Friday, 24 June 2011

ആദാമിന്‍റെ മകന്‍ അബു :Adaminte Makan Abu

ആര്‍ട്ട് , അവാര്‍ഡ് സിനിമകള്‍  എന്നൊക്കെ കേള്‍ക്കുമ്പോള്‍  വല്യ വിവരമുള്ള കുറെ ആളുകള്‍ രഹസ്യമായി കണ്ട് അവാര്‍ഡുകള്‍ ഒക്കെ കൊടുക്കുന്ന സിനിമകളാണ്  എന്നായിരുന്നു സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയും മുന്‍പേ എന്‍റെ ധാരണ. അത്തരം സിനിമകളൊന്നും എന്നെപ്പോലെയുള്ള  സാധാരണക്കാര്‍ക്ക് കണ്ടാല്‍ മനസിലാവില്ല എന്നും ഞാന്‍ ധരിച്ച്  വെച്ചിരുന്നു. അരവിന്ദന്‍റെ ഒക്കെ സിനിമകള്‍ കണ്ടപ്പോള്‍ (പലതും കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ എന്ന് പറയുന്നതാവും ശരി ) ആ ധാരണ ശരിയാണ് എന്ന  വിശ്വാസം എന്നില്‍  ശക്തമാവുകയും ചെയ്തു. ഈ സിനിമകളൊക്കെ മുഴുവന്‍ ക്ഷമിച്ചിരുന്നു കണ്ട് ഇതിനൊക്കെ വല്യ വല്യ അവാര്‍ഡുകള്‍ കൊടുക്കുന്ന ആളുകളെ എനിക്ക് ഭയങ്കര ബഹുമാനവുമായിരുന്നു. പക്ഷേ രണ്ട് ഹിന്ദി സിനിമകള്‍ അവാര്‍ഡുകള്‍ ഏറെ ലഭിച്ച സിനിമകളെക്കുറിച്ചുള്ള  എന്‍റെ കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റി. ഗോവിന്ദ് നിഹലാനിയുടെ ദ്രോഹ്കാലും , വിധു വിനോദ് ചോപ്രയുടെ പരിന്ദയും. പിന്നെ സാവധാനത്തില്‍ കുറെയധികം വിദേശ ചിത്രങ്ങളും. ഭയങ്കര ബുദ്ധി ജീവിയാണ് ഞാന്‍ എന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ (ജീവിയാണ് എന്ന് അവര്‍ സര്‍ട്ടിഫിക്കറ്റ് തന്നു കഴിഞ്ഞു ) കണ്ട് തുടങ്ങിയ വിദേശ ചിത്രങ്ങള്‍ ഒടുക്കം തലയ്ക്കു പിടിച്ചു എന്ന് ജാസ്മിന്‍ .  ഇത്രയും പഴമ്പുരാണം വിളമ്പിയത് കണ്ടിരിക്കാന്‍ നല്ല സുഖമുള്ള, അവാര്‍ഡ് പടം എന്ന ലേബലില്‍ അറിയപ്പെടുന്ന, ഒരു സിനിമ കണ്ടതിന്‍റെ സന്തോഷത്തിലാണ്. ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം.

സിനിമയുടെ തുടക്കം തന്നെ മനോഹരമായ ഒരു പെയിന്‍റിംഗ് പോലെയാണ് . ഒരു കല്‍പ്പടവില്‍ കോരിച്ചൊരിയുന്ന മഴയത്ത് കുട ചൂടി സ്ക്രീനിന് എതിര്‍ ദിശയിലേക്ക്  മുഖം തിരിച്ച് മഴയിലേക്ക്‌ നോക്കുന്ന സലിം കുമാറിന്‍റെ രൂപത്തോടൊപ്പം ആദാമിന്‍റെ മകന്‍ അബു എന്ന പേര് തെളിഞ്ഞപ്പോള്‍ തന്നെ ഒരു സന്തോഷമൊക്കെ തോന്നി .ആ സന്തോഷം രണ്ട് മണികൂര്‍ നീളമുള്ള സിനിമയുടെ ഒരു ഭാഗത്ത് പോലും നഷ്ടമായില്ല എന്ന് മാത്രമല്ല , വര്‍ദ്ധിക്കുകയും ചെയ്തു .  നവാഗതനായ സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ സിനിമയുടെ കഥയും ,കഥാപാത്രങ്ങളും മുഴുവനായി നന്മയുടെ വഴികളില്‍ സഞ്ചരിക്കുന്നവരാണ്. എങ്കിലും ഒരിടത്ത് പോലും യാദാര്‍ത്ഥ്യ ബോധമില്ലാത്ത  സാരോപദേശ കഥ എന്ന് തോന്നിപ്പിക്കാത്ത അവതരണം ആദാമിന്‍റെ മകന്‍ അബുവിനെ ഹൃദയ സ്പര്‍ശിയായ  ഒരു സിനിമയാക്കുന്ന.

 അത്തറും, പുസ്തകങ്ങളും ,  മരുന്നുകളും  വിറ്റ് ഉപജീവനം കഴിക്കുന്ന അബുവിന്‍റെയും (സലിം കുമാര്‍ ) അയാളുടെ ഭാര്യയായ ആയിഷയുടെയും (സറീന വഹാബ് ) ജീവിതാഭിലാഷം ഹജ്ജിന് പോവുക എന്നതാണ്.  ആ വൃദ്ധ ദമ്പതികള്‍ ഹജ്ജിന് പോകുവാന്‍  നടത്തുന്ന  ശ്രമങ്ങളിലൂടെയാണ് ആദമിന്‍റെ മകന്‍ അബു വികസിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങളായി ഉറുമ്പ്‌ അരിമണി കൂട്ടി വെയ്ക്കുമ്പോലെ  കൂട്ടി വെച്ച സമ്പാദ്യവും  ടിക്കറ്റ് , വിസ എന്നിവയ്ക്ക് തികയാതെ വരുമ്പോള്‍ ആയിഷയുടെ മൂന്ന് പവന്‍റെ ആഭരണങ്ങളും , വീട്ടു മുറ്റത്തെ വരിക്ക പ്ലാവും , വീട്ടിലെ പശുക്കളെയും വിറ്റു കിട്ടുന്ന പണവും ഉപയോഗിച്ച്  തങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തികരിക്കാന്‍ അവര്‍ ശ്രമിക്കുന്നു.  ദുബായിലുള്ള ഏക മകനാല്‍ ഉപേക്ഷിക്കപ്പെട്ട  ആ ദബതികളുടെ ആഗ്രഹത്തിന്‍റെ വഴിയില്‍  തടസങ്ങള്‍ ഏറെ ഉണ്ടാകുന്നു. പക്ഷെ അത് പോലെ തന്നെ നന്മ നിറഞ്ഞ സഹായങ്ങളും അവര്‍ക്ക് ലഭിക്കുന്നു . അബുവിന്‍റെ വിശ്വാസങ്ങളും , ഭക്തിയും തന്നെ അയാളുടെയും , പത്നിയുടെയും ജീവിതാഭിലാഷത്തിന് മാര്‍ഗ്ഗ തടസ്സമാകുന്നിടത്ത് ആദാമിന്‍റെ മകന്‍ അബുവിലെ നന്മയുടെ അംശത്തിന്  തിളക്കമേറുന്നു.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമക്ക് ശേഷം സലിം കുമാറിന് ലഭിക്കുന്ന ഏറ്റവും മനോഹരമായ കഥാപാത്രമാണ് ഈ  ചിത്രത്തിലെ അബു.ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രകടനമാണോ അല്ലയോ,സലിം കുമാര്‍ അബുവായി സ്ക്രീനില്‍ കാഴ്ച്ച വെച്ചിരിക്കുന്നത് എന്നൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല .പക്ഷേ  ഒരു പ്രേക്ഷക എന്ന നിലയില്‍ തീര്‍ത്തും എന്‍റെ മനസ്സിനെ തൊട്ട കഥാപാത്രമായി അബുവിനെ മാറ്റുവാന്‍ സലിം കുമാറിന് കഴിഞ്ഞു. പ്ലാവ് വിറ്റതിന്‍റെ കണക്കു തീര്‍ത്ത്‌ ജോണ്‍സണ്‍ എന്ന തടി മില്ലുകാരന്‍ (കലാഭവന്‍ മണി ) പൈസ കൊടുക്കുന്ന സീനിലും, പാസ്പോര്‍ട്ടുകളുമായി  ട്രാവല്‍സ്സില്‍ തന്‍റെയും പത്നിയുടെയും ഹജ്ജ് യാത്രക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന അഷറഫിനെ (മുകേഷ് ) കാണാന്‍ ചെല്ലുന്ന സീനിലും ,ഗോവിന്ദന്‍ മാഷുമായുള്ള (നെടുമുടി വേണു ) സീനിലുമൊക്കെ സലിം കുമാര്‍ അബുവിന്‍റെ വിവിധ വികാരങ്ങള്‍ മുഴുവനായി കാണികളിലേക്ക് എത്തിക്കുന്നുണ്ട്.

സലിം കുമാറിനെ പോലെ തന്നെ സറീനാ വഹാബും . ആയിഷ എന്ന കഥാപാത്രം ഇപ്പോഴും അബുവിന്‍റെ നിഴലായി നില്‍ക്കുന്ന ഒരു സാധു സ്ത്രീയാണ് .പക്ഷേ ആയിഷയാണ്  അബുവിന്‍റെ   ശക്തി എന്നൊരു തോന്നല്‍ കാണികളില്‍ ഉളവാക്കുന്നതില്‍ സറീനയുടെ അഭിനയം  വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. അബുവിനൊപ്പം തന്നെ കാണികള്‍ ആയിഷയും ഓര്‍ക്കും എന്നത് തീര്‍ച്ച . പല സിനിമകളും കണ്ടിറങ്ങുമ്പോള്‍ ആ  നടന്  അല്ലെങ്കില്‍ നടിക്ക് പകരം ഇന്നാരായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് ചിന്തിച്ച് നേരം കൊല്ലുന്ന ശീലം എനിക്കുണ്ട് . ആയിഷയുടെ കാര്യത്തില്‍ ഏതായാലും അതുണ്ടായില്ല. സറീനയ്ക്ക്    അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെങ്കിലും , സിനിമ കഴിയുമ്പോള്‍ ആയിഷക്ക്‌ മറ്റൊരു നടിയുടെ മുഖം നല്‍കുക പ്രയാസമാണ്.

 അഭൌമ പരിവേഷമുള്ള ഉസ്താദ് (തമ്പി ആന്റണി ),   നാട്ടിലെ പ്രമാണിയും , പള്ളിക്കമ്മറ്റിയിലെ  പ്രമുഖനുമായ  അസനാര്‍ ഹാജി (ടി എസ് രാജു),  ഹൈദര്‍ എന്ന ചായക്കടക്കാരന്‍  (സുരാജ് വെഞ്ഞാറമ്മൂട്) , അബുവിന്‍റെ ബാല്യകാല സുഹൃത്തായ കുട നന്നാക്കുന്ന മനുഷ്യന്‍ , സുലൈമാന്‍ (ഗോപകുമാര്‍ ) എന്നിവരില്‍  ആരും ഈ കഥയില്‍ വെറുതെ വന്ന് പോകുന്നവര്‍ അല്ല .അതാത്  അഭിനേതാക്കള്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുകയും ചെയ്തു . അകെ എനിക്ക് ഈ സിനിമയില്‍ ആകെ ഇഷ്ട്ടപ്പെടാത്തത്  ശശി കലിംഗ  അവതരിപ്പിച്ച കബീര്‍ എന്ന പോലീസുകാരനെയാണ്.അത് ആ നടന്‍റെ ചില ചേഷ്ടകള്‍ കൊണ്ടാണ് എന്ന് തോന്നുന്നു. അല്ലാതെ കഥാപാത്രത്തിന്‍റെ കുഴപ്പമല്ല.

 സാങ്കേതികമായും ആദമിന്‍റെ മകന്‍ അബു  നല്ലൊരു സിനിമയാണ്. സലീം കുമാറിന്‍റെ അഭിനയം മാത്രമല്ല. പുതുമുഖത്തിന്‍റെ യാതൊരു പതര്‍ച്ചയും ഇല്ലാതെ തികഞ്ഞ കയ്യടക്കത്തോടെ ഈ സിനിമയെ സമീപിച്ച സലീം അഹമ്മദ് എന്ന സംവിധായകന്‍ തന്നെയാണ് ആ നേട്ടത്തിന്‍റെ പ്രധാന അവകാശി എന്ന് തോന്നുന്നു . ഒരു നല്ല സംവിധായകന്‍റെ കയ്യൊപ്പ്  പതിഞ്ഞ രംഗങ്ങള്‍ ഈ സിനിമയില്‍ ഉടനീളം കാണാം .അവയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിലത് ഇവയാണ് :
  • അബു ആദ്യമായി അക്ബര്‍ ട്രാവല്‍സിന്‍റെ കോഴിക്കോട് ഓഫീസില്‍ വരുന്ന രംഗം
  • അബുവിന്‍റെയും, റസിയയുടെയും  പാസ്പോര്‍ട്ട് അപേക്ഷയുടെ പോലീസ് വെരിഫിക്കേഷന്‍ (കാണികള്‍ക്ക് തുടക്കത്തില്‍ തന്നെ കാര്യം മനസിലാകും .എങ്കിലും ആ രംഗങ്ങള്‍ നന്നായി അവതരിപ്പിക്കപ്പെട്ടു എന്നാണ് എന്‍റെ വിശ്വാസം )
  • പശുക്കളെ വില്‍ക്കുന്ന സീന്‍ (ശരിക്കും ക്ലീഷേ എന്ന് വിളിക്കപ്പെടാവുന്ന കഥാസന്ദര്‍ഭം .സറീന വഹാബിന്‍റെ സംഭാഷണങ്ങളും, സംവിധായകന്‍റെ മികവും ചേര്‍ന്ന് അതിനെ ഏറെ  ഹൃദയ സ്പര്‍ശിയാക്കി)
  • ഉസ്താദ് എന്ന കഥാപാത്രത്തിനെ മുഖം ഒരു സീനില്‍ പോലും വ്യക്തമാക്കാതെ , ശബ്ദത്തിന്‍റെ ഗാംഭീര്യത്തിന് ഊന്നല്‍ നല്‍കി അവതരിപ്പിച്ച രീതി
  • കുന്നുമ്പുറത്തെ മരവും മേഘങ്ങളും സിനിമയില്‍ കഥാപാത്രങ്ങള്‍ തന്നെയായി പരിണമിക്കുന്നത്
  • മക്കാ മദീനത്തില്‍ എന്ന ഗാനത്തിനിടെ അബു  ആഹാരം കഴിക്കുന്ന സീന്‍ (എനിക്ക് കരച്ചില്‍ വന്നു)
  • അബു പ്ലാവിന്‍ തൈ നടുന്ന സീന്‍ 
  • ചുരുക്കത്തില്‍ മുഴുവന്‍ സിനിമ  :)
    മധു അമ്പാട്ടിന്‍റെ  ക്യാമറ , ഐസക്ക്തോമസ്‌ കോട്ടുകപ്പള്ളിയുടെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഉസ്താദ് താമിസിച്ചിരുന്ന മുറിയിലേക്ക് ഹൈദര്‍ ഒറ്റയ്ക്ക് കയറി പോകുന്ന ഒരു രംഗമുണ്ട് (സിനിമയുടെ അവസാന ഭാഗത്തോട് അടുത്ത്). ക്യാമറയും , പശ്ചാത്തല സംഗീതവും കൊണ്ട് മാത്രം ഹൈദറുടെ മനോനില  അത് പോലെ കാണികളില്‍ എത്തിക്കുന്നുണ്ട്  ഈ രംഗം.  റഫീക്ക് അഹമദ് എഴുതി, രമേശ്‌ നാരായണന്‍ ഈണം നല്‍കിയ ഗാനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശങ്കര്‍ മഹാദേവനും , രമേശ്‌ നാരായണനും ചേര്‍ന്ന് പാടിയ മക്കാ മദീനത്തില്‍ എന്ന ഗാനവും , സുജാത പാടിയ മുത്തോലക്കുന്നത്തെ എന്ന ഗാനവുമാണ് . ഹരിഹരന്‍ പാടിയ കിനാവിന്‍റെ മിനാരത്തില്‍ എന്ന ഗാനം ശ്രവണ സുഖമുണ്ട്.പക്ഷേ ഗാനത്തില്‍ പലയിടത്തും ഹരിഹരന്‍റെ വാക്കുകള്‍ക്ക് വ്യക്തത കുറയുന്നത് പോലെ  തോന്നി .

    അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ , പ്രത്യേകിച്ച് മലയാളം സിനിമ , എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സാധാരണ പേടിയാണ്. ഒരു പക്ഷേ എന്‍റെ ബുദ്ധിയുടെ കുറവായിരിക്കാം . അവാര്‍ഡുകള്‍ പലതു നേടിയ പല സിനിമകളും എന്നെ വല്ലാതെ ബോറടിപ്പിച്ചവയാണ് . ആ ഒരു പേടി ആദാമിന്‍റെ മകന്‍ അബു കാണാന്‍ പോകുമ്പോഴും ഉണ്ടായിരുന്നു.പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമക്ക് അവാര്‍ഡുകള്‍ കിട്ടിയത് നന്നായി എന്ന് എനിക്ക് തോന്നി. ആ തോന്നലിനു കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, അവാര്‍ഡുകള്‍ കിട്ടിയത് കൊണ്ടാണ് ഈ സിനിമയെക്കുറിച്ച് ഞാനൊക്കെ അറിഞ്ഞത് തന്നെ. രണ്ട്, അവാര്‍ഡുകള്‍ കിട്ടിയില്ലയിരുന്നെങ്കില്‍ ഒരു പക്ഷേ ഈ നല്ല സിനിമ   കേരളത്തില്‍  തിയറ്ററുകളില്‍  എത്തുമായിരുന്നോ എന്ന് സംശയമാണ്.

    PS: അവസാന സീനില്‍ , സീറ്റില്‍ നിന്നും എഴുന്നേറ്റ് കയ്യടിച്ച കാണികളുടെ കൂട്ടത്തില്‍ കൂടി എനിക്കും ഒരു നല്ല സിനിമ കാണാന്‍ സാധിച്ചതിന്‍റെ സന്തോഷം വളരെ വലുതാണ്‌ . അത് കൊണ്ട് തന്നെ വാരി വലിച്ച് എഴുതിയതും കുറച്ചു അധികമായോ എന്ന് ഒരു സംശയം :) :)

    Wednesday, 22 June 2011

    ഗ്രീന്‍ ലാന്‍ട്രെന്‍ :Green Lantern

    z
    കുട്ടിക്കാലത്ത് ക്വില്‍റ്റ് കഴുത്തില്‍ കെട്ടി സുപ്പര്‍ ഗേള്‍  ആയും, മറ്റു സുപ്പര്‍ ഹീറോകളായും കസിന്‍സ്സിന്‍റെയും , കൂട്ടുകാരുടെയും കൂടെ ഒരുപാട് കളികള്‍ കളിച്ചിട്ടുണ്ട് . ടൌവല്‍ കഴുത്തില്‍ കെട്ടി റോണിയെ (പന്ത്രണ്ടു വര്‍ഷങ്ങള്‍  ഞങ്ങളുടെ കുടുമ്പത്തിലെ ഒരു അംഗമായിരുന്നു ) സുപ്പര്‍ ഡോഗ് ക്രിപ്റ്റോ വരെ ആക്കിയിട്ടുണ്ട് . മാര്‍വെല്‍ , ഡി സി തുടങ്ങിയ കോമിക്കുകളില്‍ കൂടി സുപ്പര്‍ ഹീറോകളുടെ  ഒരു പട തന്നെ ഞങ്ങളുടെയൊക്കെ ഇഷ്ടങ്ങളില്‍ ഉണ്ടായിരുന്നു. ഗ്രീന്‍ ലാന്‍ട്രെന്‍ എന്ന കഥാപാത്രം , ഏറ്റവും അവസാനം പരിചയപ്പെട്ട അതിമാനുഷരായ  നായകന്മാരുടെ പട്ടികയില്‍പ്പെട്ട ആളാണ്‌. സുപ്പര്‍ മാന്‍ , ബാറ്റ്മാന്‍ , സ്പൈഡര്‍ മാന്‍ , തോര്‍ എന്നിവരുമൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍  ഗ്രീന്‍ ലാന്‍ട്രന്‍ അത്ര പോരാ എന്ന അഭിപ്രായക്കാരിയാണ് ഞാന്‍ .എങ്കിലും ഗ്രീന്‍ ലാന്‍ട്രന്‍ സിനിമയാകുമ്പോള്‍ പോയി കാണാതിരിക്കാന്‍ പറ്റില്ലല്ലോ . മോശമല്ലേ ? റയന്‍ റെയ്നോള്‍ഡ്സ് നായകനാവുക കൂടി ചെയുമ്പോള്‍ ,അവള്‍  (ഞാനേ ) തിയറ്ററില്‍ പോയി ഈ  സിനിമ കാണാതിരിക്കണമെങ്കില്‍ സിനിമ ഇറങ്ങാതിരിക്കണം എന്ന് ശ്രുതി.

    കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാര്‍ഡിയന്‍സ്  എന്ന ഒരു സംഘം അമര്‍ത്ത്യര്‍ , പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ മന:ശക്തി ആധാരമാക്കി ലോകത്തിലെ ഏറ്റവും ശക്തമായ ഒരു സമാധാന സേനയെ (ഗ്രീന്‍ ലാന്‍ട്രെന്‍  സൈന്യം) സൃഷ്ടിക്കുന്നു . ഗാര്‍ഡിയന്‍സിലെ തന്നെ ഒരു അംഗം മന:ശക്തി പോലെ തന്നെ ജീവജാലങ്ങളിലെ ഭയത്തിന്‍റെ ശക്തിയെ അധീനമാക്കാന്‍  ശ്രമിക്കുകയും ആ ശക്തിയാല്‍ പൂര്‍ണ്ണമായും അടിമയക്കപ്പെട്ടു പാരലെക്ക്സ്  എന്ന ദുഷ്ട ശക്തിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു . ഗാര്‍ഡിയന്‍സ് പാരലെക്ക്സ്സിനെ  ഒരു വിജന തലത്തില്‍ തടവിലാക്കുന്നു. വര്‍ത്തമാന കാലത്തില്‍ , തടവില്‍ നിന്നും രക്ഷപ്പെടുന്ന പാരലെക്ക്സ് ഗ്രീന്‍ ലാന്‍ട്രെന്‍ സൈന്യത്തിലെ പല പ്രമുഖരെയും കൊല്ലുന്നു, എല്ലാ വില്ലന്മാരുടെയും പതിവ് പോലെ പ്രപഞ്ചം നശിപ്പിക്കാന്‍ ഒരുങ്ങുന്നു . പാരലെക്ക്സിനാല്‍ ആക്രമിക്കപ്പെടുന്ന ആബിന്‍ സുര്‍ എന്ന ഗ്രീന്‍ ലാന്‍ട്രെന്‍ ഭൂമിയിലേക്ക് പതിക്കുന്നു. തന്‍റെ മരണം അടുത്തു എന്ന് മനസിലാക്കുന്ന ആബിന്‍ സുര്‍ , ഗ്രീന്‍ ലാന്‍ട്രന്‍മാരുടെ  ശക്തികള്‍ക്ക് ആധാരമായ മോതിരത്തിനോട് തന്‍റെ അനന്തരാവകാശിയെ  കണ്ടെത്താന്‍  നിര്‍ദ്ദേശിക്കുന്നു  .ആബിന്‍ സുറിന്‍റെ അനന്തരാവകാശിയായി മോതിരം തിരഞ്ഞെടുക്കുന്നത് ഹാല്‍ ജോര്‍ഡന്‍ എന്ന ടെസ്റ്റ്‌ പൈലറ്റിനെയാണ്.

    ആബിന്‍ സൂറിന്‍റെ സ്ഥാനത്ത് ഗ്രീന്‍ ലാന്‍ട്രെന്‍  ആയി മാറുന്ന ഹാല്‍ ജോര്‍ഡന്‍,പക്ഷേ ഗ്രീന്‍ ലാന്‍ട്രെന്‍ സൈന്യത്തില്‍ ആര്‍ക്കും സ്വീകാര്യനാകുന്നില്ല .പ്രത്യേകിച്ച് ഹാലിനെ ഗ്രീന്‍ ലാന്‍ട്രന്‍മാരുടെ ശക്തികള്‍ അഭ്യസിപ്പിക്കാന്‍ ഗാര്‍ഡിയന്‍സ് നിയോഗിക്കുന്ന സിനെസ്ട്രോ എന്ന ഗ്രീന്‍ ലാന്‍ട്രെന് . ആബിന്‍ സൂറിന്‍റെ ഉറ്റ സുഹൃത്തായ സിനെസ്സ്ട്രോ, ഗ്രീന്‍ ലാന്‍ട്രെന്‍  സൈന്യത്തിലെ ആദ്യ മനുഷ്യനായ (ബാക്കിയുള്ളവര്‍ അന്യഗ്രഹ ജീവികളാണ് ) ഹാല്‍ ഒരിക്കലും ഒരു ഗ്രീന്‍ ലാന്‍ട്രെന്‍  ആകുവാന്‍ യോഗ്യനല്ല എന്ന്തുടക്കത്തില്‍   വിശ്വസിക്കുന്നു . സിനെസ്ട്രോയുടെയും , മറ്റ് ഗ്രീന്‍ ലാന്‍ട്രെന്‍മാരുടേയും വിശ്വാസം നേടിയെടുക്കാനും , സ്വന്തം ഉള്ളിലെ ഭീതികളെ മറികടന്ന് മന:ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന മോതിരത്തിന്‍റെ അത്ഭുത ശക്തികള്‍ പൂര്‍ണ്ണമായും സ്വായത്താക്കി , പാരലെക്ക്സില്‍ നിന്നും പ്രപഞ്ചത്തെ രക്ഷിക്കാനുമുള്ള ഹാല്‍ ജോര്‍ഡന്‍റെ  ശ്രമങ്ങളാണ് ഗ്രീന്‍ ലാന്‍ട്രന്‍ എന്ന സിനിമയുടെ കഥയെ  മുന്നോട്ടു നയിക്കുന്നത്. ഒപ്പം ഭൂമിയിലെ അയാളുടെ കാമുകിയായ കോളിന്‍ ഫെറസ്സുമായുള്ള ഹാലിന്‍റെ  ബന്ധത്തിന്‍റെ ഉയര്‍ച്ചയും , താഴ്ചയും , പാരലെക്ക്സിനാല്‍ ബാധിക്കപ്പെടുന്ന   ഹെക്ടര്‍ ഹാമണ്ട് എന്ന ബയോളജിസ്റ്റ് അവരുടെ ജീവിതത്തില്‍ വില്ലനായി മാറുന്നതും ഈ സിനിമയില്‍  വിഷയങ്ങളാകുന്നു .

    കഥയും , കഥാതന്തുവും ഒക്കെ കൊള്ളാം. പക്ഷേ അത് സ്ക്രീനില്‍ കാണുമ്പോള്‍ , കുറെ പ്ലാസ്റ്റിക് മോന്തകള്‍ ഏതാണ്ടൊരു സുപ്പര്‍ പോലീസ് സൈന്യം ഉണ്ടാക്കി എന്തൊക്കെയോ ചെയ്യുന്നു, തീയും പുകയുമായി ഒരു കറുത്ത മൊട്ടത്തലയന്‍ വില്ലന്‍ , അതിനിടയില്‍ സുപ്പര്‍ പവറുകള്‍ വഴിയില്‍ കിടന്നു കിട്ടിയത് പോലെ ഒരു നായകനും; ഈ അഭിപ്രായത്തിന് ജാസ്മിനെ ഞാന്‍ കുറ്റം പറയില്ല .കാരണം മാര്‍ട്ടിന്‍ ക്യാമ്പല്‍ സംവിധാനം ചെയ്ത ഈ സിനിമ ഗ്രീന്‍ ലാന്‍ട്രെന്‍ എന്ന കഥാപാത്രത്തെയും , അയാളുടെ കഥയും പ്രേക്ഷകരിലേക്ക്  പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നത് തന്നെ . സ്പൈഡര്‍ മാന്‍ , ബാറ്റ്മാന്‍ എന്നീ സുപ്പര്‍ ഹീറോകളുടെ കഥകള്‍ പുതിയതായി സ്ക്രീനില്‍ വന്നപ്പോള്‍ , പീറ്റര്‍ പാര്‍ക്കര്‍ , ബ്രുസ് വെയിന്‍ എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ കഥയിലൂടെ അവര്‍ക്കൊപ്പം കൊണ്ട് പോകുന്നതില്‍ വിജയിച്ചിരുന്നു . പക്ഷേ ഈ സിനിമയില്‍ നിന്നും അങ്ങനെ ഒരു അനുഭവം കാണികള്‍ക്ക് തീര്‍ത്തും അന്യമാണ് . കുട്ടിക്കാലത്ത് പരീക്ഷണ പറക്കലിനിടെ പ്ലെയിന്‍ തകര്‍ന്നു മരിക്കുന്ന അച്ഛന്‍റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഹാല്‍ ജോര്‍ഡനോ , സ്വന്തം അച്ഛന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെടാനും , നായികയുടെ സ്നേഹം നേടിയെടുക്കാനും ശ്രമിക്കുന്ന ഹെക്ടര്‍ ഹാമണ്ടോ സിനിമയില്‍ ഉടനീളം ഒരിക്കല്‍ പോലും പ്രേക്ഷകരെ സ്പര്‍ശിക്കുന്നില്ല. കഥയിലെ നായികയായ കോളിന്‍ ഫെറസ്സിന് പഴയ കാലം തൊട്ടുള്ള സുപ്പര്‍ ഹീറോ നായികമാരുടെ ജോലി തന്നെയാണ് ഈ സിനിമയിലും. നായകനെ ആരാധിക്കുക, അയാള്‍ക്ക് വേണ്ട സമയത്ത് അത്യാവശ്യം പ്രചോദനം നല്‍കുക, വില്ലന്‍റെ പിടിയില്‍ അകപ്പെടുക, നായകനാല്‍ രക്ഷിക്കപ്പെടുക . സിനിമയില്‍ മറ്റ് കഥാപാത്രങ്ങള്‍ അനുവദിക്കപ്പെട്ട സ്ക്രീന്‍ സമയത്തില്‍ വെറുതെ വന്നു പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

    ഹാല്‍ ജോര്‍ഡന്‍ എന്ന നായകനായി റയന്‍ റെയ്നോള്‍ഡ്സ് , സ്വതസിദ്ധമായ ഒരു ആകര്‍ഷണീയത ആ കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് .പക്ഷേ പാതി വെന്ത തരത്തില്‍ കഥാപാത്രത്തിന്‍റെ വികാസം അതിനു പലപ്പോഴും വിഘാതമാകുന്നു എന്നതാണ് സത്യം .ഹെക്ടര്‍ ഹാമണ്ട്  എന്ന കഥാപാത്രമായി പീറ്റര്‍ സാര്‍സ്ഗാര്‍ഡ് താരതമ്യേന ഭേദപ്പെട്ട അഭിനയം കഴ്ച്ചവെയ്ക്കുമ്പോള്‍  , അവിടെയും തിരക്കഥയും , സംവിധായകനും നടനെ കൈവിടുന്നു . അച്ഛന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രത , നായികയോടുള്ള നിശബ്ദ പ്രണയം, സ്വന്തം കഴിവുകള്‍ തെളിയിക്കാനുള്ള വ്യഗ്രത, നായകനോടുള്ള അസൂയ, ഭയത്തിന്‍റെ ശക്തിയോടുള്ള ആസക്തി അങ്ങനെ വിവിധ മാനങ്ങളുള്ള കഥാപത്രമാകുന്നതിന്  പകരം   ഹെക്ടര്‍ ഹാമണ്ട് തീരെ സാധാരണ ഒരു വില്ലനായി ഒതുങ്ങുന്നതിന്‍റെ  ഉത്തരവാദികള്‍  സംവിധായകനും , കഥ-തിരക്കഥ രചിച്ചവരും തന്നെയാണ് (ഗ്രെഗ് ബെര്‍ലാന്റി , മൈക്കിള്‍ ഗ്രീന്‍  തുടങ്ങി അഞ്ച് പേര്‍ ). കോളിന്‍ ഫെറെസ്സ് എന്ന നായികയായി  ബ്ലേക്ക് ലീവ്ലി സ്ക്രീനില്‍ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു, പിന്നെ നേരത്തെ പറഞ്ഞത് പോലെ സുപ്പര്‍ ഹീറോ നായികമാര്‍ക്ക് പറഞ്ഞിട്ടുള്ള സ്ഥിരം ജോലികള്‍ ചെയുന്നു. അത്ര മാത്രം . പക്ഷേ റയന്‍ റെയ്നോള്‍ഡ്സ്സുമായുള്ള ബ്ലേക്കിന്‍റെ സ്ക്രീന്‍ കെമിസ്ട്രി ചില സീനുകളില്‍ ഏറെ അസ്വാധ്യകരമാണ.

    ഉഗ്രന്‍ സ്പെഷ്യല്‍ ഇഫെക്റ്റുകള്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ടിക്കറ്റിന് മുടക്കിയ കാശ് എങ്കിലും മുതലാകുമായിരുന്നു.പക്ഷേ അവിടെയും എന്നെ ഗ്രീന്‍ ലാന്‍ട്രെന്‍  കൈ വിട്ടു. മോശം പടങ്ങള്‍ കാണാന്‍ പിടിച്ചു വലിച്ചു കൊണ്ട് പോയാല്‍ പടം കഴിഞ്ഞു എന്‍റെ കൂട്ടുകാരികള്‍ സാധാരണ എന്നെ കൊന്ന് കൊലവിളിക്കാറുണ്ട് . സ്പെഷ്യല്‍  ഇഫെക്റ്റുകള്‍ നന്നായിരുന്നെങ്കില്‍ അത് പറഞ്ഞു എനിക്ക് തടി തപ്പാമായിരുന്നു. എവിടെ ??? അതും നടന്നില്ല . ചില സീനുകളിലോക്കെ ഗ്രാഫിക്സ് /ഇഫെക്ക് റ്റുകള്‍  തീരെ മോശമാണ് . പ്രത്യേകിച്ച് ഗാര്‍ഡിയന്‍സ്സിനെയും, പാരലെക്ക്സിനെയും   കാണിക്കുന്ന സീനുകള്‍ , ക്ലൈമാക്ക്സ്  എന്നിവ.

    സ്പെഷ്യല്‍ ഇഫെക്റ്റുകള്‍ മോശമായത് മാത്രമല്ല ഗ്രീന്‍ ലാന്‍ട്രെനെ ഒരു ബോറന്‍ സിനിമയാക്കുന്നത്. ഒട്ടും സെന്‍സില്ലാത്ത കഥ പോലെ തോന്നിപ്പിക്കുന്ന അവതരണമാണ് ഇതിലെ പ്രധാന വില്ലന്‍.

    സിനിമക്ക് പോകുമ്പോള്‍ ‍, കാറില്‍ എന്‍റെ ശബ്ദം മാത്രമാണ് കേട്ടിരുന്നത്. സിനിമ കഴിഞ്ഞു തിരികെ വരും വഴി ജാസ്മിന്‍റെയും, ശ്രുതിയുടെയും ശബ്ദങ്ങളും. ഞാന്‍, മൌനം ഗ്രീന്‍ ലാന്‍ട്രെന്‍   കാണാന്‍ ഇവളന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്ത കൂട്ടങ്ങളെ വിളിച്ചു കൊണ്ട് പോയവര്‍ക്ക് ഭൂഷണം എന്ന തത്വത്തില്‍ മുറുകെ പിടിച്ച് നിശബ്ദ. അവളന്മാര്‍ സിനിമ തിയറ്ററില്‍ ഇരുന്ന് ബോറടിച്ചതിന്‍റെ എല്ലാ ക്ഷീണവും എന്നെ ചീത്ത പറഞ്ഞു തീര്‍ത്തു. എനിക്കിത് തന്നെ കിട്ടണം. കൈയ്യിലെ കാശ് മുടക്കി ഈ കുരിശുകളെ സിനിമ കാണിച്ചത്‌ പോരാഞ്ഞ് , സിനിമ മോശമായതിനുള്ള ചീത്തയും കേള്‍ക്കണം . അവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഞാനാണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന് . എന്ത് കഷ്ടമാണ് എന്ന് നോക്കണേ.

    Saturday, 18 June 2011

    അവന്‍ ഇവന്‍ : Avan Ivan

    സേതു, നന്ദ , പിതാമഹന്‍ ഈ മൂന്ന് സിനിമകള്‍ മാത്രം മതി ബാല എന്ന സംവിധായകന്‍റെ കഴിവ് മനസിലാക്കാന്‍. പക്ഷേ നാന്‍ കടവുള്‍ എന്ന സിനിമ ഇഷ്ടപ്പെട്ടില്ല (എനിക്കല്ല.) എന്ന കാരണം പറഞ്ഞ് ബാലയുടെ പുതിയ    സിനിമയായ അവന്‍ ഇവന്‍ കാണാന്‍ വരാന്‍ മടി കാണിച്ച കൂട്ടുകാരികളെ സെന്‍റിമെന്‍റ്സ്, കാല് പിടിത്തം അങ്ങനെ പല വിദ്യകള്‍ ഇറക്കിയാണ് ഒരു വിധം തിയറ്ററില്‍ എത്തിച്ചത്. വല്ല റാ.വണ്‍ എന്നോ ഐ ഹേറ്റ് ലവ് സ്റ്റോറിസ് എന്നോ ഒക്കെ പറഞ്ഞിരുന്നെങ്കില്‍ അവളന്മാര്‍ ചാടി വീണേനെ . (നമ്മളെ പിന്നെ സിനിമ എന്ന് എഴുതി കാണിച്ചാല്‍ മതി , റെഡിയാണ്).
    ട്രാജഡിയുടെ സ്പര്‍ശമുള്ള , വയലെന്‍സ്‌ കൂടുതലുള്ള സീരിയസ് വിഷയങ്ങള്‍ മാത്രം തന്‍റെ സിനിമകളുടെ കഥാതന്തുക്കളായി തിരഞ്ഞെടുത്തിരുന്ന ബാലയുടെ ആദ്യ കോമഡി സിനിമയാണ് അവന്‍ ഇവന്‍ എന്നായിരുന്നു ഈ ചിത്രത്തെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകളും , പരസ്യങ്ങളും എല്ലാം അടിവരയിട്ടു പറഞ്ഞത്. അത് കൊണ്ട് തന്നെ ഏറെ കൌതകമുണ്ടായിരുന്നു അവനെയും ഇവനെയും കാണാന്‍. ജാസ്മിന്‍റെയും , ശ്രുതിയുടെയും ഭാഷയില്‍   നാന്‍ കടവുള്‍ ഇഷ്ടപ്പെട്ട ചുരുക്കം വട്ട് കേസുകളില്‍ ഒരാളായത് കൊണ്ടും , ബാസ് എങ്കിറ ഭാസ്കരന്‍ എന്ന സിനിമ കണ്ടിട്ടുള്ളത് കൊണ്ടും, ആര്യയെ എനിക്ക് ഇഷ്ടമാണ് . വിശാലിനെ അത്രയ്ക്ക് അങ്ങോട്ട്‌ പിടുത്തമല്ല. എങ്കിലും ബാലയുടെ സിനിമയില്‍ വെറുതെ ആരെയും കാസ്റ്റ് ചെയില്ല എന്നൊരു വിശ്വാസം  ഉണ്ടായിരുന്നു.

    പക്ഷേ അവന്‍ ഇവന്‍ കണ്ടു കഴിഞ്ഞപ്പോള്‍ , ബാല എന്തിനാ ഇങ്ങനെ ഒരു സിനിമ ചെയ്തത് എന്ന് തോന്നിപ്പോയി.കാസ്റ്റിംഗ് , അഭിനയം , സാങ്കേതികത ഇതിലൊന്നും അവന്‍ ഇവന്‍  മോശമല്ല. പക്ഷെ പ്രശ്നം സിനിമയുടെ തിരക്കഥയിലാണ്. സിനിമയുടെ ആദ്യ പകുതിയില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. കോമഡിക്ക്   വേണ്ടി കൂറേ സീനുകള്‍ കൂട്ടി ചേര്‍ത്ത ആദ്യ പകുതി . രണ്ടാം പകുതിയില്‍ ഒരു വില്ലന്‍റെ അവതരണവും , ക്ലൈമാക്സും . രണ്ടേകാല്‍ മണിക്കൂറില്‍ താഴെ മാത്രമേ  സിനിമക്ക് നീളമുളെളങ്കില്‍ പോലും ചില ഭാഗങ്ങളില്‍ ഒക്കെ വല്ലാത്ത മുഷിച്ചില്‍ തോന്നി. നല്ലത് പോലെ അവതരിപ്പിച്ചു കൊണ്ട് വരുന്ന കഥാപാത്രങ്ങള്‍ പലതും ഇടയ്ക്ക് പെട്ടെന്ന് കാണാതാവുന്ന ഒരു ഫീല്‍ കൂടിയാകുമ്പോള്‍ , ഗൌരവമുള്ള ഒരു തിരക്കഥ ഈ സിനിമക്ക് വേണ്ടി ബാല ഒരുക്കിയിരുന്നോ എന്ന സംശയവും ബാക്കി.

    അഭിനയത്തില്‍, വിശാല്‍ വാള്‍ട്ടര്‍ വണങ്കാമുടി എന്നാ വാള്‍ട്ടറായ് തന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് അവന്‍ ഇവനില്‍ ചെയ്യുന്നത്. അഭിനയത്തിലും , നാടകത്തിലുമൊക്കെ കമ്പമുള്ള കോങ്കണ്ണന്‍ അയ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ വളരെ നന്നായി തന്നെ വിശാല്‍ അവതരിപ്പിച്ചിട്ടുണ്ട് . വാള്‍ട്ടറിന്‍റെ അര്‍ദ്ധ സഹോദരനായ കുമ്പിടറേന്‍ സാമി എന്ന സാമിയായി ആര്യക്ക്  വിശാലിന് പറ്റിയ ഒരു സഹനടന്‍ ആവുക എന്നതിലുപരി  ഈ ചിത്രത്തില്‍ ഏറെയൊന്നും ചെയ്യാനില്ല. പക്ഷേ വിശാലുമായുള്ള  സീനുകളില്‍ ചിലതിലൊക്കെ ആര്യ നന്നായിട്ടുണ്ട്. കൂടാതെ തേന്മൊഴി (മധുശാലിനി ) എന്ന നായികാ കഥാപാത്രവുമായുള്ള രംഗങ്ങളിലും. മറ്റു നടീ നടന്മാരില്‍ ഏറ്റവും നന്നായത് ഹൈനെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജി  എം കുമാറാണ് . പ്രതാപമെല്ലാം നഷ്ടപ്പെട്ട പഴയ നാട്ടുരാജാവായ, വാള്‍ട്ടര്‍ , സ്വാമി എന്നിവരെ ഏറെ സ്നേഹിക്കുന്ന , നാട്ടുകാരുടെയെല്ലാം ബഹുമാനത്തിന് പത്രമായ ഹൈനെസ് എന്ന കഥാപാത്രത്തെ ജി എം കുമാര്‍ കാണികളുടെ മനസ്സില്‍ നില്‍ക്കും വിധം അവതരിപ്പിച്ചിട്ടുണ്ട്. കോമഡി ആകട്ടെ , സെന്റിമെന്റ്സ് ആകട്ടെ , ഇവയിലെല്ലാം നല്ല കയ്യടക്കം വന്ന അഭിനയം.ഹൈനെസ്സില്‍ ബാലയുടെ മിഴിവുറ്റ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലുള്ള കഴിവുകളും തെളിഞ്ഞ് കാണാം
    അനധികൃതമായി  പശുക്കളെ കടത്തുന്ന വില്ലനായി ആര്‍ കെ  ബാലയുടെ മുന്‍കാല ചിത്രങ്ങളിലെ വില്ലന്മാരുടെ (പിതാമഹനില്‍ രാജ്കുമാര്‍, നാന്‍ കടവുളില്‍ രാജേന്ദ്രന്‍ ) നിഴല്‍ പോലുമാകുന്നില്ല .

    നായികാ  കഥാപാത്രങ്ങളില്‍ ജനനി അയ്യരുടെ ബേബി എന്ന പോലീസുകാരിക്കോ (വിശാലിന്‍റെ നായിക), മധുശാലിനിയുടെ  തേന്‍മൊഴി എന്ന കോളേജ് വിദ്ധ്യാര്‍ത്ഥിനിക്കോ (ആര്യയുടെ നായിക) ചില്ലറ കോമഡി രംഗങ്ങള്‍ക്ക് വഴിയൊരുക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല . വിശാലിന്‍റെ അമ്മയായി അംമ്പിക   , ആര്യയുടെ അമ്മയായി ജയപ്രഭ എന്നിവരുടെ കഥാപാത്രങ്ങളെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നത് ‌ ശക്തമായ കഥാപാത്രങ്ങളായി വികാസം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളോടും  കൂടിയാണ്. പക്ഷേ സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍  അവരുടെ കഥാപാത്രങ്ങള്‍ എവിടെ പോയി എന്ന് തോന്നി പോകും . പിതാമഹനില്‍ സംഗീത , നാന്‍ കടവുളില്‍ പൂജ  എന്നിവരുടെ കഥാപാത്രങ്ങളും , നന്ദയില്‍ നായകന്‍റെ അമ്മയുടെ കഥാപാത്രവും ഒക്കെ സൃഷ്ടിച്ച ബാലക്ക് ഇത് എന്ത് പറ്റി  എന്ന സംശയം തിയറ്റര്‍ വിട്ടപ്പോഴും എനിക്കുണ്ടായിരുന്നു.

    ജാസ്മിനും ,ശ്രുതിയും അവന്‍ ഇവന്‍ ശരിക്കും സഹിച്ചിരുന്നു കാണുകയായിരുന്നു എന്നാണ് പറഞ്ഞത്. അത്രയ്ക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഞാന്‍ അവരോട് വഴക്കിട്ടു. എങ്കിലും ചില  കുഴപ്പങ്ങള്‍ ഉണ്ട് എന്ന് സ്വയം സമ്മതിക്കുകയും ചെയ്തു (അവരോടു പറഞ്ഞില്ല). നല്ല വശങ്ങളും ഉണ്ട് ഈ സിനിമയില്‍.
    നല്ലത് എന്ന് എനിക്ക് തോന്നിയതില്‍ ചിലത്:

    • നേരത്തെ പറഞ്ഞത് പോലെ ഹൈനെസ്സ് എന്ന കഥാപാത്രം.
    • വിശാലിന്റെ ചില സീനുകള്‍. ഉദാഹരണത്തിന് , സ്റ്റേജില്‍  നടന്‍ സൂര്യക്ക്  മുന്നിലെ നവരസ പ്രകടനം. ജഗതി ഇതേ രസങ്ങള്‍ കൂടുതല്‍ ഭംഗിയായി ഉദയനാണ് താരത്തില്‍ കാണിച്ചിട്ടുണ്ട് എന്ന് ജാസ്മിന്‍ .പക്ഷെ ജഗതി എവിടെ വിശാല്‍ എവിടെ എന്ന് ചിന്തിക്കുമ്പോള്‍ , വിശാലിന് ഒരു കൈയ്യടി ഒക്കെ കൊടുക്കാം 
    • വിശാല്‍ ,ആര്യ   എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ചില സീനുകളില്‍ ഏറെ രസകരമാണ് 
    • ഹൈനെസ്സുമായി തേന്മൊഴിയുടെ പേരില്‍ വഴക്കുണ്ടാക്കിയ ശേഷമുള്ള പാട്ടില്‍ സ്വാമിയുടെ പശ്ചാത്താപം വ്യക്തമാക്കുന്ന  സീന്‍ . 
    • ചില സംഭാഷണങ്ങള്‍ ശരിക്കും ചിരി ഉണര്‍ത്തും .വാള്‍ട്ടര്‍ ബേബിയുടെ വീട്ടില്‍ മോഷ്ട്ടിക്കാന്‍   കയറുന്ന രംഗം ഉദാഹരണം
    • ആര്‍തര്‍ വിത്സന്റെ ക്യാമറ . ശരിക്കും ഉഗ്രന്‍ . 
    • സംഘട്ടനം . അത് അല്ലെങ്കിലും ബാലയുടെ സ്പെഷ്യാലിറ്റിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് 
    ഇനി അത്ര നല്ലതല്ല എന്ന് തോന്നിയവ:
    • വാള്‍ട്ടര്‍ എന്ന    കഥാപാത്രത്തിന്റെ കലയോടുള്ള അഭിനിവേശം , ആരാലും അംഗീകരിക്ക പെടാത്തതിലുള്ള വിഷമം ഇതൊന്നും കഥയിലൊരിടത്തും കാണികളുടെ മനസ്സില്‍ പതിയുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നില്ല .അങ്ങനെ ചെയ്തിരുന്നെങ്കില്‍ , സ്റ്റേജില്‍ നവ രസങ്ങള്‍ അവതരിപ്പിച്ച ശേഷം സൂര്യ അഭിനന്ദിക്കുമ്പോള്‍ വാള്‍ട്ടറിന്‍റെ  പ്രതികരണം കൂറെ കൂടി ഗംഭീരമായി കാണികള്‍ക്ക് അനുഭവപ്പെട്ടേനെ എന്ന് എനിക്ക് തോന്നി 
    • വളരെ ഗംഭീരമായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ പരിണാമം തീരെ ദുര്‍ബലമാകുന്നു എന്നൊരു പോരയ്മ ചിത്രത്തില്‍ ഉടനീളമുണ്ട് .ഉദാഹരണത്തിന്  ആര്‍ കെയുടെ വില്ലനെ ആദ്യമായി സ്ക്രീനില്‍ കാണിക്കുന്ന സീന്‍  വളരെ മെച്ചപ്പെട്ട നിലവാരത്തിലുള്ളതാണ്.പക്ഷേ അതിനു ശേഷം ആ കഥാപാത്രം ഒന്നുമല്ലാതായി തീരുന്നത് പോലെ തോന്നി.അത് തന്നെ അംമ്പികയുടെയും ,ജയപ്രഭയുടെയും കഥാപാത്രങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു.
    • തീരെ ദുര്‍ബലമായ ഒരു തിരക്കഥ 
    • ഹൈനസുമായി കള്ള് കുടിക്കുന്ന സീനില്‍ ആര്യയുടെ അഭിനയം. കോമഡിക്ക് വേണ്ടി വലിച്ചു നീട്ടി വിരസമാക്കിയ ഒരു രംഗമാണ് അത് . 
    • യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം .പാട്ടുകള്‍ ഒന്നും കൊള്ളില്ല . പശ്ചാത്തല സംഗീതം പലപ്പോഴും പിതാമഹനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു .
    • ക്ലൈമാക്സ് ചിത്രികരിച്ച രീതി കാണുമ്പൊള്‍ പിതാമഹന്‍ ,നാന്‍ കടവുള്‍ എന്നീ ചിത്രങ്ങളുടെ ക്ലൈമാക്സ് കൂട്ടി കുഴച്ച ഒരു പ്രതീതി  
    ചുരുക്കത്തില്‍ സ്ഥിരം രീതികളില്‍ നിന്ന് മാറി ഒരു സിനിമ ചെയ്യണം എന്ന വാശിയില്‍ ബാല സംവിധാനം ചെയ്ത സിനിമയാണ് അവന്‍ ഇവന്‍ എന്ന് തോന്നുന്നു. ഒരേ ചട്ടക്കൂടില്‍ ഒതുങ്ങരുത് എന്ന ചിന്ത  നല്ലതാണ്. പക്ഷെ ബാലയെ പോലൊരു സംവിധായകന്‍  സ്ഥിരം രീതികളില്‍ നിന്ന് മാറി ഒരു സിനിമ ചെയുമ്പോള്‍, ആ സിനിമയില്‍ ബാലയെ ഇഷ്ടമുള്ള പ്രേക്ഷകര്‍ വെയ്ക്കുന്ന പ്രതീക്ഷയും വളരെ വലുതാവും (എന്റെ കാര്യത്തിലെങ്കിലും ). നിര്‍ഭാഗ്യത്തിന് ബാലയുടെ ഈ സംരംഭം എന്നെ നിരാശപ്പെടുത്തി. അവിടിവിടെ കാണികളെ രസിപ്പിക്കുമെങ്കിലും , ആകെ തുക നോക്കുമ്പോള്‍ അവനും ഇവനും അത്ര പോരാ. 

    Wednesday, 15 June 2011

    ബദ്രിനാഥ് : Badrinath

    തെലുങ്ക്‌ സിനിമ എനിക്ക് പണ്ട്  അത്ര പിടുത്തമല്ലയിരുന്നു .ഒന്നാമത്  എനിക്ക് കൊന്നാല്‍ മനസിലാകാത്ത ഭാഷയാണ് തെലുങ്ക്‌. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറയുമ്പോലെ  മലയാളം വാക്കുകളുടെ അവസാനം 'ഡു' എന്ന് ചേര്‍ത്താല്‍ തെലുങ്കായി എന്നായിരുന്നു എന്‍റെ ധാരണ. ഷാരൂഖ്‌, സല്‍മാന്‍, ഹൃതിക് എന്നിവരുടെ ഉഗ്രന്‍ ഫിലിമുകള്‍ ഉള്ളപ്പോള്‍ , കുടുമ്പത്തില്‍ ഒരു അല്‍പ്പം ബുദ്ധിജീവി ഇമേജ് ഉള്ള ഞാന്‍, കണ്ട ചിരഞ്ജീവി ഒക്കെ അഭിനയിച്ച സിനിമകള്‍ കാണുകയോ ? നെവര്‍!!!

    അങ്ങനെയിരിക്കെയാണ്  ഹൈദരാബാദ് ട്രിപ്പ്‌ കഴിഞ്ഞു വന്ന എന്‍റെ കസിന്‍ ടിജു അരുന്ധതിഎന്ന സിനിമയുടെ  ഡി വി ഡി എനിക്ക് തരുന്നത് . വല്യ താത്പര്യമൊന്നുമില്ലതെയാണ് ആ സിനിമ ഞാന്‍ കണ്ടു തുടങ്ങിയത് . പക്ഷേ ഒറ്റയിരിപ്പിന് സംഭവം മുഴുവന്‍ കണ്ട് തീര്‍ന്നിട്ടാണ് ടി വിയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റത് എന്ന് മാത്രം നല്ല വൃത്തിയുള്ള ഒരു  എന്റര്‍ടെയ്നര്‍ . തെലുങ്കില്‍ ഇങ്ങനെ ഒരു സിനിമ കര്‍ത്താവാണേ ഞാന്‍ പ്രതീക്ഷിച്ചില്ല.  അതോടെ തെലുങ്ക്‌ സിനിമയോടുള്ള ഒരു അകല്‍ച്ച തെല്ലു കുറഞ്ഞു. എങ്കിലും അരുന്ധതി ഒരു ഒറ്റപ്പെട്ട പ്രതിഭാസമാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ ഹാപ്പി ഡേയ്സ്  , മഗധീര എന്ന സിനിമകളുടെ ഡി വി ഡി കൂടെ ടിജു തന്നപ്പോള്‍, തെലുങ്ക്‌ സിനിമകള്‍ക്ക്‌ ഒരു കുഴപ്പവും ഇല്ല എന്ന അഭിപ്രായക്കാരിയായി ഞാന്‍.

    പക്ഷേ തെലുങ്ക്‌ സിനിമയെ വിശ്വസിച്ചതിന് എനിക്ക് കിട്ടി . മമ്മിയുടെ കാല് പിടിച്ചാണ്  അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ബദ്രിനാഥിന് പോയത് . മഗധീര പോലെയൊരു സിനിമയാകും അത് എന്നായിരുന്നു  പരസ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത് . സിനിമ  മലയാളത്തിലായത് കൊണ്ട് മമ്മി‌ വലിയ പ്രശ്നങ്ങളും ഉണ്ടാക്കിയില്ല. പക്ഷെ സിനിമ തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ "എന്ത് പടമാ ഇത് മോളെ?"എന്ന് മമ്മി ചോദിച്ചു . അതെ ചോദ്യം  കുറെ നേരമായി ഞാന്‍ എന്നോട് തന്നെ  ചോദിക്കുകയാണ് എന്ന് മിണ്ടാന്‍ ഒക്കുമോ ?  എന്നാലും എന്‍റെ ഈശോ , വല്ലാത്ത ഒരു ചതിയായി പോയി . സൌത്ത് ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ സിനിമ, അല്ലു അര്‍ജ്ജുന്‍റെ മഗധീരയെ വെല്ലുന്ന പ്രകടനം എന്നൊക്കെ നെറ്റില്‍ വായിച്ച ത്രില്ലില്‍ , ഞാന്‍ പിടിച്ചു വലിച്ചു തിയറ്ററില്‍ കൊണ്ട് പോയ എന്‍റെ കുടുമ്പം മുഴുവന്‍ എന്നെ ഇപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണോ നോക്കുന്നത് എന്നൊരു സംശയം. ഇനി മിക്കവാറും ഞാന്‍ വിളിച്ചാല്‍ അവര്‍ സിനിമക്ക് വന്നത് തന്ന.

    സിനിമ തുടങ്ങുന്നത് ഭാരതത്തിലെ ക്ഷേത്രങ്ങളുടെ നേരേ നടക്കുന്ന അക്രമങ്ങളെ നേരിടാന്‍ ക്ഷേത്രപാലകര്‍ എന്ന് വിളിക്കുന്ന യോദ്ധാക്കളെ പുരാതന യുദ്ധമുറകള്‍ പരിശീലിപ്പിച്ച് തയ്യാറാക്കുവാന്‍ , മഹാ ക്ഷേത്രങ്ങളുടെ ഭാരവാഹികളും , കുറെ ഹൈന്ദവ സന്യാസികളും ചേര്‍ന്ന് തീരുമാനിക്കുന്നതോടെയാണ്. ക്ഷേത്രപാലകര്‍ ആകുവാന്‍ തയാറായി മുന്നോട്ടു വരുന്ന കുറെ ബാലന്മാരെ , ഭീഷ്മ നാരായണന്‍ (പ്രകാശ് രാജ്) എന്ന ആചാര്യന്‍ യുദ്ധ മുറകളും , മറ്റു ശാസ്ത്രങ്ങളും പരിശീലിപ്പിക്കുന്നു. ബദ്രിനാഥിലാണ് ഭീഷ്മ നാരായണന്‍ന്‍റെ  തക്ഷശില എന്ന ഗുരുകുലം. ആ ബാലന്മാരെ പരിശീലിപ്പിക്കുന്നതിനിടെ ഒരു ദിവസം തലേന്ന് പഠിപ്പിച്ച എന്തോ പ്രയാസമുള്ള മന്ത്രം  അവരാരും ഓര്‍ക്കാതിരിക്കുകയും , ഗുരുകുലത്തിനടുത്ത് താമസിക്കുന്ന ഒരു ദരിദ്ര ബാലന്‍ ആ മന്ത്രം കാണാപ്പാഠം  പറയുകയും ചെയുമ്പോള്‍, ഭീഷ്മ നാരായണന് അദ്ദേഹത്തിന്‍റെ ഉത്തമ ശിഷ്യനെ ലഭിക്കുന്നു ;ബദ്രി (അല്ലു അര്‍ജ്ജുന്‍ ). ഭീഷ്മ നാരായണന്‍റെ ശിക്ഷണത്തില്‍ ബദ്രി സമര്‍ത്ഥനായ ഒരു യോദ്ധവായി വളരുന്നു. ബദ്രിനാഥ ക്ഷേത്രത്തിന്‍റെ തന്നെ ക്ഷേത്രപാലകനായി ചുമതലയും  ഏല്‍ക്കുന്നു. പിന്നെ നായികയായ അളകനന്ദ (തമന്ന ) മുത്തശ്ശനൊപ്പം  ബദ്രിനാഥില്‍    എത്തുന്നു. നായികക്ക് പിന്നാലെ വില്ലന്മാരും . സാഹചര്യങ്ങള്‍   ബദ്രിയെ അളകനന്ദയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. അതോടെ ബദ്രിയെ ആജീവനാന്ത ബ്രഹ്മചാരിയാക്കി തക്ഷശിലയുടെ അടുത്ത മഹാഗുരു ആക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഭീഷ്മ നാരായണന്‍  അളകനന്ദയോട് ബദ്രിക്ക് പ്രണയമാണ് എന്ന് സംശയിക്കുന്നു. ഗുരു , അളകനന്ദ , വില്ലന്മാര്‍ എന്നിവരുടെ ഇടയില്‍ ബദ്രിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുന്നു.

    വി. വി .വിനായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന് എന്താ കുഴപ്പം എന്ന് ചോദിക്കുന്നതിലും ഭേദം ഇതില്‍ നല്ലതെന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുന്നതാവും . ആദ്യാവസാനം ഒരു ബോറ് സിനിമ . അതാണ്‌ ബദ്രിനാഥ്. അല്ലു അര്‍ജ്ജുന്‍റെ അച്ഛന്‍ തന്നെയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ് എന്ന് നെറ്റില്‍ എവിടെയോ കണ്ടു . അല്ലു അരവിന്ദ് എന്ന പേരിലെ സാദൃശ്യം അത് ഉറപ്പിക്കുന്നു . . ഇത്രയധികം പൈസ ചിലവാക്കി, സ്വന്തം മകനെ നായകനാക്കി ഒരു സിനിമ ഇറക്കുമ്പോള്‍ , അല്ലു അരവിന്ദ് രാകേഷ് റോഷന്‍ , ഋതിക് റോഷനെ നായകനാക്കി എടുത്ത സിനിമകള്‍ ഒന്ന് കണ്ട് നോക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അതൊകെ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ , അഞ്ചു മിനിട്ട് കൂടുമ്പോള്‍ ആക്ഷന്‍ രംഗങ്ങളും , അത് കഴിഞ്ഞാലുടന്‍ അല്ലു അര്‍ജ്ജുന്‍റെ ഡാന്‍സും മാത്രം കൊണ്ട് ഒരു സിനിമയും നന്നാവില്ല എന്നെങ്കിലും അല്ലു അരവിന്ദിന് മനസ്സിലായേനെ.


    നടിനടന്മാരുടെ കാര്യം ഈ ചിത്രത്തില്‍ പറയാതിരിക്കുകയാണ് ഭേദം. അല്ലു അര്‍ജ്ജുന്‍ന്‍റെ ഡാന്‍സ് എത്രത്തോളം ഉഗ്രനാണോ അഭിനയം അത്രത്തോളം ബോറാണ്.ആള്‍ ചില രംഗങ്ങളില്‍ സ്റ്റൈല്‍ കാണിച്ച് ക്യാമറക്ക്‌ നേരേ നോക്കുന്നതിനിടെ കഥാസന്ദര്‍ഭം   മറന്നു പോയത് പോലെ എനിക്ക് തോന്നി. നായിക തമന്നയെ ഗ്ലാമര്‍ കോഷ്യൻറ്റിനു   വേണ്ടി മാത്രമാണ് ഈ സിനിമയില്‍ ഉത്ക്കൊള്ളിച്ചിരിക്കുന്നത്‌  . നായകനും , നായികയും തമ്മിലുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി എന്നൊന്ന് തീരെ ഇല്ല എന്ന് തന്നെ  പറയാം . തമന്നയുടെ മുഖത്ത് പിന്നെയും എന്തെങ്കിലും ഭാവങ്ങള്‍ ഒക്കെ വരുന്നുണ്ട് . അല്ലു അര്‍ജ്ജുന്‍ അപ്പോഴും ഒരു തരം  മരവിച്ച മുഖം  തന്നെ.

    മറ്റു നടി നടന്മാരില്‍ പ്രകാശ് രാജ് വല്യ  വിഗ്ഗും താടിയും ഒക്കെ വെച്ച്  കഷ്ട്ടപ്പെടുന്നത് പോലെ തോന്നി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത റോളാണ് അദേഹത്തിന് ഈ സിനിമയില്‍ .വില്ലന്മാരുടെ കൂട്ടത്തില്‍ കെല്ലി ദോര്‍ജി അധിക സമയവും നിശബ്ദനാണ് .പക്ഷേ  ഡയലോഗ് പറയുന്ന സീനുകളില്‍ വല്ലാതെ അരോചകവുമാണ് . കെല്ലി ഡോര്‍ജിയുടെ ഭാര്യയായി അഭിനയിച്ച അശ്വിനി ഖാല്‍സേകര്‍   ആണ് ഈ സിനിമയില്‍ ഏറ്റവും അസഹനീയം. ഏതോ പഴയ നാടകത്തില്‍ അഭിനയിക്കുന്ന മട്ടിലാണ് പലപ്പോഴും അശ്വിനി തന്‍റെ കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്‌.

    മലയാളത്തില്‍ , ഈ ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍, ഗാനങ്ങള്‍  എന്നിവയൊക്കെ എഴുതിയത് ആരൊക്കെയാണ് എന്ന് അറിയില്ല. പക്ഷേ വളരെ സീരിയസായ രംഗങ്ങളില്‍ ഒക്കെ ചിരിയുണര്‍ത്തുന്ന തരത്തിലെ സംഭാഷണങ്ങളും , ഒരു അടുക്കും ചിട്ടയില്ലാത്ത(കുറേയൊന്നും കേട്ടാല്‍ മനസ്സിലാകാത്തതും) ലിറിക്ക്സ്സുമാണ് ചിത്രത്തിലേത് . എം . എം കീരവാണിയുടെ സംഗീതത്തില്‍ എനിക്ക് അകെ ഇഷ്ടപ്പെട്ടത് ഇന്‍ ദ  നൈറ്റ്‌ , ചിരഞ്ജീവ എന്നീ ഗാനങ്ങളുടെ ഈണങ്ങള്‍ മാത്രമാണ്. പശ്ചാത്തല സംഗീതം  വളരെ ഉച്ചത്തില്‍ ആയതു കാരണം മമ്മി ഉറങ്ങിയില്ല (എത്ര ബോറ് സിനിമയാണെങ്കിലും ഞാന്‍ ഉറങ്ങില്ല).ക്യാമറ , സ്പെഷ്യല്‍ ഇഫെക്ക്റ്റുകള്‍  , ഇവയൊന്നും ഓര്‍ത്ത്‌ വെയ്ക്കത്തക്ക രംഗങ്ങള്‍ കാണികള്‍ക്ക് നല്‍കുന്നില്ല . സംഘട്ടന രംഗങ്ങള്‍ ആകട്ടെ ശരിക്കും കാണികളെ കളിയാക്കുന്ന തരത്തിലുള്ളവയും.

    ചുരുക്കത്തില്‍ ഏറ്റവും ചിലവേറിയ ചിത്രം എന്ന പേര് ബദ്രിനാഥിന് യോജിക്കും. കാരണം നമ്മുടെ പൈസ , ക്ഷമ , സഹനം ഇതൊക്കെ ഏറെ ചിലവാക്കിയാല്‍ മാത്രമേ  ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

    സിനിമ കഴിഞ്ഞു കാറില്‍ കയറിയപ്പോള്‍ , ഒരു സംഘടിതമായ ആക്രമണം മുന്നില്‍ കണ്ടു , വല്ലാത്ത ക്ഷീണം ഭാവിച്ച് ഞാന്‍  ഉറക്കം നടിച്ചു. അത് കൊണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു. മിക്കവാറും അടുത്തകാലത്തൊന്നു എന്‍റെ സിനിമാ പ്രേമത്തിന് വീട്ടില്‍  അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഓരോ സിനിമകള്‍ ചെയ്തു തരുന്ന ഉപകാരങ്ങള്‍ നോക്കണേ.

    Monday, 13 June 2011

    എക്സ്മെന്‍:ഫസ്റ്റ് ക്ലാസ്സ്‌ - Xmen :First Class

    ജനിതക പരിണാമങ്ങളിലൂടെ   അത്ഭുത ശക്തികള്‍ക്ക്   ഉടമകളാകുന്ന മനുഷ്യരുടെ കഥകളാണ് ‌ മാര്‍വെല്‍ കോമിക്ക്സിന്‍റെ   എക്സ്മെന്‍ എന്ന കഥാശ്രേണി  . എക്സ്മെന്‍ കോമിക്ക്സ് അടിസ്ഥാനമാക്കി പുറത്തു വരുന്ന അഞ്ചാമത്തെ സിനിമയാണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്.   മറ്റുള്ളവരുടെ മനസ്സ് വായിക്കാനും , നിയന്ത്രിക്കാനും കഴിവുള്ള പ്രൊഫസ്സര്‍ ചാള്‍സ് സേവിയര്‍ അഥവാ പ്രൊഫെസ്സര്‍ എക്സ് ,  തന്നെ പോലെ ജനിതക പരിണാമത്തിലൂടെ അത്ഭുതസിദ്ധികള്‍ സ്വന്തമായുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന പ്രത്യേക സ്കൂളും , സാധാരണ മനുഷ്യരില്‍ നിന്നും അവര്‍ നേരിടുന്ന പ്രശ്നങ്ങളും ആയിരുന്നു ആദ്യ മൂന്ന് സിനിമകളിലെ വിഷയം . ഒപ്പം കാന്ത വലയങ്ങള്‍ ഇതു ലോഹത്തെയും നിയന്ത്രിക്കാന്‍ കഴിവുള്ള  എറിക്ക് ലെന്‍ഷയിര്‍  അഥവാ  മാഗ്നീറ്റോ എന്ന  മ്യൂട്ടന്റ്റ്  മനുഷ്യര്‍ക്ക്‌ എതിരെ നടത്തുന്ന യുദ്ദങ്ങളുടെയും.

    എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ് പറയുന്നത് ചാള്‍സ് സേവിയര്‍ (ജെയിംസ്‌ മക്കവോയ്) , എറിക്ക് ലെന്‍ഷിയര്‍ (മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ ) എന്നിവരുടെ പരസ്പരം ബന്ധപ്പെട്ട്  കിടക്കുന്ന ഭൂതകാലങ്ങളാണ് . ഉറ്റ സുഹൃത്തുക്കളായിരുന്ന അവര്‍ എങ്ങനെ എതിര്‍ ചേരികളില്‍ എത്തപ്പെട്ടു , ചാള്‍സ് സേവിയര്‍ തന്‍റെ പ്രത്യക സിദ്ധികള്‍ ഉള്ളവര്‍ക്കയുള്ള സ്കൂളും , അത് വഴി എക്സ്മെന്‍ എന്ന സുപ്പര്‍ ഹീറോകളുടെ   സൈന്യവും  തുടങ്ങാനുള്ള കാരണങ്ങളും എല്ലാം  ഈ സിനിമയില്‍ വിശദമായി പറയുന്നുണ്ട് .

    സ്റ്റാര്‍ ഡസ്റ്റ് , കിക്ക് ആസ് എന്നീ സിനിമകളുടെ സംവിധായകനായ മാത്യൂ വോണ്‍ ആണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്സ്‌ സംവിധാനം ചെയ്തിരിക്കുന്നത് . ,മാത്യൂ വോണിന്‍റെ ശൈലി ,സങ്കീര്‍ണമായ മനുഷ്യ മനസുകളുടെ (വികാരങ്ങളുടെ) കഥകള്‍ പറയുകയാണ് എന്നത് എക്സ്മെന്‍ അടിവരയിട്ടുറപ്പിക്കുന്നു (സ്റ്റാര്‍ ഡസ്റ്റ് മുത്തശ്ശി കഥകളുടെ ഗണത്തില്‍ പെടുത്താവുന്ന വിഷയമാണെങ്കിലും). ഇരുണ്ട ഭാവങ്ങള്‍ ഉള്ള കഥാപാത്രങ്ങളും , സന്ദര്‍ഭങ്ങളും ഈ സിനിമയില്‍ ഏറെയാണ്‌ . ഈ സിനിമക്ക് അത്  ‌ ഏറെ  ഗുണകരമായി ഭാവിക്കുന്നു എന്നിടത്താണ് മാത്യൂ വോണിന്‍റെ വിജയം .

    സാങ്കേതികതയുടെ കാര്യത്തിലാണെങ്കിലും , അവതരണത്തിന്‍റെ കാര്യത്തിലാണെങ്കിലും എക്സ്മെന്‍: ഫസ്റ്റ് ക്ലാസ് അതിന്റെ നാല് മുന്‍ഗാമികളെയും പിന്നിലാക്കുന്ന സിനിമയാണ് .എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ്സ്‌ എന്ന ഈ ചിത്രത്തില്‍ ക്യാമറ (ജോണ്‍ മത്തിയേസണ്‍ ), സംഗീതം (ഹെന്റി ജാക്ക്മാന്‍ ),   വിഷ്വല്‍ ഡിസൈന്‍  (ജോണ്‍ ഡൈക്ക്സ്ട്ര) , കോസ്റ്റ്യൂമുകള്‍ ( സാമി ഷെല്‍ഡൻ- ഈ സിനിമയില്‍ വസ്ത്രാലങ്കാരം എന്ന് പറയാന്‍ സാധിക്കുമോ എന്ന് സംശയം ) എന്നിവയെല്ലാം ശരിക്കും ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ളവയാണ് . ഒപ്പം ജെയിംസ്‌ മക്കവോയ് , മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ എന്നിവരുടെ ഉഗ്രന്‍ അഭിനയവും കൂടിയാകുമ്പോള്‍, ഈ സിനിമ ശരിക്കും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന ദൃശ്യാനുഭവം ആകുന്നു. സാങ്കല്‍പ്പികമായ ഈ കഥ നടക്കുന്നത് ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ റഷ്യയും  , അമേരിക്കയെയും  തമിലുള്ള ആണവ യുദ്ദത്തിന്‍റെ   വക്കോളം കൊണ്ടെത്തിച്ച, ചരിത്രം ക്യൂബന്‍ മിസൈല്‍ ക്രൈസിസ്സ്    എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എന്നത് ചിത്രത്തെ കൂടുതല്‍  ആസ്വാധ്യകരമാക്കുന്നു.

    അഭിനയത്തില്‍ ജെയിംസ്‌ മക്കാവോയിയും , മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ എന്നിവര്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കുന്നു. എങ്കിലും ചാള്‍സിന്‍റെ ദത്ത് സഹോദരിയായി അവതരിപ്പിക്കപ്പെടുന്ന റേവന്‍  എന്ന മിസ്‌റ്റീക്കായി  ജെന്നിഫര്‍ ലോറന്‍സ് , ബീസ്റ്റ്  എന്ന ഡോ:ഹാന്‍ക് മക്കോയി ആയി നികോളാസ് ഹൌള്‍റ്റ്  എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ കാണികളുടെ മനസ്സില്‍ സിനിമ തീര്‍ന്നതിനു ശേഷവും അവശേഷിപ്പിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട് . പ്രതിനായക കഥാപാത്രങ്ങളില്‍  സെബാസ്റ്റിയന്‍ ഷോ എന്ന ക്രൂരനായ വില്ലനായി കെവിന്‍ ബാക്കണ്‍ ശരിക്കും സ്റ്റൈലിഷ് ആണ് . ഷോയുടെ സഹായിയായ എമ്മാ ഫ്രോസ്റ്റ് ആയി ജനുവരി ജോണ്‍സ് പഴയ ബോണ്ട്‌ ചിത്രങ്ങളിലെ പ്രതി നായികമാരെ ഓര്‍മിപ്പിക്കുന്ന തരത്തിലെ  ആകര്‍ഷണീയത സ്ക്രീനില്‍ നിറയ്ക്കുന്നു.

    ആഷ്ലീ മില്ലര്‍ , സാക് സ്റ്റെന്‍സ് , ജെയിന്‍ ഗോള്‍ഡ്‌മാന്‍ എന്നിവരോടൊപ്പം മാത്യൂ വോണ്‍ കൂടി ചേര്‍ന്ന് രചിച്ച തിരക്കഥ,ഈ ചിത്രത്തിന്‍റെ നട്ടെല്ലാണ്. കണ്ടിരിക്കുന്ന ഓരോ നിമിഷവും , ഈ സിനിമയുടെ ഇരുണ്ടതും, ഒപ്പം രസകരവുമായ ഊര്‍ജം കാണികള്‍ക്ക് അനുഭവപ്പെടുന്നത് തിരക്കഥയുടെ കരുത്തു കൊണ്ട് തന്നെയാണ് എന്നാണു എനിക്ക് തോന്നുന്നത്. ഒരുപാട് ഉപകഥകള്‍  ഒരു കഥക്കുള്ളില്‍ , വിവിധ തലങ്ങളില്‍ പറഞ്ഞു പോകുമ്പോഴും , പ്രധാന കഥയുമായി അവയെല്ലാം ഭംഗിയായി ഇഴ ചേര്‍ത്തുള്ള ഒരു തിരക്കഥ  , ഒപ്പം മാത്യൂ വോണിന്‍റെ സംവിധാനം കൂടി ചേരുമ്പോള്‍ എക്സ്മെന്‍ :ഫസ്റ്റ്ക്ലാസ് അതിമനോഹരമാകുന്നു .എക്സ്മെന്‍ സിനിമകള്‍ കൃത്യമായി കണ്ട് ഓര്‍മയില്‍ വെയ്ക്കുന്നവര്‍ക്ക് കഥയുടെ ഗതിയില്‍  ചില്ലറ പൊരുത്തക്കേടുകള്‍ തോന്നുമെങ്കിലും , അവര്‍ക്ക് പോലും ഈ ചിത്രം ഏറെ ഇഷ്ടമാകും എന്നാണ് എനിക്ക് തോന്നുനത്. കാരണം അവര്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളുടെ മനസിക വ്യാപാരങ്ങള്‍ ,അവര്‍ അറിയുന്ന സുപ്പര്‍ ഹീറോകളും , സുപ്പര്‍ വില്ലന്മാരുമായി വികസിച്ച വഴികളുടെ വ്യക്തവും, മനോഹരവുമായ ഒരു അവതരണം മാത്യൂ വോണ്‍ എക്സ്മെന്‍ : ഫസ്റ്റ് ക്ലാസ് എന്ന ചിത്രത്തിലൂടെ സാധ്യമാക്കുന്നുണ്ട് .

    ചുരുക്കത്തില്‍ , വെറുമൊരു സുപ്പര്‍ ഹീറോ സിനിമ എന്നതിലുപരി , മനോഹരമായ ദൃശ്യാനുഭവം കാണികള്‍ക്ക് സമ്മാനിക്കുന്ന നല്ലൊരു സിനിമയാണ് എക്സ്മെന്‍ :ഫസ്റ്റ് ക്ലാസ്സ്‌

    ഓഫ്‌ ടോപ്പിക്ക്  : ബദ്രിനാഥ് എന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം ആദ്യ ദിവസം തന്നെ കാണാനുള്ള ദുര്‍ഭാഗ്യം ഉണ്ടായി. റിവ്യൂ പോസ്റ്റ്‌ ചെയ്യണം എന്ന് ഉണ്ട്.പക്ഷേ ആ സിനിമയെക്കുറിച്ച് ഒരു വരി ടൈപ്പ് ചെയ്യാനുള്ള കഷ്ട്ടപ്പാട്  എനിക്കും എന്‍റെ കര്‍ത്താവിനും  മാത്രം അറിയാം  :) :)

    Saturday, 11 June 2011

    ശങ്കരനും മോഹനനും : Shankaranum Mohanum

    പ്രിയപ്പെട്ടവരുടെ വേര്‍പാട് നമ്മേ പലതരത്തിലാണ് ബാധിക്കുക. മരിച്ചവരുടെ ഓര്‍മ്മകള്‍ ജീവിച്ചിരുന്നവരെ ചിലപ്പോഴൊക്കെ വേട്ടയാടാറുമുണ്ട്.പക്ഷെ അത്തരം ഓര്‍മ്മകള്‍ ശേഷിക്കുന്നവരുടെ ജീവിതങ്ങള്‍ നിയന്ത്രിച്ച്‌ തുടങ്ങിയാല്‍ അത് പ്രശ്നങ്ങള്‍ക്ക് വഴി വെച്ചേക്കാം.റിയലിസം മുതല്‍ ഫാന്റസി വരെ എങ്ങനെയും സിനിമയില്‍ അവതരിപ്പിക്കാനുള്ള വക ഈ ത്രെഡില്‍ ഉണ്ട്.

    ഇതേ ത്രെഡില്‍  വളരെ വൈകി വിവാഹിതനായി , കല്യാണപ്പിറ്റേന്ന് പാമ്പ് കടിയേറ്റു മരിക്കുന്ന ശങ്കരന്‍ നമ്പ്യാര്‍ (ജയസൂര്യ) എന്ന അധ്യാപകന്‍റെ ഓര്‍മ്മകള്‍   , അയാളുടെ അനിയന്‍ മോഹനകൃഷ്ണന്‍റെ (ജയസൂര്യ) ജീവിതത്തെ സ്വാധീനിക്കുന്നതാണ് ടി വി ചന്ദ്രന്‍റെ പുതിയ സംവിധാന സംരംഭമായ ശങ്കരനും മോഹനനും എന്ന  ചിത്രത്തിന്‍റെ അടിസ്ഥാന പ്രമേയം.ജേഷ്ഠന്‍റെ  ഓര്‍മ്മകള്‍ മോഹനനെ വെറുതെ സ്വാധീനിക്കുകയല്ല. ജേഷ്ഠന്‍റെ  ഓര്‍മ്മകള്‍ മോഹനനെ വെറുതെ സ്വാധീനിക്കുകയല്ല. കല്യാണപ്പിറ്റേന്ന് മരണപ്പെടുന്ന ശങ്കരന് അയാളുടെ ഭാര്യ രാജലക്ഷ്മിയോടുള്ള (മീരാ നന്ദന്‍ ) മരിക്കാത്ത പ്രേമമാണ് മോഹനന്‍റെ ആകെ മാറ്റി മറിക്കുന്ന രീതിയില്‍ അയാളെ വേട്ടയാടുന്നത്. മരണ ശേഷവും ജേഷ്ഠനില്‍ നിലനില്‍ക്കുന്ന ആ പ്രേമം സഫലീകരിക്കാന്‍ മോഹനന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള കഥ .ഒപ്പം പ്രൊഫെഷണല്‍ അമ്പീഷന്‍ ഹേതുവായി മോഹനനില്‍ നിന്നും അകന്ന് മുംബൈയില്‍ താമസിക്കുന്ന അയാളുടെ ഭാര്യ  ജോത്സ്നയുടെയും (റീമ കല്ലിങ്കല്‍ ), അവരുടെ മൂന്നു വയസ്സുകാരി മകളുടെയും കഥയും.

    ഈ ചിത്രത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയ നാള്‍  മുതല്‍ ,ഇതിന്റെ പ്രത്യേകതയായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നത് ജയൂര്യയുടെ തീര്‍ത്തും വ്യതസ്തമായ ഡബിള്‍ റോളായിരുന്നു. നാല്‍പതു കഴിഞ്ഞ ശങ്കരനും , ഇരുപതുകള്‍ കഴിയാത്ത മോഹനനനും ; അഭിനയത്തിന്  ഏറെ സാധ്യതകള്‍ ഉള്ള  രണ്ട് കഥാപാത്രങ്ങള്‍ . ആ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്ന്  ചോദിച്ചാല്‍ , നിര്‍ഭാഗ്യവശാല്‍ ഇല്ല എന്നാണ് ഉത്തരം.

    ജയസൂര്യ തന്നില്‍ അര്‍പ്പിതമായ ഉത്തരാവാദിത്വം കഴിയുന്നത്ര ഭംഗിയായി ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശങ്കരനെ ആദ്യമായി സ്ക്രീനില്‍ അവതരിപ്പിക്കുന്ന രംഗത്തിലും (ആ സീനിലെ ജയസൂര്യയുടെ ഭാവങ്ങള്‍ കാണുമ്പോള്‍ ശങ്കരന്റെ ബുദ്ധിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് കാണുന്നവര്‍ക്ക് തോന്നിയേക്കാം ) , എട്ടത്തിയമ്മയെ ആദ്യമായി മോഹനന് പരിചയപ്പെടുത്തുന്ന സീനിലും (ഒരല്‍പ്പം അതിനിഷ്കളങ്കത ബലമായി കൊണ്ടുവരാനുള്ള ശ്രമം പോലെ തോന്നി ) ഒഴികെ സിനിമയില്‍ ഉടനീളം ജയസൂര്യ നന്നായി എന്ന് പറയാതെ വയ്യ. പക്ഷേ ടി വി ചന്ദ്രന്‍ എന്ന സംവിധായകന്‍ ശങ്കരനെയും മോഹനനെയും , പാതിക്കു ദിശാബോധമില്ലാതെയാകുന്ന അവതരണത്തിലൂടെ  വല്ലാതെ തളര്‍ത്തുന്നു .ഒപ്പം കാണികളുടെ ക്ഷമയെ പരീക്ഷിക്കുന്നത്ര വിരസമായ കഥാഗതിയും . ചിത്രം മുന്നോട്ടു നീങ്ങവേ ,സംവിധായകന്റെ മുഴുവന്‍   ശ്രദ്ധയും  ശങ്കരന്റെ കഥാപാത്രത്തെ വിവിധ മേക്കപ്പുകള്‍ ഇടീക്കുന്നതിലായിരുന്നു  എന്ന് കണ്ടിരിക്കുന്ന എനിക്ക് തോന്നി .
    തീര്‍ത്തും അശ്രദ്ധമായി ചെയ്ത ഒരു സിനിമ എന്ന തോന്നല്‍ പലയിടത്തും ഈ ചിത്രം കാണികളില്‍ ഉളവാക്കുന്നത് കഥയും, തിരക്കഥയും സ്വയം എഴുതിയ സംവിധായകന്റെ പരാജയമാണ് .മോഹനന്‍ എന്ന കഥാപാത്രത്തിന്റെ  തീര്‍ത്തും ദിശാബോധമില്ലാത്ത വികസനം , അപക്വമായി അവതരിപ്പിക്കപ്പെടുന്ന   ലാസര്‍ എന്ന ജഗതീ ശ്രീകുമാറിന്റെ കഥാപാത്രം എന്നിവ ഉദാഹരണം .
    കഥയിലെ പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ നടക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ് എന്നിരുന്നാലും, ജഗതിയുടെ മുഖം  പോസ്റ്ററില്‍ വരണം എന്ന് ബോധപൂര്‍വ്വം തീരുമാനിച്ചു ചെയ്ത കഥാപാത്ര സൃഷ്ടി എന്ന തോന്നല്‍ ലാസാറില്‍ അനുഭവപ്പെടും .

    രണ്ട് മണിക്കൂര്‍ നീളുന്ന സിനിമയില്‍ പലപ്പോഴും എട്ടത്തിയമ്മയോടു ഇനി മോഹനന് ഈഡിപ്പസ് കോമ്പ്ലക്സ് ഉണ്ടോ എന്ന സംശയം കാണികളില്‍ ജനിക്കുന്നുണ്ട് .പക്ഷെ കഥയുടെ ഗതിയും,പരിണാമവും എല്ലാം സൂചിപ്പിക്കുന്നത് മോഹനന്റെ പ്രവര്‍ത്തികള്‍ എല്ലാം ഏട്ടനോടുള്ള സ്നേഹം ഒന്ന് മാത്രം ഹേതുവയാണ് എന്നാണ് . ചുരുക്കത്തില്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥ മോഹനന്‍ എന്ന കഥാപാത്രത്തിന് സംവിധായകന്‍ അഥവാ കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍  തന്നെ , അവതരണത്തിലൂടെ അതിന്റെ എല്ലാ സാധ്യതകളും നശിപ്പിക്കുന്നതും സംവിധായകന്‍ തന്നെ . ഇനി സിനിമയുടെ അവസാനം സൂചിപ്പിക്കുന്നത് പോലെ ആഗ്രഹങ്ങള്‍ സഫലീകരിക്കാതെ മരിച്ച ഏട്ടനെ ഏറെ സ്നേഹിക്കുന്ന ഒരു അനുജന്‍ മാത്രമാണ് മോഹനന്‍ എങ്കില്‍ ,  ഇടയ്ക്കിടെ കാണികള്‍ അയാളില്‍  കാണുന്ന ഈഡിപ്പസ് കോമ്പ്ലക്സ് സംവിധായകന്റെ/കഥാകാരന്റെ മാത്രം പരാജയമാണ് .

    മറ്റ് അഭിനേതാക്കളില്‍ മീര നന്ദന്‍ , സുധീഷ്‌ (സഹദേവന്‍ ) എന്നിവര്‍ക്ക് മാത്രമേ അല്‍പ്പമെന്തെങ്കിലും ഈ സിനിമയില്‍ ചെയ്യുവാനുള്ളൂ  . അവര്‍ ഇരുവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി .മുഷിപ്പിക്കാതെ ചെയ്തു എന്ന് പറയുവാന്‍ സാധിക്കില്ല.കാരണം വ്യക്തിപരമായി അഭിനേതാക്കള്‍ നന്നായാലും, മൊത്തം സിനിമയിലെ ഒരു രംഗം പോലും പ്രേക്ഷക എന്ന നിലയില്‍ എന്നെ മുഷിപ്പിക്കാതെ ഇരുന്നില്ല എന്നത് തന്നെ . റീമാ കല്ലിങ്കല്‍ ,കല്‍പ്പന (ശങ്കരന്റെയും ,മോഹനന്റെയും സഹോദരി ) , സുരാജ് വെഞ്ഞാറമമൂട് (ബേബി) , നന്ദു (ഡോ :ബഹുലേയന്‍)  ,വത്സലാ മേനോന്‍ ( ശങ്കരന്റെയും ,മോഹനന്റെയും അമ്മ  എന്നിവര്‍ക്ക് ഇടയ്ക്കിടെ സ്ക്രീനില്‍ വന്ന് പോവുക എന്നതിലുപരി ഒന്നും തന്നെ ചെയ്യുവാനില്ല .

    സാങ്കേതികമായിയും ശങ്കരനും മോഹനനും ഒരു മോശം ചിത്രം തന്നെയാണ് .നിഴലും വെളിച്ചവും ഇടകലര്‍ത്തി  ഷാഡോ ആന്‍ഡ്‌ ലൈറ്റ് എന്ന ചിത്രത്തിന്‍റെ സബ് ടൈറ്റില്‍ അന്വര്‍ത്ഥമാക്കാനുള്ള   ശ്രമമാണ് പ്രദീപ് നായരുടെ ക്യാമറ  നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.പക്ഷേ കായല്‍ തീരത്തെ മോഹനന്റെ വീട്ടിലുള്ള (അകത്തു പുറത്തും ) സീനുകളില്‍ പലതിലും ക്യാമറയും  , വെളിച്ച വിന്യാസവും അരോചകമായ തരത്തിലേക്ക് വീഴുന്നുണ്ട്‌ . എന്തൊക്കെയോ കുറെ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു എന്നല്ലാതെ ഐസക്ക് തോമസ് കൂട്ടുകപള്ളിയുടെ സംഗീതത്തിനും സിനിമയില്‍ വലിയ പ്രസക്തിയൊന്നുമില്ല . എഡിറ്റിംഗ്, രംഗ സജീകരണം , സംവിധാനം ; ഇവയില്‍ ആരുടെയെങ്കിലും ഉത്തരവാദിത്വത്തില്‍ വരേണ്ട പാളിച്ചകള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്. പെരുമഴ പെയ്യുന്ന രാത്രിയില്‍ മുറിക്കുള്ളില്‍ നിന്നും ജനാല വഴി പുറത്തേക്ക് നീളുന്ന ക്യാമറയില്‍ തെളിയുന്നത് ഒരു തുള്ളി വെള്ളം പോലും ഇറ്റു വീഴാത്ത കൊന്ന പൂക്കുല . ഇനി ബിമ്പകല്പനയിലൂടെ കാലം മാറിയതാണ് ടി വി ചന്ദ്രന്‍ ഉദ്ദേശിച്ചത് എങ്കില്‍ , ജൂണ്‍ (മഴക്കാലം) മുതല്‍ ഏപ്രിലില്‍ (കൊന്നയുടെ കാലം ) വരെ സമയം സിനിമയില്‍ പറയുന്നതിലും  ഏറെയുണ്ട് . അല്ല ഏപ്രിലില്‍ പെയ്ത മഴയാണെങ്കില്‍ കൊന്നയില്‍ വെള്ളത്തുള്ളികള്‍ വേണ്ടേ ?

    ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ എന്ന് ചോദിച്ചാല്‍ , ഇല്ല . പക്ഷേ ചിത്രത്തിന്‍റെ ബാക്കി വശങ്ങള്‍ അത്രമാത്രം നമ്മേ ആകര്‍ഷിക്കുന്നതാവണം  എന്ന് മാത്രം. അത്തരം ഒരു ആകര്‍ഷണം ഒരു സീനില്‍ പോലും ഈ ചിത്രത്തോട് എനിക്ക് തോന്നിയില്ല എന്നതാണ് സത്യം .

    താരതമ്യേന വ്യതസ്തമായ ഈ പ്രമേയം വളരെ സാവധാനത്തിലുള്ള  അവതരണം കൊണ്ടും , അശ്രദ്ധമായ സംവിധാനം  കൊണ്ടും  തീര്‍ത്തും വിരസമാക്കപ്പെട്ട ഒരു ചിത്രം . അതാണ്‌ ശങ്കരനും മോഹനനും. 

    Wednesday, 8 June 2011

    കങ്ങ്ഫു പാണ്ഡ 2 : Kung Fu Panda 2


    സാങ്കല്പികമായ ലോകമായ മൃഗങ്ങളുടെ  പുരാതന ചൈനയില്‍     പോ എന്ന ജയന്റ് പാണ്ഡ സാധാരണ നൂഡില്‍സ് പാച്ചകകാരനില്‍ നിന്നും ലോകം ബഹുമാനിക്കുന്ന ഡ്രാഗണ്‍ വാറിയര്‍ എന്ന പോരാളിയാകുന്നതായിരുന്നു  കങ്ങ്ഫു പാണ്ഡ എന്ന ചിത്രത്തിന്‍റെ കഥ. എനിക്കും, ഡി വി ഡി വഴി മമ്മിക്കും വരെ ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമ . ടി വിയില്‍ പ്രത്യേകിച്ച് ഒന്നും കാണാനില്ലാത്ത സമയത്ത് മമ്മിയുടെ ബോറടി മാറ്റുന്ന നിത്യ സുഹൃത്തുക്കളില്‍ ഒരാളാണ് പോ. ഈ കാരണങ്ങള്‍  കൊണ്ട് തന്നെ കങ്ങ്ഫു പാണ്ഡ 2 ഇറങ്ങിയപ്പോള്‍ , അതും ത്രീഡിയില്‍ , പോയെ കാണാന്‍  മമ്മിയും എന്റെ കൂടെ ഉണ്ടായിരുന്നു .


    ഒന്നാം ഭാഗത്തില്‍ പോ എങ്ങനെ ഡ്രാഗണ്‍ വാറിയര്‍ ആകുന്നു എന്നതായിരുന്നു പ്രമേയമെങ്കില്‍ , രണ്ടാം ഭാഗത്തില്‍  ഡ്രാഗണ്‍ വാറിയര്‍ ആയ പോ തന്റെ ഭൂതകാലം അന്വേഷിച്ച് നടത്തുന്ന യാത്രയും , അതിന്റെ പരിസമാപ്തിയുമാണ്‌  പ്രമേയം. ഒപ്പം കങ്ങ്ഫു എന്നന്നേക്കുമായി ഇല്ലാതാക്കി , ചൈന അടക്കി ഭരിക്കാന്‍ ഒരുങ്ങുന്ന ലോര്‍ഡ്‌ ഷാന്‍ എന്ന മയിലിനെ തടയാന്‍  പോയും, കൂടുകാരായ ഫ്യൂരിയസ് ഫൈവും ചേര്‍ന്ന് നടത്തുന്ന പോരാട്ടങ്ങളും.


    ഒന്നാം ഭാഗം പോലെ തന്നെ തുടക്കം മുതല്‍ തന്നെ കാണികള്‍ക്ക് ചിരിക്കാന്‍ ഏറെ വക നല്‍കുന്ന ചിത്രമാണ് കങ്ങ്ഫു പാണ്ഡ 2.ഒപ്പം ചെറിയ ചിന്തകളും . 
    ഒന്നാം ഭാഗത്തില്‍ നിന്നും ഈ ചിത്രത്തിലേക്ക് എത്തുമ്പോള്‍ നായകനായ പോയുടെ കഥാപാത്രം (ജാക്ക് ബ്ലാക്ക്‌  ) ശരിക്കും ഒരു വീര നായകന്റെ ചിട്ടയായ വളര്‍ച്ച പ്രാപിക്കുന്നുണ്ട്‌. ഒന്നാം ഭാഗത്തില്‍ സാധാരണക്കാരനില്‍ നിന്നും വീരനായി വളരുന്ന പോ , രണ്ടാം ഭാഗത്തില്‍ സ്വന്തം ആസ്തിത്വം തേടുന്ന നായകനാണ് .പക്ഷേ ഈ വളര്‍ച്ച പോയില്‍ മാത്രം ഒതുങ്ങുന്നു എന്നത് ചിത്രത്തിന്‍റെ ഒരേയൊരു പോരായ്മയാണ് . ആദ്യ ഭാഗത്തില്‍ നിറഞ്ഞ് നിന്നിരുന്ന പോയുടെ ഗുരുവായ മാസ്റ്റര്‍ ഷിഫു  എന്ന റെഡ് പാണ്ഡ (ഡസ്റ്റിന്‍ ഹോഫ്മാന്‍) , ഫ്യൂരിയസ് ഫൈവിലെ അംഗങ്ങളായ ടൈഗ്രസ്സ് , മങ്കി ,വൈപ്പര്‍, ക്രെയിന്‍ ,മാന്റിസ് (യഥാക്രമം അഞ്ജലീന ജോളി, ജാക്കി ചാന്‍ ,ലൂസീ  ലിയു , ഡേവിഡ്‌ ക്രോസ് , സ്റ്റെത്ത് റോഗന്‍ എന്നിവര്‍)  , പോയുടെ വളര്‍ത്തച്ഛനായ  മി,പിങ്ങ് എന്ന  താറാവ് (ജെയിംസ്‌ ഹോങ്ങ് ) എന്നീ കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ പോയുടെ കഥാപാത്രത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്നു എന്നല്ലാതെ സ്വയം വളരുന്നില്ല. പോ കഴിഞ്ഞാല്‍ , അലെങ്കില്‍ പോയുടെ ഒപ്പം തന്നെ ,കഥാപാത്രം എന്ന നിലയില്‍ ഈ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ലോര്‍ഡ്‌ ഷാന്‍ എന്ന വില്ലനാണ് (ഗാരി ഓള്‍ഡ്‌മാന്‍). പരസ്പരം കെട്ട് പിണഞ്ഞു കിടക്കുന്ന നായകന്റെയും ,വില്ലന്റെയും കഥകളില്‍ , ലോര്‍ഡ്‌ ഷാന്‍,  പോ എന്ന നായകന് ചേരുന്ന വില്ലന്‍ തന്നെയാണ് .



    സാങ്കേതികമായി ഡിജിറ്റല്‍ ത്രീഡിയുടെ ഉയോഗം ഈ ചിത്രത്തെ മിഴിവുറ്റതാക്കുന്നു.പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങള്‍ . ഒപ്പം തന്നെ  അനിമേഷന്‍ സാങ്കേതിക വിദ്യ ത്രീഡിയേക്കാള്‍ അകര്‍ഷകമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ട് എന്നത് കങ്ങ്ഫൂ പാണ്ഡ 2 വിന്റെ മേന്മയാണ് . ത്രീഡിയില്‍ അധിക ശ്രദ്ധ ചെലുത്തി അനിമേഷന്റെ രസം കൊല്ലാതെ ഈ സിനിമ ഒരുക്കുന്നതില്‍  അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്ന് തന്നെയാണ് എന്റെ അഭിപ്രായം . ഫ്ലാഷ് ബാക്കില്‍ കഥ പറയാന്‍ ഉപയോഗിക്കുന്ന പപ്പറ്റ് /പേപ്പര്‍ അനിമേഷന്‍ സംവിധാനം  കാണികളെ കഥയിലേക്ക് ആവാഹിക്കുന്നതില്‍ ത്രീഡിയെക്കാള്‍ ഫലപ്രഥമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ഉദാഹരണം മാത്രം . അത് പോലെ തന്നെ കഥാപാത്രങ്ങളുടെ  ഭാവങ്ങള്‍ കാണികള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള അനിമേഷനാണ് ചിത്രത്തില്‍ ഉടനീളം . ആ ഭാവങ്ങള്‍ക്കൊപ്പം രസകരമായ സംഭാഷണങ്ങള്‍  കൂടിയാകുമ്പോള്‍ (പോയും ലോര്‍ഡ്‌ ഷാനും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും .ഇന്നര്‍ പീസിനെ കുറിച്ച് മാസ്റ്റര്‍ ഷിഫു ആദ്യമായി പോയോട് പറയുന്ന രംഗങ്ങളിലെ സംഭാഷണങ്ങളും ഉദാഹരണം ) കങ്ങ്ഫൂ പാണ്ഡ 2 , നല്ലൊരു ചലച്ചിത്ര വിരുന്നാകുന്നു.
    ഷോണ്‍-ക്ലോഡ് വാന്‍ ഡാം (മാസ്റ്റര്‍ ക്രോക്ക് ), ഡെന്നിസ് ഹേസ്ബെര്‍ട്ട് ( മാസ്റ്റര്‍ ഓക്ക്സ് ) , വിക്ക്ടര്‍ ഗാര്‍ബര്‍ (മാസ്റ്റര്‍ തണ്‍ഡറിങ്ങ് റൈനോ ) എന്നിവരും അതിഥി താരങ്ങളായി കങ്ങ്ഫു പാണ്ഡ 2വില്‍  ഉണ്ട് .



    ജെന്നിഫെര്‍ യോഹ്  നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഭാഗത്തില്‍ നിന്നും അല്‍പ്പം കൂടിയ തോതില്‍ ഇരുണ്ട ഭാവങ്ങള്‍ (കഥയിലും ,കഥാപാത്രങ്ങളിലും )കൈ വരിക്കുന്നുണ്ട് എന്നത് തുടര്‍ച്ചയായ ഒരു കഥയുടെ മുന്നോട്ടുള്ള ഗതിയില്‍  സംഭവിക്കുന്ന സ്വാഭാവിക പരിണാമം മാത്രമമായി തീരുന്നു എന്ന് മാത്രമല്ല ചിത്രത്തിന്‍റെ  മൂന്നാം  ഭാഗത്തെക്കുറിച്ച്  (അതിനുള്ള വഴിമരുന്നിട്ടാണ്  ഈ സിനിമ  അവസാനിക്കുന്നത് )ഏറെ പ്രതീക്ഷകളും നല്‍കുന്നു.

     ചുരുക്കത്തില്‍ കുടുമ്പത്തോടൊപ്പം ആസ്വദിച്ച് കാണാന്‍ പറ്റിയ ഒരു ദൃശ്യ വിരുന്ന്  .അതാണ്‌ കങ്ങ്ഫൂ  പാണ്ഡ 2. തിയറ്ററില്‍ ചിരിച്ച്, ചിരിച്ച്  വയ്യാതായ മമ്മി ഇപ്പോള്‍ ഞാന്‍ ഈ സിനിമയുടെ ഡി വി ഡി എപ്പോള്‍ വാങ്ങി കൊടുക്കും എന്ന് നോക്കിയിരുപ്പാണ്. കുറ്റം പറയാന്‍ പറ്റില്ല . ത്രീഡി ഇല്ലെങ്കില്‍ പോലും ഈ സിനിമ ആര്‍ക്കും ആസ്വദിക്കാം എന്ന് എനിക്ക് തോന്നുന്നു