷേ ഈ നല്ല സിനിമ   കേരളത്തില്‍  തിയറ്ററുകളില്‍  എത്തുമായിരുന്നോ എന്ന് സംശയമാണ്.

    PS: അവസാന സീനില്‍ , സീറ്റില്‍ നിന്നും എഴുന്നേറ്റ് കയ്യടിച്ച കാണികളുടെ കൂട്ടത്തില്‍ കൂടി എനിക്കും ഒരു നല്ല സിനിമ കാണാന്‍ സാധിച്ചതിന്‍റെ സന്തോഷം വളരെ വലുതാണ്‌ . അത് കൊണ്ട് തന്നെ വാരി വലിച്ച് എഴുതിയതും കുറച്ചു അധികമായോ എന്ന് ഒരു സംശയം :) :)

    9 comments:

    1. ശശി കലിംഗയെ തൊട്ടുകളിക്കരുത്‌ വലിയ നടന്‍ ആണു, ഇപ്പോള്‍ അല്ലേ സിനിമയില്‍ വന്നത്‌, പാലേരി മാണിക്യത്തിലെ എസ്‌ പി, പ്റാഞ്ചി ഏട്ടനിലെ കുശിനിക്കാരന്‍ ഒക്കെയായി തകറ്‍പ്പന്‍ അഭിനയം ആയിരുന്നില്ലേ? അല്‍പ്പം ഓവറ്‍ ആക്റ്റ്‌ സംവിധായകന്‍ പറഞ്ഞിരിക്കാം

      നല്ല നടന്‍ ആണു പുള്ളി

      ReplyDelete
    2. ബ്രേക്കില്ലാത്ത സൈക്കിള്‍ പോലെ ഇങ്ങനെ കറങ്ങിയടിച്ചു നെറ്റില്‍ പോയപ്പോഴാണ് പ്രിയയുടെ ബ്ലോഗില്‍ എത്തിയത് .ഇതാരട പുതിയ ഒരു എലി (പുലിയാണ് എന്ന് ബ്ലോഗ്‌ വായിച്ചപ്പോള്‍ മനസ്സിലായി .)എന്ന് നോക്കിയപ്പോള്‍ അന്ന് സംഭവങ്ങള്‍ കുറെ കൈയ്യില്‍ ഉണ്ട് എന്ന് മനസ്സിലായത്. എന്തായാലും നല്ല നിരൂപണങ്ങളും അഭിപ്രായങ്ങളും . പിന്നെ ,മറ്റൊരു കാര്യം നല്ല വായനാസുഖം നല്‍കുന്നുണ്ട് എന്നുള്ളതാണ്. ചുമ്മാ ഒന്ന് നോക്കിന്നവന്‍ ആരാണ് എങ്ക്കിലും മുഴുവനും കാണാതെ പഠിക്കാതെ ബ്ലോഗില്‍ നിന്നും ഇറങ്ങില്ല. എന്തായാലും അഭിനന്ദനങ്ങള്‍ .തുടരുക .

      ReplyDelete
    3. Droh kaal, at those days was one movie from India, which could have competed with many international movies. A stupendous effort from Govind Nihalani. One of the best from India, always. It was a parallel movie, not like an award movie from Kerala.

      ReplyDelete
    4. "മക്ക മദീനത്തില്‍..." എന്റെയും ഇഷ്ടഗാനം. കുന്നുമ്പുറത്തെ മരവും മേഖങ്ങളും സിനിമയിലെ കഥാപാത്രങ്ങളായി മാറുന്നതിനെക്കുറിച്ച് പറഞ്ഞത് ഇഷ്ടമായി. :) ശശി കലിംഗയുടെ കബീര്‍ നന്നായി എന്നു തന്നെയാണ്‌ എനിക്കു തോന്നിയത്. ആ ചേഷ്ട വെച്ചാണല്ലോ ഹൈദര്‍ ആളെ മനസിലാക്കി വേണ്ടതു ചെയ്യുവാന്‍ അബുവിനോട് പറയുന്നത്. അതുകൊണ്ട്, ചേഷ്ടയും അധികപ്പറ്റായി തോന്നിയില്ല.

      "സ്ക്രീനില്‍ കാഴ്ച വെച്ചിരിക്കുന്നത് ഈനോന്നോന്നു അഭിപ്രായം.." - ഈനോന്നോന്ന്???

      ReplyDelete
    5. മലയാളികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഒരു ചിത്രത്തെ വാനോളം പുകഴ്ത്താനും നെറ്റ് വഴി ഗീര്‍വാണം വിടാനും ഒത്തിരി പേര്‍ ഉണ്ടാവും. എല്ലാവരും സിനിമയുടെ ടൊറന്റ് വരുന്നതും നോക്കി ഇരിക്കുകയാവും താനും.ഇത്തരം സിനിമകള്‍ തീയറ്ററില്‍ പോയി കണ്ടെങ്കിലും നമ്മള്‍ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാനായി മുന്നോട് വരേണ്ടതുണ്ട്.ഇല്ലെങ്കില്‍ ഇനിയും നല്ല സിനിമകള്‍ സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ നമുക്ക് കിട്ടാതെ വരും.കുറഞ്ഞ പക്ഷം നല്ല സിനിമകളെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം.ടൊറന്റിനായും സി ഡി കായും കാത്ത് നില്‍ക്കാതെ തിയേറ്ററില്‍ പോയി കാണാമെന്നെങ്കിലും തീരുമാനമെടുക്കുക വഴി ഈ കൊച്ചു ചിത്രത്തെ വിജയിപ്പിക്കാം! സലിം കുമാറിനും സലിം അഹമ്മദിനും അഭിനന്ദനങ്ങള്‍!

      ReplyDelete
    6. വാഴേ.. സത്യമായും ഈ സിനിമ ഞാന്‍ തീയറ്ററില്‍ പോയി തന്നെ കാണും. കട്ടായം. പറവൂര്‍ ചിത്രാഞ്ജലിയില്‍ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ന് പോകാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ.

      ReplyDelete
    7. സോറി. പ്രിയ നന്നായിട്ടുണ്ട് സിനിമയെ അവതരിപ്പിച്ചത്. സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നു ഈ വിവരണം

      ReplyDelete
    8. സിനിമയെക്കുറിച്ചുള്ള വിവരണം അസ്സലായി, സിനിമയുടെ കുറച്ചു ദ്രിശ്യങ്ങള്‍ മാത്രം T V യിലൂടെ കണ്ടായിരുന്നു അടുത്ത ഏതെങ്കിലും ദിവസത്തില്‍ ചിത്രം തിയേറ്ററില്‍ പോയി കാണണം.ഒരു പക്ഷെ ദേശിയ അവാര്‍ഡു കിട്ടിയത് കൊണ്ട് മാത്രമായിരിക്കും ഇപ്പോള്‍ ഈ ചിത്രത്തിന് തിയേറ്റര്‍ അനുവദിച്ചു കിട്ടിയത്.മലയാള സിനിമയുടെ അവസ്ഥ അതാണ്‌ ചലച്ചിത്ര വ്യവസായം ഇപ്പോള്‍ സാറ്റ് ലൈറ്റ് റൈറ്റിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന ഒരു അവസ്ഥയിലാണ് http://bloggersworld.forumotion.in

      ReplyDelete
    9. ഇത്രയൊക്കെ പറഞ്ഞതല്ലേ പ്രിയേ... ഞാനത് വായിക്കുകയും ചെയ്തു. നന്നായിട്ടുണ്ട് (പ്രിയയുടെ ഏത് ആസ്വാദനക്കുറിപ്പുകളും പോലെത്തന്നെ).
      എന്തായലും ഇതിനെപ്പറ്റി ഞാനെഴുതിയതു കോ‍ാടി വായിച്ച് ആഭിപ്രയം പറയുന്നതില്‍ വിരോ‍ധമുണ്ടാവില്ലെന്നു കരുതുന്നു.
      “ഇവിടെ”

      ReplyDelete