Saturday 11 June 2011

ശങ്കരനും മോഹനനും : Shankaranum Mohanum

പ്രിയപ്പെട്ടവരുടെ വേര്‍പാട് നമ്മേ പലതരത്തിലാണ് ബാധിക്കുക. മരിച്ചവരുടെ ഓര്‍മ്മകള്‍ ജീവിച്ചിരുന്നവരെ ചിലപ്പോഴൊക്കെ വേട്ടയാടാറുമുണ്ട്.പക്ഷെ അത്തരം ഓര്‍മ്മകള്‍ ശേഷിക്കുന്നവരുടെ ജീവിതങ്ങള്‍ നിയന്ത്രിച്ച്‌ തുടങ്ങിയാല്‍ അത് പ്രശ്നങ്ങള്‍ക്ക് വഴി വെച്ചേക്കാം.റിയലിസം മുതല്‍ ഫാന്റസി വരെ എങ്ങനെയും സിനിമയില്‍ അവതരിപ്പിക്കാനുള്ള വക ഈ ത്രെഡില്‍ ഉണ്ട്.

ഇതേ ത്രെഡില്‍  വളരെ വൈകി വിവാഹിതനായി , കല്യാണപ്പിറ്റേന്ന് പാമ്പ് കടിയേറ്റു മരിക്കുന്ന ശങ്കരന്‍ നമ്പ്യാര്‍ (ജയസൂര്യ) എന്ന അധ്യാപകന്‍റെ ഓര്‍മ്മകള്‍   , അയാളുടെ അനിയന്‍ മോഹനകൃഷ്ണന്‍റെ (ജയസൂര്യ) ജീവിതത്തെ സ്വാധീനിക്കുന്നതാണ് ടി വി ചന്ദ്രന്‍റെ പുതിയ സംവിധാന സംരംഭമായ ശങ്കരനും മോഹനനും എന്ന  ചിത്രത്തിന്‍റെ അടിസ്ഥാന പ്രമേയം.ജേഷ്ഠന്‍റെ  ഓര്‍മ്മകള്‍ മോഹനനെ വെറുതെ സ്വാധീനിക്കുകയല്ല. ജേഷ്ഠന്‍റെ  ഓര്‍മ്മകള്‍ മോഹനനെ വെറുതെ സ്വാധീനിക്കുകയല്ല. കല്യാണപ്പിറ്റേന്ന് മരണപ്പെടുന്ന ശങ്കരന് അയാളുടെ ഭാര്യ രാജലക്ഷ്മിയോടുള്ള (മീരാ നന്ദന്‍ ) മരിക്കാത്ത പ്രേമമാണ് മോഹനന്‍റെ ആകെ മാറ്റി മറിക്കുന്ന രീതിയില്‍ അയാളെ വേട്ടയാടുന്നത്. മരണ ശേഷവും ജേഷ്ഠനില്‍ നിലനില്‍ക്കുന്ന ആ പ്രേമം സഫലീകരിക്കാന്‍ മോഹനന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള കഥ .ഒപ്പം പ്രൊഫെഷണല്‍ അമ്പീഷന്‍ ഹേതുവായി മോഹനനില്‍ നിന്നും അകന്ന് മുംബൈയില്‍ താമസിക്കുന്ന അയാളുടെ ഭാര്യ  ജോത്സ്നയുടെയും (റീമ കല്ലിങ്കല്‍ ), അവരുടെ മൂന്നു വയസ്സുകാരി മകളുടെയും കഥയും.

ഈ ചിത്രത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയ നാള്‍  മുതല്‍ ,ഇതിന്റെ പ്രത്യേകതയായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നത് ജയൂര്യയുടെ തീര്‍ത്തും വ്യതസ്തമായ ഡബിള്‍ റോളായിരുന്നു. നാല്‍പതു കഴിഞ്ഞ ശങ്കരനും , ഇരുപതുകള്‍ കഴിയാത്ത മോഹനനനും ; അഭിനയത്തിന്  ഏറെ സാധ്യതകള്‍ ഉള്ള  രണ്ട് കഥാപാത്രങ്ങള്‍ . ആ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്ന്  ചോദിച്ചാല്‍ , നിര്‍ഭാഗ്യവശാല്‍ ഇല്ല എന്നാണ് ഉത്തരം.

ജയസൂര്യ തന്നില്‍ അര്‍പ്പിതമായ ഉത്തരാവാദിത്വം കഴിയുന്നത്ര ഭംഗിയായി ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശങ്കരനെ ആദ്യമായി സ്ക്രീനില്‍ അവതരിപ്പിക്കുന്ന രംഗത്തിലും (ആ സീനിലെ ജയസൂര്യയുടെ ഭാവങ്ങള്‍ കാണുമ്പോള്‍ ശങ്കരന്റെ ബുദ്ധിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് കാണുന്നവര്‍ക്ക് തോന്നിയേക്കാം ) , എട്ടത്തിയമ്മയെ ആദ്യമായി മോഹനന് പരിചയപ്പെടുത്തുന്ന സീനിലും (ഒരല്‍പ്പം അതിനിഷ്കളങ്കത ബലമായി കൊണ്ടുവരാനുള്ള ശ്രമം പോലെ തോന്നി ) ഒഴികെ സിനിമയില്‍ ഉടനീളം ജയസൂര്യ നന്നായി എന്ന് പറയാതെ വയ്യ. പക്ഷേ ടി വി ചന്ദ്രന്‍ എന്ന സംവിധായകന്‍ ശങ്കരനെയും മോഹനനെയും , പാതിക്കു ദിശാബോധമില്ലാതെയാകുന്ന അവതരണത്തിലൂടെ  വല്ലാതെ തളര്‍ത്തുന്നു .ഒപ്പം കാണികളുടെ ക്ഷമയെ പരീക്ഷിക്കുന്നത്ര വിരസമായ കഥാഗതിയും . ചിത്രം മുന്നോട്ടു നീങ്ങവേ ,സംവിധായകന്റെ മുഴുവന്‍   ശ്രദ്ധയും  ശങ്കരന്റെ കഥാപാത്രത്തെ വിവിധ മേക്കപ്പുകള്‍ ഇടീക്കുന്നതിലായിരുന്നു  എന്ന് കണ്ടിരിക്കുന്ന എനിക്ക് തോന്നി .
തീര്‍ത്തും അശ്രദ്ധമായി ചെയ്ത ഒരു സിനിമ എന്ന തോന്നല്‍ പലയിടത്തും ഈ ചിത്രം കാണികളില്‍ ഉളവാക്കുന്നത് കഥയും, തിരക്കഥയും സ്വയം എഴുതിയ സംവിധായകന്റെ പരാജയമാണ് .മോഹനന്‍ എന്ന കഥാപാത്രത്തിന്റെ  തീര്‍ത്തും ദിശാബോധമില്ലാത്ത വികസനം , അപക്വമായി അവതരിപ്പിക്കപ്പെടുന്ന   ലാസര്‍ എന്ന ജഗതീ ശ്രീകുമാറിന്റെ കഥാപാത്രം എന്നിവ ഉദാഹരണം .
കഥയിലെ പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ നടക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ് എന്നിരുന്നാലും, ജഗതിയുടെ മുഖം  പോസ്റ്ററില്‍ വരണം എന്ന് ബോധപൂര്‍വ്വം തീരുമാനിച്ചു ചെയ്ത കഥാപാത്ര സൃഷ്ടി എന്ന തോന്നല്‍ ലാസാറില്‍ അനുഭവപ്പെടും .

രണ്ട് മണിക്കൂര്‍ നീളുന്ന സിനിമയില്‍ പലപ്പോഴും എട്ടത്തിയമ്മയോടു ഇനി മോഹനന് ഈഡിപ്പസ് കോമ്പ്ലക്സ് ഉണ്ടോ എന്ന സംശയം കാണികളില്‍ ജനിക്കുന്നുണ്ട് .പക്ഷെ കഥയുടെ ഗതിയും,പരിണാമവും എല്ലാം സൂചിപ്പിക്കുന്നത് മോഹനന്റെ പ്രവര്‍ത്തികള്‍ എല്ലാം ഏട്ടനോടുള്ള സ്നേഹം ഒന്ന് മാത്രം ഹേതുവയാണ് എന്നാണ് . ചുരുക്കത്തില്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥ മോഹനന്‍ എന്ന കഥാപാത്രത്തിന് സംവിധായകന്‍ അഥവാ കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍  തന്നെ , അവതരണത്തിലൂടെ അതിന്റെ എല്ലാ സാധ്യതകളും നശിപ്പിക്കുന്നതും സംവിധായകന്‍ തന്നെ . ഇനി സിനിമയുടെ അവസാനം സൂചിപ്പിക്കുന്നത് പോലെ ആഗ്രഹങ്ങള്‍ സഫലീകരിക്കാതെ മരിച്ച ഏട്ടനെ ഏറെ സ്നേഹിക്കുന്ന ഒരു അനുജന്‍ മാത്രമാണ് മോഹനന്‍ എങ്കില്‍ ,  ഇടയ്ക്കിടെ കാണികള്‍ അയാളില്‍  കാണുന്ന ഈഡിപ്പസ് കോമ്പ്ലക്സ് സംവിധായകന്റെ/കഥാകാരന്റെ മാത്രം പരാജയമാണ് .

മറ്റ് അഭിനേതാക്കളില്‍ മീര നന്ദന്‍ , സുധീഷ്‌ (സഹദേവന്‍ ) എന്നിവര്‍ക്ക് മാത്രമേ അല്‍പ്പമെന്തെങ്കിലും ഈ സിനിമയില്‍ ചെയ്യുവാനുള്ളൂ  . അവര്‍ ഇരുവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി .മുഷിപ്പിക്കാതെ ചെയ്തു എന്ന് പറയുവാന്‍ സാധിക്കില്ല.കാരണം വ്യക്തിപരമായി അഭിനേതാക്കള്‍ നന്നായാലും, മൊത്തം സിനിമയിലെ ഒരു രംഗം പോലും പ്രേക്ഷക എന്ന നിലയില്‍ എന്നെ മുഷിപ്പിക്കാതെ ഇരുന്നില്ല എന്നത് തന്നെ . റീമാ കല്ലിങ്കല്‍ ,കല്‍പ്പന (ശങ്കരന്റെയും ,മോഹനന്റെയും സഹോദരി ) , സുരാജ് വെഞ്ഞാറമമൂട് (ബേബി) , നന്ദു (ഡോ :ബഹുലേയന്‍)  ,വത്സലാ മേനോന്‍ ( ശങ്കരന്റെയും ,മോഹനന്റെയും അമ്മ  എന്നിവര്‍ക്ക് ഇടയ്ക്കിടെ സ്ക്രീനില്‍ വന്ന് പോവുക എന്നതിലുപരി ഒന്നും തന്നെ ചെയ്യുവാനില്ല .

സാങ്കേതികമായിയും ശങ്കരനും മോഹനനും ഒരു മോശം ചിത്രം തന്നെയാണ് .നിഴലും വെളിച്ചവും ഇടകലര്‍ത്തി  ഷാഡോ ആന്‍ഡ്‌ ലൈറ്റ് എന്ന ചിത്രത്തിന്‍റെ സബ് ടൈറ്റില്‍ അന്വര്‍ത്ഥമാക്കാനുള്ള   ശ്രമമാണ് പ്രദീപ് നായരുടെ ക്യാമറ  നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.പക്ഷേ കായല്‍ തീരത്തെ മോഹനന്റെ വീട്ടിലുള്ള (അകത്തു പുറത്തും ) സീനുകളില്‍ പലതിലും ക്യാമറയും  , വെളിച്ച വിന്യാസവും അരോചകമായ തരത്തിലേക്ക് വീഴുന്നുണ്ട്‌ . എന്തൊക്കെയോ കുറെ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു എന്നല്ലാതെ ഐസക്ക് തോമസ് കൂട്ടുകപള്ളിയുടെ സംഗീതത്തിനും സിനിമയില്‍ വലിയ പ്രസക്തിയൊന്നുമില്ല . എഡിറ്റിംഗ്, രംഗ സജീകരണം , സംവിധാനം ; ഇവയില്‍ ആരുടെയെങ്കിലും ഉത്തരവാദിത്വത്തില്‍ വരേണ്ട പാളിച്ചകള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്. പെരുമഴ പെയ്യുന്ന രാത്രിയില്‍ മുറിക്കുള്ളില്‍ നിന്നും ജനാല വഴി പുറത്തേക്ക് നീളുന്ന ക്യാമറയില്‍ തെളിയുന്നത് ഒരു തുള്ളി വെള്ളം പോലും ഇറ്റു വീഴാത്ത കൊന്ന പൂക്കുല . ഇനി ബിമ്പകല്പനയിലൂടെ കാലം മാറിയതാണ് ടി വി ചന്ദ്രന്‍ ഉദ്ദേശിച്ചത് എങ്കില്‍ , ജൂണ്‍ (മഴക്കാലം) മുതല്‍ ഏപ്രിലില്‍ (കൊന്നയുടെ കാലം ) വരെ സമയം സിനിമയില്‍ പറയുന്നതിലും  ഏറെയുണ്ട് . അല്ല ഏപ്രിലില്‍ പെയ്ത മഴയാണെങ്കില്‍ കൊന്നയില്‍ വെള്ളത്തുള്ളികള്‍ വേണ്ടേ ?

ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ എന്ന് ചോദിച്ചാല്‍ , ഇല്ല . പക്ഷേ ചിത്രത്തിന്‍റെ ബാക്കി വശങ്ങള്‍ അത്രമാത്രം നമ്മേ ആകര്‍ഷിക്കുന്നതാവണം  എന്ന് മാത്രം. അത്തരം ഒരു ആകര്‍ഷണം ഒരു സീനില്‍ പോലും ഈ ചിത്രത്തോട് എനിക്ക് തോന്നിയില്ല എന്നതാണ് സത്യം .

താരതമ്യേന വ്യതസ്തമായ ഈ പ്രമേയം വളരെ സാവധാനത്തിലുള്ള  അവതരണം കൊണ്ടും , അശ്രദ്ധമായ സംവിധാനം  കൊണ്ടും  തീര്‍ത്തും വിരസമാക്കപ്പെട്ട ഒരു ചിത്രം . അതാണ്‌ ശങ്കരനും മോഹനനും. 

6 comments:

  1. ഹരീയുടെ ചിത്രവിശേഷം വഴിയാണ് ഇവിടെ എത്തിയത് ...പന്ത്രണ്ടു സിനിമകളുടെയും റിവ്യൂസ് വായിച്ചു..മലയാള ഓണ്‍ലൈന്‍ സിനിമ വിമര്‍ശന ശാഖക്ക് ഒരു "സിനിമ സെന്സ്സുള്ള" ഭ്രാന്തിയെക്കൂടി ലഭിച്ചതില്‍ സന്തോഷം..!!
    ശങ്കരനും മോഹനും
    ടിവി ചന്ദ്രന്റെ സിനിമ(അതിനേക്കാള്‍ ഏറെ പ്രകാശ്‌ മൂവി ടോണ്‍ നിര്‍മ്മിച്ചത് ) എന്ന നിലയില്‍ പ്രതീക്ഷ ഉണ്ടായിരുന്നൂ..പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നറിയുന്നതില്‍ നിരാശ..
    വീണ്ടും നല്ല റിവ്യൂസ്മായി വരിക..
    -കുട്ടന്‍സ്‌

    ReplyDelete
  2. x-men കണ്ടില്ലേ

    ReplyDelete
  3. റ്റീ വീ ചന്ദ്രന്‍ അത്ര മഹാനായ സം വിധായകന്‍ ഒന്നുമല്ല പിന്നെ ബഹളം ഉണ്ടാക്കി ചില അവാര്‍ഡൊക്കെ തട്ടിക്കൂട്ടി എന്നു മാത്രം സം വിധായകന്‍ എഴുതാന്‍ പോകരുത്‌ അതു പത്മരാജനു മാത്രം പറഞ്ഞിട്ടുള്ള പണി ആണു, സത്യന്‍ അന്തിക്കാടും ഈയിടെ ശിഷ്യന്‍ മോഹനനും ഒക്കെ തന്നത്താന്‍ എഴുതി കുളം ആയി , സത്യന്‍ എന്നു മുതല്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയോ അന്നു മുതല്‍ പടങ്ങള്‍ ബോറാകാനും തുടങ്ങി

    പോയി ശൈത്താന്‍ എന്ന പടം കാണു,ഹൊറര്‍ അല്ല , ബിജോയ്‌ നമ്പിയാര്‍ എന്ന മലയാളി ഡയറക്ട്‌ ചെയ്തത്‌, അനുരാഗ്‌ കശ്യപിണ്റ്റെ ശിഷ്യന്‍ പ്രൊഡ്യൂസര്‍ അയാള്‍ തന്നെ അയാളുടെ ഇപ്പോഴത്തെ കാമുകി കാകി കോച്ളെയിന്‍ ആണു നായിക നല്ല സൌത്ത്‌ ഇന്ത്യന്‍ പാര്‍ട്ടിസിപ്പേഷന്‍ ഉണ്ട്‌ ക്രൂ, നല്ല പടം സസ്പെന്‍സ്‌ ഉണ്ട്‌, പുതിയ രീതിയിലുള്ള ചിത്രീകറണം യഥാര്‍ത്ഥമായി ചിത്രീകരിച്ചതെന്നു തോന്നും മുംബൈയില്‍ ഗലികളും ഒരു പോലീസ്‌ ഷൂട്ടിംഗ്‌ ഒരു ചേസിംഗ്‌ എന്നിവ ഈ ചിത്രത്തിണ്റ്റെ കാതലായ ത്രസിപ്പിക്കുന്ന ഭാഗങ്ങള്‍ ആണു, ആമീര്‍ എന്ന സിനിമയിലെ നായകന്‍ ആണു ഇതിലെ പോലീസ്‌ കാരന്‍, പോലീസ്‌ കമ്മീഷണര്‍ ആയി പവന്‍ മല്‍ഹോത്ര തകര്‍ത്തു പോലീസ്‌ എന്‍ ക്വയറി മൊബൈല്‍ യുഗത്തില്‍ എങ്ങിനെയാണു എന്നൊക്കെ എസ്‌ എന്‍ സ്വാമിക്കും ഷാജി കൈലാസിനും പോയി പഠിക്കാനും ഈ പടം കൊള്ളാം, ഒരു മലയാളി സംവിധായകന്‍ ആണു ഇത്‌ ചെയ്തതെന്നു ഓര്‍ക്കുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നു

    ReplyDelete
  4. അവലോകനം നന്നായി

    ReplyDelete
  5. കൊള്ളാം..
    ബസ്സിൽ നിറയെ ഈ സിനിമയേപറ്റി വിമർശനങ്ങളെ ഉണ്ടായിരുന്നുള്ളൂ..
    ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല..
    അപ്പോൾ കാണാണ്ടാ അല്ലേ..?

    ReplyDelete