Wednesday, 22 June 2011

ഗ്രീന്‍ ലാന്‍ട്രെന്‍ :Green Lantern

z
കുട്ടിക്കാലത്ത് ക്വില്‍റ്റ് കഴുത്തില്‍ കെട്ടി സുപ്പര്‍ ഗേള്‍  ആയും, മറ്റു സുപ്പര്‍ ഹീറോകളായും കസിന്‍സ്സിന്‍റെയും , കൂട്ടുകാരുടെയും കൂടെ ഒരുപാട് കളികള്‍ കളിച്ചിട്ടുണ്ട് . ടൌവല്‍ കഴുത്തില്‍ കെട്ടി റോണിയെ (പന്ത്രണ്ടു വര്‍ഷങ്ങള്‍  ഞങ്ങളുടെ കുടുമ്പത്തിലെ ഒരു അംഗമായിരുന്നു ) സുപ്പര്‍ ഡോഗ് ക്രിപ്റ്റോ വരെ ആക്കിയിട്ടുണ്ട് . മാര്‍വെല്‍ , ഡി സി തുടങ്ങിയ കോമിക്കുകളില്‍ കൂടി സുപ്പര്‍ ഹീറോകളുടെ  ഒരു പട തന്നെ ഞങ്ങളുടെയൊക്കെ ഇഷ്ടങ്ങളില്‍ ഉണ്ടായിരുന്നു. ഗ്രീന്‍ ലാന്‍ട്രെന്‍ എന്ന കഥാപാത്രം , ഏറ്റവും അവസാനം പരിചയപ്പെട്ട അതിമാനുഷരായ  നായകന്മാരുടെ പട്ടികയില്‍പ്പെട്ട ആളാണ്‌. സുപ്പര്‍ മാന്‍ , ബാറ്റ്മാന്‍ , സ്പൈഡര്‍ മാന്‍ , തോര്‍ എന്നിവരുമൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍  ഗ്രീന്‍ ലാന്‍ട്രന്‍ അത്ര പോരാ എന്ന അഭിപ്രായക്കാരിയാണ് ഞാന്‍ .എങ്കിലും ഗ്രീന്‍ ലാന്‍ട്രന്‍ സിനിമയാകുമ്പോള്‍ പോയി കാണാതിരിക്കാന്‍ പറ്റില്ലല്ലോ . മോശമല്ലേ ? റയന്‍ റെയ്നോള്‍ഡ്സ് നായകനാവുക കൂടി ചെയുമ്പോള്‍ ,അവള്‍  (ഞാനേ ) തിയറ്ററില്‍ പോയി ഈ  സിനിമ കാണാതിരിക്കണമെങ്കില്‍ സിനിമ ഇറങ്ങാതിരിക്കണം എന്ന് ശ്രുതി.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാര്‍ഡിയന്‍സ്  എന്ന ഒരു സംഘം അമര്‍ത്ത്യര്‍ , പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ മന:ശക്തി ആധാരമാക്കി ലോകത്തിലെ ഏറ്റവും ശക്തമായ ഒരു സമാധാന സേനയെ (ഗ്രീന്‍ ലാന്‍ട്രെന്‍  സൈന്യം) സൃഷ്ടിക്കുന്നു . ഗാര്‍ഡിയന്‍സിലെ തന്നെ ഒരു അംഗം മന:ശക്തി പോലെ തന്നെ ജീവജാലങ്ങളിലെ ഭയത്തിന്‍റെ ശക്തിയെ അധീനമാക്കാന്‍  ശ്രമിക്കുകയും ആ ശക്തിയാല്‍ പൂര്‍ണ്ണമായും അടിമയക്കപ്പെട്ടു പാരലെക്ക്സ്  എന്ന ദുഷ്ട ശക്തിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു . ഗാര്‍ഡിയന്‍സ് പാരലെക്ക്സ്സിനെ  ഒരു വിജന തലത്തില്‍ തടവിലാക്കുന്നു. വര്‍ത്തമാന കാലത്തില്‍ , തടവില്‍ നിന്നും രക്ഷപ്പെടുന്ന പാരലെക്ക്സ് ഗ്രീന്‍ ലാന്‍ട്രെന്‍ സൈന്യത്തിലെ പല പ്രമുഖരെയും കൊല്ലുന്നു, എല്ലാ വില്ലന്മാരുടെയും പതിവ് പോലെ പ്രപഞ്ചം നശിപ്പിക്കാന്‍ ഒരുങ്ങുന്നു . പാരലെക്ക്സിനാല്‍ ആക്രമിക്കപ്പെടുന്ന ആബിന്‍ സുര്‍ എന്ന ഗ്രീന്‍ ലാന്‍ട്രെന്‍ ഭൂമിയിലേക്ക് പതിക്കുന്നു. തന്‍റെ മരണം അടുത്തു എന്ന് മനസിലാക്കുന്ന ആബിന്‍ സുര്‍ , ഗ്രീന്‍ ലാന്‍ട്രന്‍മാരുടെ  ശക്തികള്‍ക്ക് ആധാരമായ മോതിരത്തിനോട് തന്‍റെ അനന്തരാവകാശിയെ  കണ്ടെത്താന്‍  നിര്‍ദ്ദേശിക്കുന്നു  .ആബിന്‍ സുറിന്‍റെ അനന്തരാവകാശിയായി മോതിരം തിരഞ്ഞെടുക്കുന്നത് ഹാല്‍ ജോര്‍ഡന്‍ എന്ന ടെസ്റ്റ്‌ പൈലറ്റിനെയാണ്.

ആബിന്‍ സൂറിന്‍റെ സ്ഥാനത്ത് ഗ്രീന്‍ ലാന്‍ട്രെന്‍  ആയി മാറുന്ന ഹാല്‍ ജോര്‍ഡന്‍,പക്ഷേ ഗ്രീന്‍ ലാന്‍ട്രെന്‍ സൈന്യത്തില്‍ ആര്‍ക്കും സ്വീകാര്യനാകുന്നില്ല .പ്രത്യേകിച്ച് ഹാലിനെ ഗ്രീന്‍ ലാന്‍ട്രന്‍മാരുടെ ശക്തികള്‍ അഭ്യസിപ്പിക്കാന്‍ ഗാര്‍ഡിയന്‍സ് നിയോഗിക്കുന്ന സിനെസ്ട്രോ എന്ന ഗ്രീന്‍ ലാന്‍ട്രെന് . ആബിന്‍ സൂറിന്‍റെ ഉറ്റ സുഹൃത്തായ സിനെസ്സ്ട്രോ, ഗ്രീന്‍ ലാന്‍ട്രെന്‍  സൈന്യത്തിലെ ആദ്യ മനുഷ്യനായ (ബാക്കിയുള്ളവര്‍ അന്യഗ്രഹ ജീവികളാണ് ) ഹാല്‍ ഒരിക്കലും ഒരു ഗ്രീന്‍ ലാന്‍ട്രെന്‍  ആകുവാന്‍ യോഗ്യനല്ല എന്ന്തുടക്കത്തില്‍   വിശ്വസിക്കുന്നു . സിനെസ്ട്രോയുടെയും , മറ്റ് ഗ്രീന്‍ ലാന്‍ട്രെന്‍മാരുടേയും വിശ്വാസം നേടിയെടുക്കാനും , സ്വന്തം ഉള്ളിലെ ഭീതികളെ മറികടന്ന് മന:ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന മോതിരത്തിന്‍റെ അത്ഭുത ശക്തികള്‍ പൂര്‍ണ്ണമായും സ്വായത്താക്കി , പാരലെക്ക്സില്‍ നിന്നും പ്രപഞ്ചത്തെ രക്ഷിക്കാനുമുള്ള ഹാല്‍ ജോര്‍ഡന്‍റെ  ശ്രമങ്ങളാണ് ഗ്രീന്‍ ലാന്‍ട്രന്‍ എന്ന സിനിമയുടെ കഥയെ  മുന്നോട്ടു നയിക്കുന്നത്. ഒപ്പം ഭൂമിയിലെ അയാളുടെ കാമുകിയായ കോളിന്‍ ഫെറസ്സുമായുള്ള ഹാലിന്‍റെ  ബന്ധത്തിന്‍റെ ഉയര്‍ച്ചയും , താഴ്ചയും , പാരലെക്ക്സിനാല്‍ ബാധിക്കപ്പെടുന്ന   ഹെക്ടര്‍ ഹാമണ്ട് എന്ന ബയോളജിസ്റ്റ് അവരുടെ ജീവിതത്തില്‍ വില്ലനായി മാറുന്നതും ഈ സിനിമയില്‍  വിഷയങ്ങളാകുന്നു .

കഥയും , കഥാതന്തുവും ഒക്കെ കൊള്ളാം. പക്ഷേ അത് സ്ക്രീനില്‍ കാണുമ്പോള്‍ , കുറെ പ്ലാസ്റ്റിക് മോന്തകള്‍ ഏതാണ്ടൊരു സുപ്പര്‍ പോലീസ് സൈന്യം ഉണ്ടാക്കി എന്തൊക്കെയോ ചെയ്യുന്നു, തീയും പുകയുമായി ഒരു കറുത്ത മൊട്ടത്തലയന്‍ വില്ലന്‍ , അതിനിടയില്‍ സുപ്പര്‍ പവറുകള്‍ വഴിയില്‍ കിടന്നു കിട്ടിയത് പോലെ ഒരു നായകനും; ഈ അഭിപ്രായത്തിന് ജാസ്മിനെ ഞാന്‍ കുറ്റം പറയില്ല .കാരണം മാര്‍ട്ടിന്‍ ക്യാമ്പല്‍ സംവിധാനം ചെയ്ത ഈ സിനിമ ഗ്രീന്‍ ലാന്‍ട്രെന്‍ എന്ന കഥാപാത്രത്തെയും , അയാളുടെ കഥയും പ്രേക്ഷകരിലേക്ക്  പൂര്‍ണ്ണമായും എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നത് തന്നെ . സ്പൈഡര്‍ മാന്‍ , ബാറ്റ്മാന്‍ എന്നീ സുപ്പര്‍ ഹീറോകളുടെ കഥകള്‍ പുതിയതായി സ്ക്രീനില്‍ വന്നപ്പോള്‍ , പീറ്റര്‍ പാര്‍ക്കര്‍ , ബ്രുസ് വെയിന്‍ എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ കഥയിലൂടെ അവര്‍ക്കൊപ്പം കൊണ്ട് പോകുന്നതില്‍ വിജയിച്ചിരുന്നു . പക്ഷേ ഈ സിനിമയില്‍ നിന്നും അങ്ങനെ ഒരു അനുഭവം കാണികള്‍ക്ക് തീര്‍ത്തും അന്യമാണ് . കുട്ടിക്കാലത്ത് പരീക്ഷണ പറക്കലിനിടെ പ്ലെയിന്‍ തകര്‍ന്നു മരിക്കുന്ന അച്ഛന്‍റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഹാല്‍ ജോര്‍ഡനോ , സ്വന്തം അച്ഛന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെടാനും , നായികയുടെ സ്നേഹം നേടിയെടുക്കാനും ശ്രമിക്കുന്ന ഹെക്ടര്‍ ഹാമണ്ടോ സിനിമയില്‍ ഉടനീളം ഒരിക്കല്‍ പോലും പ്രേക്ഷകരെ സ്പര്‍ശിക്കുന്നില്ല. കഥയിലെ നായികയായ കോളിന്‍ ഫെറസ്സിന് പഴയ കാലം തൊട്ടുള്ള സുപ്പര്‍ ഹീറോ നായികമാരുടെ ജോലി തന്നെയാണ് ഈ സിനിമയിലും. നായകനെ ആരാധിക്കുക, അയാള്‍ക്ക് വേണ്ട സമയത്ത് അത്യാവശ്യം പ്രചോദനം നല്‍കുക, വില്ലന്‍റെ പിടിയില്‍ അകപ്പെടുക, നായകനാല്‍ രക്ഷിക്കപ്പെടുക . സിനിമയില്‍ മറ്റ് കഥാപാത്രങ്ങള്‍ അനുവദിക്കപ്പെട്ട സ്ക്രീന്‍ സമയത്തില്‍ വെറുതെ വന്നു പോകുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

ഹാല്‍ ജോര്‍ഡന്‍ എന്ന നായകനായി റയന്‍ റെയ്നോള്‍ഡ്സ് , സ്വതസിദ്ധമായ ഒരു ആകര്‍ഷണീയത ആ കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് .പക്ഷേ പാതി വെന്ത തരത്തില്‍ കഥാപാത്രത്തിന്‍റെ വികാസം അതിനു പലപ്പോഴും വിഘാതമാകുന്നു എന്നതാണ് സത്യം .ഹെക്ടര്‍ ഹാമണ്ട്  എന്ന കഥാപാത്രമായി പീറ്റര്‍ സാര്‍സ്ഗാര്‍ഡ് താരതമ്യേന ഭേദപ്പെട്ട അഭിനയം കഴ്ച്ചവെയ്ക്കുമ്പോള്‍  , അവിടെയും തിരക്കഥയും , സംവിധായകനും നടനെ കൈവിടുന്നു . അച്ഛന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രത , നായികയോടുള്ള നിശബ്ദ പ്രണയം, സ്വന്തം കഴിവുകള്‍ തെളിയിക്കാനുള്ള വ്യഗ്രത, നായകനോടുള്ള അസൂയ, ഭയത്തിന്‍റെ ശക്തിയോടുള്ള ആസക്തി അങ്ങനെ വിവിധ മാനങ്ങളുള്ള കഥാപത്രമാകുന്നതിന്  പകരം   ഹെക്ടര്‍ ഹാമണ്ട് തീരെ സാധാരണ ഒരു വില്ലനായി ഒതുങ്ങുന്നതിന്‍റെ  ഉത്തരവാദികള്‍  സംവിധായകനും , കഥ-തിരക്കഥ രചിച്ചവരും തന്നെയാണ് (ഗ്രെഗ് ബെര്‍ലാന്റി , മൈക്കിള്‍ ഗ്രീന്‍  തുടങ്ങി അഞ്ച് പേര്‍ ). കോളിന്‍ ഫെറെസ്സ് എന്ന നായികയായി  ബ്ലേക്ക് ലീവ്ലി സ്ക്രീനില്‍ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു, പിന്നെ നേരത്തെ പറഞ്ഞത് പോലെ സുപ്പര്‍ ഹീറോ നായികമാര്‍ക്ക് പറഞ്ഞിട്ടുള്ള സ്ഥിരം ജോലികള്‍ ചെയുന്നു. അത്ര മാത്രം . പക്ഷേ റയന്‍ റെയ്നോള്‍ഡ്സ്സുമായുള്ള ബ്ലേക്കിന്‍റെ സ്ക്രീന്‍ കെമിസ്ട്രി ചില സീനുകളില്‍ ഏറെ അസ്വാധ്യകരമാണ.

ഉഗ്രന്‍ സ്പെഷ്യല്‍ ഇഫെക്റ്റുകള്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ടിക്കറ്റിന് മുടക്കിയ കാശ് എങ്കിലും മുതലാകുമായിരുന്നു.പക്ഷേ അവിടെയും എന്നെ ഗ്രീന്‍ ലാന്‍ട്രെന്‍  കൈ വിട്ടു. മോശം പടങ്ങള്‍ കാണാന്‍ പിടിച്ചു വലിച്ചു കൊണ്ട് പോയാല്‍ പടം കഴിഞ്ഞു എന്‍റെ കൂട്ടുകാരികള്‍ സാധാരണ എന്നെ കൊന്ന് കൊലവിളിക്കാറുണ്ട് . സ്പെഷ്യല്‍  ഇഫെക്റ്റുകള്‍ നന്നായിരുന്നെങ്കില്‍ അത് പറഞ്ഞു എനിക്ക് തടി തപ്പാമായിരുന്നു. എവിടെ ??? അതും നടന്നില്ല . ചില സീനുകളിലോക്കെ ഗ്രാഫിക്സ് /ഇഫെക്ക് റ്റുകള്‍  തീരെ മോശമാണ് . പ്രത്യേകിച്ച് ഗാര്‍ഡിയന്‍സ്സിനെയും, പാരലെക്ക്സിനെയും   കാണിക്കുന്ന സീനുകള്‍ , ക്ലൈമാക്ക്സ്  എന്നിവ.

സ്പെഷ്യല്‍ ഇഫെക്റ്റുകള്‍ മോശമായത് മാത്രമല്ല ഗ്രീന്‍ ലാന്‍ട്രെനെ ഒരു ബോറന്‍ സിനിമയാക്കുന്നത്. ഒട്ടും സെന്‍സില്ലാത്ത കഥ പോലെ തോന്നിപ്പിക്കുന്ന അവതരണമാണ് ഇതിലെ പ്രധാന വില്ലന്‍.

സിനിമക്ക് പോകുമ്പോള്‍ ‍, കാറില്‍ എന്‍റെ ശബ്ദം മാത്രമാണ് കേട്ടിരുന്നത്. സിനിമ കഴിഞ്ഞു തിരികെ വരും വഴി ജാസ്മിന്‍റെയും, ശ്രുതിയുടെയും ശബ്ദങ്ങളും. ഞാന്‍, മൌനം ഗ്രീന്‍ ലാന്‍ട്രെന്‍   കാണാന്‍ ഇവളന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്ത കൂട്ടങ്ങളെ വിളിച്ചു കൊണ്ട് പോയവര്‍ക്ക് ഭൂഷണം എന്ന തത്വത്തില്‍ മുറുകെ പിടിച്ച് നിശബ്ദ. അവളന്മാര്‍ സിനിമ തിയറ്ററില്‍ ഇരുന്ന് ബോറടിച്ചതിന്‍റെ എല്ലാ ക്ഷീണവും എന്നെ ചീത്ത പറഞ്ഞു തീര്‍ത്തു. എനിക്കിത് തന്നെ കിട്ടണം. കൈയ്യിലെ കാശ് മുടക്കി ഈ കുരിശുകളെ സിനിമ കാണിച്ചത്‌ പോരാഞ്ഞ് , സിനിമ മോശമായതിനുള്ള ചീത്തയും കേള്‍ക്കണം . അവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഞാനാണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന് . എന്ത് കഷ്ടമാണ് എന്ന് നോക്കണേ.

3 comments:

  1. അപ്പൊ ഈ സിനിമയും കാണണ്ട. രക്ഷപെട്ടു. . വെറുതെ എന്തിനാ കയ്യിലെ കാശ് കളയുന്നെ...സ്ടാര്‍ മൂവീസില്‍ വരുമ്പോള്‍ കാണാം.

    ReplyDelete
  2. പ്റിയ കാര്യമായി നിരൂപണം തുടങ്ങിയതോടെ നമ്മള്‍ രക്ഷപെട്ടു ഒരു പടവും കാണേണ്ടതില്ലല്ലോ മള്‍ടിപ്ളെക്സില്‍ ഇപ്പോള്‍ എന്ന ചാറ്‍ജാണു അങ്ങിനെ ഗ്രീന്‍ ലാണ്റ്റേണിണ്റ്റെ നൂറ്റി മുപ്പത്‌ രൂപ ലാഭം, എക്സ്‌ മെന്‍ ഞാന്‍ കണ്ടു പക്ഷെ അതു അത്റ്‍ അവലിയ ഒരു പടം ആണോ? നിരൂപണം വായിച്ചിട്ടാണു കഥ എങ്കിലും മനസ്സിലായത്‌, അപ്പോള്‍ നിരൂപണം തുടരട്ടെ പ്റിയയുടെ കാശു തീരുന്നതുവരെ അല്ലെങ്കില്‍ ബോറാകുന്നത്‌ വരെ

    ReplyDelete
  3. പ്രിയ കണ്ടത് 3D ആണോ എന്ന് എനിക്കറിയില്ല. പക്ഷെ എനിക്കുറപ്പുണ്ട്, അത് 3D ആയിരുന്നെങ്കില്‍ പ്രിയ ഈ അഭിപ്രായം പറയില്ലായിരുന്നു. എത്ര നല്ല 3D ഗ്രാഫിക്സ് ആണ് ഇതില്‍. നമ്മള്‍ ശരിക്കും വേറൊരു ഗ്രഹത്തില്‍ ചെന്ന് അവരുടെ ഒപ്പം നടക്കുന്ന oru അനുഭവം. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെ കൂതറ 3D അല്ലെ. എല്ലാ അരികും വളരെ പെര്‍ഫെക്റ്റ്‌ ആയി കാണാം.

    ReplyDelete