സാങ്കല്പികമായ ലോകമായ മൃഗങ്ങളുടെ പുരാതന ചൈനയില്‍ പോ എന്ന ജയന്റ് പാണ്ഡ സാധാരണ നൂഡില്‍സ് പാച്ചകകാരനില്‍ നിന്നും ലോകം ബഹുമാനിക്കുന്ന ഡ്രാഗണ്‍ വാറിയര്‍ എന്ന പോരാളിയാകുന്നതായിരുന്നു കങ്ങ്ഫു പാണ്ഡ എന്ന ചിത്രത്തിന്‍റെ കഥ. എനിക്കും, ഡി വി ഡി വഴി മമ്മിക്കും വരെ ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമ . ടി വിയില്‍ പ്രത്യേകിച്ച് ഒന്നും കാണാനില്ലാത്ത സമയത്ത് മമ്മിയുടെ ബോറടി മാറ്റുന്ന നിത്യ സുഹൃത്തുക്കളില്‍ ഒരാളാണ് പോ. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കങ്ങ്ഫു പാണ്ഡ 2 ഇറങ്ങിയപ്പോള്‍ , അതും ത്രീഡിയില്‍ , പോയെ കാണാന്‍ മമ്മിയും എന്റെ കൂടെ ഉണ്ടായിരുന്നു .
ഒന്നാം ഭാഗത്തില്‍ പോ എങ്ങനെ ഡ്രാഗണ്‍ വാറിയര്‍ ആകുന്നു എന്നതായിരുന്നു പ്രമേയമെങ്കില്‍ , രണ്ടാം ഭാഗത്തില്‍ ഡ്രാഗണ്‍ വാറിയര്‍ ആയ പോ തന്റെ ഭൂതകാലം അന്വേഷിച്ച് നടത്തുന്ന യാത്രയും , അതിന്റെ പരിസമാപ്തിയുമാണ് പ്രമേയം. ഒപ്പം കങ്ങ്ഫു എന്നന്നേക്കുമായി ഇല്ലാതാക്കി , ചൈന അടക്കി ഭരിക്കാന്‍ ഒരുങ്ങുന്ന ലോര്‍ഡ് ഷാന്‍ എന്ന മയിലിനെ തടയാന്‍ പോയും, കൂടുകാരായ ഫ്യൂരിയസ് ഫൈവും ചേര്‍ന്ന് നടത്തുന്ന പോരാട്ടങ്ങളും.
ഒന്നാം ഭാഗം പോലെ തന്നെ തുടക്കം മുതല്‍ തന്നെ കാണികള്‍ക്ക് ചിരിക്കാന്‍ ഏറെ വക നല്‍കുന്ന ചിത്രമാണ് കങ്ങ്ഫു പാണ്ഡ 2.ഒപ്പം ചെറിയ ചിന്തകളും .
ഒന്നാം ഭാഗത്തില്‍ നിന്നും ഈ ചിത്രത്തിലേക്ക് എത്തുമ്പോള്‍ നായകനായ പോയുടെ കഥാപാത്രം (ജാക്ക് ബ്ലാക്ക് ) ശരിക്കും ഒരു വീര നായകന്റെ ചിട്ടയായ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ സാധാരണക്കാരനില്‍ നിന്നും വീരനായി വളരുന്ന പോ , രണ്ടാം ഭാഗത്തില്‍ സ്വന്തം ആസ്തിത്വം തേടുന്ന നായകനാണ് .പക്ഷേ ഈ വളര്‍ച്ച പോയില്‍ മാത്രം ഒതുങ്ങുന്നു എന്നത് ചിത്രത്തിന്‍റെ ഒരേയൊരു പോരായ്മയാണ് . ആദ്യ ഭാഗത്തില്‍ നിറഞ്ഞ് നിന്നിരുന്ന പോയുടെ ഗുരുവായ മാസ്റ്റര്‍ ഷിഫു എന്ന റെഡ് പാണ്ഡ (ഡസ്റ്റിന്‍ ഹോഫ്മാന്‍) , ഫ്യൂരിയസ് ഫൈവിലെ അംഗങ്ങളായ ടൈഗ്രസ്സ് , മങ്കി ,വൈപ്പര്‍, ക്രെയിന്‍ ,മാന്റിസ് (യഥാക്രമം അഞ്ജലീന ജോളി, ജാക്കി ചാന്‍ ,ലൂസീ ലിയു , ഡേവിഡ് ക്രോസ് , സ്റ്റെത്ത് റോഗന്‍ എന്നിവര്‍) , പോയുടെ വളര്‍ത്തച്ഛനായ മി,പിങ്ങ് എന്ന താറാവ് (ജെയിംസ് ഹോങ്ങ് ) എന്നീ കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ പോയുടെ കഥാപാത്രത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്നു എന്നല്ലാതെ സ്വയം വളരുന്നില്ല. പോ കഴിഞ്ഞാല്‍ , അലെങ്കില്‍ പോയുടെ ഒപ്പം തന്നെ ,കഥാപാത്രം എന്ന നിലയില്‍ ഈ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ലോര്‍ഡ് ഷാന്‍ എന്ന വില്ലനാണ് (ഗാരി ഓള്‍ഡ്‌മാന്‍). പരസ്പരം കെട്ട് പിണഞ്ഞു കിടക്കുന്ന നായകന്റെയും ,വില്ലന്റെയും കഥകളില്‍ , ലോര്‍ഡ് ഷാന്‍, പോ എന്ന നായകന് ചേരുന്ന വില്ലന്‍ തന്നെയാണ് .
സാങ്കേതികമായി ഡിജിറ്റല്‍ ത്രീഡിയുടെ ഉയോഗം ഈ ചിത്രത്തെ മിഴിവുറ്റതാക്കുന്നു.പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങള്‍ . ഒപ്പം തന്നെ അനിമേഷന്‍ സാങ്കേതിക വിദ്യ ത്രീഡിയേക്കാള്‍ അകര്‍ഷകമാകുന്ന സന്ദര്‍ഭങ്ങളും ഉണ്ട് എന്നത് കങ്ങ്ഫൂ പാണ്ഡ 2 വിന്റെ മേന്മയാണ് . ത്രീഡിയില്‍ അധിക ശ്രദ്ധ ചെലുത്തി അനിമേഷന്റെ രസം കൊല്ലാതെ ഈ സിനിമ ഒരുക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്ന് തന്നെയാണ് എന്റെ അഭിപ്രായം . ഫ്ലാഷ് ബാക്കില്‍ കഥ പറയാന്‍ ഉപയോഗിക്കുന്ന പപ്പറ്റ് /പേപ്പര്‍ അനിമേഷന്‍ സംവിധാനം കാണികളെ കഥയിലേക്ക് ആവാഹിക്കുന്നതില്‍ ത്രീഡിയെക്കാള്‍ ഫലപ്രഥമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ഉദാഹരണം മാത്രം . അത് പോലെ തന്നെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ കാണികള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള അനിമേഷനാണ് ചിത്രത്തില്‍ ഉടനീളം . ആ ഭാവങ്ങള്‍ക്കൊപ്പം രസകരമായ സംഭാഷണങ്ങള്‍ കൂടിയാകുമ്പോള്‍ (പോയും ലോര്‍ഡ് ഷാനും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും .ഇന്നര്‍ പീസിനെ കുറിച്ച് മാസ്റ്റര്‍ ഷിഫു ആദ്യമായി പോയോട് പറയുന്ന രംഗങ്ങളിലെ സംഭാഷണങ്ങളും ഉദാഹരണം ) കങ്ങ്ഫൂ പാണ്ഡ 2 , നല്ലൊരു ചലച്ചിത്ര വിരുന്നാകുന്നു.
ഷോണ്‍-ക്ലോഡ് വാന്‍ ഡാം (മാസ്റ്റര്‍ ക്രോക്ക് ), ഡെന്നിസ് ഹേസ്ബെര്‍ട്ട് ( മാസ്റ്റര്‍ ഓക്ക്സ് ) , വിക്ക്ടര്‍ ഗാര്‍ബര്‍ (മാസ്റ്റര്‍ തണ്‍ഡറിങ്ങ് റൈനോ ) എന്നിവരും അതിഥി താരങ്ങളായി കങ്ങ്ഫു പാണ്ഡ 2വില്‍ ഉണ്ട് .
ജെന്നിഫെര്‍ യോഹ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യ ഭാഗത്തില്‍ നിന്നും അല്‍പ്പം കൂടിയ തോതില്‍ ഇരുണ്ട ഭാവങ്ങള്‍ (കഥയിലും ,കഥാപാത്രങ്ങളിലും )കൈ വരിക്കുന്നുണ്ട് എന്നത് തുടര്‍ച്ചയായ ഒരു കഥയുടെ മുന്നോട്ടുള്ള ഗതിയില്‍ സംഭവിക്കുന്ന സ്വാഭാവിക പരിണാമം മാത്രമമായി തീരുന്നു എന്ന് മാത്രമല്ല ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തെക്കുറിച്ച് (അതിനുള്ള വഴിമരുന്നിട്ടാണ് ഈ സിനിമ അവസാനിക്കുന്നത് )ഏറെ പ്രതീക്ഷകളും നല്‍കുന്നു.
ചുരുക്കത്തില്‍ കുടുമ്പത്തോടൊപ്പം ആസ്വദിച്ച് കാണാന്‍ പറ്റിയ ഒരു ദൃശ്യ വിരുന്ന് .അതാണ് കങ്ങ്ഫൂ പാണ്ഡ 2. തിയറ്ററില്‍ ചിരിച്ച്, ചിരിച്ച് വയ്യാതായ മമ്മി ഇപ്പോള്‍ ഞാന്‍ ഈ സിനിമയുടെ ഡി വി ഡി എപ്പോള്‍ വാങ്ങി കൊടുക്കും എന്ന് നോക്കിയിരുപ്പാണ്. കുറ്റം പറയാന്‍ പറ്റില്ല . ത്രീഡി ഇല്ലെങ്കില്‍ പോലും ഈ സിനിമ ആര്‍ക്കും ആസ്വദിക്കാം എന്ന് എനിക്ക് തോന്നുന്നു
ശരിയാ പ്രിയ.. ചിരിച്ചു മരിച്ചു എന്ന് വേണം പറയാന്‍... ഞാനും ഡി. വി. ഡി പ്രതീക്ഷിച്ചു ഇരിപ്പാണ്. ഒപ്പം കുങ്ഫു പണ്ട. മൂന്നാം ഭാഗവും..
ReplyDeleteആദ്യ ഭാഗത്തില്‍ നിറഞ്ഞ് നിന്നിരുന്ന പോയുടെ ഗുരുവായ മാസ്റ്റര്‍ ഷിഫു എന്ന റെഡ് പാണ്ഡ (ഡസ്റ്റിന്‍ ഹോഫ്മാന്‍..... master shifu oru panda aano??
ReplyDeleteEthu evidey annu release cheythathy TVM? Njan TVM release illathondu Chennaiyil Poya vazhiyanu kandey. Good film! Waiting for third part
ReplyDelete@Ranjith: That is a red panda.
ReplyDelete